28 September Thursday

അനന്ത സ്മൃതി-4 യു ആർ അനന്തമൂർത്തിയുടെ ഓർമകളിലൂടെ...എസ്തർ അനന്തമൂർത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

ആദ്യപ്രസവത്തിന് ബംഗളൂരുവിലെ വാണീവിലാസ് ആസ്പത്രിയിൽ കിടന്നത് ഞാൻ ഓർമിച്ചു. ആസ്പത്രിയിൽ നിന്ന് വീട്ടിലെത്തിയ ഉടനെ എന്റെ മുത്തശ്ശി ഔഷധവീര്യമുള്ള ഇലകളിട്ട് ചൂടാക്കിയ വെള്ളത്തിൽ എന്നെ കുളിപ്പിച്ചു. എന്റെ അമ്മയുടെ വീട്ടിൽ പ്രസവശേഷം കഴിക്കേണ്ടുന്ന ഭക്ഷണത്തിന്റെയും പലഹാരങ്ങളുടേയും വിഷയത്തിൽ എന്തൊക്കെയോ നിബന്ധനകൾ ഉണ്ടായിരുന്നു. അത്തരം അവസ്ഥയൊന്നും ഇംഗ്ലണ്ടിലെ ഈ വാടകവീട്ടിൽ ഇല്ലായിരുന്നു.

പോയിവരാം, ബർമ്മിങ്ങ്ഹാം നഗരമേ!

സലിയോക് ആസ്പത്രിയിൽനിന്ന് പ്രസവിച്ച് 48 മണിക്കൂർ കഴിഞ്ഞശേഷം എന്നെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തു. ആദ്യത്തെ പ്രസവത്തിൽ ഏഴെട്ടു ദിവസം ആസ്പത്രിയിൽ കിടത്തി പരിചരിക്കുന്നതാണ് പതിവെങ്കിലും രണ്ടാമത്തെ പ്രസവമായതുകൊണ്ട് രണ്ടുദിവസത്തിനകം തന്നെ എന്നെ വീട്ടിലേക്കയച്ചു. ആദ്യപ്രസവത്തിന് ബംഗളൂരുവിലെ വാണീവിലാസ് ആസ്പത്രിയിൽ കിടന്നത് ഞാൻ ഓർമിച്ചു. ആസ്പത്രിയിൽ നിന്ന് വീട്ടിലെത്തിയ ഉടനെ എന്റെ മുത്തശ്ശി ഔഷധവീര്യമുള്ള ഇലകളിട്ട് ചൂടാക്കിയ വെള്ളത്തിൽ എന്നെ കുളിപ്പിച്ചു. എന്റെ അമ്മയുടെ വീട്ടിൽ പ്രസവശേഷം കഴിക്കേണ്ടുന്ന ഭക്ഷണത്തിന്റെയും പലഹാരങ്ങളുടേയും വിഷയത്തിൽ എന്തൊക്കെയോ നിബന്ധനകൾ ഉണ്ടായിരുന്നു. അത്തരം അവസ്ഥയൊന്നും ഇംഗ്ലണ്ടിലെ ഈ വാടകവീട്ടിൽ ഇല്ലായിരുന്നു.

എങ്കിലും അവിടത്തെ ആസ്പത്രിയിൽ പ്രസവിച്ച ഇന്ത്യക്കാരും പാകിസ്ഥാനികളുമായ സ്ത്രീകൾക്ക് എന്തൊക്കെയോ വിശേഷപ്പെട്ട ആഹാരം ഏർപ്പാടു ചെയ്തിരുന്നു. അങ്ങനെയുള്ള ഒന്നുംതന്നെ വേണ്ടെന്നും സാധാരണ ആഹാരം മതിയെന്നും ഞാൻ പറഞ്ഞു. എന്തായാലും അവിടത്തെ ആസ്പത്രിക്കാർക്ക് പൗരസ്ത്യദേശത്തെ സാമ്പ്രദായികമായ പ്രസവരക്ഷയെക്കുറിച്ച് അറിയാമെന്ന കാര്യം ഞാൻ ശ്രദ്ധിച്ചു.

