19 June Wednesday

റോമിനെ ‘ഞെട്ടിച്ച’ മലപ്പുറം വാൾ

ജോബിൻസ‌് ഐസക്Updated: Wednesday Feb 13, 2019

മലപ്പുറം
റോമാ സാമ്രാജ്യത്തിന്റെ പ്രതാപത്തിനു പിന്നിൽ മലപ്പുറത്തിനും ചെറിയ പങ്കുണ്ട‌്. സാമ്രാജ്യം വികസിപ്പിക്കാൻ വെട്ടിപ്പിടിത്തങ്ങൾ നടത്തിയത‌് മലപ്പുറത്തുനിന്ന‌് കയറ്റിവിട്ട ഉരുക്കുവാളുകൾ കൊണ്ടുകൂടിയായിരുന്നു. ഉരുക്കിന്റെ സാങ്കേതികവിദ്യ റോമിലെത്തുന്നതിനു മുമ്പേ മലപ്പുറത്ത‌് ‘സാധനം’ നിർമിച്ചിരുന്നു. വാള‌് മാത്രമല്ല, ചട്ടിയും മറ്റും വിദേശ രാജ്യങ്ങളിലേക്ക‌് കയറ്റി അയച്ചിരുന്നു. പിന്നീട‌് വ്യാവസായികമായി വൻതോതിൽ വളർച്ച നേടി റോം. പക്ഷേ, പണ്ട‌് ഉരുക്കെത്തിയത‌് സാക്ഷാൽ മലപ്പുറത്തുനിന്നാണെന്നു കേൾക്കുമ്പോൾ റോമിലെ ‘ന്യൂജൻ’ എൻജിനിയറിങ‌് ലോകം ഞെട്ടിയിട്ടുണ്ടാകും.

എന്നാൽ, ഞെട്ടൽ ഇപ്പോൾ റോമിൽ മാത്രമല്ല മലപ്പുറത്തുകാർക്കുമുണ്ട‌്. ഫാസിസത്തിനെതിരെ പോരാടാനായി ലോക‌്സഭയിലേക്ക‌് തെരഞ്ഞെടുത്ത‌ു വിട്ട ജനപ്രതിനിധി അവിടെ ചെന്ന‌് കവാത്ത‌് മറന്ന കഥയോർത്താണ‌് മലപ്പുറം ഞെട്ടുന്നത‌്. ഫാസിസത്തിനെതിരെ ‘പോരാടാ’നാണ‌് എംഎൽഎസ്ഥാനം വിട്ട‌് പി കെ കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക‌് മത്സരിച്ച‌് ജയിച്ചത‌്. എന്നാൽ, മുത്തലാഖ‌് ബിൽ വന്നപ്പോൾ അദ്ദേഹം ബിജെപിക്കെതിരെ വോട്ട‌്ചെയ‌്തില്ല. അതിനുമുമ്പ‌് ഗാന്ധിജിയുടെ ചെറുമകൻ പ്രതിപക്ഷത്തിന്റെ  സ്ഥാനാർഥിയായ ഉപരാഷ‌്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി വോട്ട‌്ചെയ‌്തില്ല. രണ്ടും വിവാദമായപ്പോഴാണ‌് ജനങ്ങൾക്ക‌് എല്ലാം മനസ്സിലാകുന്നുണ്ടെന്നും മലപ്പുറത്ത‌് കാര്യങ്ങൾ പഴയപോലെ എളുപ്പമല്ലെന്നും ലീഗിന‌് മനസ്സിലായത‌്.

വിട്ടുവീഴ‌്ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധ, ജന്മിത്വവിരുദ്ധ പോരാട്ടപൈതൃകം തലയുയർത്തിയ  മണ്ണാണ‌് മലപ്പുറത്തിന്റേത‌്.  മഹാനായ മമ്പുറം തങ്ങളുടെയും മഹാകവി മോയിൻകുട്ടി വൈദ്യരുടെയും പൂന്താനത്തിന്റെയും മക‌്തി തങ്ങളുടെയും സ‌്മരണകൾ ഉണർത്തുപാട്ടായ നാട‌്. നവകേരളത്തിന്റെ സ്രഷ്ടാവും ആദ്യ മുഖ്യമന്ത്രിയുമായ ഇ എം എസ‌്  ജനിച്ചത‌്  ഈ മണ്ഡലത്തിൽ വരുന്ന പെരിന്തൽമണ്ണയിലെ ഏലംകുളത്താണ‌്.
1921ലെ കാർഷിക പോരാട്ടത്തിന്റെ സ‌്മരണകളുയർത്തുന്ന പൂക്കോട്ടൂർ, മേൽമുറി, കോട്ടക്കുന്ന‌് എന്നിവയൊക്കെ മണ്ഡലത്തിന്റെ ചരിത്രം പറയും.  ബ്രിട്ടീഷുകാരെ വിറപ്പിച്ച മലബാർ കാർഷിക പോ രാട്ടത്തിന്റെ ഭാഗമായ ഏറനാടൻ കലാപങ്ങൾ മലപ്പുറത്തിന്റെ കരുത്താണ‌്.

