08 August Saturday

മിന്നൽ വേഗം; മലമടക്കുകളിലെ രാജപാത

സതീഷ‌് ഗോപിUpdated: Wednesday Mar 13, 2019


കണ്ണൂർ
മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ മഴ പെയ‌്ത‌്  റോഡ‌് തകരാതിരിക്കാൻ  ‘ഹൈറിഷ‌് ഡ്രെയിൻ’ സംവിധാനം... സുരക്ഷാഭിത്തികളായി ‘റിട്ടേണിങ്‌ വാൾ’...  ആവശ്യമുള്ളയിടങ്ങളിൽ കൾവർട്ട‌്... - ദുർഘട മലയോരങ്ങളിലെ ഗതാഗതപ്രശ‌്നങ്ങളെ പിന്തള്ളി മലയോര ഹൈവേ നിർമാണത്തിൽ മിന്നൽ വേഗം. കാസർകോട‌് നന്ദാരപ്പദവ‌് മുതൽ തിരുവനന്തപുരം പാറശാലവരെ 1251 കിലോമീറ്ററിലാണ് മലയോര ഹൈവേ ഒരുങ്ങുന്നത‌്.   പദ്ധതിക്കാവശ്യമായ  3500 കോടി രൂപ കിഫ്ബിയിൽനിന്ന് ലഭ്യമാക്കാനാണ‌് സർക്കാർ തീരുമാനം.

യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് മലയോരജനതയോട‌് കണ്ണടച്ച നിലപാട‌് തിരുത്തിയത‌് എൽഡിഎഫ‌് സർക്കാർ അധികാരമേറ്റതോടെ.  ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ  ഹൈവേ കടന്നുപോകും. ആദ്യഘട്ടത്തിൽ 13 ജില്ലകളിലായി 25 റീച്ചുകളിലെ നിർമാണം ഈ സാമ്പത്തികവർഷം പൂർത്തിയാക്കും. 12 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത‌് റോഡ‌് നിർമാണം. അലൈൻമെന്റിന്റെ വിശദപരിശോധനയ‌്ക്കുശേഷം വനമേഖല ഒഴിവാക്കി  ഒന്നാംഘട്ടത്തിൽ 750 കിലോമീറ്റർ നീളത്തിൽ പ്രവൃത്തി ഏറ്റെടുക്കാനാണ‌് ലക്ഷ്യമിട്ടിരുന്നത‌്.  കണ്ണൂരിൽ  109.5 കിലോമീറ്ററിലാണ‌് നിർമാണം. പത്തനംതിട്ടയിൽ പത്തനാപുരം–- പ്ലാച്ചേനിയിൽ 48 കിലോമീറ്ററിൽ കെഎസ‌്ടിപി പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ‌് ഉൾപ്പെടുത്തിയത‌്. കോട്ടയത്ത‌് പ്ലാച്ചേരി–- കരിങ്കല്ല‌് മൂഴി റോഡ‌് (എരുമേലി–- മുണ്ടക്കയം റോഡ‌്) 23 കിലോമീറ്ററിൽ പുനരുദ്ധാരണം പൂർത്തിയായി.

ഏഴ‌് ജില്ലകളിലാണ‌് 12 മീറ്ററെന്ന നിർദിഷ്ട വീതിയിൽ റോഡിന‌് ഭൂമി ലഭ്യമായത‌്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട‌്, വയനാട‌്, കണ്ണൂർ, കാസർകോട‌് ജില്ലകളിലായി 493 കിലോമീറ്ററിൽ മലയോര ഹൈവേ നിർമിക്കുന്നതിന‌് കിഫ‌്ബിയിൽനിന്ന‌്  878 കോടി രൂപയുടെ അനുമതി ലഭ്യമായിട്ടുണ്ട‌്.

