കാല്‍പ്പന്തിന്റെ ഇന്ദ്രജാലം
മനുഷ്യസ്നേഹത്തിന്റെ ഇന്ദ്രജാലത്തിൽ, പ്രാണവായു നിറച്ചൊരു കാൽപ്പന്ത് മൈതാനങ്ങളിൽ ഗോൾമഴ പെയ്യിക്കുമോ? അതറിയാൻ ഇന്ന് (ഞായർ) വൈകുന്നേരംവരെ കാത്തിരിക്കണം. പക്ഷേ, "മാജിക് സിറ്റി'യിലെ താരങ്ങൾ എതിർപോസ്റ്റിലേക്ക് ഗോൾമഴ പെയ്യിച്ചാലും ഇല്ലെങ്കിലും ഈ കളിയിൽ ജയിക്കുന്നത് ആ ചുണക്കുട്ടികളാണ്, തോൽക്കുന്നത് കാലവും. കഴക്കൂട്ടം ഡിഫറന്റ്‍ ആർട്ട് സെന്ററിലെ ആ 12 പേരോട് ഏറ്റുമുട്ടി ‘തോൽക്കുന്ന’വർ ചില്ലറക്കാരല്ല, ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടീമാണ്. വൈകല്യങ്ങളോടെ ജനിച്ചതിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെട്ടിരിക്കില്ലെന്ന, ഈ മാന്ത്രികതാരങ്ങളുടെ നിശ്ചയദാർഢ്യത്തിനു പിന്നിൽ, കരുത്തോടെ നിൽക്കുന്ന രണ്ടുപേരുണ്ട്, ഇന്ത്യൻ മാന്ത്രിക ഇതിഹാസം ഗോപിനാഥ് മുതുകാടും ജോയൽ റിച്ചാർഡ് വില്യംസ് എന്ന കാൽപ്പന്ത് പരിശീലകനും. അനുകമ്പയെയും സഹാനുഭൂതിയേക്കാളുമേറെ ഹൃദയം നിറഞ്ഞൊരു പിന്തുണയാണ് ഭിന്നശേഷിക്കാർക്ക് വേണ്ടതെന്ന്, അതുണ്ടെങ്കിൽ എന്തും അവർക്കും സാധ്യമാണെന്നും വീണ്ടും തെളിയിക്കപ്പെടുന്നു.
നിശ്ചയദാർഢ്യം
രണ്ടു വർഷംമുമ്പ് ഗോകുലം ഫുട്ബോൾ ക്ലബ് പരിശീലകൻ ജിബ്രാൾട്ടർ സ്വദേശി ജോയൽ റിച്ചാർഡ് വില്യംസ് കഴക്കൂട്ടം ഡിഫറന്റ്‍ ആർട്ട് സെന്ററിലെ ടർഫിൽ കുട്ടികൾക്കൊപ്പം പന്ത് തട്ടാനിറങ്ങിയതാണ്. സെന്റർ സ്ഥാപകനായ ഗോപിനാഥ് മുതുകാടിന്റെ നിർദേശപ്രകാരമെത്തിയപ്പോൾ ഭിന്നശേഷിക്കാരുടെ കായികവികാസത്തിന് കുറച്ച് സമയം, അത്രയേ മനസ്സിൽ കരുതിയിയുള്ളൂ. എന്നാൽ, ഒരു പരിശീലനവും നേടാത്ത അവരിൽ ചിലരുടെ പ്രകടനം റിച്ചാർഡിനെ ഞെട്ടിച്ചു. ചടുലനീക്കങ്ങളും പന്ത് തട്ടുന്ന രീതിയും കണ്ടതോടെ ചിലത് മനസ്സിലുറപ്പിച്ചു. പിന്നീട് ഗോകുലം ഫുട്ബോൾ ക്ലബ്ബിന്റെ സ്പോൺസർഷിപ്പിൽ ഫുട്ബോൾ പരിശീലക സ്ഥാനംകൂടി അദ്ദേഹം ഏറ്റെടുത്തു. ബുദ്ധിയും ശരീരവും മനസ്സും ഒരുമിച്ചു കൊണ്ടുപോകാനാകാത്ത കുട്ടികൾക്കായുള്ള സംരംഭം പരാജയപ്പെടരുതെന്ന ദൃഢനിശ്ചയവും അതിന് മുതൽക്കൂട്ടായി. വേഗവും ശക്തിയും ബുദ്ധിയുമൊരുമിക്കേണ്ട കാൽപ്പന്ത് കളി ഇവർക്ക് വഴങ്ങുമോയെന്നായിരുന്നു പലരുടെയും സംശയം.