വീട്ടിൽ വന്നതോടെ എന്നത്തേയുംപോലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഞാൻ മുഴുകി. എങ്കിലും എല്ലാ പെൺകുട്ടികളേയുംപോലെ മുത്തശ്ശിയുടേയും അമ്മയുടേയും ഓർമ ചിലപ്പോൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാൻ ഒറ്റയ്ക്കാണല്ലോ എന്ന തോന്നലുണ്ടായി. വീട്ടുജോലികളിലും കുഞ്ഞിനെ നോക്കുന്നതിലും പൂർണമായും മുഴുകിയിരുന്നതിനാൽ സമയം പോയത് അറിഞ്ഞിരുന്നില്ല. ദിവസവും വീട്ടിലേക്ക് ഒരു നേഴ്സ് വന്ന് കുഞ്ഞിനെ കുളിപ്പിച്ചും പരിചരിച്ചും പോകും. ഒരാഴ്ചക്കാലം ഇതു തുടർന്നു. അത് ആസ്പത്രിച്ചെലവിൽത്തന്നെ നടക്കുന്നതാണ്. നാഷണൽ ഹെൽത്ത് സ്കീമിന്റെ ആഭിമുഖ്യത്തിൽ അത് സൗജന്യമാക്കുകയും ഞങ്ങളൾക്ക് സഹായകമാവുകയും ചെയ്തു.

അല്ലെങ്കിലും പിഞ്ചുകുഞ്ഞുങ്ങളെക്കുറിച്ച് അവിടുത്തെ ഭരണാധികാരികൾക്ക് വലിയ കരുതലുണ്ടായിരുന്നു. അഞ്ചുവർഷക്കാലം അമ്മയ്ക്കും കുഞ്ഞിനും ഓരോ ലിറ്റർ പാൽ സൗജന്യമായി നൽകിയിരുന്നു. ഈ സൗകര്യം എനിക്കും കിട്ടി.
ആസ്പത്രിയിൽ നിന്നും കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ ശരത് അടുത്ത വീട്ടിലേക്ക് കളിക്കാനായി ഓടിപ്പോയി. അപ്പോ അവന് നാലു വയസ്സായിരുന്നു. കൂട്ടുകാരനായ നിക്കിയ്ക്കൊപ്പം വീട്ടിലേക്ക് വന്ന അവൻ കുഞ്ഞിനെ അമ്പരപ്പോടെ നോക്കി. തുണിയിൽ പൊതിഞ്ഞു കിടത്തിയ കുഞ്ഞിന്റെ അടുത്തേക്ക് കൈ കാട്ടി ചിരിച്ചുകൊണ്ട് നിക്കി പറഞ്ഞു:‘‘She looks like a sausage...’’

കുഞ്ഞിന് എന്തു പേരിടണമെന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. അവിടത്തെ നഗരകാര്യാലയത്തിൽ കുഞ്ഞിന്റെ ജനനത്തെ സംബന്ധിച്ച രേഖകൾ രജിസ്റ്റർ ചെയ്യണം. അതിനുവേണ്ടിയും കുഞ്ഞിന് ഉടനെ പേരിടണമായിരുന്നു. അപ്പോഴേക്ക് കുഞ്ഞു പിറന്നുവെന്ന വാർത്ത നാട്ടുലുമെത്തി. എന്റെ അമ്മാവൻ കുഞ്ഞിന്റെ ജന്മസംബന്ധിയായ വിവരങ്ങൾ പരിശോധിച്ച് അവൾ രേവതി നക്ഷത്രത്തിലാണ് ജനിച്ചതെന്ന് സൂചിപ്പിച്ച് എഴുതിയിരുന്നു. രേവതി എന്നു പേരുവെച്ചാലോ? ഒരിക്കൽ ഞങ്ങൾ ആലോചിച്ചു. ഒടുവിൽ അനുരാധ എന്ന പേര് തിരഞ്ഞെടുത്തു.

ഞങ്ങൾ ഇംഗ്ലണ്ടിൽ വന്ന് മൂന്നുവർഷം കഴിഞ്ഞിരുന്നു.

അനന്തമൂർത്തിയുടെ ഡോക്ടറേറ്റിന്റെ തീസിസ്സ് നിശ്ചിത കാലയളവിനുള്ളിൽത്തന്നെ തയ്യാറായിക്കഴിഞ്ഞു. അതിനെക്കുറിച്ച് പരിശോധകരുടെ അഭിപ്രായം എന്തെന്നറിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതാണ് യുക്തമെന്ന് അദ്ദേഹത്തിന്റെ ഗൈഡ് സൂചിപ്പിച്ചു. ഇതിനു പുറമേ, കുഞ്ഞ് വളരെ ചെറുപ്പമായതുകൊണ്ട് ദൂരയാത്രയിൽ കാലാവസ്ഥാമാറ്റവും മറ്റും കൊണ്ട് അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായേക്കുമെന്നതിനാൽ കുറച്ചുകാലം കൂടി ഇംഗ്ലണ്ടിൽ തുടരുന്നത് അനിവാര്യമായിരുന്നുതാനും.