റീച്ചുകളിലായി ചെയ്യുന്നതിന‌് സാങ്കേതികാനുമതിയും ടെൻഡറും പൂർത്തിയായി. ഒമ്പത‌് ജില്ലകളിലായി 60 ഹെക്ടറോളം വനഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിനായി കേന്ദ്രവനം വകുപ്പുമായി ബന്ധപ്പെട്ട‌് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട‌്. എൽഡിഎഫ‌് സർക്കാരിന്റെ ഇച്ഛാശക്തിയുടെയും പ്രതിബദ്ധതയുടെയും സാക്ഷ്യപത്രമായാണ‌്  പദ്ധതി യുദ്ധകാലവേഗത്തിൽ പൂർത്തിയാകുന്നത‌്.കണ്ണൂർ ജില്ലയിൽ മലയോര ഹൈവേ നിർമാണം അന്തിമഘട്ടത്തിലാണ‌്. 85 ശതമാനം പ്രവൃത്തിയും പൂർത്തിയായി.  മാർച്ചോടെ റോഡ‌് ഫർണിഷിങ‌് ഉൾപ്പെടെ തീർത്ത‌് പൊതുമരാമത്ത‌് വകുപ്പിനു കൈമാറാൻ കഴിയുമെന്ന‌് ചെറുപുഴ മുതൽ വള്ളിത്തോട‌് വരെയുള്ള 60.5 കിലോമീറ്റർ പ്രവൃത്തിയുടെ കരാറുകാരായ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റി അധികൃതർ പറഞ്ഞു. 

ബിറ്റുമിൻ കോൺക്രീറ്റ‌്   പ്രവൃത്തിയാണ‌് ബാക്കിയുള്ളത‌്. ഇത‌് മാർച്ചോടെ തീരും. ഇരു വശങ്ങളിലെയും ഡ്രെയിനേജ‌് പ്രവർത്തിയുൾപ്പെടെ  പൂർത്തിയാക്കിയാണ‌് നിർമാണപ്രവർത്തനം. നടപ്പാത, അവസാനവട്ട മിനുക്കുപണികൾ എന്നിവയും തീർത്തശേഷമാകും പൊതുമരാമത്ത‌് വകുപ്പിനു കൈമാറുകയെന്ന‌് ഹെഡ‌് എൻജിനിയർ കെ ടി കെ അജിത്ത‌്കുമാർ വ്യക്തമാക്കി.  191 കോടി രൂപയാണ‌് പദ്ധതി എസ‌്റ്റിമേറ്റ‌്.

2016ൽ യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്താണ‌് ഈ പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിച്ചതെങ്കിലും  ആവശ്യമായ ഫണ്ട‌് നീക്കിവച്ചിരുന്നില്ല. തെരഞ്ഞെടുപ്പ‌് മുന്നിൽ കണ്ട‌് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഗ്രാമവികസന മന്ത്രിയായിരുന്ന കെ സി ജോസഫും ചേർന്ന‌് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയായിരുന്നു. 2015–16ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ജില്ലാ ഫ‌്ളാഗ‌്ഷിപ്പ‌് ഇൻഫ്രാസ‌്ട്രക‌്ചർ പ്രോജക്ടിൽ(ഡിഎഫ‌്ഐപി) ഉൾപ്പെടുത്തിയാണ‌് മലയോര ഹൈവേയുടെ ചെറുപുഴ– വള്ളിത്തോട‌് ഭാഗം മാത്രം ഏറ്റെടുത്തത‌്. മൊത്തം 3771.47 കോടി രൂപ ചെലവു വരുന്ന 21 പദ്ധതികളാണ‌് ഇതിൽ ഉൾപ്പെടുത്തിയത‌്. എന്നാൽ, പണം  നീക്കിവച്ചിരുന്നില്ല. 2016–17ലെ ബജറ്റിൽ യുഡിഎഫ‌് സർക്കാർ റോഡുകൾക്കും പാലങ്ങൾക്കുമായി ആകെ നീക്കിവച്ചത‌് 127.38 കോടി രൂപയാണ‌്.

