18 June Friday

പ്രാണവായു ; കപടശാസ്ത്ര വാർത്തകൾക്കെതിരെ മുൻകരുതൽ സ്വീകരിക്കുക

സീമ ശ്രീലയംUpdated: Saturday May 8, 2021


കോവിഡിന്റെ രണ്ടാം തരംഗം നമ്മെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തികച്ചും ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതിനൊപ്പം കപടശാസ്ത്ര വാർത്തകൾക്കെതിരെയും നാം മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. അത്രയ്ക്കുണ്ട് സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്ന,അശാസ്ത്രീയ പ്രചാരണങ്ങളുടെ വ്യാപ്തിയും അത് സൃഷ്ടിക്കുന്ന ആശങ്കയും. രാജ്യത്തിന്റെ പലയിടങ്ങളിലും ഓക്സിജൻ ക്ഷാമം എന്നു കേട്ടതോടെ എത്തി പ്രാണവായുവുമായി ബന്ധപ്പെട്ടുള്ള തെറ്റായ നിരീക്ഷണങ്ങൾ.

‘ഭൗമാന്തരീക്ഷത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞതുകൊണ്ടാണ് ഇപ്പോഴത്തെ ഓക്സിജൻ ക്ഷാമം’,  ‘മനുഷ്യൻ പ്രകൃതിയോടു ചെയ്ത വിവേചന രഹിതമായ പ്രവർത്തനങ്ങളുടെ ഫലമാണിത്’ എന്നൊക്കെയാണ്‌ പ്രചാരണങ്ങൾ......!!

തെറ്റായ പ്രചാരണങ്ങൾ
മെഡിക്കൽ ഓക്സിജൻ ക്ഷാമം എന്നു കേട്ടയുടനെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ  തെറ്റായി പ്രചരിച്ച വാർത്തകൾ! അതിനു ‘പരിഹാര’വും പിന്നാലെയെത്തി......!.ഉടനടി കുറേ മരങ്ങൾ വച്ചുപിടിപ്പിക്കുക, ഒരു ചെടിച്ചട്ടിയിൽ ട്യൂബിട്ട് അതിന്റെ മറ്റേ അറ്റം മൂക്കിലേക്ക് കൊടുക്കുക, ഒരു കുപ്പിയിൽ കുറേ ചെടികൾ ഇട്ട് അതിൽനിന്ന്‌ ശ്വാസമെടുക്കുക,ആലിൻ ചുവട്ടിൽ പോയിരിക്കുക , ശരീരത്തിൽ ഓക്സിജൻ വർധിപ്പിക്കുന്ന അത്ഭുത തുള്ളിമരുന്ന് കഴിക്കുക ഇങ്ങനെ നീളുന്നു പരിഹാരക്രിയകൾ........!!

പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്ന ജീവിയാണെന്ന പറച്ചിലൊക്കെ വിശ്വസിച്ച് ഓക്സിജൻ ലഭിക്കാൻ തൊഴുത്തിൽ പോയി ഇരുന്നാൽ എങ്ങനെയിരിക്കും? ഇതൊന്നും പോരാഞ്ഞ് സസ്യങ്ങൾ സദാ സമയവും ഓക്സിജൻ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണെന്ന് ധരിച്ചുവച്ചിരിക്കുന്നവരുമുണ്ട്. എന്നാൽ പ്രകാശ സംശ്ലേഷണ സമയത്ത് അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ഹരിത സസ്യങ്ങൾ കോശ ശ്വസന സമയത്ത് ഓക്സിജൻ ഉപയോഗിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുകയുമാണ് ചെയ്യുന്നത്.  തികച്ചും അശാസ്ത്രീയമായ വാർത്തകൾ  വിശ്വസിച്ച് വൈദ്യസഹായം തേടാതിരുന്നാൽ ജീവൻ തന്നെയാണ് വിലയായി നൽകേണ്ടി വരിക എന്നു മറക്കരുത്.