ഇംഗ്ലണ്ടിലെ താമസം മൂന്നുമാസത്തേക്ക് നീട്ടിനൽകണമെന്ന് കോമൺവെൽത്ത് കൗൺസിലിനോട് അനന്തമൂർത്തി അഭ്യർഥിച്ചു. അനുവാദം ലഭിക്കുകയും ചെയ്തു. പക്ഷെ നീട്ടിക്കിട്ടിയ കാലാവധിയിൽ സ്കോളർഷിപ്പ് ഇല്ലായിരുന്നു. മൂന്നുമാസം ഞങ്ങളുടെ ചെലവിൽത്തന്നെ കഴിച്ചുകൂട്ടേണ്ടതായി വന്നു. അതിനായി അനന്തമൂർത്തി അവിടെത്തന്നെ 'സപ്ലൈ ടീച്ചറാ' യി ജോലിക്കു ചേർന്നു. ലീവിലുള്ളവർക്ക് പകരം ജോലി ചെയ്യുന്നവരെയാണ് സപ്ലൈ ടീച്ചർ എന്നു പറയുന്നത്.

ഞാൻ അനന്തമൂർത്തിയുടെ തീസിസ് ടൈപ്പ് ചെയ്യാൻ ആരംഭിച്ചു. കംപ്യൂട്ടർ ടെക്നോളജി വരുന്നതിനു മുമ്പായിരുന്നു അത്. യൂണിവേഴ്സിറ്റിയിൽ ചെന്ന് അവിടത്തെ ഒരു ടൈപ്പിസ്റ്റിനെ പിടിച്ച് ദിനംപ്രതി കുറച്ചു ഭാഗങ്ങൾ ടൈപ്പ് ചെയ്യിച്ച്  വീട്ടിലേക്ക് കൊണ്ടുവന്നു. വൈകുന്നേരം അനന്തമൂർത്തി അതിന്റെ കരട് തിരുത്തിത്തരും. രാവിലെ വീണ്ടും ടൈപ്പിസ്റ്റിന്റെ അടുത്തേക്ക് ഞാൻ പോകും.

എന്റെ കൊച്ചുകുഞ്ഞിനെ വിട്ട് പുറത്തുപോവുകയെന്നത് കഷ്ടകരമായിരുന്നു. ശരത് പ്ലേസ്കൂളിലേക്കോ അടുത്ത വീട്ടിൽ കളിക്കാനോ പോകും. അനുരാധ ഇനിയും പിഞ്ചുകുഞ്ഞായിരുന്നതിനാൽ അവളെ വിട്ടുപോകുന്നത് പ്രശ്നം തന്നെ ആയിരുന്നു. ഒരു സ്നേഹിതൻ കുഞ്ഞിനെ കിടത്തുന്ന തള്ളുവണ്ടി (perambulator) ഉപയോഗിക്കാൻ തന്നിരുന്നു. മകളെ ആ തള്ളുവണ്ടിയുടെ മെത്തയിൽ കിടത്തി പുതപ്പിച്ചാൽ അവൾ ഊഷ്മളമായി ഉറങ്ങുമായിരുന്നു.

തള്ളുവണ്ടി വീടിന്റെ കോമ്പൗണ്ടിൽവെച്ച് അടുത്ത വീട്ടുകാരോട് വിവരം പറഞ്ഞ് ഞാൻ പോകും. ''കുഞ്ഞ് എഴുന്നേറ്റാൽ കൊടുക്കണേ...'' എന്നു പറഞ്ഞ് പാൽക്കുപ്പി അവരുടെ കൈയിൽ ഏൽപ്പിക്കും.

ശരത്തും കൂട്ടുകാരും ബർമിങ്ങ്‌ഹാം ജീവിതകാലത്ത്‌

ശരത്തും കൂട്ടുകാരും ബർമിങ്ങ്‌ഹാം ജീവിതകാലത്ത്‌

ഞങ്ങൾക്ക് വീട് വാടകയ്ക്കുതന്ന ലാൻഡ്ലേഡി വളരെ നല്ലവളായിരുന്നു. മിസ് കെയിൻ എന്നാണവരുടെ പേര്. ഞങ്ങളുടെ കാര്യങ്ങളിൽ അവർ പ്രത്യേക താൽപ്പര്യം കാണിച്ചിരുന്നു. കുഞ്ഞിനെ അവർതന്നെ വാത്സല്യപൂർവം  നോക്കിക്കൊണ്ടിരുന്നു. അതുകൊണ്ട് എനിക്ക് പുറത്തുപോകാൻ സൗകര്യമായി. കെയിനിന് ഭാരതീയരെക്കുറിച്ചും ഭാരതീയ ജ്ഞാന പരമ്പരയെക്കുറിച്ചും വലിയ അഭിമാനമായിരുന്നു.

