05 June Monday

ജീവന്റെ ഗതി നിർണയിച്ച ഉൽക്കാ പതനങ്ങൾ

ഡോ. കുശല രാജേന്ദ്രൻUpdated: Sunday Mar 19, 2023

ചെറുതും വലുതുമായ നിരവധി ഉൽക്കകൾ ഭൂമിക്ക്‌ അരികിൽക്കൂടി കടന്നുപോകുന്നുണ്ട്‌. നിരീക്ഷണ, ഗവേഷണ സംവിധാനങ്ങൾ ഏറിയതോടെ  ഇത്തരം ഉൽക്കകളെ സംബന്ധിച്ച്‌  വാർത്തകൾ പതിവായി. ഭൂമിക്ക്‌ അപകടമായേക്കാവുന്ന ഉൽക്കകളെപ്പറ്റി ഗവേഷകർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്‌. ഇവയെ വഴിതിരിച്ചുവിടാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുന്നു. ഉൽക്കകളിലേക്ക്‌ പേടകങ്ങളെ അയച്ചുള്ള ഗവേഷണങ്ങൾക്ക്‌ ബഹിരാകാശ ഏജൻസികൾ വലിയ  പ്രാധാന്യമാണ്‌ നൽകുന്നത്‌. ആദ്യകാലങ്ങളിൽ ഭൂമിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഉൽക്കകളെപ്പറ്റിയുള്ള പഠനങ്ങൾ  തുടരുകയാണ്‌.

ആദ്യകാലങ്ങൾ

ഏതാണ്ട് 4.6 ബില്യൺ വർഷംമുമ്പ്‌, ഒരു ഭീമാകാരമായ തന്മാത്രാ മേഘത്തിന്‌ (molecular cloud) സംഭവിച്ച ഗുരുത്വാകർഷണ തകർച്ചയിൽ നിന്നാണ്‌ സൗരയൂഥം പിറന്നത്. തകർന്ന പിണ്ഡത്തിന്റെ ഭൂരിഭാഗവും മധ്യഭാഗത്ത് കേന്ദ്രീകരിക്കപ്പെട്ട് സൂര്യൻ ഉണ്ടായി. സൂര്യനെ ചുറ്റിയിരുന്ന ശേഷിച്ച വാതക -പൊടി-പടലങ്ങൾ ഉറഞ്ഞുകൂടിയാണ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങൾ (asteroid) പോലുള്ള മറ്റ് സൗരയൂഥ വസ്തുക്കളും ഉണ്ടായത്. പക്ഷേ, തുടക്കത്തിൽ ഭൂമിക്ക് ഉപഗ്രഹം ഉണ്ടായിരുന്നില്ല.

പ്രോട്ടോ -എർത്ത്‌

പ്രോട്ടോ -എർത്ത്‌

അഗ്നിപർവത സ്ഫോടനങ്ങളുടെയും ശൂന്യാകാശത്തുനിന്ന് പതിച്ചുകൊണ്ടിരുന്ന ഉൽക്കകളുടെയും ആഘാതങ്ങൾ ഏറ്റുവാങ്ങി ഉരുകിത്തിളച്ച നിലയിലായിരുന്നു അന്നത്തെ ഭൂമി (Proto-Earth). അന്തരീക്ഷം രൂപപ്പെട്ടിരുന്നില്ല.  അഗ്നിപർവതസ്ഫോടനകൾ, ഉൽക്കകൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ജലമെല്ലാം വർധിച്ച താപത്തിൽ നീരാവിയാകും. ബലമുള്ള പുറംതോടും സാന്ദ്രതയുടെയും താപനിലയുടെയും അടിസ്ഥാനത്തിൽ പിൽക്കാലത്ത്‌ രൂപപ്പെട്ട ആന്തരികഘടനയും (crust, mantle, core)  കാന്തികക്ഷേത്രവും (Magnetic field) ഉണ്ടായിരുന്നില്ല. ആ അവസ്ഥയിൽ ജീവന് നിലനിൽക്കാനാകുമായിരുന്നില്ല.


