12 August Friday

ചാനല്‍ വാര്‍ത്തകളും ചുരുളിയിലെ ലൂപ്പും; ശ്രീജിത്ത് ദിവാകരന്‍ എഴുതുന്നു

ശ്രീജിത്ത് ദിവാകരന്‍Updated: Monday Jan 3, 2022

സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത്‌ അടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്‌റ്റർ കൂനൂരിൽ തകർന്നുവീണപ്പോൾ

സർവര്‍ക്കും അറിയാവുന്ന സര്‍ക്കാര്‍ നടപടിക്രമങ്ങളും അതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും മാത്രം ചര്‍ച്ചചെയ്യുക എന്നത് പലപ്പോഴും ചാനലുകളുടെ വലിയ ഗതികേടും പ്രതിസന്ധിയുമാണ്. ദേശീയ സാറ്റലൈറ്റ് ചാനലുകളേക്കാള്‍ ലോകത്തെവിടെയും പ്രാദേശിക വാര്‍ത്താചാനലുകള്‍ക്ക് സവിശേഷമായ ശ്രദ്ധയും പ്രചാരവും ലഭിക്കുന്നതുകൊണ്ടുതന്നെ ഒരു ചെറുവട്ടങ്ങളിലെ പരിചിതങ്ങളായ കാര്യങ്ങള്‍ വീണ്ടും സംസാരിച്ചുകൊണ്ടിരിക്കുക എന്നത് ഇക്കാലത്ത് വാര്‍ത്താചാനലുകളുടെ സ്വഭാവമാണ്.

ടെലിവിഷന്‍ ന്യൂസ് സർവദിനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ആയതുകൊണ്ടുതന്നെ പലപ്പോഴും സർവകാര്യങ്ങളും വാര്‍ത്തകളായിത്തീരും. എന്താകണം വാര്‍ത്തകള്‍, എന്താകരുത് വാര്‍ത്തകള്‍ എന്നിങ്ങനെയുള്ള ചിരപുരാതനമായ നിയമങ്ങളും നിർദേശങ്ങളും ധാരണകളും ഇക്കാലയളവിൽ മാറിമറഞ്ഞു. സർവതും വാര്‍ത്തകള്‍ തന്നെ. പക്ഷേ, വാര്‍ത്താചാനലുകളുടെ സവിശേഷവ്യക്തിത്വം സൃഷ്ടിക്കപ്പെടുന്നത്, എന്താകണം ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നതിലും പുതിയ വാര്‍ത്തകളെ കണ്ടെത്തുന്നതിലുമാണ്.

സർവര്‍ക്കും അറിയാവുന്ന സര്‍ക്കാര്‍ നടപടിക്രമങ്ങളും അതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും മാത്രം ചര്‍ച്ചചെയ്യുക എന്നത് പലപ്പോഴും ചാനലുകളുടെ വലിയ ഗതികേടും പ്രതിസന്ധിയുമാണ്. ദേശീയ സാറ്റലൈറ്റ് ചാനലുകളേക്കാള്‍ ലോകത്തെവിടെയും പ്രാദേശിക വാര്‍ത്താചാനലുകള്‍ക്ക് സവിശേഷമായ ശ്രദ്ധയും പ്രചാരവും ലഭിക്കുന്നതുകൊണ്ടുതന്നെ ഒരു ചെറുവട്ടങ്ങളിലെ പരിചിതങ്ങളായ കാര്യങ്ങള്‍ വീണ്ടും സംസാരിച്ചുകൊണ്ടിരിക്കുക എന്നത് ഇക്കാലത്ത് വാര്‍ത്ത ചാനലുകളുടെ സ്വഭാവമാണ്.