അന്തരീക്ഷത്തിലെ ഓക്സിജൻ-

അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവിന് എത്രയോ കാലമായി വ്യത്യാസമൊന്നുമില്ല എന്നു പോലും ഓർക്കാതെയാണ് അബദ്ധ ധാരണകൾ പടച്ചുവിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തിൽ 20.9 ശതമാനം ഓക്സിജനും 78 ശതമാനം നൈട്രജനും 0.90 ശതമാനം ആർഗണും 0.03 ശതമാനം കാർബൺ ഡൈ ഓക്സൈഡും ബാക്കി 0.17 ശതമാനം മറ്റു വാതകങ്ങളുമാണുള്ളത്. ആദ്യകാലത്ത് ഭൗമാന്തരീക്ഷത്തിൽ സ്വതന്ത്രാവസ്ഥയിൽ ഓക്സിജൻ ഉണ്ടായിരുന്നില്ല. ഏതാണ്ട് 350 കോടി വർഷം മുമ്പ് കടലിലെ സൂക്ഷ്മ പ്ലവകങ്ങൾ പ്രകാശ സംശ്ലേഷണം തുടങ്ങിയതോടെ ഓക്സിജനും പുറത്തുവിടാൻ തുടങ്ങി. ഹരിതകമുള്ള സസ്യങ്ങൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ  ജലവും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡും ഉപയോഗിച്ച് ആഹാര നിർമാണം (കാർബോ ഹൈഡ്രേറ്റ് നിർമാണം) നടത്തുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണമെന്നും ഈ സമയത്ത് ഓക്സിജൻ പുറത്തുവിടുമെന്നും നമുക്കറിയാം.

എന്നാൽ സൂക്ഷ്മ പ്ലവകങ്ങൾ പ്രകാശസംശ്ലേഷണം ആരംഭിച്ച കാലത്ത് പുറത്തുവിടുന്ന ഓക്സിജൻ സ്വതന്ത്രമായി അന്തരീക്ഷത്തിൽ നിലനിന്നിരുന്നില്ല. അത് പെട്ടെന്നു തന്നെ മറ്റ്‌ മൂലകങ്ങളുമായി പ്രവർത്തിച്ച് അവയുടെ ഓക്സൈഡുകളായി മാറുകയായിരുന്നു.    

ഗ്രേറ്റ് ഓക്സിജനേഷൻ ഇവന്റ്
ഏതാണ്ട് 250 കോടി വർഷം മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്‌ക്കുന്ന ഒരു സുപ്രധാന സംഭവം ഉണ്ടായി. അതാണ് ഗ്രേറ്റ് ഓക്സിജനേഷൻ ഇവന്റ് (ഗ്രേറ്റ് ഓക്സിഡേഷൻ ഇവന്റ്). ഇത് അന്തരീക്ഷത്തിൽ  തന്മാത്രാ ഓക്സിജന്റെ അളവ് വർധിക്കാനും അത് നഷ്ടമായിപ്പോകാതെ സ്ഥിരമായി നിലനിൽക്കാനും  കാരണമായി. കടലിലെ സയനോബാക്റ്റീരിയകളാണ് (ബ്ലൂ ഗ്രീൻ ആൽഗകൾ) ഇതിൽ പ്രധാന പങ്ക്‌ വഹിച്ചതെന്നും ഗവേഷണങ്ങൾ പറയുന്നു.
ഏതാണ്ട് 250 കോടി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച് 160 കോടി വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച പാലിയോപ്രോട്ടറോസോയിക് യുഗത്തിലാണ് അന്തരീക്ഷ ഓക്സിജന്റെ അളവ് പ്രധാനമായും വർധിച്ചത്.


 

