23 January Wednesday

മനുഷ്യ മഹാസംഗമം

എം രഘുനാഥ‌്Updated: Wednesday Jan 2, 2019


തിരുവനന്തപുരം
എതിർ പ്രചാരണങ്ങളിലൂടെ ലോകശ്രദ്ധയും അനിതര സാധാരണമായ ബഹുജന പിന്തുണയും നേടിയ മഹാസംഭവം. നുണപ്രചാരണങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത കള്ളക്കഥകളും അതേപടി വിഴുങ്ങുന്നവരല്ല മലയാളികൾ എന്ന‌് വിളിച്ചുപറഞ്ഞ പെൺകരുത്തിന്റെ ലോകമാതൃക. നവോത്ഥാന വിരുദ്ധരും സ‌്ത്രീകളെ നൂറ്റാണ്ടുകൾ പിറകിലേക്ക‌് വലിച്ചിഴക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളും മതിൽ പൊളിക്കുമെന്ന‌് വെല്ലുവിളിച്ചപ്പോൾ സ‌്ത്രീകൾ തിരിച്ചടിച്ചത‌് ആയിരം ഇരട്ടി കരുത്തുമായി–- അതേ, വനിതാമതിലിന്റെ അഭൂതപൂർവമായ വിജയം യുഡിഎഫിനും ബിജെപിക്കും മാത്രമല്ല, വലതുപക്ഷ മാധ്യമങ്ങൾ ഉൾപ്പെടെ സകലമാന  നുണപ്രചാരകർക്കുമുള്ള കേരളീയ സ‌്ത്രീത്വത്തിന്റെ മറുപടിയാണ‌്.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ ‌സ‌്ത്രീസമൂഹത്തെയാകെ അടിച്ചമർത്താൻ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിതശ്രമം തീവ്രമായി അരങ്ങേറിയപ്പോഴാണ‌് സംസ്ഥാന സർക്കാർ ഇതിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചത‌്. ഹിന്ദുത്വ ധ്രുവീകരണത്തിലൂടെ ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ സ്വാഭാവികമായും യോഗത്തിലേക്ക‌് ക്ഷണിച്ചത‌് നവോത്ഥാന പാരമ്പര്യം ഉൾക്കൊള്ളുന്ന ഹൈന്ദവ സംഘടനകളെയായിരുന്നു. ഡിസംമ്പർ ഒന്നിന‌് ചേർന്ന യോഗത്തിലാണ‌് നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സ‌്ത്രീ പുരുഷ സമത്വം ഉറപ്പാക്കാനും സ‌്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങൾ തടയാനും വനിതാമതിൽ എന്ന ആശയത്തിന‌് മൂർത്തരൂപം വന്നത‌്.

സംഘടനകളുടെ യോഗത്തിൽ ഉയർന്ന ഈ നിർദേശം സർക്കാർ ഏറ്റെടുത്തതോടെ ഛിദ്രശക്തികൾ മലവെള്ളപ്പാച്ചിൽ പോലെ അഴിച്ചുവിട്ട സംഘടിത നുണപ്രചാരണങ്ങളെയപ്പാടെ വലിച്ചെറിഞ്ഞാണ‌് അരക്കോടിയിലേറെ വരുന്ന സ‌്ത്രീകൾ പെൺകോട്ടയായി മാറിയത‌്. ഹൈന്ദവ സംഘടനകളുടെ മാത്രം യോഗത്തിലെടുത്ത തീരുമാനമായതിനാൽ മുസ്ലിംലീഗ‌് അടക്കമുള്ളവർ ഇത‌് വർഗീയ മതിലാണെന്ന‌് വരുത്താൻ ശ്രമിച്ചു.

എന്നാൽ സർക്കാർ വിശദീകരണം സ‌്ത്രീകൾ നെഞ്ചേറ്റി സ്വീകരിച്ചു. ഏത‌് വിഭാഗത്തിലാണോ വർഗീയ ധ്രുവീകരണത്തിന‌് ശ്രമിക്കുന്നത‌് ആ വിഭാഗത്തെ അണിനിരത്തിത്തന്നെയാണ‌് അതിനെ ചെറുത്തുതോൽപ്പിക്കേണ്ടത‌്. അതോടൊപ്പം ഇതര ജനവിഭാഗങ്ങളേയും ചേർത്ത‌് നിർത്തുക. സംസ്ഥാന സർക്കാറിന്റെ ഈ  ആഹ്വാനം കൂടിയായതോടെ മതനിരപേക്ഷതയുടെയും ജനാധിപത്യ സംരക്ഷണത്തിന്റെയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെയും സന്ദേശവാഹകരായി കേരളീയ സ‌്ത്രീകൾ. നാനാ ജാതി–-മത വിഭാഗങ്ങളിൽപ്പെട്ട സ‌്ത്രീകളാകെ ഏകശിലയായി ഒട്ടിനിന്നപ്പോൾ പ്രളയകാലത്തെ മാനവികതയും സാഹോദര്യവുമാണ‌് കേരളം വീണ്ടും ഉയർത്തിപ്പിടിച്ചത‌്.