പക്ഷേ, ഇന്റര്‍നെറ്റ് വേഗത വർധിക്കുകയും ലോകത്തെവിടെനിന്നുമുള്ള വാര്‍ത്തകളും നിമിഷനേരംകൊണ്ട് ചര്‍ച്ചകളാവുകയും ചെയ്യുന്ന കാലത്തും എങ്ങനെയാണ് വാര്‍ത്താചാനലുകള്‍ക്ക് പ്രദേശികതകളില്‍ തന്നെ തളച്ചിടാന്‍ പറ്റുന്നത് എന്നത് ചോദ്യമാണ്. ഇത്തരത്തിലുള്ള സ്വയം നിയന്ത്രണവും വാര്‍ത്തകളുടെ മുന്‍ഗണനാതാൽപ്പര്യങ്ങളില്‍ ഈ ചെറുവട്ടത്തിന്റെ താൽപ്പര്യങ്ങള്‍ക്ക് സവിശേഷ പ്രാധാന്യം നല്‍കുകയും ചെയ്യുന്നതാണ് കേരളമടക്കമുള്ള പ്രദേശികഭാഷാചാനലുകളുടെ ഇക്കാലത്തെ ഏറ്റവും വലിയ പരിമിതി. യുറോപ്പ് മുഴുവന്‍ ക്രിസ്‌മസിനോട് അടുപ്പിച്ച് ഒമിക്രോണ്‍ പടരുന്നതിലുള്ള ആശങ്കയിലാണ്. ബ്രിട്ടണില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യു എസില്‍ പ്രസിഡന്റ് ജോ ബൈഡനും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. എര്‍ദോഗന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി തന്റെ പ്രതിച്ഛായ മെച്ചെടുത്താന്‍ ശ്രമിക്കുന്നു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം നൂറ് ദിവസം പിന്നിട്ടു. ലോകം മുഴുവന്‍ ഈ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ, കേരളത്തില്‍ എത്രത്തോളം ഉണ്ട്.

ബിപിൻ റാവത്ത്‌

ബിപിൻ റാവത്ത്‌

അല്ലെങ്കില്‍ കഴിഞ്ഞ ആഴ്‌ചകളില്‍ കേരളം എത്രത്തോളം ദേശീയ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്തു? സൈനിക മേധാവിയും സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടത് നമ്മള്‍ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്തു. തെക്കേ ഇന്ത്യയില്‍ ദുരന്തമുണ്ടായി എന്നുള്ളതും ഇത്തരത്തിലൊരു വലിയ അപകടം ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ആദ്യമാണ് എന്നുള്ളതുമെല്ലാം ആ വാര്‍ത്തയുടെ പ്രധാന്യം വർധിപ്പിച്ചു. ആ ദുരന്തത്തിന്റെ റിപ്പോര്‍ട്ടിങ്ങിലാണ് ഇന്ത്യന്‍ ദേശീയ ചാനലുകള്‍ ഒന്നടങ്കം സമചിത്തതയോടെ പെരുമാറുന്നത് ഈയിടെ കാണുന്നത്.

വാര്‍ത്ത വലിയ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ധാർമിക മര്യാദകള്‍ ആരും ഉപേക്ഷിച്ചില്ല. ലോകത്തെവിടെയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ മാധ്യമങ്ങള്‍ പിന്തുടരുന്ന ഒരു മര്യാദരീതിയുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, മരണം ചാനലുകളിലൂടെ പ്രഖ്യാപിക്കരുത് എന്നതാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ചതിനുശേഷം, മരിച്ചവരുടെ ബന്ധുക്കളെ അറിയിച്ചതിനുശേഷം മാത്രം ചാനലുകള്‍ അത് പുറംലോകത്തെ അറിയിക്കുക. പക്ഷേ, മലയാളം ചാനലുകള്‍, ചില തമിഴ് ചാനലുകളുടെ അതേ വഴിയില്‍ ‘ബിപിന്‍ റാവത്ത് ഗുരുതര നിലയില്‍ തുടരുന്നു, ഭാര്യ മരിച്ചു' എന്നൊക്കെ പ്രഖ്യാപിച്ചു. പല വലിയ വലിയ മനുഷ്യരെ ഇത്തരത്തില്‍ ഔദ്യോഗികമായി മരിക്കുന്നതിനുമുന്പുതന്നെ ‘എക്‌സ്‌ക്ലൂസീവ്' ആര്‍ത്തരായ ചാനലുകള്‍ കൊന്നിട്ടുണ്ട്. അതിന്റെ വലിയ മാനക്കേട് മാധ്യമസമൂഹം മുഴുവന്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്. പക്ഷേ, നമ്മള്‍ ഇതില്‍ നിന്നൊന്നും പാഠം പഠിക്കില്ല.