അന്തരീക്ഷത്തിൽ പെട്ടെന്നുള്ള ഓക്സിജന്റെ വർധനവ് ഓക്സിജനെ ആശ്രയിച്ച്‌ ജീവൻ നിലനിർത്തുന്ന ജീവികളുടെ ആവിർഭാവത്തിന് വഴിയൊരുക്കിയെങ്കിലും അത് ഓക്സിജനെ ആശ്രയിച്ചല്ലാതെ ജീവിക്കുന്ന പല ജീവികളുടെയും വംശനാശത്തിന്‌ കാരണമായി. ഭൗമാന്തരീക്ഷത്തിന്റെ ചരിത്രം പരിശോധിച്ചാൽ വൻ അഗ്നിപർവത സ്ഫോടനങ്ങളുടെയും മറ്റും ഫലമായി അന്തരീക്ഷ ഓക്സിജന്റെ അളവിൽ ചില സമയത്ത് വ്യത്യാസങ്ങളുണ്ടായിട്ടുണ്ട് എന്നും കാണാം.  കടലിന്റെ അടിത്തട്ടിൽനിന്ന്‌ ലഭിച്ച അയേൺ ഓക്സൈഡ് ബാൻഡുകളുടെ കാലഗണനയും കടൽ ഫോസ്സിലുകളിൽനിന്ന്‌ ലഭിച്ച സയനോ ബാക്റ്റീരിയയുടെ അവശിഷ്ടങ്ങളും റെഡ് ബെഡ് എന്നറിയപ്പെടുന്ന സാൻഡ് സ്റ്റോണുകളും പാലിയോസോൾ എന്ന പുരാതന മൺതരികളും ഡെട്രിയാൽ പാറത്തരികളും 230- കോടിയിലധികം വർഷം പഴക്കമുള്ള ചില അവശിഷ്ടങ്ങളിലെ സൾഫറിന്റെ മാസ്‌ ഇൻഡിപെൻഡന്റ് ഫ്രാക്ഷനേഷനുമൊക്കെ ഗ്രേറ്റ് ഓക്സിഡേഷൻ കാലത്തിലേക്ക് വിരൽ ചൂണ്ടുന്നു.

പ്രാണവായുവിന്റെ കാര്യത്തിൽ നാം സമുദ്രങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. സമുദ്രങ്ങളിലെ പ്ലാങ്ക്‌ടണുകൾ (സൂക്ഷ്മ പ്ലവകങ്ങൾ) പ്രത്യേകിച്ചും ഫൈറ്റോ പ്ലാങ്ക്ടണുകളാണ് പ്രകാശസംശ്ലേഷണ സമയത്ത് ഉയർന്ന തോതിൽ അന്തരീക്ഷത്തിലേക്ക് ഓക്സിജൻ പുറത്തുവിടുന്നത്. പ്ലാങ്ക്ടണുകൾ നശിക്കുമ്പോൾ ഇവ സ്വാംശീകരിച്ച കാർബൺ കടലിന്റെ അടിത്തട്ടിൽ നിക്ഷേപിക്കുന്നു. അന്തരീക്ഷത്തിലേക്ക് ഉത്സർജിക്കപ്പെടുന്ന ഓക്സിജനിൽ ഏതാണ്ട് എൺപത് ശതമാനത്തോളവും  സമുദ്ര പ്ലവകങ്ങളുടെ സംഭാവനയാണ്. ബാക്കി ചെറിയ ശതമാനത്തിലാണ്  കരയിലെ ഹരിത സസ്യങ്ങളുടെ സംഭാവന. ഓക്സിജൻ ചംക്രമണത്തിന്റെ സന്തുലിതാവസ്ഥ തെറ്റാതെ തുടരുന്നതുകൊണ്ട് കാലങ്ങളായി ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ഏതാണ്ട് 21 ശതമാനമായി നില നിൽക്കുന്നു.

മെഡിക്കൽ ഓക്‌സിജൻ
കോവിഡ് 19 രോഗികളിൽ ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ ഉണ്ടാകുകയും  ശരീരത്തിൽ ഓക്സിജന്റെ തോത് കുറയുകയും ചെയ്യുന്ന സന്ദർഭങ്ങളിലാണ്‌ ജീവൻ രക്ഷിക്കാൻ മെഡിക്കൽ ഓക്സിജൻ നൽകുക. നാം സാധാരണ ശ്വസിക്കുന്ന വായുവിൽ അഞ്ചിലൊന്ന് മാത്രമാണ് ഓക്സിജനെങ്കിലും ശരീരത്തിൽ ഓക്സിജൻ തോത് കുറയുന്ന സമയത്ത് രോഗിക്ക് മെഡിക്കൽ ഗ്രേഡ് ഓക്സിജൻ തന്നെ നൽകണം. 