 ദശലക്ഷക്കണക്കിന്‌ വർഷത്തിനുശേഷമാണ്‌ ചന്ദ്രൻ രൂപപ്പെട്ടത്‌. പ്രോട്ടോ -എർത്തിലേക്ക് ചൊവ്വയുടെ വലുപ്പമുള്ള ഒരു ഛിന്നഗ്രഹം ഒരു പ്രത്യേക ദിശയിൽ വന്നു പതിച്ചതും ചന്ദ്രന്റെ പിറവിയും പ്രപഞ്ചത്തിലെ ആകസ്മികതയായി (Contingency) കണക്കാക്കുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ പുറന്തള്ളിയ വസ്തുക്കളിൽനിന്ന്‌ രൂപപ്പെട്ട ചന്ദ്രൻ സ്വാഭാവികമായും ഭൂമിയേക്കാൾ ചെറുപ്പമായിരിക്കുമല്ലോ.  നാസയുടെ അപ്പോളോ- 11 ദൗത്യം  ഭൂമിയിൽ എത്തിച്ച പാറകളിൽ അടങ്ങിയ  അതിവിരളമായ ചില റേഡിയോ ആക്ടീവ്‌ ധാതുക്കളുടെ വിശകലനത്തിൽ  ചന്ദ്രന്റെ പ്രായം 4.53 ബില്യൺ വർഷമായി കണക്കാക്കിയിട്ടുണ്ട്‌. ഭൂമിയിലെയും ചന്ദ്രനിലെയും പാറകളുടെ  രസതന്ത്രശാസ്ത്രപരമായ സമാനതകളും അവ തമ്മിലുള്ള ജനിതകമായ ബന്ധവും മനസ്സിലായത്, 2019-ൽ ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ്‌.


ജീവന്റെ തുടിപ്പുകൾ

കോണ്ടിനെന്റൽ ഷെൽഫ്‌

കോണ്ടിനെന്റൽ ഷെൽഫ്‌

എന്നാണ് ഭൂമിയിൽ ജീവനുണ്ടായത്? വിഷലിപ്തമായ മീഥേൻ, ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങൾ നിറഞ്ഞ ആദ്യകാല ഭൂമിയുടെ അന്തരീക്ഷം ജീവന്റെ ഉൽപ്പത്തിക്ക്‌ സഹായകമായിരുന്നില്ല. ഏതാണ്ട് 2.3 ബില്യൺ വർഷം മുമ്പാണ് ജീവന്റെ ആദ്യ തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. വൻകരത്തട്ടുകളുടെ (Continental shelf) ആഴമില്ലാത്ത സമുദ്രത്തിലാണ് ബ്ലൂ-ഗ്രീൻ, സയനോഫൈറ്റ തുടങ്ങിയ  പേരുകളിൽ അറിയപ്പെടുന്ന സയനോ ബാക്ടീരിയകൾ ജീവിച്ചതും പ്രകാശസംശ്ലേഷണത്തിലൂടെ (Photosynthesis)  ഓക്സിജൻ സൃഷ്ടിച്ചതും. സാവധാനം തണുക്കാൻ തുടങ്ങിയ ഭൂമിയിൽ ജലസമൃദ്ധിയും ഓക്സിജന്റെ അളവും വർധിച്ചതോടെ ജീവന്റെ വളർച്ചയ്‌ക്ക് അനുകൂലമായ സാഹചര്യമുണ്ടായെങ്കിലും ജീവപരിണാമം സാവധാനത്തിലായിരുന്നു എന്നാണ് ഫോസിൽ രേഖകൾ സൂചിപ്പിക്കുന്നത്.

ഏതാണ്ട് 540 ദശലക്ഷം വർഷം മുമ്പ്‌, അതായത് കേംബ്രിയൻ കാലഘട്ടത്തിലാണ് ജീവജാലങ്ങൾക്ക് കൂടുതൽ വൈവിധ്യമുണ്ടായത്. ഏതാണ്ട് 400 ദശലക്ഷം വർഷം മുമ്പുമാത്രമാണ് ചെടികളും വൃക്ഷങ്ങളുമൊക്കെ ഉണ്ടായത്. പിന്നെയും എത്രയോ ദശലക്ഷം വർഷത്തിനുശേഷമാണ് മനുഷ്യവംശത്തിന്റെ പൂർവികരായ സസ്തനികൾ ഉണ്ടായത്. സസ്തനികൾക്ക് ആധിപത്യം ഉറപ്പിക്കാൻ വഴിയൊരുക്കിയത് 66 ദശലക്ഷം വർഷം മുമ്പ്‌ നടന്ന, ദിനോസറുകൾ അപ്രത്യക്ഷമായ ആകസ്‌മിക ഉൽക്കാപതനത്തിലാണ്‌.