സൈനിക മേധാവിയുടെ മരണമെന്ന ദുരന്തവാര്‍ത്തയ്‌ക്ക്‌ അപ്പുറത്ത് മലയാളം ചാനലുകള്‍ ദേശീയ വാര്‍ത്തകളെങ്കിലും വേണ്ടത്ര ചര്‍ച്ച ചെയ്യുന്നുണ്ടോ? സംശയമാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. വാരണാസി ക്ഷേത്രത്തിലെ മോഡിയുടെ വേഷപ്രച്ഛന്ന നാടകമല്ലാതെ തെരഞ്ഞെടുപ്പിനെ അടിസ്ഥാനപരമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? കര്‍ഷകസമരത്തിനുശേഷം പഞ്ചാബ് തെരഞ്ഞെടുപ്പുകാലത്തെ എങ്ങനെ കാണുന്നു? എന്നുള്ള തരത്തില്‍ ഈ രാജ്യത്തിന്റെ വിധിയെത്തന്നെ നിര്‍ണയിക്കാന്‍ കരുത്തുള്ള ജനകീയ വിധികൾക്കുവേണ്ടി തയ്യാറെടുക്കുന്ന സമയം ഇവിടെ അടയാളപ്പെടുത്തുന്നില്ല. എന്തിന്, രാജ്യത്തെത്തന്നെ വലിയ ഒരു നിയമനിർമാണത്തെ, സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നിർദേശം, മിക്കവാറും ചാനലുകള്‍ കേരളത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച ചെയ്തതും അവതരിപ്പിച്ചതും. ദേശീയ തലത്തില്‍ നിയമനിർമാണത്തിന്റെ പ്രധാന്യം എന്താണ് എന്നോ, ഇതിന്റെ ലക്ഷ്യം എന്ത് എന്നോ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ചുരുങ്ങിയ പക്ഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിയമം എത്രമാത്രം നടപ്പാക്കുന്നുണ്ട് എന്നുള്ള അടിസ്ഥാനപരമായ കാര്യമെങ്കിലും ചര്‍ച്ച ചെയ്യാനുള്ള ഉത്തരവാദിത്തം ചാനലുകൾക്കില്ലേ?

അപകടകരമാം വിധം പ്രദേശിക വിവാദങ്ങളില്‍ പെട്ടുലയുകയാണ് നമ്മുടെ വാര്‍ത്താ ചാനലുകള്‍. ആഴ്ചകളോളം മറ്റെല്ലാ വാര്‍ത്തകളും തമസ്‌കരിക്കുകയോ ന്യൂനീകരിക്കുകയോ ചെയ്തുകൊണ്ട് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങള്‍ അണയാതെ നിറം ചോരാതെ ചര്‍ച്ചകള്‍ ചെയ്യുക എന്ന നിഗമനത്തിലേക്ക്‌ ഈ ചാനലുകള്‍ സഞ്ചരിക്കും.

പക്ഷേ, അപകടകരമാംവിധം പ്രദേശിക വിവാദങ്ങളില്‍ പെട്ടുലയുകയാണ് നമ്മുടെ വാര്‍ത്താ ചാനലുകള്‍. ആഴ്‌ചകളോളം മറ്റെല്ലാ വാര്‍ത്തകളും തമസ്‌കരിക്കുകയോ ന്യൂനീകരിക്കുകയോ ചെയ്തുകൊണ്ട് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങള്‍ അണയാതെ നിറം ചോരാതെ ചര്‍ച്ചകള്‍ ചെയ്യുക എന്ന നിഗമനത്തിലേക്ക്‌ ഈ ചാനലുകള്‍ സഞ്ചരിക്കും. തുടര്‍ന്ന് എന്തിനായിരുന്നു ഈ വിവാദമെന്ന് ഓര്‍ക്കുക പോലും ചെയ്യാതെ ആ വാര്‍ത്തകള്‍ അപ്രത്യക്ഷമാകും. സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായതിന്റെ പേരില്‍ നുണക്കഥകളും ഭാവനയും ഊഹാപോഹങ്ങളും വച്ച് എത്രമാത്രം ചര്‍ച്ചയാണ് ഈ ചാനലുകള്‍ നടത്തിയത്? സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ ഇവര്‍ സൃഷ്ടിച്ച വാര്‍ത്താ മാലിന്യം എത്രമാത്രമാണ്. എന്നിട്ട് എന്താണ് സംഭവിച്ചത്? ആ കാലത്ത് ചര്‍ച്ച ചെയ്യേണ്ട, വാര്‍ത്താരൂപത്തില്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട അത്രയോ കാര്യങ്ങള്‍ അവഗണിക്കപ്പെട്ടു! ഈ അജണ്ടകള്‍ സമൂഹത്തിനോ ജേണലിസത്തിനോ എന്തിന്, അവരവരുടെ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതക്കുപോലും ഗുണം ചെയ്തിട്ടില്ല എന്നും മറിച്ച് വിശ്വാസ്യതയ്‌ക്ക്‌ വലിയ വിള്ളലുണ്ടാക്കിയെന്നും മനസ്സിലാകാത്ത ആളുകളല്ല ഈ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ തലപ്പത്തുള്ളത്.

