23 January Wednesday

ആധുനികതാപ്രസ്ഥാനത്തിലെ മനുഷ്യാനുഭവം

അശോകൻ ചരുവിൽUpdated: Friday Nov 2, 2018

ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം എം മുകുന്ദൻ സ്വീകരിക്കുമ്പോൾ നിരവധി സാധാരണ മനുഷ്യജീവിതങ്ങൾ അദ്ദേഹത്തിന്റെ പിറകിൽ വന്നു നിൽക്കുന്നതു പോലെ നമുക്ക് തോന്നും. കാരണം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഡൽഹിയിലെയോ കേരളത്തിലെയോ സാമാന്യ മനുഷ്യരാണ്. 

മുഖ്യധാരയിൽ നിന്ന് പിൻവാങ്ങി അടിത്തട്ടിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതമാണ് മുകുന്ദൻ തന്റെ കഥയ്ക്കും നോവലിനും വിഷയമാക്കിയിട്ടുള്ളത്. മനുഷ്യർ അദ്ദേഹത്തിന്റെ നോവലിൽ കയറിവന്ന് അവരുടെ ഭാഷയിൽ തന്നെ സംസാരിച്ചു. മയ്യഴിയിലെ നാട്ടുഭാഷയും ഡൽഹി ഫുട്പാത്തിലെ ഹിന്ദിയും ഒരേ മട്ടിൽ ലളിതമാകുന്നത്  ആ കഥാപാത്രങ്ങളുടെ ആത്മാവ് പിടികിട്ടിയതുകൊണ്ടാണ്. ഈ എഴുത്തുകാരൻ എഴുതുമ്പോൾ പിന്നിൽനിന്ന് ഏതോ ഒരു കറമ്പിയമ്മ പറഞ്ഞുകൊടുക്കുന്നുണ്ട് എന്ന് നമുക്ക് സംശയം തോന്നും.

ആധുനികതാ സാഹിത്യപ്രസ്ഥാനത്തിൽ ഉൾപ്പെടുത്തിയാണ് എം മുകുന്ദൻ എന്ന എഴുത്തുകാരനെ നിരൂപകന്മാർ പരിഗണിക്കുന്നത്. ആ പരിഗണന ശരിയാണ്. അന്ന് പ്രധാനമായും ഡൽഹിയിൽ കേന്ദ്രീകരിച്ചു മുന്നേറിയ ആധുനികരുടെ കൂട്ടത്തിൽ സജീവമായിത്തന്നെ അദ്ദേഹമുണ്ടായിരുന്നു. ആ തലമുറയുടെ ഭാവവും ദർശനവും അദ്ദേഹത്തിന്റെ കഥകളിലും കാണാം. രാധ രാധ മാത്രം, സാക്ഷിസമുദ്രം, ഞാനാരാ നാണ്വായരെ, ഡൽഹി, ആകാശത്തിനു ചുവട്ടിൽ തുടങ്ങിയ കൃതികളിൽ പ്രത്യേകിച്ചും.

"എന്താണ് ആധുനികത?" എന്ന ഒരു ചെറുഗ്രന്ഥം എഴുതി തന്റെ പ്രസ്ഥാനത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നുണ്ടല്ലോ. ഭാഷയിൽ എന്നപോലെ ദർശനത്തിലും നവീനത കൊണ്ടുവരാനാണ് ആധുനികർ ശ്രമിച്ചത്. മരണം എന്ന ആത്യന്തിക സത്യം ആണ് അവരെ ദാർശനികർ ആക്കിയത്. പക്ഷേ തന്റെ പല സുഹൃത്തുക്കളിൽ നിന്നും ഭിന്നമായി മുകുന്ദന്റെ കഥകളിൽ അന്നും മനുഷ്യർ നിറഞ്ഞുനിന്നിരുന്നു. ചെരുപ്പ്കുത്തികളും, ദരിദ്ര വീട്ടമ്മമാരും, സാധുക്കളായ ക്ലർക്കുമാരും, പിഞ്ഞിത്തുടങ്ങിയ സാരിയുടുത്ത് നടക്കുന്ന മെലിഞ്ഞ യുവതികളുമായിരുന്നു അദ്ദേഹത്തിന്റെ അവലംബം. സാഹിത്യരചനയെ ദാർശനികമാക്കാൻ ഭാഷയെ അലങ്കരിക്കേണ്ടതുണ്ടെന്ന് മുകുന്ദൻ കരുതിയില്ല. സാമാന്യ മനുഷ്യർക്കും ജീവിതം ഉണ്ടല്ലോ. അവർക്കും ഭാഷയുണ്ട്. അവർ പണിയെടുക്കുന്നു. കുടുംബം പോറ്റുന്നു. ജീവിതവും ഭാഷയും അദ്ധ്വാനവും കലരുമ്പോൾ ദർശനമുണ്ടാവുന്നു. ഒരുപക്ഷേ ഏറ്റവും മൗലികമായ ദർശനം.