എൽഡിഎഫ‌്  അധികാരമേറ്റതോടെ പദ്ധതിക്ക‌് പണം കണ്ടെത്തൽ മുഖ്യവിഷയമായി. കിഫ‌്ബിയിൽ ഉൾപ്പെടുത്തി  മലയോര, തീരദേശ ഹൈവേ  അടക്കമുള്ള മെഗാ പദ്ധതികൾ ഏറ്റെടുത്തതോടെയാണ‌്   പ്രവൃത്തിക്ക‌് ഗതിവേഗമുണ്ടായത‌്. കണ്ണൂർ ജില്ലയിൽ വള്ളിത്തോട‌് മുതൽ ബോയ‌്സ‌് ടൗൺ വരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തിയാണ‌് റീച്ചുകളായി പൂർത്തിയാകാനുള്ളത‌്. ഇതിൽ ചിലയിടങ്ങളിൽ നിലവിലുള്ള റോഡ‌് മലയോര ഹൈവേയുടെ മാനദണ്ഡത്തിലേക്ക‌് പരിവർത്തിപ്പിച്ച‌് ഏറ്റെടുക്കുകയാണ‌് ചെയ്യുന്നത‌്. പേരാവൂർ മണത്തണ ഉൾപ്പടെ പ്രധാന മലയോരപ്രദേശങ്ങളിൽ റോഡ‌് നിർദിഷ്ട നിലവാരത്തിൽ വികസിപ്പിച്ചിട്ടുണ്ട‌്.

പ്രശംസാർഹമായ നിർവഹണം
ഉളിക്കൽ
കേരളത്തിന്റെ തെക്കേയറ്റം വരെയെത്തുന്ന മലയോര ഹൈവേ പദ്ധതി വേഗത്തിലും ഏറ്റവും ആധുനികനിലയിലും പൂർത്തീകരിക്കാൻ പ്രവർത്തിക്കുന്നവർ എക്കാലവും പ്രശംസാർഹമായ ചുമതലയാണ‌് നിറവേറ്റുന്നതെന്ന‌് ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ പ്രിൻസിപ്പാൾ പി കെ ഗൗരി പറഞ്ഞു. അടിസ്ഥാന വികസനത്തിൽ പശ്ചാത്തല മേഖലാ വികസനമാണ‌് മുഖ്യം. മലയോരത്തെ സംസ്ഥാന തലസ്ഥാനവുമായി എളുപ്പം ബന്ധിപ്പിക്കുന്ന ഹിൽ ഹൈവേ പൂർത്തീകരണം അഭിനന്ദനാർഹമാണെന്നും ഗൗരി പറഞ്ഞു.

സമയക്രമം പാലിക്കാനായി
ഇരിട്ടി

സമയക്രമം പുലർത്തി ബസോടിച്ചെത്തിക്കാൻ സാധിക്കുന്ന അവസ്ഥയുണ്ടായത‌് മലയോരഹൈവേ പൂർത്തീകരണശേഷമാണ‌്. നേരത്തെ കുണ്ടും കുഴികളുമായി പൊട്ടിപ്പിളർന്ന‌് കിടന്ന റോഡ‌് ഇന്നത്തെ അവസ്ഥയിൽ അത്യാധുനിക നിലയിൽ ഇത്രവേഗത്തിൽ നവീകരിക്കുമെന്ന‌് കരുതിയില്ല. അപകടങ്ങൾ പുതിയ റോഡ‌് പരിധിയിൽ തീരെ കുറഞ്ഞു. യാത്രക്കാർക്കും പരാതികളില്ല. സുഖകരമായി ബസ്സോടിക്കാൻ പാകത്തിൽ ഹിൽഹൈവേ മറ്റ‌് ഹൈവേകളെപ്പോലെ മെച്ചപ്പെട്ട നിലയിലെത്തിയിരുക്കുന്നു‌, സന്തോഷമുണ്ട‌്- –- തളിപ്പറമ്പ‌്-–-ഇരിട്ടി–--ആലക്കോട‌് റൂട്ടിലോടുന്ന ഏയ‌്ഞ്ചൽ ബസ‌് ഡ്രൈവർ അനൂപും കണ്ടക്ടർ ബിജുവും ഇരിട്ടി ബസ‌് സ്റ്റാൻഡിൽ ദേശാഭിമാനിയോട‌് പ്രതികരിച്ചു.

സമയബന്ധിതമായി ഇത്തരം മരാമത്ത‌് പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചിരുന്നെങ്കിൽ എത്രയോ ബസുകൾ കട്ടപ്പുറത്താവാതെ കിടന്നേനെയെന്നും ഇരുവരും പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top