ലിജോജോസ് പല്ലിശേരി സംവിധാനം ചെയ്ത, ആഗോളതലത്തില്‍ ശ്രദ്ധേയമായ, ചുരുളി എന്ന സിനിമയിലെ ലൂപ്പ് എന്ന ആശയത്തെയാണ് ഈ ചര്‍ച്ചകള്‍ ഓര്‍പ്പിക്കുന്നത്. അന്തമില്ലാത്ത ഒരു ചാക്രിക ഭ്രമണത്തിലേക്കാണ് ഈ വാര്‍ത്താലോകം എത്തിയിട്ടുള്ളത്. ഒാരോ ഘട്ടത്തിലും ഇതേപോലെ വിവാദവാര്‍ത്തകളുടെ ലൂപ്പുകളില്‍ ചാനലുകള്‍ പെടും. ഒരേ അവതാരകര്‍, ഒരേ ചാര്‍ച്ചികര്‍, ഒരേ അഭിപ്രായങ്ങള്‍. അതിനിടയില്‍ കടന്നുപോകുന്നത് കാലം മാത്രമാണ്. അവതാരകര്‍ ചിലപ്പോള്‍ സ്ഥാപനങ്ങള്‍ മാറുന്നുണ്ടാകും. പക്ഷേ, വിഷയങ്ങളുടെ സ്വഭാവത്തിന് യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല.

ഈ ലൂപ്പിലെ പുതിയതായി കണ്ട വിവാദങ്ങളിലൊന്നാണ് സർവകലാശാല ചര്‍ച്ച. നാല ഞ്ചുദിവസം കേരളത്തിലെ മിക്കവാറും ചാനലുകള്‍ ഇതുതന്നെ സംസാരിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും അടുത്തകാലത്ത്‌ ഉയര്‍ത്തിട്ടുള്ള ആരോപണങ്ങള്‍ എന്തെല്ലാമാണ്. അതില്‍ എത്രമാത്രം സത്യമുണ്ട്, സർവകലാശാലകളിലെ വൈസ് ചാൻസലറെ തീരുമാനിക്കേണ്ടത് വിദഗ്ദ്ധ സമിതിയാണോ അതോ രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ചാന്‍സലറാണോ എന്നുള്ള കാര്യമടക്കം ഒരു ചര്‍ച്ചകളുടേയും താൽപ്പര്യമായി കാണുന്നില്ല. ആരെല്ലാമാണ് ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ള വൈസ് ചാന്‍സലര്‍മാര്‍? അവരുടെ യോഗ്യതയ്‌ക്ക്‌ എന്താണ് കുറവ്? അവരെ െതരഞ്ഞെടുക്കാനായി ഉണ്ടാക്കിയ പാനലില്‍ ആരൊക്കെയുണ്ട്? അവരുടെ യോഗ്യതകള്‍ എന്തെല്ലാമാണ്? ഇക്കാലയളവില്‍ കേരളത്തിന് പുറത്തുള്ള സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും വൈസ് ചാന്‍സലര്‍മാരായി നിയമിക്കപ്പെട്ടവര്‍ ആരെല്ലാം? അതിന്റെ പ്രക്രിയ എന്തായിരുന്നു? അതില്‍ ആക്ഷേപങ്ങളുണ്ടോ?

കേരളത്തിലെ സർവകാലാശാലകളുടെ നിലവാരം കുറവാണ് എന്ന് ഗവര്‍ണര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? കേരളത്തിലെ സർവകലാശാലകളെ വിവാദത്തില്‍ പെടുത്തുന്നതില്‍ സ്വകാര്യ സർവകാലാശാല ലോബികള്‍ക്കും അവിടത്തെ അധ്യാപകരുടേയും പങ്കാളിത്തം എത്രമാത്രമുണ്ട്, എന്നിങ്ങനെ ഈ ചര്‍ച്ചയുമായി ഉയർന്നുവരേണ്ട ഒരു കാര്യത്തിലേക്കും സഞ്ചരിക്കാതെ ഗവര്‍ണറുടെ പ്രസ്താവന ്അതിനുള്ള മറുപടി എന്നിങ്ങനെയുള്ള ഒരേ ചാക്രികതയില്‍ വാര്‍ത്തകളുമായി സഞ്ചരിക്കുകയായിരുന്നു ഈ വാര്‍ത്താചാനലുകള്‍.

