തിയറ്ററോണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 10:46 PM | 0 min read


മലയാള സിനിമയ്‌ക്ക്‌ ഏറ്റവും പ്രതീക്ഷയുള്ളതാണ്‌ ഓണക്കാലം. സിനിമാ വ്യവസായവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമാക്കാലം. മുൻ വർഷങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി വലിയ ഹിറ്റുകൾ പിറന്ന കാലംകൂടിയാണ്‌ 2024. ഇതിന്റെ തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയാണ്‌ ഓണം റിലീസുകൾ തിയറ്ററിലെത്തിയത്‌. തിയറ്റർ കലക്‌ഷന്റെ 50 ശതമാനവും ലഭിക്കുന്നത്‌ വിഷു, ഓണം, റംസാൻ, ക്രിസ്‌മസ്‌ ഉത്സവ സീസണുകളിലാണ്‌. കഴിഞ്ഞ വർഷത്തെപ്പോലെതന്നെ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള മുതിർന്ന താരങ്ങളുടെ സിനിമകളില്ലാത്ത ഓണക്കാലത്ത്‌ യുവ നിരയുടെ സിനിമകളാണ്‌ തിയറ്ററിലെത്തിയത്‌.

സൂപ്പർതാര സിനിമകൾ ഇല്ലെങ്കിലും നല്ല സിനിമകൾ ഉണ്ടായാൽ ഓണക്കാലത്ത് തിയറ്ററും അതുവഴി ബോക്‌സ്‌ ഓഫീസും നിറയുമെന്നാണ് സമീപകാല ചരിത്രം. അത് ഇത്തവണയും ആവർത്തിക്കാൻ കരുത്തുള്ള ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് ഓണത്തിനു മുന്നോടിയായി വ്യാഴവും വെള്ളിയുമായി തിയറ്ററിൽ എത്തി. 2023ലെ ഓണക്കാലത്ത് പ്രധാനമായും മൂന്ന് സിനിമയാണ് റിലീസായത്. ഏറ്റവും പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ രാമചന്ദ്ര ബോസ് ആൻഡ് കോ, കിങ് ഓഫ് കൊത്ത എന്നീ രണ്ടു ചിത്രത്തിനും വലിയ പ്രേക്ഷക  സ്വീകാര്യത ലഭിച്ചില്ല. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. എന്നാൽ, ഷൈൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്‌ഷൻ സിനിമ ആർഡിഎക്സ് ഓണപ്പടമായി മാറി.

അടിമുടി ആക്‌ഷൻ ജോണറായ ചിത്രം നൂറുകോടി രൂപയാണ് ബോക്സ് ഓഫീസിൽനിന്ന് ഇടിച്ച്‌ നേടിയത്‌. ഈ ഓണത്തിനും അടിമുടി ആക്‌ഷൻ സിനിമയായ ‘കൊണ്ടേ’നുമായി ആന്റണി വർഗീസ്‌ പെപ്പെയുണ്ട്‌.  മലയാളത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ്‌ ടൊവിനോ തോമസിന്റെ ‘അജയന്റെ  രണ്ടാം മോഷണം’. കക്ഷി അമ്മിണിപ്പിള്ള എന്ന സർപ്രൈസ് സീറ്റിനുശേഷം ആസിഫ് അലിയും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന സിനിമ ‘കിഷ്‌കിന്ധാ കാണ്ഡ’മാണ്‌ മറ്റൊരു പ്രധാന ഓണപ്പടം.


 

3ഡി പടം, മൂന്ന്‌ ടൊവിനോ
പ്രണയവും ആക്‌ഷനും ഫാന്റസിയുമെല്ലാം നിറഞ്ഞ ത്രില്ലറുമായാണ് നടൻ ടൊവിനോ തോമസ് എത്തിയത്. നവാഗതനായ ജിതിൻ ലാലിന്റെ  ‘അജയന്റെ രണ്ടാം മോഷണ'ത്തിൽ മൂന്ന് റോളിൽ എത്തുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട, തെലുങ്ക് എന്നിങ്ങനെ ആറു ഭാഷയിൽ  ത്രിഡി രൂപത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്‌. ടൊവിനോയുടെ 50–-ാം സിനിമ എന്ന പ്രത്യേകതയും പടത്തിനുണ്ട്‌. മൂന്നു കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്നു വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഓണത്തിന്‌ മോഹൻലാൽ ചിത്രമില്ലെങ്കിലും അജയനിൽ ശബ്ദസാന്നിധ്യമായി ലാലേട്ടനുണ്ട്‌. 30 കോടി രൂപ ചെലവഴിച്ച്‌ ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫ്, സത്യരാജ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, ജഗദീഷ് തുടങ്ങി വമ്പൻ താരനിരയാണുള്ളത്‌.

ഇടിച്ചിടാൻ പെപ്പെ
ആന്റണി വർഗീസ് പെപ്പെയുടെ ഒരു ഇടിപ്പടംകൂടി ഓണത്തിന് തിയറ്ററിൽ എത്തി. കഴിഞ്ഞ വർഷം ആർഡിഎക്‌സുമായി എത്തി നേട്ടംകൊയ്ത പെപ്പെ ഇത്തവണ കടൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന കൊണ്ടലുമായാണ് എത്തിയത്‌. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്‌ത സിനിമയിൽ ത്രസിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളുണ്ട്‌. കടലിൽ ചിത്രീകരിച്ച ആക്‌ഷൻ രംഗങ്ങളാണ് ഹൈലൈറ്റ്. കന്നട സംവിധായകനും നടനുമായ രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലുണ്ട്‌. ഷെബിൻ കല്ലറയ്‌ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന താരങ്ങൾ.