ദിനോസറുകളും  ഉൽക്കാപതനവും

245 ദശലക്ഷം വർഷം മുമ്പ്‌, ട്രയാസിക് കാലഘട്ടത്തിൽ  (Triassic Period) പ്രത്യക്ഷപ്പെട്ട ദിനോസറുകൾ 165 ദശലക്ഷം വർഷം ജീവിച്ചു. പരിണാമത്തിന്റെ ഉച്ചസ്ഥായിയിൽ ശോഷിച്ച ശരീരവും കൂടുതൽ ബുദ്ധിയും രാത്രി കാഴ്ചയും ലഭിച്ച ദിനോസറുകൾ നടന്നും പറന്നുമൊക്കെ ഭക്ഷണം തേടാൻ തുടങ്ങി. അതോടെ രാത്രിയുടെ മറവിൽ ഭക്ഷണം തേടിയിരുന്ന സസ്തനികളടക്കമുള്ള മറ്റു ജീവികൾക്ക് ദിനോസറുകൾ ഭീഷണിയായി. കാര്യങ്ങൾ അങ്ങനെ മുന്നോട്ടുപോകുമ്പോൾ, 66 ദശലക്ഷം വർഷംമുമ്പ്‌, ദിനോസറുകളുടെ അന്ത്യം കുറിച്ചത്‌ ഭീമാകാരമായ  ഉൽക്കാപതനമാണ്‌. എവറസ്റ്റ് കൊടുമുടിയേക്കാൾ വലിയ  ഉൽക്കാശിലയുടെ പതനംമൂലം  75 ശതമാനത്തിലധികം  ജീവജാലങ്ങളും നശിച്ചതായാണ്‌ വിലയിരുത്തൽ.

1970-കളുടെ അവസാനത്തിൽ ലൂയിസ്, വാൾട്ടർ അൽവാറീസ് എന്നിവരാണ്‌ ദിനോസറുകളുടെ തിരോധാനത്തിന്‌ ആധാരമായ ഉൽക്കാപതന സിദ്ധാന്തം മുന്നോട്ടുവച്ചത്. പാറകൾക്കിടയിലെ ചെളിയുടെ നേർത്ത ആവരണത്തിൽനിന്ന്‌ ലഭിച്ച ‘ഇറിഡിയം' എന്ന വസ്തുവിൽനിന്നാണ് അവരുടെ നിഗമനം. ഭൂമിയിൽ വിരളവും എന്നാൽ, ഉൽക്കകളിൽ ധാരാളമായി അടങ്ങിയിട്ടുള്ളതുമായ വസ്തുവാണ് ഇറിഡിയം. ലോകത്തിന്റെ പല ഭാഗത്തുള്ള സമാനപ്രായമുള്ള ശിലകളിൽനിന്ന് ഇത്തരത്തിൽ ഇറിഡിയം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത ഈ  സിദ്ധാന്തത്തെ സാധൂകരിക്കുന്നു.

മെക്‌സിക്കൻ ഉൾക്കടലിലെ ഗർത്തം


1978-ൽ മെക്സിക്കൻ ഉൾക്കടലിലെ എണ്ണ പര്യവേക്ഷണത്തിനിടയിൽ അഗ്നിപർവതമുഖത്തിന്‌ സമാനമായ ഗർത്തം (Chicxulub impact crater) കണ്ടെത്തി.  66 ദശലക്ഷം വർഷംമുമ്പ്‌ ഭൂമിയിൽ പതിച്ച ഉൽക്കയാണ് 180 കിലോമീറ്റർ വ്യാസമുള്ള ഈ ഗർത്തം സൃഷ്ടിച്ചതെന്ന് സ്ഥിരീകരിച്ചതോടെ ഉൽക്കാപതന സിദ്ധാന്തം കൂടുതൽ അംഗീകരിക്കപ്പെട്ടു. ആഘാതത്തെത്തുടർന്ന്‌ കടലിൽനിന്നുയർന്ന സുനാമിത്തിരകൾ കരയിലേക്ക് ആഞ്ഞടിച്ചു. വൃക്ഷങ്ങൾ കടപുഴകി, കാട്ടുതീ പടർന്നു, വനങ്ങൾ കത്തിനശിച്ചു, കരിയും പൊടിപടലങ്ങളും അന്തരീക്ഷത്തിലേക്കുയർന്നു. 