എന്നാൽ, മുതുകാട് പകർന്ന ആത്മവിശ്വാസം റിച്ചാർഡിന് കരുത്തായി. ആദ്യ പ്രകടനത്തിലൂടെ റിച്ചാർഡിനെ ഞെട്ടിച്ച ബി കെ ഷിജുവും എ അമലും ആദർശ് മഹീന്ദ്രനും മുഹമ്മദ് ഇർഫാനുമെല്ലാം സ്ഥിരം ബൂട്ടണിഞ്ഞു. പിന്നീടങ്ങോട്ട് പരിശീലനം തുടർന്നപ്പോൾ താൽപ്പര്യപൂർവം കൂടുതൽപേരെത്തി. എസ് അലൻ, ലിസാൻ, മുഹമ്മദ് ആസിഫ്, കാർത്തിക് രാജ്, ടോണി, മുഹമ്മദ് അഷ്കർ, ഡി എ പ്രവീൺ, ബി അമൽ എന്നിങ്ങനെ സ്‌ട്രൈക്കർമാരും ഡിഫൻഡർമാരുമെല്ലാം ഒരേ മനസ്സോടെ ടീമിൽ അണിനിരന്നു. എല്ലാവരും 19നും 23നും ഇടയ്ക്ക് പ്രായമുള്ളവർ. പരിക്കേൽക്കുമെന്ന് ഭയന്ന് അച്ഛനമ്മമാർ കുട്ടികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കാത്തതും കരുത്തായി.
ആഴ്ചയിൽ രണ്ടു ദിവസം റിച്ചാർഡ് നേരിട്ടെത്തും. മറ്റ് ദിവസങ്ങളിൽ സെന്ററിലെ അധ്യാപകർ പരിശീലിപ്പിക്കും. ഇതിനിടെ ചെറുമത്സരങ്ങളുമുണ്ടാകും. ശാരീരിക ക്ഷമതയുള്ളവരെയാണ് പ്രധാനമായും ടീമിൽ പരിഗണിച്ചത്. പരിശീലിപ്പിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നെന്ന് റിച്ചാർഡ് പറയുന്നു. മൂഡ് മാറിയാൽ പിന്നൊന്നും അനുസരിക്കില്ല എന്നതും എളുപ്പത്തിൽ മനസ്സിലാക്കാവുന്നവപോലും പഠിക്കാൻ ദിവസങ്ങളോളം എടുക്കാറുള്ളതുമാണ് നേരിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. എന്നാൽ, അതിസങ്കീർണമായ പല ട്രിക്കുകളും എളുപ്പത്തിൽ പഠിച്ചെടുത്ത് ഞെട്ടിച്ചവരുമുണ്ട്. അത്‌ലറ്റിക്‌സ്, ഇൻഡോർ ഗെയിമുകൾ എന്നിവയിൽ പ്രാവീണ്യം നേടുന്നതിന് പ്ലേഗ്രൗണ്ടുകളും ടർഫുകളുമുണ്ട്.