അനന്തമൂർത്തി ഇന്ത്യയിൽ നിന്ന് പഠിക്കാൻ ഇങ്ങോട്ടു വന്നിരിക്കയാണെന്ന് ഏറെ ബഹുമാനപൂർവമാണ് അവർ കണ്ടത്. ഒരിക്കൽ ഞങ്ങളുടെ വാതിൽക്കൽ വന്ന് ''വരൂ വരൂ, പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താർ റേഡിയോയിൽ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു'' എന്നു പറഞ്ഞ് അവർ ഞങ്ങളെ വിളിച്ചുകൊണ്ടുപോയി റേഡിയോയ്ക്കരികിൽ ഇരുത്തി.

പണ്ഡിറ്റ്‌ രവിശങ്കർ

പണ്ഡിറ്റ്‌ രവിശങ്കർ

ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുന്ന ദിവസം അടുത്തുവന്നുകൊണ്ടിരുന്നു. അതിനകം ഓക്സ്ഫോർഡിലേക്കും അടുത്തുള്ള യൂണിവേഴ്സിറ്റികളിലേക്കും കർണാടകത്തിൽ നിന്ന് ഗവേഷണത്തിനായി വന്നുചേർന്ന സുഹൃത്തുക്കളെല്ലാം ഞങ്ങളുടെ വീട്ടിൽ വന്ന് യാത്രാമംഗങ്ങൾ നേരാൻ തുടങ്ങി. ഒരിക്കൽ സി വി  ശങ്കർ, ബി സി രാമചന്ദ്രശർമ്മ, ബി കെ  ചന്ദ്രശേഖർ, റഫീക്ക് അഹമ്മദ് തുടങ്ങിയവർ വന്ന് രണ്ടു ദിവസം ഞങ്ങളുടെ വീട്ടിൽ താമസിച്ചു.

അപ്പോഴൊരിക്കൽ ഞാൻ ചോറുണ്ടാക്കാൻ വേണ്ടി അരി കഴുകുകയായിരുന്നു. ''നീ പ്രസവിച്ച് അധികം നാളായില്ലെടോ. അങ്ങനെയൊന്നും തണുത്തവെള്ളം തൊടാൻ പാടില്ല. ഇത് ഞാൻ ചെയ്തോളാം... തരൂ.'' ശങ്കർ എന്നെ സഹായിക്കുവാൻ മുന്നോട്ടു വന്നു.

രാമചന്ദ്രശർമ്മ അനന്തമൂർത്തിയുടെ ഏറ്റവുമടുത്ത സുഹൃത്താണ്. അവർ രണ്ടുപേരും ഇടക്കിടെ ബ്രിട്ടീഷ് മ്യൂസിയത്തിൽ വെച്ച് കണ്ടുമുട്ടാറുണ്ട്. ഒരിക്കൽ അവിടെ വാചകമടിച്ചു കൊണ്ടിരുന്ന ഇവർ സമയം പോയതറിഞ്ഞില്ല. അവസാനത്തെ ബസ്സും ട്രെയിനും പോയ്ക്കഴിഞ്ഞശേഷം വളരെ ദൂരെയുള്ള ശർമ്മയുടെ വീടുവരെ രണ്ടുപേരും നടന്നുപോയി.

പൂമുഖത്ത് നടന്നുകൊണ്ടിരിക്കുന്ന സാഹിത്യപരവും ലൗകികവുമായ സംഭാഷണങ്ങൾ അടുക്കളയിലായിരുന്ന എന്റെ ചെവിയിലും വീണുകൊണ്ടിരുന്നു.
ഒരു വൈകുന്നേരം ഞങ്ങളെല്ലാവരും കൂടി കൊവെൻട്രി എന്ന സ്ഥലത്തെ കത്തീഡ്രൽ കാണാൻ പോകണമെന്ന് തീരുമാനിച്ചു.

കൊവെൻട്രി  കത്തീഡ്രൽ

കൊവെൻട്രി കത്തീഡ്രൽ

ഞങ്ങളിൽ ചിലർ കാറിൽ ചെന്നപ്പോൾ മറ്റുള്ളവർ ട്രെയിനിൽ വന്ന് ഞങ്ങൾക്കൊപ്പം ചേർന്നു.

