16 September Monday

കാട്ടുപാത ‘ടു’ ഹൈടെക‌്

കെ ടി രാജീവ്Updated: Sunday Feb 17, 2019

ഇടുക്കി
കാടും മേടും, പൂത്തിറങ്ങുന്ന കുറിഞ്ഞിയും കാണേണ്ട ഡാമും കാറ്റിലിറങ്ങുന്ന സുഗന്ധവും തേടി ഇടുക്കിയിലെത്തുന്നത് ലക്ഷങ്ങളാണ്. പശ്ചിമഘട്ടമലനിരകളുടെ തണൽവീണ കാർഷിക ഗ്രാമങ്ങൾ അനവധി. തമിഴ്നാട് അയൽനാട്. ഇതിനെയെല്ലാം യാത്രാസൗകര്യത്തിലുള്ള പരിമിതി  ബാധിച്ചിരുന്നു. പ്രകൃതിയോടിണങ്ങിയും പരിസ്ഥിതി സൗഹൃദത്തോടെയും വികസനമെത്തിക്കുക എന്ന ശ്രമകരമായ പ്രയത്നത്തിൽ ഇന്ന് ആ പരിമിതികൾ മാറുകയാണ്. ഇടുക്കി മണ്ഡലത്തിന്റെ ചരിത്രംതന്നെ മാറ്റിയെഴുതുംവിധം യാത്രാസൗകര്യങ്ങൾ. കാട്ടുപാതകളിൽനിന്ന് മികച്ച നിലവാരമുള്ള റോഡുകളിലേക്ക് ഇടുക്കി എത്തുന്നു. എംപി ജോയ്സ് ജോർജും സംസ്ഥാന സർക്കാരും ഈ രംഗത്ത് നടത്തിയ ഇടപെടൽ മണ്ഡലത്തിന്റെ ഭാവിയെക്കൂടി കണ്ടാണ്. പ്രളയം തകർത്തെറിഞ്ഞ ഒരു ഭൂപ്രദേശമാണ് ജനകീയ മേൽകൈയിൽ കരകയറി വരുന്നത്.

നാലരവർഷത്തിനിടയ്ക്ക്  4800 കോടിയുടെ  വികസന പ്രവർത്തനങ്ങളാണ് എംപി നടപ്പാക്കിയത്.  ശബരിമല‐പളനി ഹൈവേ അനുമതി നേടിയെടുത്തതാണ് പ്രധാന നേട്ടം. ഇടുക്കിക്ക് കുറുകെ അടിമാലി– കുമളി ദേശീയപാതയിൽ 164 കോടിയുടെ  പ്രവൃത്തികൾ നടന്നുവരുന്നു. 1000 കോടിയുടെ ദേശീയപാതാ വികസന പ്രവർത്തനങ്ങളാണ് മൂന്ന് ഹൈവേകളിലായി നടക്കുന്നത്. 381 കോടിയുടെ മൂന്നാർ– പൂപ്പാറ– ബോഡിമെട്ട് പാത നിർമാണം അന്തിമഘട്ടത്തിലാണ്. നിലവിൽ കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ദേശീയപാതാവികസന പദ്ധതിയാണിത്.

സെൻട്രൽ റോഡ് ഫണ്ട് ആദ്യമായാണ്  ജില്ലയ്ക്ക് ലഭിക്കുന്നത്. ഒമ്പത് സിആർഎഫ് റോഡുകൾക്കായി 154 കോടി രൂപ അനുവദിപ്പിക്കാനായി. 200 കോടിയുടെ 65 ഗ്രാമീണറോഡുകൾ പിഎംജിഎസ്വൈയിൽ ഉൾപ്പെടുത്തി നിർമിച്ചു. വാഗമൺ ഉൾപ്പെടെ 100 കോടിയുടെ കേന്ദ്ര ടൂറിസം പദ്ധതി, മുടങ്ങിക്കിടന്ന ശബരിറെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാനായത്, 381 കോടി രൂപ ബജറ്റുകളിലൂടെ ലഭ്യമാക്കിയതും ചരിത്രനേട്ടമാണ്. ഏലം കർഷകർക്കായി 491 കോടിയും ചെറുകിട തേയില കർഷകർക്കായി 21 കോടിയും നേടിയെടുത്തു. പ്രളയം തീർത്ത കെടുതികൾക്കിടയിലും പൊരുതിമുന്നേറുകയാണ് ഇടുക്കി.

