03 June Wednesday

മഹാരാജാസ‌്

മിൽജിത്‌ രവീന്ദ്രൻUpdated: Saturday Jul 14, 2018

മഹാരാജാസ‌് കോളേജിനെക്കുറിച്ചുള്ള ഏതൊരു പദപ്രയോഗവും ക്ലീഷെയാകും. അത്രയേറെ പറഞ്ഞിട്ടുണ്ട‌്, പാടിയിട്ടുണ്ട‌്, എഴുതിയിട്ടുണ്ട‌്, ചിത്രീകരിച്ചിട്ടുണ്ട‌് 173 വർഷത്തെ ചരിത്രം ഉറങ്ങുന്ന ഇൗ കലാലയത്തെക്കുറിച്ച‌്. മഹാരാജാസ‌് ഇന്ന‌് വാർത്തകളിൽ നിറയുന്നത‌് അഭിമന്യു എന്ന എസ‌്എഫ‌്ഐക്കാരന്റെ ദാരുണ കൊലപാതകത്തെത്തുടർന്നാണ‌്. കൊന്നവരോ, കൊല്ലിച്ചവരോ അല്ല, കൊല്ലപ്പെട്ടവരാണ‌് കാലത്തെ അതിജീവിക്കുന്നവർ, ചിരഞ‌്ജീവികൾ എന്ന സത്യം വീണ്ടും ഇവിടെ തെളിയുന്നു.

വിദ്യാർഥി കൊല്ലപ്പെടുന്നത‌് ആദ്യം
രാഷ്ട്രീയത്തിന‌് ഒരിക്കലും ഈ കലാലയത്തിൽ വിലക്കുണ്ടായിട്ടില്ല. രാഷ്ട്രീയം എന്നും മഹാരാജാസിന്റെ ജീവനാഡിയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന‌്, കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന‌്, മതനിരപേക്ഷതയുടെ സംരക്ഷണത്തിന‌് ഒക്കെ ഏറെ സംഭാവനകൾ ഇവിടെനിന്നുണ്ടായി. രാഷ്ട്രീയ ചേരിതിരിവുകളും അഭിപ്രായവ്യത്യാസങ്ങളും മഹാരാജാസിന‌് അന്യമായിരുന്നില്ല. ഇവിടെ ചേരിതിരിവുകളുണ്ടായിരുന്നു, സംഘർഷങ്ങളും വാക‌്പോരും ഉണ്ടായിരുന്നു. എന്നാൽ, അന്നൊന്നും സഹപാഠിയുടെ നെഞ്ചിലേക്ക‌് കത്തിയിറക്കാൻ ആരും തുനിഞ്ഞിട്ടില്ല.

മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി കൊല്ലപ്പെടുന്ന വിദ്യാർഥിയാണ‌് അഭിമന്യു. പതിറ്റാണ്ടുകൾക്കുമുമ്പ‌് മുത്തുക്കോയ എന്നെ ലക്ഷദ്വീപുകാരനെ കെഎസ‌്‌യു ഗുണ്ടകൾ കുത്തിക്കൊന്നിരുന്നു. മുത്തുക്കോയ പക്ഷേ, വിദ്യാർഥിയായിരുന്നില്ല. അന്ന‌് കോളേജിലെ വിദ്യാർഥിയായിരുന്ന ഇന്നത്തെ മന്ത്രി തോമസ‌് ഐസക്കിനെ ലക്ഷമിട്ടാണ‌് കെഎസ‌്‌യു ഗുണ്ടകൾ എത്തിയതെങ്കിലും ആളുമാറി മുത്തുക്കോയയെ കൊല്ലുകയാണുണ്ടായത‌്.

ഇതെല്ലാമാണ‌് മഹാരാജാസ‌്

കേരളത്തിലെ ഇതര കലാലയങ്ങളിൽനിന്ന‌് മഹാരാജാസിനെ വേറിട്ടുനിർത്തുന്നത‌്  ഇവിടത്തെ അന്തരീക്ഷവും കേംബ്രിഡ‌്ജ‌് സർവകാലാശാലയുടെ മാതൃകയിൽ നിർമിച്ച കെട്ടിടങ്ങളും സൗഹൃദങ്ങളും സംവാദങ്ങളും പ്രണയങ്ങളും സമരങ്ങളുമൊക്കെയാണ‌്.  അതിനുപരി, സ്വതന്ത്രവും ജൈവവും സർഗാത്മകവുമായ ക്യാമ്പസാണ‌്.  ഇവിടത്തെ മഴമരത്തിനും മുത്തശ്ശിമരത്തിനും സമരമരത്തിനും മുല്ലപ്പന്തലിനും സെന്റർ സർക്കിളിനും പിരിയൻ ഗോവണികൾക്കുമെല്ലാം പറയാനുണ്ട‌് ഓരോരോ കഥകൾ.