മഹായുദ്ധത്തിന്റെ കാലത്ത് ആ കത്തീഡ്രൽ ബോംബിട്ടു തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ അതുപോലെ നിലനിർത്തി അവിടെ ഒരു പുതിയ കത്തീഡ്രൽ പണിതിരിക്കുന്നു. അത്ഭുതകരമായ ആ കാഴ്ച കണ്ടുകൊണ്ട് ഞങ്ങൾ നടക്കുകയായിരുന്നു. ''ഒരു നിമിഷം നിൽക്കൂ. റെസ്റ്റ് റൂം എവിടെയാണെന്ന് നോക്കി വരാം'' എന്നു പറഞ്ഞ് അനന്തമൂർത്തി താഴത്തെ നിലയിലേക്ക് ഇറങ്ങിച്ചെന്നു.

കുറെ നേരമായിട്ടും അദ്ദേഹം വരുന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. ''നിന്റെ ഭർത്താവ് എപ്പോഴും ഇങ്ങനെതന്നെയാണെടോ. ഒരിടത്തുപോയാൽ തിരിച്ചുവരാൻ മറന്നുപോകും''. രാമചന്ദ്രശർമ്മ എന്നോട് പറഞ്ഞു. എനിക്ക് ഉള്ളിന്റെയുള്ളിൽ ഉൽക്കണ്ഠ വർധിച്ചുവന്നു. എല്ലാവരുടേയും കൂടെ അങ്ങോട്ട് പുറപ്പെടാൻ നിൽക്കെ അനന്തമൂർത്തി തിരിച്ചുവന്നു. ''എന്താ ഇത്ര വൈകിയത്?'' എല്ലാവരും ചോദിച്ചു. അണ്ടർഗ്രൗണ്ടിൽ ഒരു പാതിരിയെ കണ്ടതും അയാൾ തെറ്റായ വഴി കാട്ടിത്തന്നതും പുറകേ വന്നതുമൊക്കെ അദ്ദേഹം വിശദീകരിച്ചു.

അന്തമൂർത്തി ചിലപ്പോൾ മൗനിയായിത്തീരും. മുഖത്ത് വല്ലാത്തൊരു മ്ലാനത പടരും. അങ്ങനെ വരുമ്പോൾ അദ്ദേഹം എന്തെങ്കിലും എഴുതുവാനുള്ള മാനസിക സംഘർഷം അനുഭവിക്കുകയായിരിക്കും എന്നാണ് അർഥം. അദ്ദേഹത്തിന്റെ മ്ലാനഭാവം എനിക്ക് പരിചിതമായിരുന്നു.

അന്തമൂർത്തി ചിലപ്പോൾ മൗനിയായിത്തീരും. മുഖത്ത് വല്ലാത്തൊരു മ്ലാനത പടരും. അങ്ങനെ വരുമ്പോൾ അദ്ദേഹം എന്തെങ്കിലും എഴുതുവാനുള്ള മാനസിക സംഘർഷം അനുഭവിക്കുകയായിരിക്കും എന്നാണ് അർഥം. അദ്ദേഹത്തിന്റെ മ്ലാനഭാവം എനിക്ക് പരിചിതമായിരുന്നു. അകത്തുനിന്ന് വാതിലടച്ച് മുറിയിലിരിക്കുന്ന അദ്ദേഹവുമായി എന്തെങ്കിലും സംസാരിക്കുവാൻ ഞാൻ പോകാറില്ല.

അത്തരം ഒന്നുരണ്ടു സന്ദർഭങ്ങളിലാണ് അദ്ദേഹം 'ക്ലിപ് ജോയിന്റ്', 'മൗനി' തുടങ്ങിയ കഥകൾ എഴുതിയത്. ഗൃഹഭരണത്തിലും കുട്ടികളെ വളർത്തുന്നതിലും മുഴുകിയിരുന്ന ആ ദിവസങ്ങളിൽ അത്തരം രചനകളെ വിലപ്പെട്ടതായി ഞാൻ പരിഗണിച്ചിരുന്നില്ല. ക്ലിപ് ജോയിന്റ് എന്ന കഥയുമായി ബന്ധപ്പെട്ട ഏതോ സംഭവം, ഞങ്ങൾ ഒരു സ്നേഹിതന്റെ വീട് സന്ദർശിച്ചപ്പോൾ കിട്ടിയ പ്രചോദനം ‐ ഇവയെല്ലാം ഇപ്പോൾ മനസ്സിന്റെ ആഴത്തിൽ നിന്ന് ചികഞ്ഞെടുക്കുകയെന്നത് കഷ്ടകരമാണ്.