1961 ൽ എഴുത്ത് തുടങ്ങിയ മുകുന്ദന്റെ സാഹിത്യജീവിതത്തിൽ പിന്നീട് രണ്ടു വഴിത്തിരിവുകൾ ഉള്ളതായി കാണാം. ഒന്ന് 1974ൽ എഴുതിയ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്ന നോവലിലൂടെ. മറ്റൊന്ന് "ഡൽഹി 1981’ എന്ന ചെറുകഥയിലൂടെയും.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഫ്രഞ്ച് കോളനിയായിരുന്ന മാഹിയുടെ വിമോചനസമരത്തിന്റെ ഇതിഹാസമാണ്. ഒരു രാഷ്ട്രീയപരിവർത്തന ചരിത്രം അതുവരെ മലയാളത്തിൽ ആരും പകർത്തിയിട്ടില്ലാത്തവിധം മിഴിവോടെ രചിക്കുവാൻ മുകുന്ദന് കഴിഞ്ഞു. ആ നോവൽ എഴുതുമ്പോഴും തന്റെ പ്രിയപ്പെട്ട കഥാപാത്രം ഡൽഹിയിലെ അരവിന്ദന്റെ ഒരു അനിയൻ എന്നു പറയാവുന്ന ദാസൻ മുകുന്ദന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഡൽഹി 1981 എന്ന കഥ സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ജീവിതത്തിന്റെ ഇരുണ്ട ഭീകരതയിലേക്കുള്ള ഒരു ടോർച്ച് വെളിച്ചമായി മാറി. മലയാളകഥ പിന്നെ ആ വെളിച്ചത്തിന് പിറകെയാണ് സഞ്ചരിച്ചത്.

വായനയിലൂടെ ഈ ലേഖകനെ ഏറ്റവുമേറെ സ്വാധീനിച്ച എഴുത്തുകാരനാണ് മുകുന്ദൻ. ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന കാലത്താണ് "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നത്. അതിലെ രാഷ്ട്രീയവും സമരവും പ്രണയവും നിരാശയും എന്നെയും വല്ലാതെ ബാധിച്ചിരുന്നു. ഞങ്ങളുടെ തലമുറ ഒരുപക്ഷേ ദാസനെക്കാളേറെ ചന്ദ്രികയെ പ്രണയിച്ചിട്ടുണ്ട്.  മയ്യഴി ഒരു അതിഭൗതിക ലോകമായി മുന്നിൽ വന്നുനിന്നു. പിന്നീടുണ്ടായ വടക്കൻ യാത്രകളിൽ ഏറ്റവും ആവേശം തോന്നിയത് മയ്യഴിയിലൂടെ പോകാമല്ലോ എന്നതാണ്.

ഇടയ്ക്ക് ചില കത്തുകൾ എഴുതുകയും ഒരിക്കൽ മുംബൈയിൽ  നേരിൽ കാണുകയും ചെയ്തിരുന്നെങ്കിലും സാഹിത്യ അക്കാദമി പ്രസിഡന്റായി തൃശ്ശൂരിൽ വന്നശേഷമാണ്  കൂടുതൽ അടുത്തു പരിചയപ്പെടാൻ കഴിഞ്ഞത്. അന്ന് ഞാനും അക്കാദമിയിൽ ഉണ്ടായിരുന്നു. നീണ്ട കാലത്തെ ഡൽഹിവാസം, ഫ്രഞ്ച് എംബസിയിലെ ഉന്നത ഉദ്യോഗം, മലയാളത്തിലെ പ്രസിദ്ധനായ എഴുത്തുകാരൻ എന്ന പദവി എല്ലാം ഉണ്ടായിരുന്നെങ്കിലും ഒരു പച്ച മനുഷ്യനാണ് മുകുന്ദേട്ടൻ. അദ്ദേഹത്തിന്റെ മനസ്സിലെ സ്നേഹവും ജീവിതത്തിന്റെ ലാളിത്യവും സമാനതകളില്ലാത്തതാണ്. ഉപരിതലങ്ങളിൽ വ്യാപരിക്കാനല്ല നാട്ടിൻപുറങ്ങളിൽ പോയി സാധാരണ മനുഷ്യനെ കാണാൻ ആണ് അദ്ദേഹം താൽപര്യപ്പെട്ടത്.


പ്രധാന വാർത്തകൾ
 Top