അന്തരീക്ഷത്തിൽനിന്നും വ്യാവസായികാടിസ്ഥാനത്തിൽ ഓക്സിജൻ വേർതിരിച്ചെടുക്കാൻ പല മാർഗങ്ങളുമുണ്ട്. ഇതിൽ ഏറെ  പ്രധാനപ്പെട്ട ഒന്നാണ് അംശിക സ്വേദനം (ഫ്രാക്‌ഷണൽ ഡിസ്റ്റിലേഷൻ). ഒരു ദ്രാവക മിശ്രിതത്തിലെ ഘടകങ്ങളുടെ തിളനിലയിലെ വ്യത്യാസം പ്രയോജനപ്പെടുത്തിയാണ് ഇവിടെ വേർതിരിക്കൽ നടക്കുന്നത്. അന്തരീക്ഷ വായുവിലെ പൊടിപടലങ്ങളെ അരിച്ചു നീക്കി വായുവിനെ ഉയർന്ന മർദത്തിൽ മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ച് ദ്രവീകരിക്കുകയാണ് ആദ്യപടി. ഇങ്ങനെ തണുപ്പിക്കുന്ന സമയത്ത്‌ തന്നെ ജലബാഷ്പവും കാർബൺ ഡൈ ഓക്സൈഡുമൊക്കെ നീക്കം ചെയ്യാനാകും. ഓക്സിജന്റെ തിളനില മൈനസ് 183 ഡിഗ്രി സെൽഷ്യസും നൈട്രജന്റേത് മൈനസ് 196 ഡിഗ്രി സെൽഷ്യസുമാണ്. ഈ ദ്രാവക മിശ്രിതത്തെ ഫ്രാക്ഷനേറ്റിങ് കോളത്തിലൂടെ കടത്തിവിടും. ഫ്രാക്ഷനേറ്റിങ് കോളത്തിന്റെ അടിഭാഗത്തെ താപനില മൈനസ് 185 ഡിഗ്രി സെൽഷ്യസും മുകൾ ഭാഗത്തെ താപനില മൈനസ് 190 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഓക്സിജനും നൈട്രജനുമടങ്ങിയ ദ്രവീകൃത മിശ്രിതത്തെ ഫ്രാക്ഷനേറ്റിങ് കോളത്തിലൂടെ കടത്തിവിടുമ്പോൾ നൈട്രജൻ വാതക രൂപത്തിൽ മുകൾ ഭാഗത്തെ വാൽവിലൂടെ പുറത്തു വരികയും ഓക്സിജൻ ദ്രാവകരൂപത്തിൽ തന്നെ ഫ്രാക്ഷനേറ്റിങ് കോളത്തിൽനിന്ന് ലഭിക്കുകയും ചെയ്യും. വളരെ താഴ്ന്ന താപനില പ്രയോജനപ്പെടുത്തുന്നതിനാൽ ഈ മാർഗത്തെ ക്രയോജനിക് ഡിസ്റ്റിലേഷൻ എന്നും വിളിക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന ദ്രാവക ഓക്സിജനെ ഹീറ്റ് എക്സ്ചേഞ്ചറോ വേപ്പറൈസറോ ഉപയോഗിച്ച് വാതക രൂപത്തിലേക്ക് മാറ്റാൻ കഴിയും. മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള ഓക്സിജൻ പ്രത്യേകമായി ശുദ്ധീകരിച്ച സിലിണ്ടറുകളിൽ ഉയർന്ന മർദത്തിലാണ് നിറയ്ക്കുന്നത്.

മറ്റ്‌ മാർഗങ്ങൾ
അന്തരീക്ഷ വായുവിൽനിന്നും ഓക്സിജൻ വേർതിരിച്ചെടുക്കാനുള്ള മറ്റൊരു മാർഗമാണ് പ്രഷൻ സ്വിങ് അഡ്സോർപ്ഷൻ (PSA). ഇത്തരം പ്ലാന്റുകളിൽ അന്തരീക്ഷ വായുവിനെ ഉയർന്ന മർദത്തിൽ സിയോലൈറ്റിലൂടെയോ ആക്റ്റിവേറ്റഡ് കാർബണിലൂടെയോ ഒക്കെ കടത്തിവിട്ട് അതിലെ നൈട്രജനെ അധിശോഷണം ചെയ്ത് നീക്കുകയാണ് ചെയ്യുന്നത്. പുറത്തുവരുന്ന വായുവിൽ 90 മുതൽ 95 ശതമാനം വരെ ഓക്സിജൻ ഉണ്ടായിരിക്കും. ഓക്സിജന്റെയും നൈട്രജന്റെയും തന്മാത്രകൾ തമ്മിലുള്ള വളരെചെറിയ വലിപ്പ വ്യത്യാസം പ്രയോജനപ്പെടുത്തി പ്രത്യേകതരം അർധതാര്യ സ്തരങ്ങൾ ഉപയോഗിച്ച് അന്തരീക്ഷ വായുവിൽനിന്നും ഓക്സിജൻ വേർതിരിച്ചെടുക്കാൻ മെംബ്രെയ്ൻ ഫിൽറ്ററിങ് സാങ്കേതികവിദ്യ സഹായിക്കും.