ഇത്തവണ ഞങ്ങൾ നാലുപേരും കപ്പലിലാണ് ഇന്ത്യയിലേക്ക് മടങ്ങുവാൻ തീരുമാനിച്ചത്‌. നേരത്തേതന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. കപ്പൽ കയറുന്നതിന് മുമ്പേ ഏതാനും ദിവസങ്ങൾ ലണ്ടനിൽ കഴിച്ചുകൂട്ടാൻ ഞങ്ങൾ നിശ്ചയിച്ചു. പൈനാപ്പിൾറോഡിൽ ഞങ്ങൾക്ക് രണ്ടരവർഷം ആശ്രയം നൽകിയ വീട് ഒഴിഞ്ഞ് സാധനങ്ങളും മറ്റുമായി ഞങ്ങൾ പുറപ്പെടാനൊരുങ്ങി.

എന്റെ ഒരു കുഞ്ഞിന് ജന്മം നൽകി, ഞങ്ങളെ തന്റെ മടിയിൽവെച്ച് അഭയം നൽകിയ ബർമ്മിങ്ങ്ഹാമിലെ വീട് ഒഴിഞ്ഞു പോരുമ്പോൾ എനിക്ക് ഏറെ സങ്കടം തോന്നി. ഞങ്ങൾ പുറപ്പെടുന്ന ദിവസം അയൽക്കാരോട് യാത്ര പറഞ്ഞു. മിക്കിയോടും മറ്റു ചങ്ങാതിമാരോടും ശരത് 'ബൈ' പറഞ്ഞു.

എന്റെ ഒരു കുഞ്ഞിന് ജന്മം നൽകി, ഞങ്ങളെ തന്റെ മടിയിൽവെച്ച് അഭയം നൽകിയ ബർമ്മിങ്ങ്ഹാമിലെ വീട് ഒഴിഞ്ഞു പോരുമ്പോൾ എനിക്ക് ഏറെ സങ്കടം തോന്നി. ഞങ്ങൾ പുറപ്പെടുന്ന ദിവസം അയൽക്കാരോട് യാത്ര പറഞ്ഞു. മിക്കിയോടും മറ്റു ചങ്ങാതിമാരോടും ശരത് 'ബൈ' പറഞ്ഞു. മിക്കി അൽപ്പം തളർന്നുപോയിരുന്നു. ഞങ്ങൾ പുറപ്പെടുന്ന ദിവസം തന്നെ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ അവനിൽ കണ്ടുതുടങ്ങിയിരുന്നു. ഈ രോഗബാധ ഞങ്ങളുടെ യാത്രയുടെ സമയപ്പട്ടികതന്നെ മാറ്റിമറിച്ചു.

ലണ്ടനിലെത്തിയ ഞങ്ങൾ ഗംഗാധര ചിത്താളിന്റെ വീട്ടിലേക്ക് പോയി. വൈകുന്നേരമായപ്പോഴേക്കും ശരത്തിന്റെ ദേഹത്ത് അഞ്ചാംപനിയുടെ തടിപ്പുകൾ പൊങ്ങിവരുന്നതിന്റെ സൂചനങ്ങൾ കാണായി. ഇത്തരമൊരു അവസ്ഥയിൽ എങ്ങനെയാണ് ദൂരയാത്ര ചെയ്യുക എന്ന ചിന്ത ഞങ്ങളെ അലട്ടി. എനിക്കാണെങ്കിൽ അനുവിനെ ശരത്തിൽനിന്ന് മാറ്റി നിർത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. അതും ഏറ്റവുമടുപ്പമുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ച്.

അനന്തമൂർത്തി ബ്രിട്ടീഷ് കൗൺസിലുമായി ബന്ധപ്പെട്ട് ടിക്കറ്റ് റദ്ദാക്കുകയോ നീട്ടിവെയ്‌ക്കുകയോ ചെയ്യണമെന്ന് അപേക്ഷിച്ചു. ''അഞ്ചാംപനിയുള്ള കുട്ടിയെ കപ്പലിൽ കൊണ്ടുപോകാനാവില്ല. മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട് എന്ന കാരണത്താൽ ടിക്കറ്റ് റദ്ദാക്കി. ക്യാൻസൽ ചെയ്തത് അവസാന നിമിഷത്തിലായതുകൊണ്ട് പണവും തിരിച്ചുകിട്ടിയില്ല. കിട്ടിയത് തുച്ഛമായ ഒരു തുകമാത്രം. പക്ഷെ ഞങ്ങൾ ലഗ്ഗേജ് നേരത്തേതന്നെ അയച്ചിരുന്നതിനാൽ അത് തിരിച്ചെടുക്കാൻ സാധിച്ചില്ല. അത് കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് സത്യമായും പരീക്ഷണകാലമായിരുന്നു. ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവനും എന്റെയും മക്കളുടേയും ടിക്കറ്റിന് ചിലവായി.

