25 January Tuesday

പാട്ടിലെ സംഗീത ഹൃദയം

വി ടി മുരളിUpdated: Saturday Nov 27, 2021


മലയാള സിനിമാഗാന ശാഖയിൽ സംഗീത ഹൃദയമുള്ള പാട്ടെഴുത്തുകാരനായിരുന്നു ബിച്ചു തിരുമല. പല മുൻഗാമികളും  കവികളെന്ന നിലയിൽ പേരെടുത്തവരെങ്കിലും  സംഗീതം മേഖലയായിരുന്നില്ല. അതിൽനിന്ന്‌ വ്യത്യസ്‌തമായി സംഗീതം ബിച്ചുവിൽ സഹജമായുണ്ടായി. സംഗീതപാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. സഹോദരി സുശീലാദേവി ഗായികയും സഹോദരൻ ദർശൻ രാമൻ സംഗീത സംവിധായകനും. ഗാന രചന വെറുതെ വരികളെഴുതുകയല്ല. താള‐ സംഗീതബോധങ്ങൾ ഒഴിച്ചുകൂടാത്തതാണ്‌. ബിച്ചുവിന്റെ പാട്ടുകൾ വിജയിക്കാനുളള പ്രധാന കാരണം അതിലെ സംഗീതാംശംതന്നെ. സാഹിത്യകാരൻ എന്നതിനെക്കാൾ അതാണ്‌ ആ പാട്ടെഴുത്തുകാരനെ വ്യതസ്‌തനാക്കിയതും. എളുപ്പം ഈണങ്ങൾക്കു വഴങ്ങുന്ന രീതിയായിരുന്നു അത്‌.

ഇളയരാജയെപ്പോലുള്ളവർ ഈണം നൽകി അദ്ദേഹം എഴുതിയപ്പോഴും ഭാഷയെ അതിലേക്ക്‌ ഒതുക്കിനിർത്താനുള്ള പാടവവും കണ്ടു. ‘ഒരു മയിൽപ്പീലിയായ്‌ ഞാൻ ജനിക്കുമെങ്കിൽ നിന്റെ...’ ഇഷ്ടപ്പെടാത്തവരില്ല. ‘അണിയാത്ത വളകൾ’ സിനിമയിലെ  കോളേജ്‌ ഷോയിൽ പാടുന്നതാണ്‌.  കലാലയ  ജീവിതവും ഓർമകളുമാണ്‌ പശ്‌ചാത്തലമെങ്കിലും കൃഷ്‌ണസങ്കൽപവും മറ്റും ചേർക്കുന്നു. ഇങ്ങനെ കഥാപാത്ര ഹൃദയം സ്‌പർശിക്കാനുള്ള കഴിവ്‌ അദ്ദേഹത്തിന്റെ രചനകളിൽ കാണാം. മഞ്ഞിൽവിരിഞ്ഞ പൂക്കൾ പോലുള്ള ചിത്രങ്ങളെ പ്രിയങ്കരമാക്കിയത്‌ ബിച്ചുവിന്റെ പാട്ടുകളുമായിരുന്നു. അതുപോലെ ‘ഓലത്തുമ്പത്തിരുന്നൂയലാടുന്ന...’ തുടങ്ങിയവയും ആസ്വാദകരെ ആഴത്തിൽ തൊട്ടു. കവിയെന്ന നിലയിൽ എത്ര വിജയിച്ചെന്ന്‌ പറയാനാവില്ലെങ്കിലും പാട്ടിന്റെ ഘടനയും രൂപവുമെന്തെന്നും  എങ്ങനെയാണ്‌ കഥാപാത്രത്തിന്റെ മനസ് പ്രതിഫലിപ്പിക്കുകയെന്നും അറിയുന്ന എഴുത്തുകാരനായിരുന്നു ബിച്ചു. 12 വരികളിൽ സിനിമയ്‌ക്ക്‌  പാട്ടെഴുതുമ്പോൾ സന്ദർഭത്തിന്റെ വൈകാരികതയും പദസംസ്‌കാരവുമെല്ലാം എങ്ങനെ കൊണ്ടുവരണമെന്നറിഞ്ഞു.

താളബോധമാണ്‌ ബിച്ചുവിന്റെ പാട്ടെഴുത്തിനു ഗരിമ പകർന്നത്‌. ആദ്യമുണ്ടാകുന്നത്‌ താളമാണ്‌. താളത്തിലേക്കു വാക്കുകളെ എങ്ങനെ നിറയ്‌ക്കണമെന്നറിയണം. അത്‌ വൈകാരികത  നഷ്ടപ്പെടാതെയാവണം. ‘നക്ഷത്രദീപങ്ങൾ തിളങ്ങി ..’ എന്ന പാട്ടിലും മറ്റും അത്‌ കാണാം. പാലക്കാട്ട്‌ മണി അയ്യരെക്കുറിച്ച്‌ പറയുമ്പോൾ അതങ്ങനെ ഭാവനയിലെത്തും. നിശ്‌ചയിച്ച ഈണത്തിലേക്ക്‌ വരികൾ കയറ്റുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എഴുത്തുകാരൻ സമർത്ഥമായി  അതിജീവിക്കണം. അതു സാധിച്ചെന്നതാണ്‌ പുതിയ കാലത്തിലേക്ക്‌ കടന്നുനിൽക്കാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കിയതും. സലിൽ ചൗധരി, രവീന്ദ്ര ജയിൻ, ഇളയരാജ തുടങ്ങിയ അന്യഭാഷ സംഗീതകാരന്മാർ കൊണ്ടുവന്ന ആ സമ്പ്രദായത്തിലേക്ക്‌ മലയാള പാട്ടെഴുത്തുകാരും മാറുന്ന കാലമായിരുന്നു അത്‌. അതിനെ ഉപയോഗിച്ച്‌ മുന്നോട്ടു പോകുമ്പോൾ  ഈണങ്ങളെ കൂടുതൽ ജനകീയമാക്കാനുള്ള സാധ്യത ബിച്ചു കണ്ടെത്തി. അതാണ്‌ അദ്ദേഹം വിജയിച്ചതിന്റെ കാരണവും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top