16 June Sunday

മോസ‌്കോ മുതൽ വല്ലങ്കി വരെ

എസ‌് സിരോഷUpdated: Saturday Feb 23, 2019

പാലക്കാട‌്
കർഷക–-കർഷക തൊഴിലാളികളുടെ  മുന്നേറ്റഗാഥകൾ പാടിയ സമരമണ്ണ‌ാണ‌് ആലത്തൂർ. നവോത്ഥാന പ്രവർത്തനങ്ങൾക്ക‌് സ‌്ത്രീകൾ പകർന്ന തീയായിരുന്നു മണിമലർകാവ‌്. മാറുമറയ‌്ക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന ആ പ്രക്ഷോഭം വർത്തമാനകാലത്തും ചർച്ചചെയ്യപ്പെടുന്നു.  ബ്രിട്ടീഷ‌് കോളനിവാഴ‌്ചക്കെതിരെ നടന്ന മോസ‌്കോ സമരഭൂമി സ്വതന്ത്ര്യപ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന സ‌്മാരകമാണ‌്.  ശ്രീനാരായണഗുരുവിന്റെ പാദസ‌്പർശവും ഈ മണ്ണിനെ ധന്യമാക്കി.  അനാചാരങ്ങൾ കടപുഴക്കിയെറിഞ്ഞ ബ്രഹ‌്മാനന്ദ സ്വാമി ശിവയോഗിയുടെ കർമമണ്ഡലം.

പണ്ട‌് കൊച്ചിക്ക‌് വടക്ക‌ുള്ള മികച്ച ചന്തയായി അറിയപ്പെട്ട കുന്ദംകുളം ഈ മണ്ഡലത്തിൽപെടുന്നു. കഥകളിയുടെ ഈറ്റില്ലമായ കലാമണ്ഡലവും കേരളത്തെ ഓർക്കുമ്പോൾ ‘അന്തരംഗം അഭിമാനപൂരിതമാകണമെന്ന‌്’ പാടിയ കവി വള്ളത്തോളിന്റെ ജന്മനാടും ആലത്തൂരിന്റെ ഭാഗമാണ‌്. നർമ്മധൂളികളാൽ ഇന്ത്യൻ രാഷ‌്ട്രീയത്തെ തന്നെ ചിത്രീകരിച്ച  വികെഎന്നും ആലത്തൂരിന്റെ സ്വകാര്യ അഹങ്കാരമാണ്‌. വാദ്യപ്പെരുയിലും പാടത്തെ കമ്പക്കെട്ടുകൊണ്ടും കേരളത്തെ ആകർഷിച്ച നെന്മാറ–-വല്ലങ്കി മറ്റൊന്ന്‌. വൈവിധ്യങ്ങൾ കൊണ്ട‌് സമൃദ്ധമായ ഇവിടം തുടക്കം മുതലേ ഇടതുകോട്ടയായി തുടരുന്നു.

പാലക്കാട‌്, തൃശൂർ ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിന്റെ പേര‌് നേരത്തേ ഒറ്റപ്പാലം മെന്നായിരുന്നു. പുനർനിർണയത്തിനു ശേഷം  തൃശൂർ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, പാലക്കാട‌് ജില്ലയിലെ ആലത്തൂർ, തരൂർ, നെന്മാറ, ചിറ്റൂർ  എന്നിവ ചേർന്നതാണ‌്  ആലത്തൂർ പാർലമെന്റ‌് മണ്ഡലം. പുനർ നിർണയത്തിനുശേഷം  നടന്ന തെരഞ്ഞെടുപ്പുകളിൽ ഇവിടെ പാറിയത‌് ചെങ്കൊടി മാത്രം. പട്ടികജാതി സംവരണ മണ്ഡലമായ ആലത്തൂരിനെ കഴിഞ്ഞ രണ്ടു തവണയും പ്രതിനിധീകരിച്ചത‌് പി കെ ബിജു. ഒറ്റപ്പാലം മണ്ഡലം നിലവിൽ വന്ന1977 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ   കോൺഗ്രസിലെ കെ കുഞ്ഞമ്പുവാണ‌് വിജയിച്ചത‌്.  1980ൽ സിപിഐ എമ്മിലെ എ കെ ബാലൻ  മണ്ഡലത്തെ ഇടതിനൊപ്പം ചേർത്തു. എന്നാൽ പിന്നീട‌് 1984,1989, 1991 വർഷങ്ങളിൽ മുൻ രാഷ‌്ട്രപതി  കെ ആർ നാരായണനാണ‌് ജയിച്ചത‌്. 1993 ലെ ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി എസ‌് ശിവരാമനിലൂടെ എൽഡിഎഫ‌് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട‌് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  1996 ലും 1998 ലും 1999, 2004 ലും സിപിഐ എമ്മിലെ എസ‌് അജയകുമാർ വിജയിച്ചു. 2009, 2014 തെരഞ്ഞെടുപ്പുകളിൽ പി കെ ബിജു സീറ്റ‌് നിലനിർത്തി.   2014 ൽ ഭൂരിപക്ഷം വർധിപ്പിച്ച‌് 37,312 ആക്കി.

പി കെ ബിജു യാഥാർഥ്യമാക്കിയ  വിപുല  പദ്ധതികൾ  പിന്നോക്ക പ്രദേശങ്ങളെ മുന്നിലെത്തിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലയ‌്ക്ക‌ായിരുന്നു ഊന്നൽ. ദേശീയപാത വികസനം വേഗത്തിലാക്കി.  തൃശൂർ മെഡിക്കൽ കോളേജ‌് വികസനത്തിന‌് 40 കോടിയോളം രൂപ ചെലവിട്ടു. കാത്ത‌് ലാബ‌്, കീമോ ഡേ കെയർ സെന്റർ എന്നിവ തുടങ്ങി. വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന‌്  ‘ഇൻസ‌്പയർ അറ്റ‌് സ‌്കൂൾ’  വിദ്യാർഥികൾ വലിയ ആവേശത്തോടെയാണ് വരവേറ്റത്. അടിസ്ഥാന സൗകര്യ വികസനം, ഐടി പഠനം, യാത്രാ സൗകര്യം തുടങ്ങി ശുചിമുറി സൗകര്യങ്ങളും ഒരുക്കി. അമൃത എക‌്സ‌്പ്രസിന‌് കൊല്ലങ്കോട‌് സ്‌റ്റോപ്പ‌് അനുവദിപ്പിച്ചു. പട്ടികജാതി കോളനികൾ ദത്തെടുത്ത‌് വികസനം സാധ്യമാക്കി.  മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്ന‌ിൽ രണ്ട‌് നഗരസഭയും 56 ൽ 42 ഗ്രാമപഞ്ചായത്തുകളും എൽഡിഎഫ‌്  ആണ‌് ഭരിക്കുന്നത‌്.

ആകെ  വോട്ടർമാർ: 12,34,294
സ‌്ത്രീകൾ: 6,30,438


പ്രധാന വാർത്തകൾ
 Top