27 September Wednesday

ഇടതുപക്ഷം ഇല്ലെങ്കിൽ സർഗാത്മകതയില്ല: എം മുകുന്ദൻ

പി വി ജീജോUpdated: Sunday Apr 14, 2019

സ്വതന്ത്രചിന്തയും അഭിപ്രായസ്വാതന്ത്ര്യവുമെല്ലാം വെല്ലുവിളിക്കപ്പെടുന്ന വർത്തമാനത്തിലാണ‌് നമ്മുടെ പൊതു തെരഞ്ഞെടുപ്പ‌് നടക്കുന്നത്. ഈയവസ്ഥയിൽ   എഴുത്തുകാരെന്തു ചെയ്യണം. ഇടതുപക്ഷമാണ‌് തന്റെ പക്ഷമെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ. ഇടതുപക്ഷമില്ലാതായാൽ സർഗാത്മകതയുടെ അന്ത്യമാണതെന്ന‌് അദ്ദേഹം മുന്നറിയിപ്പ്‌ തരുന്നു. എം മുകുന്ദന്റെ വാക്കുകൾ ഇതാ...

ഇടതുപക്ഷത്ത‌് ചേർന്ന‌ുനിൽക്കുക എന്നതാണ‌് ഇന്ന‌് പ്രധാനം.  ഇടയ‌്ക്കൊക്കെ നമ്മൾ ചിതറിപ്പോകും. അതൊക്കെ മറക്കുക. എല്ലാത്തിനെയും ഒന്നിച്ച‌ുനിർത്തുക. അത‌് ചരിത്രപരമായ ദൗത്യമാണ‌്. ചിന്തിക്കുന്ന മനുഷ്യരാണ‌് ഇന്ത്യയിലുള്ളത‌്. അവരെ താഴ‌്ത്തിക്കാണരുത‌്. പാവങ്ങളാണവർ. ഉത്തരേന്ത്യയിലൊക്കെ പോയാൽ ശരിയായ ഇന്ത്യക്കാരനെ നമുക്ക‌് കാണാം. കാലിൽ ചെരുപ്പുണ്ടാകില്ല. മുഷിഞ്ഞ കുപ്പായമായിരിക്കും. വയറൊട്ടിക്കിടക്കും. വാരിയെല്ലുകൾ പുറത്തുകാണുന്നുണ്ടാകും. കണ്ണുകൾ കലങ്ങിയിരിക്കും. മുഖം കരുവാളിച്ചിട്ടുണ്ടാകും. അതാണ‌് സാധാരണക്കാരനായ ഇന്ത്യക്കാരൻ.  അവരെ നമുക്ക‌് അവഗണിക്കാനാകില്ല. കാരണം ആ ഇന്ത്യക്കാരന്റെ ഡിഎൻഎയിൽ ഒരു നീതിബോധമുണ്ട‌്. ഏതൊരിന്ത്യക്കാരന്റെയും ഡിഎൻഎയിൽ ഇത‌് കാണാം. ഒരു മനുഷ്യൻ അവൻ പാവമായതിനാൽ പട്ടിണിക്കാരനായതിനാൽ കിടക്കാൻ സ്ഥലമില്ലാത്തതിനാൽ അവന്റെ ഡിഎൻഎയിലെ നീതിബോധം ഇല്ലാതെയാകുന്നില്ല. നമ്മളത‌് കണ്ടതാണ‌്. അടിയന്തരാവസ്ഥയ‌്ക്ക‌ു ശേഷം ഈ പാവപ്പെട്ട മനുഷ്യരുടെ നീതിബോധം, ജനാധിപത്യബോധം എങ്ങനെ ഉണർന്നുവെന്നത‌്, പ്രതികരിച്ചത‌് നമ്മൾ കണ്ടതാണ‌്. അന്നവര്‍ ഇന്ദിര ഗാന്ധിയെ  തിരസ‌്കരിച്ചു.
 തെരഞ്ഞെടുപ്പ‌് പാവപ്പെട്ടവന്റെയും പട്ടിണികിടക്കുന്നവന്റെയും ദാരിദ്ര്യം അനുഭവിക്കുന്നവന്റെയും വിശക്കുന്നവന്റെയുമെല്ലാം ഡിഎൻഎയിലുള്ള നീതിബോധം, ജനാധിപത്യബോധം, സ്വാതന്ത്ര്യബോധം ഉയർത്താനുള്ള ഒരവസരമാണ‌്. എഴുത്തുകാരുടെ, കലാകാരന്മാരുടെ ശബ്ദം, കൂട്ടായ‌്മകൾ അതിനുവേണ്ടിയുള്ളതാണ‌്. അതുണർത്താൻ വേണ്ടിയാകണം എഴുത്തുകാരന്റെ ഇടപെടലുകൾ. ആ കടമ എഴുത്തുകാർ നിർവഹിക്കേണ്ടതാണ‌്. ഇരുനൂറ്റമ്പതോളം എഴുത്തുകാർ പുറപ്പെടുവിച്ച പ്രസ‌്താവനയിൽ അത്തരമൊരു ഹൃദയവികാരമാണ‌് പ്രകടമായത‌്. നമ്മൾ പ്രതിരോധിക്കണം, ഉണരണം, മൂല്യങ്ങളും ജനാധിപത്യവുമെല്ലാം അപകടത്തിലാകുമ്പോൾ നാം പ്രതിരോധിക്കണം എന്നതാണ‌് എഴുത്തുസമൂഹം പുറപ്പെടുവിച്ച പ്രസ‌്താവനയുടെ അന്തസ്സത്ത. അതിൽ പറയുന്നത‌് നമ്മുടെ ജനാധിപത്യവും സ്വാതന്ത്ര്യബോധവും നീതിബോധവും നിലനിർത്തണം എന്നതാണ‌്. അത‌് അപകടത്തിലായാൽ പിന്നീടങ്ങോട്ട‌് നമുക്ക‌് ജീവിതമില്ല. മുന്നോട്ടേക്ക് പിന്നെ കാഴ‌്ചയില്ല. എന്താണ‌് സ്വാതന്ത്ര്യമെന്ന‌്, യഥാർഥ ജനാധിപത്യമെന്ന‌് അതിൽനിന്ന‌് പുറത്താകുമ്പോഴേ നമുക്ക‌്  മനസ്സിലാകൂ. നമ്മെ മുന്നോട്ടുനയിച്ചിരുന്നത‌്, പട്ടിണിയിലും ദാരിദ്ര്യത്തിലുമെല്ലാം നമ്മെ ജീവിപ്പിച്ചിരുന്നത‌് നമ്മുടെ ജനാധിപത്യബോധമാണ‌്, നീതിബോധമാണ‌്. അതില്ലാതായാൽ പിന്നീടൊന്നും അവശേഷിക്കുന്നില്ലെന്നുള്ളതാണ‌്. അതിനായാണ‌് പലരും ശ്രമിക്കുന്നത‌്.