ആ ചരിത്രമിരിക്കുന്നിടത്താണ‌് ലീഗ‌് എംപി വർത്തമാനംപോലും മറക്കുന്നത‌്. ഉരുക്കുകോട്ടയെന്ന‌് ലീഗ‌് കരുതിയിരുന്ന മലപ്പുറം മണ്ഡലത്തിൽ  എൽഡിഎഫിന്റെ വർധിച്ചുവരുന്ന പിന്തുണ അവരുടെ ഉറക്കംകെടുത്തുന്നു.  പഴയ മഞ്ചേരി ലോക‌്സഭാ മണ്ഡലം  2009ലാണ‌് മലപ്പുറമായത‌്. 2014ലെ തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ‌് 1.94 ലക്ഷം വോട്ടിന‌് വിജയിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന‌് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ  ഭൂരിപക്ഷം 1.71 ലക്ഷമായി കുറഞ്ഞു.  ഇടതുപക്ഷത്തിന്റെ വർഗീയവിരുദ്ധ നിലപാടുകൾക്കും സംസ്ഥാന സർക്കാരിന്റെ വികസനോന്മുഖഭരണത്തിനും മണ്ഡലത്തിൽ വലിയ സ്വീകാര്യതയുണ്ടായി. 2014ൽനിന്ന‌് 2017ൽ എത്തിയപ്പോൾ ഒരു ലക്ഷത്തിലധികം വോട്ടാണ‌്  എൽഡിഎഫ‌് കൂടുതൽ നേടിയത‌്.  പി കെ കുഞ്ഞാലിക്കുട്ടിക്ക‌് 5,15,330 വോട്ട‌് ലഭിച്ചു. എൽഡിഎഫിലെ എം ബി ഫൈസൽ 3,44,307 വോട്ടുനേടി.  വർഗീയ കാർഡിറക്കിയ ലീഗിനെ സഹായിക്കാൻ  എസ‌്ഡിപിഐ  വെൽഫെയർ പാർടികൾ  സ്ഥാനാർഥിയെ നിർത്തിയില്ല (2009ൽ എസ‌്ഡിപിഐ 47,853ഉം വെൽഫെയർ പാർടി 29,216 വോട്ടും നേടിയിരുന്നു). വോട്ട‌് ആറിരട്ടിയാക്കുമെന്ന് വീമ്പിളക്കിയ ബിജെപിക്ക‌് 900 വോട്ടുമാത്രമാണ് അധികം ലഭിച്ചത‌്. 
ലോക‌്സഭയിൽ മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം ഒഴിഞ്ഞ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പും ലീഗിന‌് തിരിച്ചടിയായി. ലോക‌്സഭയിൽ  കുഞ്ഞാലിക്കുട്ടിക്ക‌് 40,000 വോട്ട‌് ഭൂരിപക്ഷം നൽകിയ വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിൽ ലീഗിലെ കെ എൻ എ ഖാദറിന്റെ ഭൂരിപക്ഷം 23,000 ആയി താഴ‌്ന്നു. ഇവിടെ  17,000 വോട്ടാണ് എൽഡിഎഫ‌് ഒറ്റയടിക്ക‌് വർധിപ്പിച്ചത‌്.

വർഗീയതയ‌്ക്കെതിരെ വിട്ടുവീഴ‌്ചയില്ലാത്ത പോരാട്ടത്തിന‌് ആരാണ‌് ലോക‌്സഭയിൽ  പോകണ്ടതെന്ന‌് മലപ്പുറം മണ്ഡലത്തിലെ ജനങ്ങൾക്ക‌് ഇനിയും സംശയമുണ്ടാകില്ല. രാജ്യത്ത‌ിന്റെ ഭാവിക്ക‌ു തന്നെ നിർണായകമാകുന്ന തെരഞ്ഞെടുപ്പാണെന്ന ധാരണയും ഈ മണ്ഡലത്തിലെ വോട്ടർമാർക്കുണ്ട‌്. ആരെ ജയിപ്പിച്ചെന്നോ തോൽപ്പിച്ചെന്നോ നോക്കാതെ ജനങ്ങളുടെയാകെ വികസനത്തിന‌് അഹോരാത്രം പ്രയത്നിക്കുന്ന എൽഡിഎഫ‌് സർക്കാരിന്റെ നയപരിപാടികളും അവർ തിരിച്ചറിയുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top