ഈ ക്യാമ്പസും ഇവിടത്തെ പ്രണയങ്ങളും സമരങ്ങളും അനുഭവങ്ങളും യുവജനോത്സവങ്ങളുമെല്ലാം എത്രയെത്ര കവിതകളായി, കഥകളായി, സിനിമകളായി. ഒടുവിൽ പുറത്തിറങ്ങിയ പൂമരവും മെക‌്സിക്കൻ അപാരതയും സിഐഐയുംവരെ എത്രയെത്ര സിനിമകൾ.

മഹാരാജകീയം
ലോകമറിയുന്ന സാഹിത്യ നായകന്മാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ചലച്ചിത്രകാരന്മാർ, ന്യായാധിപർ എന്നിങ്ങനെ എത്ര പേർക്കാണ‌് ഈ ക്യാമ്പസ‌് ജന്മംനൽകിയത‌്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന പൂർവവിദ്യാർഥി സംഗമമായ മഹാരാജകീയത്തിനായി മാത്രം ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന‌് കൊച്ചിയിലേക്ക‌് വിമാനംപിടിക്കുന്ന അഞ്ഞൂറോളം പൂർവവിദ്യാർഥികൾ ലോകത്തിലെ മറ്റേതൊരു കലാലയത്തിലാണ‌് ഉണ്ടാകുക?

വേറിട്ട കാഴ‌്ചകൾ


ക്യാമ്പസിലേക്കു കടന്നുകയറാനെത്തിയ പൊലീസ‌് സേനയെ കോളേജ‌് ഗേറ്റിൽ ഇരുകരവും വിടർത്തി തടഞ്ഞുനിർത്തിയ പ്രിൻസിപ്പൽമാർ. സ്വാതന്ത്ര്യസമരത്തിനായി ഇറങ്ങി പുറപ്പെട്ട വിദ്യാർഥികൾ... അങ്ങനെ എന്തെല്ലാം വീരേതിഹാസങ്ങളാണ‌് മഹാരാജാസിനു പറയാനുള്ളത‌്. മറ്റെങ്ങും കാണാത്ത മറ്റു ചില കാഴ‌്ചകൾ ഇപ്പോഴും ഇവിടെ. കാഴ‌്ചയില്ലാത്ത  നാവൂർ പരീത‌് എന്ന അധ്യാപകനെ ദിവസവും രാവിലെയും വൈകിട്ടും എംജി റോഡിലെ ബസ‌്സ‌്റ്റോപ്പിലേക്കും തിരിച്ചും കൈപിടിച്ച‌് എത്തിക്കുന്ന വിദ്യാർഥികൾ. ക്യാമ്പസിനോടുള്ള പ്രണയത്താൽ ഇവിടം വിട്ടുപോകാൻ മടിച്ച‌് ക്യാന്റീൻ നടത്തിപ്പുകാരനായ മുൻ ചെയർമാൻ. മഹാരാജാസിന്റെ മാത്രം ചിത്രങ്ങളെടുത്ത‌് പ്രശസ‌്തനായ പൂർവവിദ്യാർഥി. ഈ ക്യാമ്പസിനെ എന്നും കണ്ടുകൊണ്ടിരിക്കാൻ സമീപത്തെ കച്ചവടം ജീവനോപാധിയാക്കിയവർ, ഇവിടെത്തന്നെ ജോലി നേടണമെന്ന വാശിയിൽ പഠിച്ചെത്തിയവർ.

രാമവർമ മഹാരാജാവിൽ തുടക്കം
കൊച്ചി രാജാവ് രാമവർമ മഹാരാജാവിന്റെ ദിവാൻ ശങ്കരവാര്യരുടെ കാലത്ത് (1840﹣1856) ആരംഭിച്ച ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് പിന്നീട് ഹൈസ‌്കൂളും മഹാരാജാസ് കോളേജുമായി മാറിയത്. ഹിസ് ഹൈനസ് രാജാസ് സ്കൂൾ എന്ന പേരിലായിരുന്നു തുടക്കം. 1875ൽ സ്കൂളിനെ രണ്ടാം ഗ്രേഡ് കോളേജായി ഉയർത്തി. സ്കൂളിന്റെ പ്രിൻസിപ്പലായിരുന്ന ആൽഫ്രഡ് ഫോബ്സ് സീലിതന്നെയായിരുന്നു കോളേജിന്റെയും പ്രിൻസിപ്പൽ. കേംബ്രിഡ്ജ് സർവകലാശാലയുടെ രൂപഭംഗി മനസ്സിൽക്കണ്ട് കോളേജ്മന്ദിരം വിഭാവനം ചെയ്തതും സീലിയാണ്.