ഒരുപക്ഷേ, ഒരു സമൂഹമെന്ന നിലയില്‍ കേരളം ചാനലുകളിലൂടെ ചര്‍ച്ച ചെയ്ത ഒരു പ്രധാനപ്പെട്ട കാര്യം കുട്ടികളുടെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളെക്കുറിച്ചുള്ളതായിരുന്നു.

ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ച്‌ ബാലുശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ

ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ച്‌ ബാലുശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ

അതിനെക്കുറിച്ച് വിവിധതലങ്ങളില്‍, വിവിധ ആശയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പലതും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യമാണ്. വിചിത്രങ്ങളായ പല വാദങ്ങളും അറുപഴഞ്ചനായ ആശയങ്ങളും എല്ലാം ഇതിനൊപ്പം ഉയർന്നുവന്നിരുന്നു. പക്ഷേ, സമൂഹം വസ്ത്രങ്ങളുടെ സാധ്യതകളെക്കുറിച്ചും അതിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും സൗകര്യങ്ങളുടേയും താൽപ്പര്യങ്ങളുടേയും പുറത്ത് സംസാരിക്കുന്നത് സമൂഹത്തിനുവരെ പ്രയോജനപ്പെടുന്ന പ്രധാനമായ കാര്യമാണ്.
************
ഈ പംക്തിയുടെ കഴിഞ്ഞ ലക്കം സംസാരിച്ചത് ന്യൂസ് റൂമുകളില്‍ നിന്ന് അപ്രത്യക്ഷമായി പോകുന്ന ചില കൊലപാതകവാര്‍ത്തകളെക്കുറിച്ചാണ്. ചില മൃതദേഹങ്ങള്‍ ചിലപ്പോള്‍ വാര്‍ത്താമുറിയുടെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ കാണില്ല. ചിലതിന്റെ മുറിവുകളോ അവിടെ ഉയരുന്ന കരച്ചിലുകളോ അവിടത്തെ അനാഥത്വങ്ങളോ അറിയുക പോലുമില്ല. ചിലപ്പോള്‍ പർവതീകരിക്കപ്പെടുന്ന ലെന്‍സുകളിലൂടെ ഇതെല്ലാം വ്യക്തമായി കാണും.

ഈ കുറിപ്പെഴുതുന്ന ദിവസം ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ ഈ സംസ്ഥാനം നടുങ്ങി നില്‍ക്കുകയാണ്. ആര്‍എസ്എസും എസ്ഡിപിഐയും പരസ്‌പരം ആക്രമിച്ച് ഇരു പാർടികളുടേയും ഒാരോ നേതാക്കളെ കൊന്നുവെന്നാണ് പ്രാഥമികമായ നിഗമനം. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയെ കാറിടിച്ച് വീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നുവെങ്കില്‍ യുവമോര്‍ച്ച നേതാവിനെ വീട്ടില്‍ കയറി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പക്ഷേ, ചാനലുകള്‍ ഇതിനെ ഒരു സാധാരണ വാര്‍ത്തയായി പരിഗണിച്ച് മുന്നോട്ടുപോകുന്നു. കേരളത്തില്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി ആര്‍എസ്എസും ബിജെപിയും ലക്ഷ്യമിടുന്ന വർഗീയ ധ്രുവീകരണത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകങ്ങള്‍ എന്ന് ഒരു ചാനലും അന്വേഷണം നടത്തുന്നില്ല.

ഈ ചാനലുകളുടെ ചരിത്രവും രീതിയും ആലോചിച്ചാല്‍ അടുത്ത ദിവസങ്ങളിലും ഈ ചര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ല. രണ്ടാഴ്‌ചക്ക് മുമ്പാണ് സിപിഐ എം ലോക്കല്‍ സെക്രട്ടറിയെ, ആര്‍എസ്എസ് ബിജെപി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴയിലും ആദ്യം കൃത്യം തുടങ്ങിവച്ചത് ആര്‍എസ്എസ് ആണ്. ഇതില്‍ പ്രതിസ്ഥാനത്ത് ഏതെങ്കിലും തരത്തില്‍ സിപിഐ എമ്മുമായി, ഇടതുപക്ഷവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതേ ചാനലുകളില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകളെല്ലാം സിപിഐ എമ്മിന്റെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചുമായിരിക്കും. അതോടെ മരണത്തിന്റെ കനം വർധിക്കും.

