23 March Saturday

മരണത്തിലും തോൽക്കാതെ കലൈഞ്ജർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

 

ചെന്നൈ
തെൻട്രലൈ തീണ്ടിയതില്ലെ ആനാൽ തീയൈ താണ്ടിയിരുക്കേൻ ( തെന്നലിനെ തഴുകിയിട്ടില്ല, പക്ഷേ ഞാൻ തീക്കനൽ തരണംചെയ‌്തിട്ടുണ്ട‌്).. അങ്ങനെ മരണത്തിലും കലൈഞ്ജർ മറീന ബീച്ചിലേക്ക‌് പ്രവേശിച്ചു; എഐഎഡിഎംകെ സർക്കാർ തീർത്ത പ്രതിബന്ധത്തിനുമുന്നിൽ മുട്ടുമടക്കാതെ. സംസ‌്കാരത്തിന‌് മറീന ബീച്ചിൽ സ്ഥലം നൽകില്ലെന്ന സർക്കാരിന്റെ പിടിവാശിയെ നിയമയുദ്ധത്തിലൂടെ മറികടന്ന‌ാണ‌്  രാഷ്ട്രീയഗുരു അണ്ണാദുരൈയുടെ സമാധിക്കടുത്ത‌്  കലൈഞ്ജറും എരിഞ്ഞടങ്ങിയത‌്.

ബുധനാഴ‌്ച രാവിലെ ഡിഎംകെയുടെ ഹർജിയിൽ തുടർവാദംകേട്ട  മദ്രാസ് ഹൈക്കോടതി സംസ്‌കാരം മറീനാബീച്ചില്‍ നടത്താന്‍ അനുമതി നൽകുകയായിരുന്നു. ഹൈക്കോടതി ആക്ടിങ‌് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി രമേശ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കരുണാനിധിയുടെ സംസ‌്കാരത്തിന‌് മറീനയിൽ അനുമതി നിഷേധിക്കാൻ ന്യായമായ കാരണങ്ങളൊന്നും സർക്കാരിന‌് കോടതിയെ ബോധിപ്പിക്കാനായില്ലെന്ന‌് വിധിയിൽ പറഞ്ഞു. തീരദേശസംരക്ഷണ നിയമം ചൂണ്ടിക്കാട്ടി കോടതിയുടെ പരിഗണയിലുള്ള ആറ‌് ഹര്‍ജികളും പിൻവലിച്ചതും അവർ ആരുംതന്നെ കരുണാനിധിയുടെ മറീനയിലെ സംസ‌്കാരത്തെ എതിർക്കാത്തതും സർക്കാരിന‌് തിരിച്ചടിയായി. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെ കോടതിവിധി ഡിഎംകെയ‌്ക്ക‌് രാഷ്ട്രീയവിജയം കൂടിയായിമാറി. ആദ്യവിജയം എന്നാണ‌് സ്റ്റാലിനടക്കമുള്ള ഡിഎംകെ നേതാക്കൾ വിധിയെ വിശേഷിപ്പിച്ചത‌്. വിധി കരുണാനിധിയുടെ മക്കളും ഡിഎംകെ നേതാക്കളും അണികളും കണ്ണീരോടെയാണ‌് സ്വീകരിച്ചത‌്.

