കുട്ടനാടിന്റെ ഖ്യാതിയും പെരുമയും പച്ചപ്പും സ്വാമിനാഥന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു. അതുകൊണ്ടാകണം കേരളത്തിലേക്കുള്ള ഒരു സന്ദർശനാവസരവും പാഴാക്കിയില്ല. വർഷങ്ങൾക്കു മുമ്പ് കാസർകോട് സിപിസിആർഐയിൽ എത്തിയപ്പോൾ അതു തുറന്നുപറഞ്ഞു. പിന്നീട് ചെർക്കളക്കടുത്ത പാടിയിൽ നെൽകർഷകരുമായുള്ള സംവാദത്തിനിടെ മൂന്നര മണിക്കൂറിലേറെ പാടത്ത് നിന്നതിന്റെ സന്തോഷവും പങ്കിട്ടു. സിപിസിആർഐയിൽ അന്തർദേശീയ സെമിനാറിന് എത്തിയപ്പോഴാണ് പാടി സന്ദർശിച്ചത്. പിന്നീടും ജില്ലയിലെ വിവിധ തോട്ടങ്ങൾ കാണാൻ സമയം കണ്ടെത്തി. ഗവേഷണഫലം ചില്ലുകൂടുകളിലും പ്രബന്ധങ്ങളിലും ഒതുങ്ങാതെ കർഷകരിലെത്തണമെന്ന് സ്വാമിനാഥൻ ഏറെ ആഗ്രഹിച്ചു. മണ്ണിൽ ചവിട്ടിനിൽക്കുന്ന കർഷകനേ നാടിനെ ഹരിതാഭയിലേക്കും അതുവഴി ഭക്ഷ്യസുരക്ഷയിലേക്കും നയിക്കാനാവൂവെന്ന് 2004 ലെ സന്ദർശനത്തിൽ പറഞ്ഞു. ഇക്കാര്യം മാധ്യമപ്രവർത്തകരുമായും പങ്കുവച്ചു. ഭക്ഷ്യസുരക്ഷയ്ക്കും ഹരിതവൽക്കരണത്തിനും കേരളത്തിന് നിർണായക പങ്ക് വഹിക്കാനാകുമെന്നും സൂചിപ്പിച്ചു. കേൾക്കാനുള്ളത് കൃത്യമായി കേട്ട് ഋജുവും ലളിതവുമായി സോദാഹരണം മറുപടി‐ ഇതായിരുന്നു വാർത്താസമ്മേളനങ്ങളിലും സെമിനാറുകളിലും സംവാദങ്ങളിലും ആ പ്രതിഭയുടെ രീതി. മനുഷ്യപ്പറ്റ് നിറഞ്ഞ ശാസ്ത്രജ്ഞൻ എന്നാണ് അറിയപ്പെട്ടത്. ഗവേഷകരായാലും കർഷകനായാലും അറിയാവുന്നത് കൃത്യമായി പകർന്നുനൽകുന്ന മികച്ച അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം.
ഗായിക ചിത്ര അയ്യരുടെ അച്ഛൻ, ആർ ഡി അയ്യർ എഴുതിയ ജീവചരിത്രമുണ്ട്‐ 'സയന്റിസ്റ്റ് ആൻഡ് ഹ്യൂമനിസ്റ്റ്‐ ഡോ. എം എസ് സ്വാമിനാഥൻ'. വടക്കൻ മലബാറുമായും സ്വാമിനാഥൻ ആത്മബന്ധം പുലർത്തി. കാർഷികരീതികളിലെ പാരമ്പര്യം പിന്തുടരുന്നവരാണ് ഇവിടുത്തുകാരെന്ന് സൂചിപ്പിച്ചു. അവരുമായി അടുപ്പം സൂക്ഷിച്ചു. കീടബാധ വിത്തിനെയും വിളയെയും ഉപയോഗശൂന്യമാക്കുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്കപ്പെട്ടു. കൂമ്പ്‐വേര് ചീയൽ നാളികേര‐അടക്കാ കർഷകരെ തീരാദുരിതത്തിലാഴ്ത്തിയതും സിപിസിആർഐ സന്ദർശനവേളയിൽ വിലയിരുത്തി. തുടർന്ന് കീട പ്രതിരോധശേഷിയുള്ള അത്യുൽപ്പാദന ഇനമായ 'കൽപശങ്കര' തെങ്ങിൻതൈ നട്ടതും എടുത്തുപറയേണ്ടതാണ്. കേംബ്രിജിലെ പിഎച്ച്ഡിക്കുശേഷം വിൻകോൻസിൻ സർവകലാശാലയിൽ പ്രൊഫസർഷിപ്പ് ലഭിച്ചെങ്കിലും അതുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്തുകൊണ്ട് ആ തീരുമാനമെന്ന ചോദ്യത്തിന് മറുപടി വ്യക്തം: ‘എന്നോടുതന്നെ ചോദ്യം ഉന്നയിച്ചു. സ്വന്തം നാടിന്റെ ഭക്ഷ്യോൽപ്പാദനം ഉറപ്പുവരുത്താനാണ് ജനിതകശാസ്ത്രം പഠിച്ചത്. ഇത്തരം അദമ്യമായ ആഗ്രഹം ഉള്ളിലിരിക്കെ പുറത്ത് നിൽക്കുന്നത് ശരിയല്ല. അതുകൊണ്ട് തിരിച്ചുവന്നു'. തീരുമാനം ശരിയെന്ന് കാലം തെളിയിച്ചു.
സ്വാമിനാഥന്റെ ധൈഷണിക‐ഗവേഷണങ്ങൾക്കും ജീവിതത്തിലും എന്നും താങ്ങും തണലുമായത് സഹധർമിണി മീന. ധനമന്ത്രാലയത്തിൽ സെക്രട്ടറിയായ എസ് ഭൂതലിംഗത്തിന്റെയും പ്രമുഖ സാഹിത്യകാരി മധുരം ഭൂതലിംഗത്തിന്റെയും മകൾ. കേംബ്രിജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ഇന്ത്യയിലെ അങ്കണവാടി പാഠ്യപദ്ധതിക്ക് രൂപം കൊടുത്തത് മീനയാണ്. ഔദ്യോഗിക പാഠ്യരീതിക്കുമുമ്പുള്ള കുട്ടികളുടെ മനോവികാസങ്ങളും പാഠ്യരീതികളും പഠിച്ച് അവർ നൽകിയ റിപ്പോർട്ടാണ് സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്)യായി മാറിയത്. കുട്ടികളുടെ ഭാഷയിൽ, അവർ ഇഷ്ടപ്പെടുന്ന രീതിയിൽ പാഠ്യ‐പാഠ്യേതര പ്രവർത്തനങ്ങളും ഡോക്യുമെന്ററികളും മൈം ഷോകളും രൂപപ്പെടുത്തി. നിരവധി പുസ്തകങ്ങൾ എഴുതിയ മീന അമ്മയുടെ സ്വാധീനത്താലാണ് സാഹിത്യലോകത്തെത്തുന്നത്.കൃതിക എന്ന തൂലികാനാമമാണ് സ്വീകരിച്ചത്. യുനസ്കോ, യുണിസെഫ് കൺസൾട്ടന്റായി വിയറ്റ്നാം, കമ്പോഡിയ എന്നിവിടങ്ങൾ സന്ദർശിച്ച് മീന പദ്ധതികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..