വാക്വം ഇൻസുലേറ്റഡ് ഇവാപ്പറേറ്റർ
ആശുപത്രികളിൽ വലിയ തോതിൽ ദ്രവീകൃത ഓക്സിജൻ സംഭരിച്ചു വയ്ക്കാനുള്ള സംവിധാനമാണ് വാക്വം ഇൻസുലേറ്റഡ് ഇവാപ്പറേറ്റർ (VIE). ഇതിൽ ഉയർന്ന മർദത്തിലുള്ള ഒരു വെസലിൽ സൂക്ഷിക്കുന്ന ദ്രാവക മെഡിക്കൽ ഓക്സിജൻ വേപ്പറൈസർ, സൂപ്പർ ഹീറ്റർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്   ബാഷ്പീകരിച്ച് വാതക രൂപത്തിലേക്ക്‌ മാറ്റാൻ കഴിയും. ചെറിയ മെഡിക്കൽ സെന്ററുകളിലൊക്കെ സാധാരണ ഓക്സിജൻ സിലിൻഡറാണ് രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ ഉപയോഗിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും കൊണ്ടുനടക്കാവുന്നതുമായ ഒക്സിജൻ കോൺസൻട്രേറ്ററുകളും ലഭ്യമാണ്. ഇതിൽ അന്തരീക്ഷവായു നേരിട്ട് വലിച്ചെടുത്ത് കംപ്രസ് ചെയ്ത് അതിലെ നൈട്രജനെ നീക്കം ചെയ്ത ശേഷം പുറത്തേക്കു വിടുന്ന വായുവിൽ ഓക്സിജന്റെ അളവ് 90 മുതൽ 95 ശതമാനം വരെയായിരിക്കും. ഓക്സിജൻ നിർമാണ പ്ലാന്റുകളിൽനിന്നും മൈനസ് 183 ഡിഗ്രി താഴ്‌ന്ന താപനിലയിലുള്ള ദ്രാവക മെഡിക്കൽ ഓക്സിജൻ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ക്രയോജനിക് ടാങ്കുകളെയാണ് ആശ്രയിക്കുന്നത്.

വ്യാവസായിക ഉൽപ്പാദനം കേരളത്തിൽ-

കേരളത്തിൽ ചവറയിലെ കേരള മെറ്റൽസ് ആൻഡ്‌ മിനറൽസ്, ബിപിസിഎൽ കൊച്ചിൻ റിഫൈനറി, കൊച്ചിൻ ഷിപ്പ്‌യാർഡ്, കഞ്ചിക്കോട്ടുള്ള ഐനോക്സ് എയർ പ്രോഡക്‌ട്‌സ്‌, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലായി പ്രവർത്തിക്കുന്ന പതിനൊന്ന് എയർ സെപ്പറേഷൻ യൂണിറ്റ് പ്ലാന്റുകൾ എന്നിവിടങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ അന്തരീക്ഷ വായുവിൽനിന്നും ഓക്സിജൻ വേർതിരിച്ചെടുക്കുന്നുണ്ട്. ഐഎസ്‌ആർഒയുടെ മഹേന്ദ്രഗിരിയിലുള്ള ഐപിആർസിയിൽ ബഹിരാകാശ ഗവേഷണത്തിനാവശ്യമായ ലിക്വിഡ്‌ ഓക്‌സിജൻ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻെറ അഭ്യർഥനപ്രകാരം ഇവിടെനിന്ന്‌ ആഴ്‌ചയിൽ 12 ടൺ വീതം ലിക്വിഡ്‌ ഓക്‌സിജൻ കേരളത്തിന്‌ ഐഎസ്‌ആർഒ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top