അതുവരെ എറണാകുളം കോളേജ‌് എന്നറിയപ്പെട്ട കോളേജിന‌് മഹാരാജാസ‌് എന്ന‌് നാമകരണംചെയ്യണമെന്ന ആവശ്യവുമായി 1925ൽ കോളേജിലെ പ്രിൻസിപ്പലായിരുന്ന വെങ്കിടേശ്വര അയ്യരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസിലെത്തി രാജാവിന‌് നിവേദനം നൽകി. സുവർണജൂബിലി ആഘോഷിച്ച ആ വർഷംമുതൽ എറണാകുളം കോളേജ‌് മഹാരാജാസ‌് ആയി.

എന്നും മുന്നിൽ
അക്കാദമിക നിലവാരത്തിന്റെ കാര്യത്തിൽ എന്നും മുന്നിലാണ‌് മഹാരാജാസ‌്. ഇന്ന‌് 2500 ലേറെ വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ 20 ബിരുദകോഴ‌്സുകളും 21 ബിരുദാനന്തര കോഴ‌്സുകളും 12 ഗവേഷണകേന്ദ്രങ്ങളുമുണ്ട‌്. ഡോ. എം ലീലാവതിയടക്കം നൂറിലധികം പേരാണ‌് ഇവിടെനിന്ന‌് ഗവേഷണം പൂർത്തിയാക്കിയത‌്. കോളേജിലെ വിവിധ വകുപ്പുകൾ നടത്തിയ അന്താരാഷ്ട്ര സെമിനാറുകളിലെ പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും ലോകത്തെ വിവിധ സർവകലാശാലകളിൽ റഫറൻസിനായി അംഗീകരിച്ചിട്ടുണ്ട‌്.

മികവിന്റെ കേന്ദ്രം
എൽഡിഎഫ‌് സർക്കാർ അധികാരത്തിൽവന്നശേഷം മഹാരാജാസിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച‌്  അഞ്ചുവർഷത്തിനുള്ളിൽ 100 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. കോളേജിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ രൂപരേഖ അടങ്ങിയ മിഷൻ ഓഫ് പ്രോജക്ട് തയ്യാറാക്കി. 25 കോടിയിലധികം രൂപ അനുവദിച്ചുകഴിഞ്ഞു. 12.2 കോടി രൂപ മുടക്കിയാണ‌് ലോകോത്തര നിലവാരത്തിലുള്ള ലൈബ്രറി നിർമിക്കുന്നത‌്. കോളേജിലെ പൂർവവിദ്യാർഥി സംഘടന അടക്കം ഇതിനായി സഹകരിക്കുന്നു. മെൽബൺ സർവകലാശാലയുമായി ചേർന്ന‌് പുതിയ കോഴ‌്സ‌് ആരംഭിക്കാനുള്ള നീക്കവും നടക്കുന്നു

ഇന്നും സ്വപ‌്നകലാലയം

മഹാരാജാസിൽ പ്രവേശനം നേടുക എന്നത‌് ഇന്നും ഏതൊരു വിദ്യാർഥിയുടെയും സ്വപ‌്നമാണ‌്.   ബിരുദപ്രവേശനത്തിനുള്ള ഇത്തവണത്തെ ആദ്യ അലോട്ട‌്മെന്റും അത‌് വിളിച്ചുപറയുന്നു.  ആകെയുള്ള 694 സീറ്റിൽ 475ലും ആദ്യ അലോട്ട‌്മെന്റിൽ വിദ്യാർഥികൾ പ്രവേശനം നേടി. 68 ശതമാനം. ഇത‌് സർവകാല റെക്കോഡാണ‌്. കഴിഞ്ഞവർഷം ഇത‌് 40 ആയിരുന്നു. 25 സീറ്റുള്ള ബിഎ ഇംഗ്ലീഷിന‌് 4200 അപേക്ഷയാണ‌് എത്തിയത‌്. 24 സീറ്റുള്ള ബികോമിന‌് 3100 അപേക്ഷയും. മറ്റെല്ലാ വിഷയങ്ങൾക്കും രണ്ടായിരത്തിലധികം അപേക്ഷയെത്തി.

ബികോമിന‌് ആദ്യ അലോട്ട‌്മെന്റിലെ കട്ട‌്ഓഫ‌് മാർക്ക‌് 96 ശതമാനവും ഇംഗ്ലീഷിന്റേത‌് 94 ശതമാനവുമായിരുന്നു. മറ്റ‌് വിഷയങ്ങൾക്ക‌് 92 ശതമാനത്തിലധികവും.

