04 June Thursday

‘വെടിക്കെട്ട്‌’ സാറ്റർഡേ

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


സ്വന്തം ലേഖകൻ
ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ...ശനിയാഴ്‌ച എല്ലാകണ്ണുകളും ഈ 19 നില കെട്ടിടത്തിലായിരുന്നു. മരടിൽ ആദ്യം പൊളിക്കുന്ന എച്ച്‌2ഒയുടെ അവസാന നിമിഷങ്ങളറിയിച്ച്‌ 10.30ന്‌ സൈറൺ മുഴങ്ങി. നിയന്ത്രിത സ്‌ഫോടനത്തിന്‌ മുന്നോടിയായി മൂന്നു മിനിറ്റുള്ള സൈറൺ. ഇതോടെ പ്രദേശത്തെ ചെറിയ റോഡുകളിലെ ഗതാഗതം നിരോധിച്ചതോടെ നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പിന്‌ തുടക്കം.

അടുത്ത സൈറൺ 10.55ന്‌ മുഴങ്ങേണ്ടതാണ്‌.  വൈകിയപ്പോൾ പലരും പലതും പറഞ്ഞു തുടങ്ങി. ആശങ്കകൾ ഫ്ലാറ്റോളം ഉയർന്നു.  ഈ സമയം ഹെലികോപ്‌റ്റർ ചുറ്റിപ്പറന്ന്‌ ആകാശനിരീക്ഷണം നടത്തിയതോടെ സംശയങ്ങൾ കൂടി.

എന്നാൽ, ആശങ്കകൾക്ക്‌ വിരാമമിട്ട്‌ 11.09ന്‌ രണ്ടാം സൈറൺ.  പിന്നെ,  അവസാന  സൈറണ്‌ ശ്വാസമടക്കി കാത്തിരിപ്പ്‌.  അത്‌  11.16ന്‌ മുഴങ്ങി. അതിന്റെ മുരൾച്ച നിൽക്കും മുമ്പേ  എച്ച്‌2ഒ ഫ്ലാറ്റ്‌ പൊട്ടിത്തകർന്നു തുടങ്ങി. അധികം ശബ്ദ കോലാഹലങ്ങളില്ലാതെ 11.17ന്‌ ഫ്‌ളാറ്റ്‌ വീണു.  ജനങ്ങളുടെ ആരവത്തെ മുക്കി  പൊടിപടലം.  പത്തു മിനിറ്റിനകം ഫയർഫോഴ്‌സ്‌  പൊടിപടലം നിയന്ത്രണ വിധേയമാക്കി.

അടുത്തത്‌ ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ്‌. 11.40ന്‌  സൈറൺ എത്തി.  11. 42ന്‌ ആൽഫയുടെ  രണ്ടാം ടവർ നിലംപതിച്ചു. 11. 43ന്‌  ഒന്നാം ടവറും വെടിക്കെട്ട്‌ ശബ്‌ദത്തിൽ തകർന്നു. 11.50ന്‌ ദേശീയ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ച്‌ സൈറൺ മുഴങ്ങി.
 


പ്രധാന വാർത്തകൾ
 Top