ജനാധിപത്യത്തെ കശാപ്പുചെയ്യുമ്പോൾ

നമ്മുടെ ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നാണ് നാമിപ്പോൾ നേരിടുന്ന വെല്ലുവിളി. നാമിപ്പോൾ അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പ‌്, അത‌് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ‌്. എല്ലാത്തരം മനുഷ്യർക്കും അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം, അതിനെ പ്രാവർത്തികമാക്കുന്ന ഒന്നാണ‌് തെരഞ്ഞെടുപ്പ‌്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ‌് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാണ‌്. മറ്റെവിടെയും ഇത്രമാത്രം ജനപങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ‌് നടക്കാറില്ല. എല്ലാ മതക്കാരും ജാതിക്കാരും തെരുവിൽ പുറത്തിറങ്ങി അവരുടെ സമ്മതിദാനാവകാശം പ്രകടിപ്പിക്കുന്ന മഹോത്സവമാണത‌്.  ജനാധിപത്യമില്ലെങ്കിൽ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ല. ജനങ്ങൾക്ക‌് അവരുടെ അവകാശം തെരുവിലിറങ്ങി പ്രഖ്യാപിക്കാനാകില്ല. ജനാധിപത്യം അവസാനിച്ചാൽ പിന്നീടൊന്നും അവശേഷിക്കില്ല എന്നുള്ളതാണ‌് യാഥാർഥ്യം. അതുകൊണ്ട‌് ജാഗ്രതപുലർത്തുക. നമ്മുടെ മൂല്യങ്ങൾ ഇല്ലായ‌്മ ചെയ്യാനുള്ള നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എഴുത്തുകാർ പ്രതികരിക്കണം, പോരാടണം. വളരെ പ്രകടമായാണ‌് ഇവിടെ കാര്യങ്ങൾ അരങ്ങേറുന്നത‌്.