വനിതാമതിലിനായി സർക്കാർ ഫണ്ട‌് ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു നുണ.  മതിലിന‌് വനിതകളെ കൊണ്ടുവരാൻ സർക്കാർ ഫണ്ടിൽനിന്ന‌ും ഒരു രൂപ പോലും ഉപയോഗിക്കില്ലെന്ന‌് ആവർത്തിച്ച‌് വ്യക്തമാക്കിയിട്ടും ഹൈക്കോടതിയിൽ നൽകിയ സത്യവാങ‌്മൂലത്തിന്റെ മറവിൽ സർക്കാർ ഖജനാവിൽനിന്നും 50 കോടി രൂപ ചെലവഴിക്കുന്നുവെന്ന‌ുവരെ പ്രചരിപ്പിച്ചു. പാവപ്പെട്ട ജനങ്ങളിൽനിന്നും നിർബന്ധിച്ച‌്  പണം പിരിക്കുന്നുവെന്നായി അടുത്ത കഥ.  ഇതിനായി പെൻഷൻ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച‌് ചാനലുകൾക്ക‌് മുമ്പിൽ പ്രദർശിപ്പിച്ചു. അതേ ഗുണഭോക്താക്കൾ തന്നെ യഥാർഥ വസ‌്തുത ജനങ്ങൾക്ക‌് മുന്നിൽ തുറന്ന‌ുപറഞ്ഞതോടെ അതും തകർന്നു.

മതിലിൽ പങ്കെടുത്താൽ തൊഴിൽ ഉണ്ടാകില്ലെന്ന‌് തൊഴിലുറപ്പ‌് ജീവനക്കാരെയും കുടുംബശ്രീ പ്രവർത്തകരെയും ഭീഷണിപ്പെടുത്തി. അവധിയെടുക്കാതെ മതിലിൽ പങ്കെടുത്താൽ സർക്കാർ ജീവനക്കാരെ തടയുമെന്നും അവർക്ക‌് തുടർന്ന‌് ജോലി ഉണ്ടാകില്ലെന്നും വെല്ലുവിളിച്ചു. ഈ വെല്ലുവിളികളെയാകെ പെൺകരുത്തിലൂടെ കേരളം നേരിട്ടു. കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ‌് തൊഴിലാളികളെയും സർക്കാർ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയും സമ്മർദത്തിലൂടെയും മതിലിൽ അണിനിരത്താൻ ശ്രമിക്കുന്നുവെന്ന നുണയായി അടുത്തത‌്. എന്നാൽ, കേരളത്തിലെ എല്ലാവിഭാഗം സ‌്ത്രീക‌ളും ഒഴുകിയെത്തി–- സ്വമേധയാ, പൂർണ മനസ്സോടെ, അവരുടെ അവകാശസംരക്ഷണത്തിന‌്. അവർക്കെതിരായ അനീതികളെ ചെറുക്കുന്നതിന‌്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന‌്.
സവർണ ഫാസിസ്റ്റ‌് ആശയങ്ങൾ മുറുകെപ്പിടിക്കുന്ന സംഘപരിവാർ ശക്തികളാണ‌് ഒരുവശത്ത‌് സ‌്ത്രീശക്തിയെ ചെറുക്കാൻ ശ്രമിച്ചതെങ്കിൽ മറുവശത്ത‌് ഈ ശക്തികൾക്ക‌് സർവപിന്തുണയുമായി നിന്നത‌് ഒരു വിഭാഗം കോൺഗ്രസ‌് നേതാക്കളാണ‌് എന്നത‌് നാടിന്റെ ദുര്യോഗമായി. ആർഎസ‌്എസിനേക്കാൾ വീറും വാശിയും കലർത്തിയാണ‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ഉൾപ്പെടെ പ്രതികരിച്ചത‌്.

മതിൽ പൊളിക്കുമെന്ന‌് പറഞ്ഞത‌് ചെന്നിത്തലയാണ‌്. മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ഡിസംബർ 1 മുതൽ 31 വരെ എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തിയോ വാർത്താ കുറിപ്പിറക്കിയോ മതിലിനെതിരെ ചെന്നിത്തല പ്രചാരണം നടത്തി. സെക്രട്ടറിയേറ്റിന‌് മുന്നിൽ നടത്തുന്ന നിരാഹാരസമരത്തിന്റെ പേരിൽ ബിജെപിയും നുണ പ്രവാഹകരായി.


പ്രധാന വാർത്തകൾ
 Top