 കേരളത്തില്‍ കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 120 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതായി ഇതിനോടകം പല ഓൺലൈന്‍ പ്രസിദ്ധീകരണങ്ങളിലും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മുഖ്യധാരാ ചാനലുകള്‍ക്ക് അതേക്കുറിച്ച് അറിയില്ലെങ്കിലും. അതനുസരിച്ച് അതിലേതാണ്ട് പകുതി കേസുകളിലും ബിജെപി/ആര്‍എസ്എസ് സംഘങ്ങളാണ് പ്രതികള്‍. കൊല്ലപ്പെട്ടവരില്‍ കൂടുതലും സിപിഐ എമ്മുകാരും‐58 പേര്‍. ആറ് ഇരട്ടക്കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ നാലിലും യുഡിഎഫ് ആണ് പ്രതികള്‍, ഒന്നില്‍ ബിജെപിയും ഒന്നില്‍ സിപിഐ എം പ്രവര്‍ത്തകരും പ്രതികളാണ്. പക്ഷേ, കേരളത്തിലെ മീഡിയ ചര്‍ച്ച ചെയ്തത് ഒരേയൊരണ്ണം! പെരിയ. കാരണം സിപിഐഎം പ്രവര്‍ത്തകര്‍ അതില്‍ പ്രതികളാണ്. 26 കേസുകളില്‍ പ്രതികളായുള്ളത് കോണ്‍ഗ്രസുകാരാണ്. 27 കേസുകളില്‍ സിപിഐ എമ്മുകാര്‍ പ്രതികളായപ്പോള്‍ 58 സിപിഐ എം പ്രവര്‍ത്തകരെ വിവിധ പാർടിക്കാര്‍ കൊന്നൊടുക്കിയിട്ടുണ്ട്.

അതില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും എസ്ഡിപിഐക്കാരുമാണ്.

ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്‌ജിത്ത്‌ ശ്രീനിവാസന്റെ വീട്ടിൽ പൊലീസ്‌ പരിശോധന നടത്തുന്നു

ആലപ്പുഴയിൽ കൊല്ലപ്പെട്ട രഞ്‌ജിത്ത്‌ ശ്രീനിവാസന്റെ വീട്ടിൽ പൊലീസ്‌ പരിശോധന നടത്തുന്നു

ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത് 2011‐2016 കാലത്താണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. ചുരുങ്ങിയത് നാലുപേരെങ്കിലും ഇക്കാലയളവില്‍ പാർടി വിട്ടതിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ടുപേരും ആര്‍എസ്എസ് വിട്ടതിനാണ് ആര്‍ സ്എസുകാരാല്‍ കൊല്ലപ്പെട്ടത്. പക്ഷേ, കേരളം ചര്‍ച്ച ചെയ്ത് ടിപി വധക്കേസ് മാത്രമാണ്. സോഷ്യല്‍ മീഡിയയിലും ഓൺലൈന്‍ പ്രസിദ്ധീകരണങ്ങളിലുമുള്ള ഈ വസ്തുതാവിവരക്കണക്കുകള്‍ പരിശോധിക്കാനുള്ള ബാധ്യത മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ട്.

എത്രയോ കാലമായി ഏകപക്ഷീയമായ ആരോപണങ്ങളും ആക്രമണങ്ങളും കൊണ്ട് ഇടതുപക്ഷത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകരെ കൊല്ലുന്നതില്‍ തെറ്റില്ല എന്ന സന്ദേശം സമൂഹത്തില്‍ നല്‍കുകയും ചെയ്യുമ്പോള്‍ ഒരുതരത്തില്‍ ഈ അവസ്ഥയുടെ ഉത്തരവാദിത്തം കൂടി ഈ മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ട്.