ഇന്ത്യയിലേക്ക് പോകാനുള്ള ടിക്കറ്റിന്റെ തുക നിശ്ചിതമായിരുന്നതിനാൽ വഴിച്ചെലവിന് അൽപ്പം പണം മിച്ചമായതൊഴികെ മറ്റെല്ലാം ചെലവായിക്കഴിഞ്ഞിരുന്നു. അത്തരം സന്ദിഗ്ധ സാഹചര്യത്തിൽ ഞങ്ങൾ ഗംഗാധര ചിത്താളിന്റെ വീട്ടിൽ നിന്ന് രാമചന്ദ്രശർമ്മയുടെ വീട്ടിലേക്ക് മാറി.

ഇന്ത്യയിലേക്ക് പോകാനുള്ള ടിക്കറ്റിന്റെ തുക നിശ്ചിതമായിരുന്നതിനാൽ വഴിച്ചെലവിന് അൽപ്പം പണം മിച്ചമായതൊഴികെ മറ്റെല്ലാം ചെലവായിക്കഴിഞ്ഞിരുന്നു. അത്തരം സന്ദിഗ്ധ സാഹചര്യത്തിൽ ഞങ്ങൾ ഗംഗാധര ചിത്താളിന്റെ വീട്ടിൽ നിന്ന് രാമചന്ദ്രശർമ്മയുടെ വീട്ടിലേക്ക് മാറി.

രാമചന്ദ്രശർമ്മയുടെ വീട്ടിൽ ഞങ്ങൾ ഒന്നുരണ്ടാഴ്ച കഴിച്ചുകൂട്ടി. ആ സന്ദർഭത്തിലൊരിക്കൽ രാമചന്ദ്രശർമ്മയും അനന്തമൂർത്തിയും കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ അപകടം സംഭവിച്ചതും ഇപ്പോൾ ഓർക്കുകയാണ്. ശർമ്മയായിരുന്നു ഡ്രൈവ് ചെയ്തത്. ഒരു കല്ല് മുൻ വശത്തുതട്ടി കാർ സ്കിഡ് ആയി അവർ രണ്ടുപേരും തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു.

അനന്തമൂർത്തി എഴുത്തുകാരും സുഹൃത്തുക്കളുമായ ബി െക ചന്ദ്രശേഖറിനും  ബി സി രാമചന്ദ്രക്കും ഒപ്പം‐ ലണ്ടൻ ജീവിതകാലത്ത്‌

അനന്തമൂർത്തി എഴുത്തുകാരും സുഹൃത്തുക്കളുമായ ബി െക ചന്ദ്രശേഖറിനും ബി സി രാമചന്ദ്രക്കും ഒപ്പം‐ ലണ്ടൻ ജീവിതകാലത്ത്‌

''അന്ന് ഞങ്ങൾ രണ്ടുപേരും മരിച്ചിരുന്നെങ്കിൽ ഒരു കവിയും അദ്ദേഹത്തിന്റെ സുഹൃത്തും വാഹനാപകടത്തിൽ മരിച്ചുവെന്ന് പിറ്റേ ദിവസം വാർത്ത വരുമായിരുന്നു’’.

രാമചന്ദ്രശർമ്മ സദസ്സുകളിലും സ്വകാര്യ സംഭാഷണങ്ങളിലും തമാശയെന്നപോലെ വർഷങ്ങളോളം ഇങ്ങനെ പറഞ്ഞുപോന്നു. ഇവിടെ കവി എന്നുവെച്ചാൽ രാമചന്ദ്രശർമ്മ. സുഹൃത്ത് എന്നുവെച്ചാൽ അനന്തമൂർത്തി. അങ്ങനെ പറയാൻ കാരണമുണ്ടായിരുന്നു. രാമചന്ദ്രശർമ്മ അപ്പോഴേക്കും നവതരംഗത്തിൽപ്പെട്ട കവിതകൾ എഴുതി ആദ്യഘട്ടത്തിലെ ആധുനിക കവിയെന്ന് അറിയപ്പെട്ടിരുന്നു.

അനന്തമൂർത്തിയാകട്ടെ, സംസ്കാര എഴുതിയിരുന്നെങ്കിലും അത് ഇനിയും പ്രസിദ്ധീകരിച്ച് വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നില്ല. താൻ കവിയെന്ന് അറിയപ്പെട്ടിരുന്ന ദിവസങ്ങളിൽ അനന്തമൂർത്തി എഴുത്തുകാരനായി രംഗത്തെത്തിയിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലെ ധ്വനി. ഞാൻ അടുത്തുനിന്ന് നിരീക്ഷിച്ചിടത്തോളം അവർ രണ്ടുപേരും തമ്മിൽ സ്നേഹം, ലഹള, മത്സരം എന്നിവയടങ്ങിയ വിശിഷ്ടമായ സുഹൃദ്‌ബന്ധമുണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ വിമാന ടിക്കറ്റിനായി വീണ്ടും പണം സ്വരൂപിക്കേണ്ടിവന്നു.

