07 December Saturday

രാഷ്ട്രീയത്തിലെ സാഹിത്യകാരൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

എം കേളപ്പൻ പുനത്തിൽ കുഞ്ഞബ്ദുള്ളയ്‌ക്കൊപ്പം


വടകര
പതിമൂന്നാം വയസ്സിൽ പഠനം നിർത്തി പാടത്തിറങ്ങിയ കേളപ്പൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തിയതിനു പിന്നിൽ ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും നീണ്ട വഴിയുണ്ട്. ഏറെ കൊതിയുണ്ടായിട്ടും ഗതിയില്ലാതെ പാതിവഴിയിലുപേക്ഷിച്ച പഠനം അദ്ദേഹം പൂർത്തീകരിച്ചത് അനുഭവങ്ങളുടെ പാഠശാലയിൽ നിന്ന്.

കർഷകത്തൊഴിലാളിയായിരിക്കുമ്പോഴേ നാടോടിപ്പാട്ടിലും നാടകാഭിനയത്തിലുമുണ്ടായിരുന്ന കമ്പം സജീവ പാർടി പ്രവർത്തനത്തിനിടയിലും വിടാതെ സൂക്ഷിച്ചു. വടക്കൻ പാട്ടുകളുടെ വക്താവായി മാറിയതും നിരന്തരമായ സാധനകൊണ്ടുതന്നെ.

തൊണ്ടികുളങ്ങര എൽപി സ്കൂളിലും ചീനംവീട് ഹയർ എലിമെന്ററി സ്കൂളിലും പഠിച്ച് ഇഎസ്എൽസി പാസായി. സ്കൂളിൽ പോകുമ്പോഴും കാർഷികവൃത്തിയിൽ അച്ഛനമ്മമാരെ സഹായിക്കേണ്ടിവന്നു. എട്ടാംക്ലാസിൽ പഠനം നിലച്ചു. അച്ഛൻ അമ്പാടിയുടെ  രാമായണ പാരായണമാണ്  കേളപ്പന്റെ കുരുന്നു മനസ്സിൽ  സാഹിത്യാഭിരുചിയുടെ  വിത്തുകൾ പാകിയത്.

17ാമത്തെ വയസ്സിൽ ഗാന്ധിയൻ ദർശനത്തിൽ  ആകൃഷ്ടനായി കോൺഗ്രസിൽ ചേർന്ന കേളപ്പൻ ജീവിതാനുഭവങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നു. അയൽവാസിയും കമ്യൂണിസ്റ്റ്  പാർടിയുടെ ആദ്യകാല സംഘാടകനുമായ വി പി കുട്ടിമാസ്റ്ററാണ് വഴികാട്ടി. ഒഞ്ചിയം വെടിവയ്പ്പും  രക്തസാക്ഷിത്വവും പാർടി  പ്രവേശനത്തിന്  നിമിത്തമായി.

1950ൽ  കമ്യൂണിസ്റ്റ്  പാർടിയുടെ  പുതുപ്പണം സെൽ അംഗമായി. പിന്നീട്  പുതുപ്പണം  വില്ലേജ്  സെക്രട്ടറിയും. പാർടി പിളർന്നപ്പോൾ  സിപിഐ എമ്മിനൊപ്പം നിന്നു.  ദീർഘകാലം സിപിഐ എം വടകര മണ്ഡലം കമ്മിറ്റി അംഗമായും വടകര, കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1975ൽ  ജില്ലാ കമ്മിറ്റി അംഗമായി. 1991 മുതൽ 11 വർഷം ജില്ലാ സെക്രട്ടറിയായിരുന്നു. 1991 മുതൽ ദീർഘകാലം സംസ്ഥാന കമ്മിറ്റി അംഗവുമായി.1962ൽ വടകര നഗരസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

1971ൽ ജന്മി  നാടുവാഴിത്തത്തിന്റെ പ്രതീകമായ കോട്ടപ്പള്ളി തിരുമന  കുഞ്ഞിരാമൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിൽ  പ്രതിയായെങ്കിലും  കോടതി  വെറുതെ വിട്ടു. കേസിനെ തുടർന്ന് കോട്ടപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും  പൊലീസ്  നടത്തിയ  നരനായാട്ടിനെ  ചെറുക്കാൻ ധീരമായ നേതൃത്വം നൽകി.

താൻ രചിച്ച നാടകങ്ങളും  തച്ചോളിപ്പാട്ടുകളും അവതരിപ്പിക്കാൻ പണിക്കോട്ടി ഐക്യകേരള  കലാസമിതിക്ക് ഇദ്ദേഹം രൂപംകൊടുത്തു. പ്രതിധ്വനി, ജീവിതം  ഒരു സുന്ദരസ്വപ്നമല്ല, ദൈവം  നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷൻ, ബ്രഹ്മരക്ഷസ്സ്, വർഗസമരം,  ശിവപുരം കോട്ട എന്നീ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു.

ഫോക്ലോറിൽ ഏറെ താൽപ്പര്യമുണ്ടായിരുന്നതിനാൽ ഇതു സംബന്ധിച്ച്  ഒട്ടേറെ ലേഖനങ്ങൾ  എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി  എഴുതിയ  വടക്കൻ വീരകഥകൾ, അഭയം തേടി,  ഉണ്ണിയാർച്ചയുടെ ഉറുമി എന്നീ പുസ്തകങ്ങളും ബ്രഹ്മരക്ഷസ്സ്  ലഘു നോവലും, എന്റെ  നാട് കവിതാ സമാഹാരവും വടക്കൻപാട്ടുകളിലൂടെ പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു.  ഉണ്ണിയാർച്ചയുടെ  ഉടപ്പിറപ്പുകൾ എന്ന തുടർക്കഥയും ശ്രദ്ധേയമാണ്.കേരളത്തിലെ കർഷകത്തൊഴിലാളികൾ  ഇന്നലെ ഇന്ന് നാളെ, വടക്കൻ വീരഗാഥകൾ, വടക്കൻ പാട്ടുകളിലെ പെൺപെരുമ, വടക്കൻപാട്ട് ഫലിതങ്ങൾ, മായക്കുതിര, കുട്ടനും കൂട്ടുകാരനും  എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.   അമൃത സ്മരണകളാണ് ആത്മകഥ. എൻ സി ശേഖർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ദല സാഹിത്യ പുരസ്കാരം എന്നിവ നേടി.


പ്രധാന വാർത്തകൾ
 Top