20 April Tuesday

കടൽ പോലെ കരുതൽ

ജയൻ ഇടയ്ക്കാട്Updated: Thursday Mar 4, 2021

പ്രളയസമയത്ത്‌ രക്ഷാപ്രവർത്തനത്തിനിറങ്ങിയ വാടിയിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം സെൽഫിയെടുക്കുന്ന 
എം മുകേഷ്‌ ഫോട്ടോ: ആർ സഞ്ജീവ്കൊല്ലം
‘‘പ്രളയകാലത്ത് ജീവൻ മറന്ന് ഞങ്ങൾ  കേരളമക്കൾക്ക്‌  കരുതലായി. ഞങ്ങളുടെ ജീവിതത്തിൽ കരുതലോടെ സർക്കാരും.  ഇത്‌ തുടരുക തന്നെ വേണം മുകേഷേട്ടാ ’’‐ താരപരിവേഷമില്ലാതെ എന്നും ഒപ്പമുള്ള  കൊല്ലം എംഎൽഎ മുകേഷിനോടാണ്‌ മത്സ്യത്തൊഴിലാളികളുടെ സ്‌നേഹ പ്രകടനം. എൽഡിഎഫ് തീരദേശ ജാഥയുടെ പര്യടനത്തിനു മുന്നോടിയായിട്ടായിരുന്നു സന്ദർശനം.

മഹാപ്രളയകാലത്തെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വീണ്ടും ഓർക്കുകയായിരുന്നു അവർ. ആറന്മുള, ചെങ്ങന്നൂർ, പാണ്ടനാട്, റാന്നി എന്നിവിടങ്ങളിൽ  രക്ഷാപ്രവർത്തനത്തിനിറങ്ങിയ കാണിക്ക മാതാ, സെന്റ്‌ ജോർജ്, ഗോഡ് സൺ, അന്ന മോൾ, നിഖിതാ മോൾ തുടങ്ങിയ വള്ളങ്ങളിലെ തൊഴിലാളികളാണ്‌ ഒത്തുകൂടിയത്‌. 

‘ മന്ത്രി മേഴ്സിക്കുട്ടി അമ്മയും കലക്ടറും പറഞ്ഞപ്പോൾ മറ്റൊന്നും നോക്കിയില്ല, ഇറങ്ങി. 30 മുതൽ 90 വരെ ജീവൻ രക്ഷിച്ച വള്ളക്കാരുണ്ട്. പ്രതിഫലം ആഗ്രഹിച്ചില്ല, ആരിൽ നിന്നും പണം വാങ്ങിയുമില്ല. സർക്കാർ എല്ലാം അറിഞ്ഞു ചെയ്തു. വള്ളവും എൻജിനും നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകി. കേടുപാട്  സംഭവിച്ചവ  സർക്കാർ ചെലവിൽ പ്രവർത്തനക്ഷമമാക്കി. 10,000 മുതൽ ഒരുലക്ഷം രൂപ വരെ ഓരോന്നിനും ചെലവായി. ’

എച്ച് ആൻഡ്‌ സി കോമ്പൗണ്ടിലെ വർഗീസ്, കല്ലേലിൽ പുരയിടത്തിൽ ജെറോം, തോപ്പിൽ പുരയിടം നിർമിതി കോളനിയിൽ സൈമൺ, പ്ലാമൂട് പറമ്പിൽ സിരാജ്, പണിക്കവീട്ടിൽ ബെനഡിക്ട്, മുദാക്കര റോബിൻ, മുദാക്കര  ജോസഫ്, വിൻസന്റ്‌ അസ്മൻ ‐ എന്നിവർ മുകേഷിനോട്‌ കഥകൾ വിവരിച്ചു.

സുരക്ഷിത ജോലിക്കായി ഫൈബർ വള്ളമെന്ന ആവശ്യത്തെക്കുറിച്ച്‌ മുകേഷും  അനുഭവം പങ്കുവച്ചു.‌ വലിയതുറയിൽ ഷൂട്ടിങ്ങിനിടെ പരിചയപ്പെട്ട സ്‌റ്റീഫന്റെ കഥ. പേമാരിയിൽ സ്‌റ്റീഫനെ ജീവിക്കാൻ വിട്ട്‌ സുഹൃത്തുക്കളായ മൂന്നുപേർ കടലിൽ മുങ്ങിയ ദാരുണ സംഭവം.  അന്ന്‌ ഫൈബർ വള്ളമായിരുന്നെങ്കിൽ അവർ പോകില്ലായിരുന്നുവെന്ന്‌ സ്‌റ്റീഫൻ പറഞ്ഞത്‌ മുകേഷ്‌ ഓർത്തു.

കൊല്ലം തീരത്ത് അടുത്തിടെ ഫിഷറീസ് വകുപ്പ് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തപ്പോൾ മത്സ്യത്തൊഴിലാളികളുടെ മുഖത്തുണ്ടായ സന്തോഷവും പറഞ്ഞറിയിക്കാനാകാത്തത്‌. തങ്കശേരി ബ്രേക്ക് വാട്ടറിൽ പുതിയ പദ്ധതി കഴിഞ്ഞ ആഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top