04 June Thursday

എച്ച്‌2ഒ മറഞ്ഞു റെക്കോഡ്‌ പിറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020

കൊച്ചി
നിയന്ത്രിത സ്‌ഫോടനത്തിലൂടെ വീഴുന്ന രാജ്യത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമെന്ന റെക്കോഡും സ്വന്തമാക്കിയാണ്‌ കുണ്ടന്നൂരിലെ ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ മൺമറഞ്ഞത്‌. ഇതിനുമുമ്പ്‌ തമിഴ്‌നാട്ടിൽ കാഞ്ചീപുരം ജില്ലയിലെ മൗലിവാക്കത്ത്‌ സ്‌ഫോടനത്തിൽ വീണ 11 നിലകളുള്ള ബിലീഫ്‌ എന്ന ഫ്ലാറ്റിന്റെ റെക്കോഡാണ്‌ എച്ച്‌2ഒ തകർത്തത്‌.  മരടിൽ ആദ്യം വീണ എച്ച്‌2ഒയ്‌ക്ക്‌ 19 നിലകളാണുണ്ടായിരുന്നത്‌.

ആൽഫ സെറീൻ ഫ്ലാറ്റ്‌ തകർന്നുവീഴുന്നു

ആൽഫ സെറീൻ ഫ്ലാറ്റ്‌ തകർന്നുവീഴുന്നു

 

ആൽഫ സെറീൻ ഫ്ലാറ്റിന്റെ അവശിഷ്ടം അധികൃതർ ബോട്ടിലെത്തി പരിശോധിക്കുന്നു

ആൽഫ സെറീൻ ഫ്ലാറ്റിന്റെ അവശിഷ്ടം അധികൃതർ ബോട്ടിലെത്തി പരിശോധിക്കുന്നു



 

2016 നവംബർ രണ്ടിനാണ്‌ സുപ്രീംകോടതി ഉത്തരവുപ്രകാരം ബിലീഫിനെ തുടച്ചുനീക്കിയത്‌. ബിലീഫിന്റെ ഇരട്ട ടവറായിരുന്ന ഫെയ്‌ത്ത്‌ 2014ൽ നിർമാണത്തിലിരിക്കെ തകർന്നുവീണിരുന്നു. അപകടത്തിൽ 61  തൊഴിലാളികൾ മരിച്ചു. തുടർന്നാണ്‌ നിർമാണപ്പിഴവ്‌ ആരോപിച്ച്‌ ജില്ലാ ഭരണവും തദ്ദേശഭരണവും ബിലീഫിനെയും തുടച്ചുനീക്കാൻ തീരുമാനിച്ചത്‌. ബിൽഡറായ സൃഷ്ടി ഹൗസിങ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തിരുപ്പൂർ ആസ്ഥാനമായ മാഗ്‌ലിങ്ക്‌ ഇൻഫ്രാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 50 ലക്ഷം രൂപയ്‌ക്ക്‌ കരാറെടുത്ത്‌ ബിലീഫിൽ നിയന്ത്രിത സ്‌ഫോടനം നടത്തി.

ഫ്ലാറ്റ് പൊളിക്കല്‍ തത്സമയം കണ്ട് ലക്ഷങ്ങള്‍
ആയിരങ്ങൾ നേരിട്ടുകണ്ട മരടിലെ കൂറ്റൻ ഫ്ലാറ്റുകളുടെ നിലംപൊത്തല്‍ ലക്ഷക്കണക്കിനാളുകളാണ് ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും  തത്സമയം കണ്ടത്. തിരക്കുകൾക്ക് രണ്ടുമണിക്കൂര്‍ അവധി നൽകി ശനിയാഴ്ച രാവിലെ  പത്തോടെ ടെലിവിഷന് മുന്നിലും സമൂഹമാധ്യമങ്ങളിലെ ലൈവ് പോസ്റ്റിനടിയിലും ശ്രദ്ധയോടെ അവർ കാത്തിരുന്നു. ഇന്ത്യയിൽ ആദ്യമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമായതിനാൽ ദേശീയമാധ്യമങ്ങളടക്കം മരട് ഫ്ലാറ്റ് പൊളിക്കൽ തത്സമയം സംപ്രേഷണം ചെയ്തു. അതോടെ കേരളത്തിലെ ആദ്യ ഫ്ലാറ്റ്‌ പൊളിക്കലിന് ദേശീയ ശ്രദ്ധയും ലഭിച്ചു.

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റ്‌ പൊളിക്കുന്നത്‌ കാണാനെത്തിയ ജനക്കൂട്ടം

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റ്‌ പൊളിക്കുന്നത്‌ കാണാനെത്തിയ ജനക്കൂട്ടം

രണ്ടാം ശനിയാഴ്ചയായതിനാൽ പലരും കുടുംബസമേതമാണ് സ്‌ഫോടനക്കാഴ്ച കണ്ടത്. സമൂഹമാധ്യമങ്ങളിൽ ലൈവിൽ ഫ്ലാറ്റ് പൊളിക്കൽ കണ്ടവര്‍ക്കും ജനക്കൂട്ടത്തിനിടയിൽ നില്‍ക്കുന്ന പ്രതീതിയായിരുന്നു. ലൈവ് പോസ്റ്റുകൾക്കടിയിൽ ഓരോ സെക്കൻഡും കാഴ്ചക്കാരുടെ കമൻഡുകൾകൊണ്ട് നിറഞ്ഞു. ആകാംക്ഷയും ആശങ്കയും അഭിപ്രായങ്ങളുമെല്ലാം കമന്റ് രൂപത്തിൽ അവർ പങ്കുവച്ചു. ചിലരാവട്ടെ കമന്റുകൾക്ക് റിയാക്ഷൻ ബട്ടണടിച്ച് പിന്തുണയും എതിർപ്പും പ്രകടിപ്പിച്ചു. ഇതിനിടയിൽ ട്രോളന്മാർ രസകരമായ ട്രോളുകളും പടച്ചുവിട്ടു. സമൂഹമാധ്യമ സ്റ്റാറ്റസുകളിൽ ശനിയാഴ്ച നിറഞ്ഞുനിന്ന പ്രധാനയിനവും മരട് ഫ്ലാറ്റ് പൊളിക്കലായിരുന്നു. വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഒരേ പോലെ സ്റ്റാറ്റസിൽ ഇടം പിടിച്ചു.

 

 


പ്രധാന വാർത്തകൾ
 Top