07 July Tuesday

മഹാരാഷ്‌ട്ര പൊലീസിന്റെ പ്രതിരോധങ്ങളെ ഭേദിച്ച ഡിവൈഎഫ്‌ഐ യൂത്ത്‌ മാർച്ച്‌; ദീപക്‌ പച്ച എഴുതുന്നു

ദീപക്‌ പച്ചUpdated: Friday Feb 21, 2020

മഹാരാഷ്‌ട്രയിൽ എൻപിആർ നടപടികൾ നിർത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നടത്തിയ യൂത്ത്‌മാർച്ച്‌ ക്രൂരമായാണ്‌ സർക്കാർ നേരിട്ടത്‌. കോൺഗ്രസ്‌‐ശിവസേന‐എൻസിപി സർക്കാർ പൊലീസിനെ ഉപയോഗിച്ച്‌ സമരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു. അതിനെയെല്ലാം അതീജീവിച്ച്‌ ഡിവൈഎഫ്‌ഐ മാർച്ച്‌ പൂർത്തിയാക്കി. ദീപക്‌ പച്ചയുടെ വിവരണം.

എൻപിആർ നടപടികൾ മഹാരാഷ്ട്രയിൽ നിർത്തിവയ്ക്കുക, വെറുപ്പും അക്രമവുമല്ല തൊഴിലും വിദ്യാഭ്യാസവുമാണ് ഞങ്ങൾക്ക് വേണ്ടത് എന്നാവശ്യപ്പെട്ട്‌  ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര  സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നാല് ദിവസത്തെ യൂത്ത് മാർച്ചിന് ഡോ. ബാബസാഹിബ്‌ അംബേദ്‌കറിന്റെ ശവകുടീരമായ ചൈത്യഭൂമിയിൽ ആയിരങ്ങൾ പങ്കെടുത്ത സമാപനം.

ഒന്നാം ദിവസം മുതൽ മാർച്ച്‌ അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും യുവജന  പ്രക്ഷോഭകരുടെ ജനകീയ പ്രതിഷേധത്തിന്‌ മുന്നിൽ പൊലീസ് കീഴടങ്ങുകയായിരുന്നു. ആദ്യ ദിവസം മാർച്ച്‌ ഉദ്ഘാടനം ചെയ്യാൻ എത്തിയ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ്‌ റിയാസിനെ അടക്കം പൊലീസ് കയ്യേറ്റം  ചെയ്‌തിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ മാർച്ചിന് അനുമതി നൽകുകയായിരുന്നു. എന്നാൽ രണ്ടാം ദിവസമായ തിങ്കളാഴ്ച കൂടുതൽ പൊലീസെത്തി സമരത്തെ  തടഞ്ഞു. ഏതാണ്ട് ഒൻപത്  മണിക്കൂറോളം പ്രവർത്തകരെ നവിമുംബൈ കലംബൊലിയിലെ പൊലീസ് കമീഷണർ  ആസ്ഥാനത്ത്‌ തടഞ്ഞു. അന്നേ ദിവസവും പ്രവർത്തകരുടെ പ്രതിഷേധത്തിനു മുന്നിൽ  പൊലീസ്  കീഴടങ്ങുകയായിരുന്നു.

അന്നേ ദിവസം സമര വളണ്ടിയർമാർ താമസിക്കേണ്ടിയിരുന്ന സാൻപാഡയിലെ ദത്താമന്ദിരം പൊലീസ് ഭീഷണിയെ തുടർന്ന് ഉടമസ്ഥർ പിൻവലിച്ചു. പിന്നീട് പരിമിതമായ സൗകര്യങ്ങളിൽ ബിടിആർ സ്‌മാരക ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തകർ തങ്ങി. പിറ്റേന്ന്  രാവിലെ മുതൽ പൊലീസ് ബിടിആർ സ്‌മാരക കെട്ടിടം വളഞ്ഞു. വൈകിട്ടത്തോടെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി  എത്തി അവരുടെ നേതൃത്വത്തിൽ മാർച്ച്‌ തുടങ്ങിയെങ്കിലും പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത്‌ വിവിധ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. മാർച്ചിന്റെ മൂന്നാം ദിവസമായ ചെവ്വാഴ്‌ച ബിടിആർ സ്‌മാരക ലൈബ്രറിയിൽ നിന്നും അറസ്റ്റ് ചെയ്‌തിരുന്ന പ്രവർത്തകരെ പുലർച്ചെ മൂന്ന്‌  മണിയോടെയാണ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിനെ പൊലീസ് വളഞ്ഞിട്ട്  കയ്യേറ്റം ചെയ്യുന്ന ചിത്രം വലിയ പ്രതിഷേധങ്ങൾക്ക്  വഴി വച്ചിരുന്നു.ബുധനാഴ്ച പുലർച്ചെ വിട്ടയച്ച  ഡിവൈഎഫ്‌ഐ  പ്രവർത്തകർ തങ്ങിയ ചെമ്പൂരിലെ ആദർശ വിദ്യാലയം  രാവിലെ മുതൽ പൊലീസ് വളഞ്ഞു. ആ മേഖലയിൽ  മൊബൈൽ ജമാർ അടക്കം വച്ച് പ്രവർത്തർ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതടക്കം  തടസ്സംപ്പെടുത്തി പൊലീസ് ഭീകരത സൃഷ്ടിച്ചു.