സാക്ഷി മഹാരാജ‌് പറഞ്ഞത‌്

സാക്ഷി മഹാരാജ‌് പറഞ്ഞത‌് നാം കേട്ടതാണ‌്. അങ്ങേയറ്റം മൃഗീയമായ രീതിയിലാണവർ കാര്യങ്ങൾ പറയുന്നത‌്. മൃഗീയം എന്ന വാക്കുപയോഗിക്കാനാകില്ല. കാരണം മൃഗങ്ങൾ ഇതിനേക്കാൾ അന്തസ്സ‌് പുലർത്തുന്നു. വളരെ പ്രകടമായി പറയുന്നു. സാക്ഷി മഹാരാജ‌് പറഞ്ഞത‌് ബിജെപി അധികാരത്തിൽ വന്നാൽ ഇനി തെരഞ്ഞെടുപ്പുണ്ടാകില്ല എന്നാണ‌്.  എന്താണതിന്റെ അർഥം. അവരുടെ ലക്ഷ്യങ്ങൾ, ആഗ്രഹം അത്രയും പരസ്യമായി അവർ വിളിച്ചുപറയുകയാണ‌്. തെരഞ്ഞെടുപ്പില്ലാത്ത, പാർലമെന്റില്ലാത്ത, ഭരണഘടന ഇല്ലാത്ത ലോകത്ത‌് നമുക്ക‌് ജീവിക്കാൻ കഴിയുമോ. പക്ഷേ, എനിക്ക‌് തോന്നുന്നു അതവരുടെ വ്യാമോഹമാണ‌്, അവരത‌് പുറത്തുപറയുന്നു, എന്നാലത‌് നടക്കാൻ പോകുന്നില്ല. അങ്ങനെയൊന്നും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. നമുക്കിവിടത്തെ സാധാരണ മനുഷ്യരെ വിശ്വസിക്കാം. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അലഞ്ഞുകഴിയുന്ന പാവം മനുഷ്യർ, വയറൊട്ടിക്കിടക്കുന്ന, ചെരിപ്പിടാതെ നടക്കുന്ന, മുഷിഞ്ഞ വസ‌്ത്രം ധരിക്കുന്ന, മുഖം കരുവാളിച്ച മനുഷ്യർ–--അവരെ വിശ്വസിക്കുക. എനിക്കവരിൽ വിശ്വാസമാണ‌്. അടിയന്തരാവസ്ഥയ‌്ക്ക‌ുശേഷം ഇന്ദിര ഗാന്ധിയെ വലിച്ചെറിഞ്ഞത‌് ഈ സാധാരണ മനുഷ്യരാണ‌്. അതുപോലെ ഇന്നും ആ മനുഷ്യർ ഉണരുമെന്നതിൽ സംശയമില്ല.