നാല്‌ ഇരട്ട കൊലപാതകങ്ങള്‍ നടത്തിയ കോണ്‍ഗ്രസിന്റെ പ്രതിനിധി ലോക്‌സഭയില്‍ കേരളത്തില്‍ വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പ്രമേയം അതരിപ്പിക്കുന്നതില്‍ യാതൊരു ആശങ്കയോ പൊരുത്തക്കേടോ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതുവരെ തോന്നിയിട്ടില്ല.

നാല്‌ ഇരട്ട കൊലപാതകങ്ങള്‍ നടത്തിയ കോണ്‍ഗ്രസിന്റെ പ്രതിനിധി ലോക്‌സഭയില്‍ കേരളത്തില്‍ വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പ്രമേയം അതരിപ്പിക്കുന്നതില്‍ യാതൊരു ആശങ്കയോ പൊരുത്തക്കേടോ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതുവരെ തോന്നിയിട്ടില്ല. ബ്രാഞ്ച് സെക്രട്ടറി പ്രതിപട്ടികയില്‍ അംഗമായത് അച്ചടി മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. എന്നാല്‍ ലോക്ക ല്‍ സെക്രട്ടറി കൊല്ലപ്പെട്ടത് അത്രയും പ്രധാനമായ വാര്‍ത്തയായി തോന്നുന്നില്ല. അതാണ് മാധ്യമബോധവും പൊതുബോധവും. കേരളത്തില്‍ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന പാർടിയുടെ പ്രതിനിധി കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇവിടെയെത്തി കേരളത്തിലെ ക്രമസമാധാന നില തകരറിലാണ് എന്ന് പറയുമ്പോള്‍ മറുചോദ്യങ്ങള്‍ ഉന്നയിക്കാതെ ആ വാചകങ്ങള്‍ അതേപടി വാര്‍ത്തയായി അവതരിപ്പിക്കുന്നത് ഈ വിചിത്രമായ മാധ്യമധർമം.
**************
ഭാഷാപ്രയോഗം മുതല്‍ ഒരു ദൃശ്യം വരെ വാര്‍ത്തകളുടെ ആധികാരിതയെ ചോദ്യം ചെയ്യുന്ന കാലമാണിത്.

ഒരു കാലത്ത് ഇന്ത്യയുടെ പുരോഗതിയുടേയും ശരിയായ മാധ്യമപ്രവര്‍ത്തനത്തിന്റെയും മാതൃകയും സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമമാതൃകയുമായിരുന്നു 'ദ ഹിന്ദു' ദിനപത്രത്തിന്റെ എഡിറ്റോറിയില്‍ നയങ്ങളില്‍ വന്ന മാറ്റങ്ങളും അതിന്റെ മാനേജ്‌മെന്റില്‍ നടക്കുന്ന യുദ്ധങ്ങളും ‘ദ കാരവന്‍' മാഗസിന്റെ പുതിയ ലക്കം ദീര്‍ഘലേഖനത്തിലൂടെ പരിശോധിക്കുന്നുണ്ട്.

ഒരു കാലത്ത് ഇന്ത്യയുടെ പുരോഗതിയുടേയും ശരിയായ മാധ്യമപ്രവര്‍ത്തനത്തിന്റെയും മാതൃകയും സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമമാതൃകയുമായിരുന്നു ‘ദ ഹിന്ദു' ദിനപത്രത്തിന്റെ എഡിറ്റോറിയില്‍ നയങ്ങളില്‍ വന്ന മാറ്റങ്ങളും അതിന്റെ മാനേജ്‌മെന്റില്‍ നടക്കുന്ന യുദ്ധങ്ങളും ‘ദ കാരവന്‍' മാഗസിന്റെ പുതിയ ലക്കം ദീര്‍ഘലേഖനത്തിലൂടെ പരിശോധിക്കുന്നുണ്ട്. 1992 ഡിസംബര്‍ ഏഴിന്റെ, ബാബ്‌രിപള്ളി പൊളിച്ചതിന്റെ അടുത്ത ദിവസത്തെ, ഹിന്ദുവിന്റെ എഡിറ്റോറിയല്‍ ചൂണ്ടിക്കാണിച്ചാണ് ഈ ലേഖനം ആരംഭിക്കുന്നത്. ‘ഞായറാഴ്‌ച ഇന്ത്യയെ സംബന്ധിച്ച് ഒരു കറുത്ത ദിനമായിരുന്നു.