കിങ്സ് ലീഗിലെ താരപ്പിറവി
പരിശീലനം ട്രാക്കിൽ കയറിയതോടെ കുട്ടികളുടെ മനസ്സിനൊപ്പം ശരീരവും ചലിച്ചുതുടങ്ങി. പലരുടെയും സ്വഭാവത്തിലും ആശയവിനിമയത്തിലുമുണ്ടായ വലിയ പുരോഗതി അധ്യാപകരും അച്ഛനമ്മമാരും തിരിച്ചറിഞ്ഞു. പതിയെ അവരുടെ ജീവശ്വാസമായി കാൽപ്പന്തുകളി മാറി. ആദ്യമൊക്കെ തല ഉയർത്തിപ്പോലും നോക്കാതെ പാസ് നൽകിയ പലരും പിന്നീട് വീറോടെയും വാശിയോടെയും കുതിക്കുന്ന മിന്നുംതാരങ്ങളായി. ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യപ്പെട്ടിരുന്നവർ ക്ഷമിക്കാനും മറക്കാനും പഠിച്ചു. ഇതിനിടെയാണ് ജോയൽ റിച്ചാർഡുകൂടി സംഘാടകനായ കിങ്‌സ് ലീഗ് ഇന്ത്യ മൂന്നാം സീസൺ 2023ൽ പങ്കെടുക്കാൻ സെന്ററിന് അവസരം ലഭിച്ചത്. ഒരു സൗഹൃദ മത്സരമൊന്നുമായിരുന്നില്ല അന്ന് കിങ്‌സ് ഒരുക്കിയത്. ഓരോ പ്രധാന ടീമിലും സെന്ററിൽനിന്നുള്ള മികച്ച താരങ്ങളെ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. ബി കെ ഷിജു, എ അമൽ, ആദർശ് മഹേന്ദ്രൻ, മുഹമ്മദ് ഇർഫാൻ, വിഷ്ണു എന്നിങ്ങനെ അഞ്ചുപേരായിരുന്നു അഞ്ചു ടീമുകളിലുണ്ടായത്. അന്ന് നന്ദി പറഞ്ഞ അധ്യാപകരോട് കഴിവുമാത്രം നോക്കിയാണ് ഞാനവരെ ടീമിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു റിച്ചാർഡിന്റെ മറുപടി. ഒരു മത്സരത്തിൽ രണ്ടു ഗോൾ നേടി ബി കെ ഷിജു മാൻ ഓഫ് ദ മാച്ച് പട്ടം നേടി റിച്ചാർഡിന് ഗുരുദക്ഷിണയും നൽകി.
ഐ എം വിജയനുമായി കന്നിപ്പോരാട്ടം
ഈ തകർപ്പൻ പ്രകടനം മാജിക് സിറ്റിയെന്ന ഡിഫറന്റ്‍ ആർട്ട് സെന്ററിന്റെ സ്വന്തം ടീമിന്റെ പിറവിക്ക് കാരണമായി. സെന്ററിലെ എട്ടു കുട്ടികളെയും മൂന്നു ജീവനക്കാരെയും ഉൾപ്പെടുത്തി രൂപീകരിച്ച മാജിക് സിറ്റിയാണ് ഞായറാഴ്ച ഐ എം വിജയന്റെ ടീമുമായി ഏറ്റുമുട്ടുന്നത്. ജോപോൾ അഞ്ചേരി ഉൾപ്പെടെയുള്ള മുൻ താരങ്ങളാണ് വിജയനൊപ്പം ബൂട്ടണിയുക. മര്യനാട് സ്വദേശി ബി കെ ഷിജു, ബി അമൽ (പൂഴിക്കുന്ന്), മുഹമ്മദ് ഇർഫാൻ (മുടപുരം), ആദർശ് മഹീന്ദ്രൻ (ഉള്ളൂർ), ഡി എ പ്രവീൺ (കല്ലമ്പലം), ടോണി സിറിൽ (മലപ്പുറം), എ അമൽ (ചെമ്പഴന്തി), മുഹമ്മദ് ആസിഫ് (പാലോട്) എന്നീ വിദ്യാർഥികളും സെന്ററിലെ ജീവനക്കാരുമാണ് മാജിക് സിറ്റി ടീം അംഗങ്ങൾ. സെന്ററിലെ സഹപരിശീലകനായ കാർത്തിക്കാണ് ടീം ക്യാപ്റ്റൻ. കിങ്സ് ലീഗ് നാലാം സീസണായിരിക്കും മാജിക് സിറ്റിയുടെ കന്നി ലീഗ് മത്സരം. കിങ്സ് ലീഗിന്റെ ഉദ്ഘാടനവും മാജിക് സിറ്റിയുടെ ജേഴ്സി പ്രകാശനവും ഞായറാഴ്ചയാണ്. ഷൈൻ പ്രോപ്പർട്ടീസാണ് ടീം സ്പോൺസർ. കൂടുതൽ പരിശീലിപ്പിച്ച് ഭാവിയിൽ ദേശീയമത്സരങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് റിച്ചാർഡ് പറഞ്ഞു. പെൺകുട്ടികളുടെ ഫുട്ബാൾ ടീം ഉണ്ടാക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിൽ ടീം പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ ടേബിൾ ടെന്നീസ് പരിശീലനവും നൽകുന്നുണ്ട്.