ഇടയിലൊരിക്കൽ അനന്തമൂർത്തി ഒറ്റയ്ക്ക് കപ്പലിൽ ചെന്ന് നാട്ടിൽനിന്ന് എനിക്കും കുട്ടികൾക്കും വേണ്ട ടിക്കറ്റ് ഏർപ്പാടു ചെയ്യാമെന്നും മറ്റും ഞങ്ങൾ ആലോചിച്ചു. എങ്കിലും അത്തരമൊരു സന്ദർഭത്തിൽ അതു ശരിയാവില്ലെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങളെ വിട്ട് യാത്ര ചെയ്യാൻ അനന്തമൂർത്തിക്കും മനസ്സില്ലായിരുന്നു.

രണ്ടു മക്കളുമായി ഇവിടെ കഴിയാൻ എനിക്കും കഴിയില്ലല്ലോ. ഒടുവിൽ എന്നെ രാമചന്ദ്രശർമ്മയുടെ വീട്ടിലാക്കി അനന്തമൂർത്തി ബർമ്മിങ്ങ്ഹാമിൽ ചെന്ന് വീണ്ടും ജോലിയിൽ ചേരാമെന്നു തീരുമാനിച്ചു. പ്രൊഫസർ മാർട്ടിൻ ഗ്രീനിന്റെ സഹായത്തോടുകൂടി അനന്തമൂർത്തിക്ക് വീണ്ടും സപ്ലൈ ടീച്ചറുടെ ജോലി കിട്ടി. ഒന്നുരണ്ടാഴ്ചയിലെ അധ്വാനത്തിനുശേഷം അൽപ്പം പണം സമ്പാദിച്ചു. അങ്ങനെ നാലുപേരുടെ വിമാനടിക്കറ്റിനാവശ്യമായ തുക സ്വരൂപിച്ചു.

ഞങ്ങളുടെ പരിചയക്കാരനായ ഒരു പഞ്ചാബി വിമാനടിക്കറ്റ് കുറഞ്ഞ വിലയ്ക്ക് നേടാൻ സഹായിച്ചത് വലിയ ആശ്വാസമായി. അയാൾ മരപ്പണി ചെയ്യുവാൻ ലണ്ടനിൽ വന്നതായിരുന്നു. മൂന്നു വർഷം മുമ്പ് ഞാൻ ഇംഗ്ലണ്ടിലേക്ക് വന്ന കപ്പലിൽ അയാളുമുണ്ടായിരുന്നു. അയാൾക്ക് ഇംഗ്ലീഷ് ഒറ്റ അക്ഷരംപോലും അറിയില്ല. ദ്വിഭാഷിയായി ഞാൻ അയാളെ സഹായിച്ചിരുന്നു. അത് ഓർത്തുകൊണ്ട് അയാൾ ഞങ്ങളോട് സൗഹൃദവും സ്നേഹവും പ്രകടിപ്പിച്ചു. അയാൾക്ക് ഏതോ ഏജന്റുമായി പരിചയമുണ്ടായിരുന്നതുകൊണ്ട് ടിക്കറ്റ് എളുപ്പം കിട്ടി.

ഞങ്ങളുടെ ലഗ്ഗേജ് ചുമന്ന  കപ്പൽ മുംബൈയിൽ എത്തുന്ന നേരത്തുതന്നെ ഞങ്ങളുടെ വിമാനം അവിടെ ഇറങ്ങിക്കഴിഞ്ഞിരുന്നു. വിമാനത്താവളത്തിൽ നിന്ന് അനന്തമൂർത്തിയുടെ സ്നേഹിതൻ യശ്വന്ത് ചിത്താളിന്റെ വീട്ടിലേക്ക് പോയി അവിടെ ഞങ്ങൾ ഒന്നുരണ്ടു ദിവസം താമസിച്ചു. തുറമുഖത്തുചെന്ന് ലഗ്ഗേജ് ഏറ്റെടുത്ത് ഞങ്ങൾ ബംഗളൂരുവിലേക്കുള്ള തീവണ്ടിയിൽ കയറി. മിക്കവാറും അത് 1966 ഒക്ടോബർ മാസമായിരുന്നു എന്നാണ് എന്റെ ഓർമ  .(തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top