ഈ അതീവ ദുഃഖകരമായ മുഹൂര്‍ത്തത്തില്‍ രാജ്യത്തിന്റെ ആഴത്തിലുള്ള മനോവേദന ദ ഹിന്ദുവും പങ്കിടുന്നു'. ‘മാപ്പ് നല്‍കാന്‍ കഴിയാത്തത്' എന്നാണ് ആ എഡിറ്റോറിയലിന്റെ തലക്കെട്ടുതന്നെ. പള്ളിതകര്‍ത്തത് ഇന്ത്യയുടെ മതേതരത്വത്തിന് കനത്ത ആഘാതമാണെന്നും ഏറ്റവും നികൃഷ്ടമായ മതഭ്രാന്തിന്റെ പ്രകടമാണിതെന്നും ആ എഡിറ്റോറിയല്‍ പ്രഖ്യാപിക്കുന്നു. 2019ല്‍, 27 വര്‍ഷങ്ങൾക്കുശേഷം, ബാബ്‌രിപള്ളി നിലനിന്നിരുന്ന സ്ഥലം ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കാനുള്ള കോടതി വിധി വന്നതിന്റെ പിറ്റേ ദിവസത്തെ ഹിന്ദുവിന്റെ എഡിറ്റോറിയലിന്റെ തലക്കെട്ട് ‘സമാധാനവും നീതിയും' എന്നായിരുന്നു.

ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ സംരക്ഷിച്ചതില്‍ കോടതിയെ എഡിറ്റോറിയല്‍ അഭിനന്ദിച്ചു. മറ്റൊരു വിധിയുണ്ടായിരുന്നുവെങ്കില്‍ ഹിന്ദുക്കളുടെ തിരിച്ചടി ഉണ്ടാകുമെന്നുള്ളതുകൊണ്ട് തന്നെ ഈ കോടതിവിധി സമാധാന കാംക്ഷികളായ മനുഷ്യരെ സന്തോഷിപ്പിക്കുന്നതാണെന്നും ഹിന്ദു പത്രം പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടാനുള്ളില്‍, ഫാസിസ്റ്റ് ഭരണത്തിൻകീഴില്‍ കോടതി, പാർലമെന്റ്, ഉദ്യോഗസ്ഥ വൃന്ദം എന്നിവര്‍ക്കൊപ്പം ‘മാധ്യമങ്ങള്‍' എന്ന നാലാം തൂണുകൂടി കീഴടങ്ങിയത് എങ്ങനെയാണെന്ന് ഈ ലേഖനത്തില്‍ കാരവന്‍ വ്യക്തമാക്കിയിട്ടുണ്ട്.


 ഇൗ ലേഖനം വന്ന അതേ ദിവസങ്ങളില്‍ ഹിന്ദുവിന്റെ രണ്ട് തലക്കെട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി. നാഗലാൻഡില്‍ പട്ടാളം വെടിവെച്ചുകൊന്ന മനുഷ്യരെക്കുറിച്ചുള്ള ഹെഡിങ്,  ‘15 സിവിലിയന്‍സ് ഡെഡ്' അഥവാ ‘പതിനഞ്ച് നാട്ടുകാര്‍ മരിച്ചു' എന്നും അടുത്ത ദിവസം പട്ടാളമേധാവി മരിച്ചപ്പോള്‍ ‘റാവത്ത് ആന്‍ഡ് 12 അദേഴ്‌സ് കില്‍ഡ്' അഥവാ ‘റാവത്തും മറ്റ് പന്ത്രണ്ട് പേരും കൊല്ലപ്പെട്ടു' എന്നും ആകുന്നതിന്റെ ഭാഷാപരമായ വിരോധാഭാസമാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്. മാധ്യമങ്ങളുടെ പ്രയോറിറ്റി അഥവാ മുന്‍ഗണനാക്രമം എത്രമാത്രം അവരുടെ ഒരോ വാക്കിലും ദൃശ്യങ്ങളിലും പ്രതിഫലിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. നമ്മുടെ ചാനലുകളേയും മുന്നോട്ട് നയിക്കുന്നത് ഈ തെറ്റായ മുന്‍ഗണനാക്രമമാണ്. ഒരേ സ്വഭാവമുള്ള വാര്‍ത്തകളുടെ ലൂപ്പില്‍ ഇവര്‍ കറങ്ങുന്നതായി നമുക്ക് കാണാന്‍ പറ്റുന്നതും അതുകൊണ്ടാണ്  .

(ദേശാഭിമാനി വാരികയിൽ നിന്ന്).
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top