പൊടിപടലങ്ങൾ സൂര്യനെ മറച്ചതോടെ സൂര്യപ്രകാശവും ഇല്ലാതെയായി. ആഘാതത്തിന്റെ പരിണതഫലമായി പശ്ചിമ ഇന്ത്യയിലെ ഡെക്കാൻ അടക്കം അനേകം അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചു. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും  കാർബൺഡൈ ഓക്സൈഡിന്റെ വർധനയും വെളിച്ചമില്ലാത്ത അവസ്ഥയും കാലാവസ്ഥാ മാറ്റങ്ങളും ഏതാണ്ട് ഒരു ലക്ഷം വർഷം നീണ്ടുനിന്നതായി കണക്കാക്കുന്നു. ദിനോസറുകളടക്കം പല ജീവികളും കൂട്ടത്തോടെ അപ്രത്യക്ഷമായെങ്കിലും മറ്റു പല ജീവജാലങ്ങളും ഈ അവസ്ഥയെ അതിജീവിച്ചു. പക്ഷേ, ദിനോസറുകളുടെ തിരോധാനത്തിനുശേഷം ജീവപരിണാമത്തിനും മാറ്റങ്ങൾ സംഭവിച്ചു.

കോറൽ ബ്ലഫ്സിൽ നിന്ന് വീണ്ടെടുത്ത സസ്തനി തലയോട്ടിയുടെ  ഫോസിലുകളുടെയും കീഴ്ത്താടിയുടെയും ദൃശ്യം

കോറൽ ബ്ലഫ്സിൽ നിന്ന് വീണ്ടെടുത്ത സസ്തനി തലയോട്ടിയുടെ ഫോസിലുകളുടെയും കീഴ്ത്താടിയുടെയും ദൃശ്യം

ഉൽക്കാപതനത്തെ  തുടർന്നുണ്ടായ പാരിസ്ഥിതിക വ്യതിയാനങ്ങളിൽ വളർച്ച മുരടിച്ചെങ്കിലും ശേഷിച്ച ജീവികളിൽ സസ്തനികളും ഉണ്ടായിരുന്നു.
അമേരിക്കയിലെ സെൻട്രൽ കൊളോറാഡോയിൽ കോറൽ ബ്ലഫ്സി (Corral Bluffs)ൽ ഗവേഷകർ കണ്ടെത്തിയത്‌  ഉൾക്കാപതനത്തിന്‌  മുമ്പ്‌ ജീവിച്ചിരുന്ന ആമകൾ, ചീങ്കണ്ണികൾ തുടങ്ങിയവയുടെ ഫോസിലുകളാണ്.  വലിയ ഉൽക്ക ഭൂമിയിൽ പതിച്ചില്ലായിരുന്നെങ്കിൽ, ഭൂമിയിൽ മേഞ്ഞുനടന്നിരുന്ന  ദിനോസറുകൾ അപ്രത്യക്ഷമായില്ലായിരുന്നെങ്കിൽ, ജീവന്റെ മുന്നോട്ടുള്ള പരിണാമം എങ്ങനെയാകുമായിരുന്നു. ചില മോഡലുകളെ അടിസ്ഥാനപ്പെടുത്തി പറഞ്ഞാൽ ദിനോസറുകളോടൊത്തുള്ള ജീവിതത്തിൽ സസ്തനികളുടെ വളർച്ചയും പരിണാമവും മുരടിച്ചുപോയേക്കാവുന്ന സാഹചര്യത്തിൽ, സ്വാഭാവികമായും ഉരഗജീവികളിൽ നിന്നാകും പരിണാമം സംഭവിക്കുക. ആദ്യകാലങ്ങളിലെ ഉൽക്കാപതനങ്ങൾ ഭൂമിയിലുണ്ടാക്കിയ മാറ്റങ്ങളെ പറ്റിയുള്ള പഠനം ഏറെ കൗതുകകരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top