ഇന്ദിരയുടെ കീറിപ്പറിഞ്ഞ ചിത്രം

നമുക്ക‌് ആശങ്കയുണ്ടാക്കുന്ന, നമ്മിൽ ഭീതിയും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്ന നേതൃത്വത്തെ സാധാരണക്കാരായ മനുഷ്യർ വലിച്ചെറിയുമെന്ന കാര്യത്തിൽ സംശയമില്ല. സാധാരണക്കാരന്റെ ഡിഎൻഎയിലുള്ള നീതിബോധം ഉണർന്നുകഴിഞ്ഞാൽ ആർക്കും തടയാനും തടുക്കാനുമാകില്ല. അടിയന്തരാവസ്ഥയ‌്ക്ക‌ുശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി തോറ്റപ്പോൾ കണ്ട കാഴ‌്ചയാണ‌് എനിക്ക‌് ഓർമ വരുന്നത‌്. ഞാൻ ഡൽഹിയിലെ കൊണാട്ട‌് പ്ലേസിലേക്ക‌് പോകുകയായിരുന്നു. അവിടെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഓഫീസിന‌് മുന്നിൽ വലിയൊരു ഗാർബേജ‌് ഉണ്ട്, സിമന്റിന്റെ കൂറ്റൻ മാലിന്യനിക്ഷേപകേന്ദ്രം. ഞാനതിലൂടെ നടന്നുപോകുമ്പോൾ കണ്ടത‌്  വലിയൊരു പോസ‌്റ്റർ, ഇന്ദിരയുടെ ചിത്രമുള്ള പോസ‌്റ്റർ ആ മാലിന്യ നിക്ഷേപകേന്ദ്രത്തിൽ കീറിപ്പറിച്ചിട്ടിരിക്കുന്നു. ഗാർബേജിന‌് മുകളിൽ കീറിപ്പറിഞ്ഞു കിടക്കുന്ന ഇന്ദിരയുടെചിത്രം  അടുത്ത ദിവസം ഇന്ത്യയിലെയും വിദേശത്തെയും പ്രധാന പത്രങ്ങളിൽ വലിയ വാർത്തയും ഫോട്ടോയുമായിരുന്നു. ആ ചിത്രം എന്റെ മനസ്സിൽ മായാതെയുണ്ട‌്. അതിനാൽ നമുക്ക‌് നമ്മളെ വിശ്വസിക്കാം, നമ്മുടെ ജനതയെ വിശ്വസിക്കാം. പ്രതിരോധം പടുത്തുയർത്താനാകുമെന്നുറപ്പാണ‌്. നമ്മളിന്ന‌് അടിയന്തരാവസ്ഥയേക്കാൾ ഭീതിദമായ ഒരുകാലത്താണ‌്, ഒരുതരം അന്ത്യാവസ്ഥയിൽ. ചിന്തിക്കാൻ, വസ‌്ത്രം ധരിക്കാൻ, ഭക്ഷണം കഴിക്കാൻ, ആവിഷ‌്കാരത്തിനൊക്കെ വിലക്കും ഭീഷണിയും നേരിടുന്ന കാലം. ആ ഒരവസ്ഥയെ നാം തിരിച്ചറിയുക. അത‌് സടകുടഞ്ഞെഴുന്നേൽക്കുംമുമ്പ‌് ഉണരുക. അത‌് നമ്മുടെ വാതിൽക്കൽ വന്ന‌് മുഖമിട്ടുരയ‌്ക്കുന്നുണ്ട‌്, വാതിലിൽ തട്ടി വിളിക്കുന്നുണ്ട‌്. ഫാസിസത്തിന്റെ ആ ഭീകരമായ സ്വത്വം അതിനെ നമുക്ക‌് തീർച്ചയായും പ്രതിരോധിക്കണം. അതിനുള്ള ശ്രമം നമ്മൾ എല്ലാവരും ഒന്നിച്ച‌് നിർവഹിക്കണം. അത്തരം കൂട്ടായ‌്മയിൽ എല്ലാ എഴുത്തുകാരും പങ്കാളിയാകണം. ആ ഭീഷണി ഒഴിവാക്കാൻ നാം ഇടതുപക്ഷത്തെ സംരക്ഷിക്കുകയാണ‌് വേണ്ടത‌്. കാരണം ഇടതുപക്ഷമില്ലെങ്കിൽ എഴുത്തും എഴുത്തുകാരനുമില്ല. ഇടതുപക്ഷത്തിന്റെ മണ്ണിലേ സർഗാത്മകത വളരുകയുള്ളൂ.
അതിനാൽ ഇടതുപക്ഷത്തെ വളർത്താനുള്ള നിലനിർത്താനും സംരക്ഷിക്കാനുമുള്ള കടമയാണ‌് ഇന്ന‌് എഴുത്തുകാർക്കുള്ളത‌്. കാരണം ഇടതുപക്ഷമുള്ളിടത്തേ സർഗാത്മകതയുണ്ടാകൂ. അവിടെ മാത്രമേ സിനിമയും നാടകവും കലയും സംസ‌്കാരവും സാഹിത്യവും എല്ലാമുണ്ടാകൂ. ഇടതുപക്ഷം അവസാനിച്ചാൽ പിന്നെ സർഗാത്മകതയില്ല. അതിനാൽ ഇടതുപക്ഷത്തെ സംരക്ഷിക്കുക എന്നത‌് എഴുത്തുകാരന്റെയും കലാകാരന്റെയും  ഉത്തരവാദിത്തമാണ‌്. ഇടതുപക്ഷത്തിന്റെ മണ്ണ‌് വരണ്ട‌ുകഴിഞ്ഞാൽ പിന്നെ എഴുത്തുകാരില്ല. ഞങ്ങളൊക്കെ വാടിപ്പോകും. അതിനാൽ എഴുത്തുകാരന്റെ താൽപ്പര്യംകൂടിയാണ‌് ഇടതുപക്ഷത്തെ സംരക്ഷിക്കുക എന്നത‌്. എഴുത്തുകാർക്ക‌് തൂലിക എത്രമാത്രം പ്രധാനമാണോ അത്രയും പ്രധാനമാണ‌് ഇടതുപക്ഷം എന്നത‌്. കാരണം ഇടതുപക്ഷമില്ലെങ്കിൽ എഴുത്തുകാരന്റെ കൈയിൽ പിന്നെ പേനയില്ല. പേനയുടെ മുന ഒടിഞ്ഞുപോകും. അതിനാൽ നമുക്ക‌് ഇടതുപക്ഷത്തെ സംരക്ഷിക്കാനുള്ള ജാഗ്രത കാട്ടാം. നമ്മെ ഭീഷണിപ്പെടുത്തുന്ന, ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇന്നത്തെ നേതൃത്വത്തിന്റെ പടം മാലിന്യക്കൂമ്പാരത്തിലേക്ക‌് വലിച്ചെറിയാൻ മുന്നിട്ടിറങ്ങാം. അതിനായി മനുഷ്യരിൽ വിശ്വസിക്കുക, അവരോടൊപ്പം ചേർന്നുനിൽക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top