ഭൂവിസ്തൃതിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പാർലമെന്റ് മണ്ഡലമാണ് ഇടുക്കി. 2009ലാണ്  ഇടുക്കിക്കു പുറമെ എറണാകുളം ജില്ലയിലെ  കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളുൾപ്പെടുത്തി  മണ്ഡലത്തിന്റെ അതിർത്തി പുനർനിർണയിച്ചത്.  പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, റാന്നി മണ്ഡലങ്ങൾ ഒഴിവാക്കിയാണ് പുതിയവ കൂട്ടിച്ചേർത്തത്.  ഇടുക്കി  ജില്ല രൂപീകരിച്ചത് 1972ലാണെങ്കിലും പാർലമെന്റ് മണ്ഡലം രൂപംകൊള്ളുന്നത് 1977ൽ.

1977ൽ മുതൽ നടന്ന 11 തെരഞ്ഞെടുപ്പുകളിൽ നാലുതവണ എൽഡിഎഫും ഏഴുതവണ യുഡിഎഫുംവിജയക്കൊടി  പാറിച്ചു. 1980ൽ ടി എസ് ജോണിനെ തകർത്ത്  എൽഡിഎഫ് സ്ഥാനാർഥി എം എം ലോറൻസ് ആദ്യമായി മണ്ഡലത്തിൽ ചെങ്കൊടിയുയർത്തി.  തുടർന്ന് 1999ലും 2004ലും എൽഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വിജയിച്ചു. 2014ൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് 50,542 വോട്ടിനാണ് വിജയിച്ചത്. 1977ൽ സി എം സ്റ്റീഫൻ, 84ൽ പി ജെ കുര്യൻ, 89ലും 91ലും പാലാ കെ എം മാത്യു, 96ൽ എ സി ജോസ്, 98ൽ പി സി ചാക്കോ, 2009ൽ പി ടി തോമസ് എന്നിവരാണ് വിജയിച്ച കോൺഗ്രസ് എംപിമാർ.

നാണ്യവിള കർഷകർ, കുടിയേറ്റ പാരമ്പര്യമുള്ള ഇടത്തരം ദരിദ്ര കർഷകർ, തോട്ടംതൊഴിലാളികൾ, കന്നാര കൃഷിക്കാർ തുടങ്ങിയവരാണ് മണ്ഡലത്തിലെ നിർണായകശക്തി. കർഷകരുടെയും കർഷക തൊഴിലാളികളുടെയും ഉശിരൻ സമരങ്ങളിലൂടെയാണ് ഇവിടത്തെ ജനത അവകാശങ്ങൾ നേടിയതും അടിച്ചമർത്തലിനെതിരെ വിജയം നേടിയതും.

അതിർത്തി തോട്ടംമേഖലയിലെ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്കും 25ൽപരം പട്ടികജാതി‐ വർഗ വിഭാഗങ്ങൾക്കും മണ്ഡലത്തിൽ കാര്യമായ  സ്വാധീനമുണ്ട്. ഏറ്റവും കൂടുതൽ പട്ടികവർഗക്കാരുള്ള രണ്ടാമത്തെ ജില്ലയായ ഇടുക്കിയിൽ 311 ആദിവാസിക്കുടികളാണുള്ളത്. ഏറ്റവും കൂടുതൽപേർക്ക് പട്ടയം നൽകിയ കാലം എന്നത് ഇടുക്കിയുടെ ഹൃദയത്തിൽ ഇടതുപക്ഷത്തെ പ്രതിഷ്ഠിക്കുന്നതാണ്. നാലിൽ രണ്ട് നഗരസഭയും  71 ൽ 35 പഞ്ചായത്തും എൽഡിഎഫ് ഭരിക്കുന്നു.


 


പ്രധാന വാർത്തകൾ
 Top