ആസിഫിന്റെ ത്രില്ലർ
ആസിഫ് അലി നായകവേഷം ചെയ്യുന്ന കിഷ്‌കിന്ധാ കാണ്ഡവും ഓണാഘോഷം കൊഴുപ്പിക്കാൻ എത്തി.   റിസർവ് ഫോറസ്റ്റ്‌ പശ്ചാത്തലവും കുരങ്ങന്മാരുടെ സാന്നിധ്യവുമെല്ലാം ചിത്രത്തിലുണ്ട്. അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിൽ ജഗദീഷ്, വിജയ രാഘവൻ, അശോകൻ, മേജർ രവി, നിഷാൻ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.

ഫൺ ഗാങ്ങിന്റെ ബാഡ്‌ ബോയ്‌സ്‌
റഹ്‌മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ്‌ ‘ബാഡ് ബോയ്‌സ്'.  കോമഡിയും ആക്‌ഷനുമുള്ള ആക്‌ഷൻ കോമഡി ഫൺ എന്റർടെയ്നറാണെന്നാണ്‌ ചിത്രത്തിനെക്കുറിച്ച്‌ അണിയറ പ്രവർത്തകർ പറയുന്നത്‌. ഒമർ ലുലുവാണ്‌ സംവിധായകൻ.  അഡാർ ലൗവിനുശേഷം തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് തിരക്കഥ എഴുതിയ ചിത്രംകൂടിയാണിത്‌.

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന  ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി’ൽ അബു സലീമാണ്‌ ടൈറ്റിൽ റോളിൽ എത്തുന്നത്‌. സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് പ്രധാന വേഷത്തിലുണ്ട്‌. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ.

ഒക്ടോബറിൽ സൂപ്പർതാര ചിത്രങ്ങൾ
സൂപ്പർ താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യാത്ത ഓണമാണെങ്കിലും ഒക്ടോബറിൽ ഇതിന്‌ പരിഹാരമാകും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്‌ ഒക്ടോബറിൽ എത്തും. ഓണം റിലീസായി ആദ്യം റിലീസ് പ്രഖ്യാപിച്ചെങ്കിലും മാറ്റുകയായിരുന്നു. പിന്നീട് ഒക്ടോബർ മൂന്നിലേക്ക് മാറ്റി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മൂന്നിനും റിലീസില്ല. എന്നാൽ, ഒക്ടോബറിൽത്തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. 2019 ഏപ്രിലിൽ പ്രഖ്യാപിച്ച ചിത്രം ത്രിഡിയിൽ അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഒരുക്കുന്നത്. 

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്കയും ഒക്ടോബറിൽ തിയറ്റർ റിലീസിന്‌ തയ്യാറെടുക്കുകയാണ്‌. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഗെയിം ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമയിൽ സംവിധായകൻ ഗൗതം മേനോനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ്‌ ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്,  സ്ഫടികം ജോർജ്, ദിവ്യപിള്ള, ഐശ്വര്യ മേനോൻ എന്നിവരാണ്‌ പ്രധാന താരങ്ങൾ.

റിലീസിനൊരുങ്ങി ഇതര ഭാഷാ ചിത്രങ്ങൾ
ഓണം റിലീസുകൾ കഴിഞ്ഞാൽ വലിയ പ്രതീക്ഷ നൽകുന്ന ഇതരഭാഷാ സിനിമകൾ പ്രേക്ഷകരിലേക്ക്‌ എത്തും. രജനികാന്ത് ചിത്രം വേട്ടയാൻ ആണ് അതിൽ പ്രധാനപ്പെട്ടത്. ‘ജയ്ഭീമി'നുശേഷം ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ അമിതാഭ്‌ ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്‌, ദുഷാര വിജയൻ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്‌. ഒക്ടോബർ 10നാണ്‌ റിലീസ്‌. തിരുവനന്തപുരത്തും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. സൂര്യ രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന കങ്കുവയും റിലീസിന്‌ ഒരുങ്ങുകയാണ്‌. രണ്ടു കാലഘട്ടത്തിലെ കഥാപാത്രങ്ങളായാണ്‌ താരം എത്തുന്നത്‌. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമയാണ് കങ്കുവ.  പ്രതിനായക വേഷത്തിൽ ബോബി ഡിയോളാണ്. അദ്ദേഹത്തിന്റെ കോളിവുഡ് അരങ്ങേറ്റംകൂടിയാണിത്‌.സിരുത്തൈ ശിവയാണ്‌ സംവിധായകൻ. ബോളിവുഡ് താരം ദിഷ പഠാനിയാണ്‌ നായിക. സംവിധായകൻ മഗിഷ് തിരുമേനി അജിത്തുമായി കൈകോർക്കുന്ന ‘വിടാമുയർച്ചി’യും ഉടൻ തിയറ്ററിലെത്തും. തൃഷയാണ്‌ നായിക.

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കർ, ജൂനിയർ എൻ ടി ആർ, സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ തുടങ്ങിയവർ അഭിനയിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ദേവര, വാക്വിൻ ഫീനിക്സ് ടൈറ്റിൽ കഥാപാത്രമായെത്തുന്ന ജോക്കർ രണ്ടാം ഭാഗമായ ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ഒക്ടോബർ രണ്ടിന്‌ റിലീസ് ചെയ്യും. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാർലി ക്വിൻ ആയി ലേഡി ഗാഗയെത്തുന്നു. 2019ൽ പുറത്തിറങ്ങിയ ജോക്കറിന്റെ തുടർച്ചയാണ് ഈ സിനിമ. മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലർ ജോണറാണ്‌ ചിത്രത്തിന്റേത്‌.



deshabhimani section

Related News

0 comments
Sort by

Home