വൈകീട്ടത്തോടെ  കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധൗളെ,  സിപിഐ എം കേന്ദ്രകമ്മoറ്റി അംഗം മഹേന്ദ്ര സിംങ്‌, ദാഹാനുവിലെ സിപിഐ  എം എംഎൽ എ വിനോദ് നിക്കോളെ എന്നിവർ  എത്തിയെങ്കിലും പൊലീസ് ആദ്യം സ്‌കൂൾ കവാടം തുറക്കാൻ സമ്മതിച്ചില്ല. പ്രതിഷേധം ശക്തമായപ്പോൾ  നേതാക്കളെയും  പ്രവർത്തകരെയും അകത്തേക്ക് കടത്തി. വൈകുന്നേരം ചൈത്യഭൂമിയിൽ നടക്കേണ്ടുന്ന സമാപനം അലങ്കോലമാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ഇവരെ ഏറെ വൈകിയിട്ടും വിട്ടയച്ചില്ല. 

എന്നാൽ ഇതേ സമയം യൂത്ത് മാർച്ചിൽ പങ്കാളികളായിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സന്തോഷ്‌ ഠാക്കൂർ,  സംസ്ഥാന ഭാരവാഹികളായ  അജയ് ബുരാണ്ടെ,  പ്രദീപ്‌ സാൽവി എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും പൊതു ജനങ്ങളും ചൈത്യഭൂമിയിലെത്തി സമാപന  പരിപാടികൾക്ക് തുടക്കം കുറിച്ചു. ആദർശ  വിദ്യാലയത്തിൽ നിന്നും പൊലീസ് വിട്ടയച്ച  ഡിവൈഎഫ്‌ഐ സംസ്ഥാന  സെക്രട്ടറി  പ്രീതി ശേഖരടക്കമുള്ള മറ്റ്‌ നേതാക്കളും നൂറു കണക്കിന് പ്രവർത്തകരും വന്നതോടെ ചൈത്യഭൂമി ആവേശ മുഖരിതമായി

എൻആർസി തന്നെയാണ് ഫലത്തിൽ എൻപിആർ എന്ന് മഹാരാഷ്ട്ര സമൂഹത്തിൽ തുറന്നു കാട്ടാൻ സാധിച്ചു എന്നതിനാലാണ്  മഹാരാഷ്ട്ര സർക്കാരിന്  ഈ മാർച്ചിനോട് ഇത്രയും വിരോധമെന്നാണ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്  സുനിൽ ധനവ പറഞ്ഞത്‌.  സിഎഎ‐എൻആർസി  വിരുദ്ധസമരം മഹാരാഷ്ട്ര പോലുള്ള  സമൂഹത്തിൽ കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭരണഘടനാ വിരുദ്ധമായ വിലക്കുകളെ അട്ടിമറിക്കുന്നത് കൂടിയാണെന്ന് സംസ്ഥാന  സെക്രട്ടറി പ്രീതി ശേഖർ പറഞ്ഞു.

എൻപിആർ നടപടികൾ നിർത്തിവയ്ക്കാൻ ഡിവൈഎഫ്‌ഐ നടത്തുന്ന  സമരത്തിന്റെ തുടർച്ച എന്ന നിലയിൽ ഈ വിഷയം നിയമസഭയിലും ഉയർത്തുമെന്ന് എംഎൽഎ വിനോദ് നിക്കോളെ പറഞ്ഞു. 

മാർച്ച്‌ നടന്ന നാല് ദിവസവും പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചിട്ടും നേരത്തെ തീരുമാനിച്ച പ്രകാരം ചൈത്യഭൂമിയിൽ പരിപാടി സമാപിപ്പിക്കാൻ കഴിഞ്ഞു എന്നത് യുവജനങ്ങളുടെ  പോരാട്ടം വീര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉദാഹരണമാണെന്ന് മഹേന്ദ്ര സിങ്‌ പറഞ്ഞു. 

ഹിന്ദുക്കളും  മുസ്ലിങ്ങളും അടക്കം നാനാ മതക്കാരും ചോര ചീന്തിയതിന്റെ ചരിത്രമാണ്  നമ്മുടെ സ്വതന്ത്ര്യ സമരത്തിന്റേതെന്നും  ആ ചരിത്രത്തെ  ഒറ്റു കൊടുക്കുകയാണ് സിഎഎ  ചെയ്യുന്നതെന്നും അശോക് ധാവ്‌ളെ പറഞ്ഞു. അഹമ്മദാബാദിൽ ട്രമ്പിന്റെ സന്ദർശനം  പ്രമാണിച്ച്‌ ഉയർന്ന മതിൽ ബിജെപിയുടെ നാസി പാരമ്പര്യത്തിൽ നിന്നുള്ളതാണെന്നും  അദ്ദേഹം പറഞ്ഞു. യൂത്ത് മാർച്ച്‌ വിജയകരമായി അവസാനിച്ചു പക്ഷേ പോരാട്ടം ഇനിയും തുടരുമെന്ന് സമാപന സമ്മേളനത്തിൽ പ്രീതി ശേഖർ പറഞ്ഞു.

അതെ, ഈ യുവതയെ പിടിച്ചു നിർത്താൻ നിങ്ങളുടെ അധികാരത്തിനു കരുത്ത് പോരാ. ഡിവൈഎഫ്‌ഐ പോരാട്ടം തുടരുകതന്നെ ചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top