മഹാരാജാസിന്റെ മക്കൾ
മഹാരാജാസിൽനിന്ന‌് പഠിച്ചിറങ്ങി ലോകമറിയപ്പെട്ട പ്രഗത്ഭർ എത്രയെത്ര. അതിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുണ്ട‌്, ഉന്നത ഉദ്യോഗസ്ഥരുണ്ട‌്. സുപ്രീംകോടതി ചീഫ‌് ജസ‌്റ്റിസുണ്ട‌്. സാമൂഹ്യ﹣സാംസ‌്കാരിക﹣സാഹിത്യ﹣ രാഷ്ട്രീയ രംഗങ്ങളിൽ പേരെടുത്ത നിരവധി പേരുണ്ട‌്. ചങ്ങമ്പുഴ, വൈലോപ്പിള്ളി,  ജസ‌്റ്റിസ‌് കെ ജി ബാലകൃഷ‌്ണൻ, എ കെ ആന്റണി, വയലാർ രവി, ഡോ. തോമസ‌് ഐസക‌്,  ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ആർ ഗൗരിയമ്മ, ബിനോയ‌് വിശ്വം, മമ്മൂട്ടി, ജസ്റ്റിസ്‌ സുകുമാരൻ, ഡോ. കെ ആർ വിശ്വംഭരൻ, ഡോ. വി പി ഗംഗാധരൻ, ഡോ. എ എസ‌് സ്വാമിനാഥൻ, കെ എസ‌് എസ‌് നമ്പൂതിരിപ്പാട‌്, എൻ ഗോപാലകൃഷ‌്ണൻ, അപ്പൻ തമ്പുരാൻ, സി അന്തപ്പായി, ടി കെ കൃഷ‌്ണ മേനോൻ, കെ എസ്‌ രാധാകൃഷ്‌ണൻ, ഇടപ്പള്ളി കരുണാകര മേനോൻ, കെ പി പത്മനാഭ മേനോൻ, പി കെ ബാലകൃഷ‌്ണൻ, കെ പി അപ്പൻ, വിജയലക്ഷ‌്മി, രാജീവ‌് രവി, ആഷിക‌് അബു, സിദ്ദിഖ്‌ അങ്ങനെ നീളുന്നു ആ നിര.

തകർക്കാനാകില്ല
ക്യാമ്പസ‌്സംഘർഷത്തെത്തുടർന്നാണ‌് അഭിമന്യു കൊല്ലപ്പെടാനിടയായതെന്ന വാദവുമായി ഒരുകൂട്ടർ ഇറങ്ങിയിട്ടുണ്ട‌്. അഭിമന്യുവിനെ കൊലപ്പെടുത്തിയത‌് പുറത്തുനിന്നെത്തിയ ഗുണ്ടാ സംഘമാണ‌്, തീവ്രവാദികളാണ‌്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രതിലോമതയാണ‌് അവർ കൈകാര്യംചെയ്യുന്നത‌്. എൻഡിഎഫ‌്, സിമി, ക്യാമ്പസ‌് ഫ്രണ്ട‌്, പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ എന്നിങ്ങനെ  പേരുകൾ പലതവർക്കുണ്ടെങ്കിലും  ലക്ഷ്യം ഒന്നുമാത്രം﹣ വർഗീയ തീവ്രവാദം വളർത്തുക, എതിർസ്വരങ്ങളുടെ കഴുത്തറുക്കുക.

കലാലയ രാഷ്ട്രീയമാണ‌് അഭിമന്യുവിന്റെ ജീവനെടുത്തതെന്ന വാദവും ഉയരുന്നുണ്ട‌്. അവർക്കുള്ള മറുപടിയും മഹാരാജാസിന്റെ ചരിത്രതാളുകളിലുണ്ട‌്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക‌് ഇവിടെനിന്ന‌് ഇറങ്ങിപ്പുറപ്പെട്ടവർ, ഗാന്ധിജിയുടെ ആഹ്വാനം ശ്രവിച്ച‌് പരീക്ഷാഹാളിൽനിന്ന‌് ക്വിറ്റ‌് ഇന്ത്യാ സമരവേദിയിലേക്കിറങ്ങിയവർ. അവർ നേടിത്തന്ന സുരക്ഷിതത്വത്തിന്റെ തണലിലിരുന്നാണ‌് ഇവർ  കലാലയ രാഷ്ട്രീയത്തിനെതിരെ കുന്തമുന കൂർപ്പിക്കുന്നതെന്നതാണ‌് വിരോധാഭാസം.

പ്രധാന വാർത്തകൾ
 Top