സമാനതയില്ല
നാൽപ്പത്തഞ്ചു വർഷത്തെ മാജിക് ജീവിതത്തിൽനിന്ന് മാറിനിന്ന ഗോപിനാഥ് മുതുകാടിന്റെ സ്വപ്‌നമാണ് തിരുവനന്തപുരം കിൻഫ്ര പാർക്കിലെ ഈ ഡിഫറന്റ് ആർട്സ് സെന്റർ (ഡിഎസി). സമാനതകളില്ലാത്ത ഈ മാതൃക രാജ്യത്തിന് അഭിമാനമാണിന്ന്. ഓട്ടിസവും സെറിബ്രൽ പാൾസിയും ഡൗൺ സിൻഡ്രോമും മറ്റു ബൗദ്ധിക വെല്ലുവിളികളും ന്യൂറോ രോഗങ്ങളും പഠനവൈകല്യവും പിടിപെട്ട ഇരുനൂറിലേറെ കുട്ടികൾ ഇവിടെ സൗജന്യമായി പഠിക്കുന്നു. കുട്ടികൾക്ക് കലകൾ അവതരിപ്പിക്കുന്നതിനുള്ള വേദികളും ഒരുക്കി. കുറഞ്ഞ കാലംകൊണ്ട് കുട്ടികളിൽ അത്ഭുതകരമായ മാറ്റമാണുണ്ടായത്. പ്രാഥമിക കൃത്യങ്ങൾ തനിയെ ചെയ്യാനും ആഹാരം കഴിക്കാനുമൊക്കെ പലരും പ്രാപ്തരായി. അതുവരെ സംസാരിക്കാതിരുന്ന ഒരു കുട്ടി സംസാരിച്ചതും അച്ഛനമ്മമാർക്ക് ആശ്വാസം പകർന്നു. കുട്ടികളിലെ ഐക്യു ലെവൽ ഉയർന്നതായി ചൈൽഡ് ലൈൻ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. രാവിലെ 10ന് എത്തിയാൽ ഒരു മണിക്കൂർ വ്യായാമവും യോഗയും. 11ന് ടീ ബ്രേക്കിനുശേഷം വിവിധ ക്ലാസുകൾ. ഓരോരുത്തരുടെയും അഭിരുചികൾ കണ്ടെത്തി പ്രത്യേകം ക്ലാസുകളാണ് നൽകുക.
അക്ഷരങ്ങളും രൂപങ്ങളും പഠിപ്പിക്കാൻ പ്രത്യേകം അധ്യാപകരുണ്ട്. കുട്ടികളുടെ അച്ഛനമ്മമാർക്കായി തൊഴിൽ സംരംഭങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണവും ലഭിക്കും. ഭിന്നശേഷികുട്ടികൾക്ക് സ്ഥിരമായി ഒരു ജീവിതമാർഗമൊരുക്കുക എന്ന ലക്ഷ്യത്തിനായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ (യുഇസി) ആരംഭിക്കാനും പദ്ധതിയുണ്ട്. കുട്ടിക്കും അമ്മയ്ക്കും ജീവിതസുരക്ഷ ഉറപ്പാക്കി മുന്നോട്ടുപോകാൻ സഹായിക്കുന്ന കേന്ദ്രമായിരിക്കും ഈ സെന്റർ. കുട്ടികളുടെ സൈക്കോ മോട്ടോർതലങ്ങളെ സ്പർശിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകളും ഇവിടെ ഒരുക്കും. സെന്ററിലെ ഡൗൺ സിൻഡ്രം ബാധിച്ച കുട്ടികളെ കൈപിടിച്ചുയർത്താൻ ‘അപ് കഫേ’ എന്ന പേരിൽ ഒരു സഞ്ചരിക്കുന്ന കഫേയും അടുത്തിടെ ആരംഭിച്ചിരുന്നു.
0 comments