17 January Sunday

മുകേഷ്‌ രക്ഷപ്പെട്ടു; പിന്നാലെ ‘വരത്തൻ’ ജയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


കൊല്ലം
രാഷ്ട്രീയ എതിരാളികളൊരുക്കിയ ക്ലൈമാക്‌സിനുമേൽ ആന്റിക്ലൈമാക്‌സൊരുക്കി കൊലപാതകക്കേസിൽനിന്ന്‌ രക്ഷപ്പെട്ട തെരഞ്ഞെടുപ്പോർമയുണ്ട്‌ എം മുകേഷ്‌ എംഎൽഎക്ക്‌. അച്ഛനെ നേരിടാൻ മകനുവേണ്ടി കെണിയൊരുക്കിയ ആ നാടകത്തിലെ മുഖ്യകഥാപാത്രം വെള്ള അംബാസഡർ കാറാണ്‌. ഒപ്പം ‘വരത്തനായ’ ഒ മാധവൻ വടക്കേവിള പഞ്ചായത്ത്‌ പ്രസിഡന്റാകാൻ പ്രധാന കാരണമായതും ഈ കാറാണ്‌. 

1979ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌. കാളിദാസകലാകേന്ദ്രം സെക്രട്ടറി കൂടിയായ അച്ഛൻ  മത്സരിക്കുന്ന കാലം‌. ഒരു ദിവസം രണ്ട്‌ അപരിചിതർ വീട്ടുമുറ്റത്ത്‌ കാറിനു ചുറ്റും കറങ്ങുന്നു. അച്ഛൻ കാര്യം ചോദിച്ചപ്പോൾ പള്ളിമുക്കിലുള്ള പതിനഞ്ചുകാരൻ ‘യഹിയ’യെ കാണാനില്ല, ഒരു പരാതി കൊടുക്കണമായിരുന്നു എന്ന്‌ പറഞ്ഞു. ഒപ്പം വരണോയെന്ന്‌ ചോദിച്ചപ്പോൾ  വേണ്ടെന്നു ‌ പറഞ്ഞ്‌ അവർ മടങ്ങി. അൽപം കഴിഞ്ഞ്‌ രണ്ടു പാർടിപ്രവർത്തകരെത്തി മുകേഷ്‌ ഓടിച്ച കാറിടിച്ച്‌ യഹിയ കൊല്ലപ്പെട്ടെന്നും മൃതദേഹം സംസ്‌കരിച്ചതായി വാർത്ത പരക്കുന്നുണ്ടെന്നും അറിയിച്ചു. പരാതി കിട്ടിയ പൊലീസും വീട്ടിലെത്തി. പൊലീസ്‌ അതിനിടെ ബന്ധുവീട്ടിൽനിന്ന്‌ യഹിയയെ പൊക്കി. ബാപ്പ  വഴക്കുപറഞ്ഞതിനെ തുടർന്നായിരുന്നു യഹിയ മുങ്ങിയത്‌. ഈ സമയം എതിരാളികളുടെ പ്രതിഷേധ ജാഥ പള്ളിമുക്കിൽനിന്ന്‌ മുകേഷിന്റെ വീട്ടിലേക്ക്‌ തിരിച്ചിരുന്നു. പൊലീസും കുട്ടിയുമായി അങ്ങോട്ട്‌ പുറപ്പെട്ടു.

ഒ മാധവൻ കൊലയാളി, അറസ്റ്റുചെയ്യൂ എന്ന മുദ്രാവാക്യവുമായെത്തിയ കാൽനട ജാഥാംഗങ്ങൾ വീട്ടിന്റെ മതിലിൽ ഇരിക്കുന്ന യഹിയയെ കണ്ട്‌ ഞെട്ടി. ഒരു ജാഥയാകെ ഞെട്ടിത്തരിച്ചുനിന്ന കാഴ്‌ച അപൂർവമായിരിക്കും. അതോടെ മുദ്രാവാക്യം മാറ്റി ആ ജാഥ തിരിച്ചുവിട്ടു. മുന്നിൽ യഹിയയും സ്ഥാനാർഥി ഒ മാധവനും. ഓരോ വീട്ടുമുറ്റത്തും സ്വീകരണമേറ്റു വാങ്ങി ജാഥ പള്ളിമുക്കിൽ സമാപിച്ചു.

പിന്നീട്‌ ഒ മാധവൻ പഞ്ചായത്ത്‌ പ്രസിഡന്റായി.  അന്ന്‌ യഹിയയെ കിട്ടിയിരുന്നില്ലെങ്കിൽ മുകേഷ്‌ കൊലക്കേസിൽ കുടുങ്ങിയേനെ. അച്ഛന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ മണവാളൻ ജോസഫ്‌, കവിയൂർ പൊന്നമ്മ, സി ഒ ആന്റോ എന്നിവരൊക്കെ എത്തിയിരുന്നു. മാവേലിക്കരയായിരുന്നു ഒ മാധവന്റെ ജന്മദേശം. ആദ്യ മൽസരത്തിൽ ‘വരത്തൻ ’ എന്ന്‌ വിളിച്ചായിരുന്നു പ്രചാരണം. ആദ്യ വിജയത്തിനുശേഷം 16 കൊല്ലം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടന്നില്ലെന്നും മുകേഷ്‌ ഓർക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top