കരുണാനിധിയുടെ മരണത്തിനുപിന്നാലെ ചൊവ്വാഴ‌്ച വൈകിട്ടുതന്നെ ഡിഎംകെ വർക്കിങ‌് പ്രസിഡന്റ‌് എം കെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ട‌് സംസ‌്കാരത്തിന‌് സ്ഥലം നൽകണമെന്ന‌് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട‌് തീരദേശ പരിപാലന ചട്ടവും മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കുമാത്രമേ മറീനയില്‍ സ്ഥലം അനുവദിക്കാന്‍ കഴിയൂ എന്നും പറഞ്ഞ‌് സർക്കാർ അനുമതി നിഷേധിച്ചു. പകരം ഗാന്ധിമണ്ഡപത്തിലെ സംസ‌്കാരത്തിന‌് സ്ഥലവും അനുവദിച്ചു. സർക്കാരിന്റെ പ്രതികാരനടപടിക്കെതിരെ ഡിഎംകെ  ഉടൻ ഹൈക്കോടതി സമീപിക്കുകയും ചൊവ്വാഴ‌്ച രാത്രി 10.30 ന‌് ഹർജി വാദം കേൾക്കുകയുമായിരുന്നു. തര്‍ക്കവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബുധനാഴ‌്ച പുലർച്ചെ രണ്ടിന‌് കോടതി വാദം രാവിലെ എട്ടിലേക്ക‌് മാറ്റി.  എന്നാൽ, രാവിലെ വാദം ആരംഭിക്കുന്നതിനുമുമ്പുതന്നെ  മറീനാബീച്ചില്‍ സംസ്‌കരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളെല്ലാം പിന്‍വലിച്ചിരുന്നു. എന്നാൽ, ഹര്‍ജികള്‍ പിന്‍വലിച്ചത‌്  രാഷ്ട്രീയനാടകമാണെന്നും  കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുൻ മുഖ്യമന്ത്രി ജാനകി രാമചന്ദ്രന് മറീനയില്‍ സംസ്‌കാര അനുമതി നിഷേധിച്ചെന്നും സര്‍ക്കാര്‍ വാദിച്ചു. മുൻ മുഖ്യമന്ത്രി കാമരാജ‌് അടക്കമുള്ളവരുടെ സമാധി ഗാന്ധിമണ്ഡ‌പത്തിലാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, മറീനയിലെ അണ്ണാ മെമ്മോറിയലിനെ 1988ൽത്തന്നെ ശവസംസ‌്കാരം നടത്താനുള്ള സ്ഥലമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചെന്നൈ നഗരസഭ ഇവിടെ മൃതദേഹം ദഹിപ്പിക്കാനും സ‌്മാരകം പണിയാനും അനുമതി നൽകിയിട്ടുണ്ടെന്നും ഡിഎംകെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ജെ ജയലളിതയുടെ മൃതദേഹം മറീനയിൽ സംസ‌്കരിച്ച അതേ സ്ഥിതിയാണ‌് ഇപ്പോൾ നിലവിലുള്ളത‌്. അന്നുണ്ടായ ഹർജികൾ പോലും ഇപ്പോൾ പിൻവലിച്ചിരിക്കുന്നു. അതുകൊണ്ട‌് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടിയ നിയമപ്രശ‌്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നും ഡിഎംകെ പറഞ്ഞു. കാമരാജിന്റെ രാഷ്ട്രീയ പ്രത്യയശാ‌സ‌്ത്രം ദ്രാവിഡരാഷ്ട്രീയത്തിൽനിന്ന‌് തികച്ചും വ്യത്യസ‌്തമാണ‌്.   മുൻ മുഖ്യമന്ത്രിമാരുടെ സംസ‌്കാരം മറീനയിൽ നടത്താൻ പാടില്ലെന്ന‌് ഒരു നിയമവും പറയുന്നില്ല. അതിനാൽത്തന്നെ എം ജി ആറും അണ്ണാദുരൈയുമടക്കമുള്ള ദ്രവീഡിയൻ നേതാക്കളെ സംസ‌്കരിച്ച മറീനയിൽ കരുണാനിധിക്കും സ്ഥലം അനുവദിക്കണം ‐ ഡിഎംകെ അഭിഭാഷകൻ പി വിൽസൻ വാദിച്ചു. കോടതി അനുമതി നൽകിയില്ലെങ്കിൽ ലക്ഷക്കണക്കിന‌് വരുന്ന ഡിഎംകെ പ്രവർത്തകരും ജനങ്ങളും പ്രകോപിതരാകാൻ ഇടയുണ്ടെന്നും വിൽസൻ പറഞ്ഞു.

ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ‌് കോടതി മറീനയിൽ സംസ‌്കാരത്തിന‌് അനുമതി നൽകിയത‌്. സർക്കാർ നയങ്ങളിൽ കോടതിക്ക‌് ഇടപെടാനാവില്ലെന്ന വാദവും കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കില്ലെന്ന‌് തമിഴ‌്നാട‌് സർക്കാർ വ്യക്തമാക്കി.

തമിഴിൽ വിജ്ഞാനമുണ്ടെന്ന‌് തെളിയിച്ച നേതാവ‌്
ചെന്നൈ
തമിഴിൽ എന്തുണ്ട‌് എന്നു വിമർശിക്കപ്പെട്ട കാലത്ത‌് ആ ഭാഷയിൽ വിജ്ഞാനമുണ്ടെന്ന‌് തെളിയിച്ച നേതാവാണ‌് കരുണാനിധി. തമിഴ‌് ഭാഷ ഭക്തിയിലും  പ്രേമത്തിലും ഒതുങ്ങി നിന്ന കാലമായിരുന്നു അത‌്. ഭക്തിയും പ്രേമവും മാത്രമല്ല തമിഴ‌് എന്ന‌് സംഘസാഹിത്യ കൃതികളും തിരുക്കുറളും ചൂണ്ടികാണിച്ച‌് സമർത്ഥിക്കാൻ അദ്ദേഹത്തിനായി. രാജകുമാരി എന്ന സിനിമക്ക‌് തിരക്കഥയും  സംഭാഷണവുമെഴുതി ചലച്ചിത്ര രംഗത്തെത്തിയ കരുണാനിധി അടുത്ത കാലം വരെ എഴുത്തു നിർത്തിയില്ല.

കലൈജ്ഞർ ടി വിയിൽ സംപ്രേഷണം ചെയ്യുന്ന രാമാനുജർ, പൊന്നർ ശങ്കർ എന്നീ സീരിയലുകളുടെ തിരക്കഥ  കരുണാനിധിയുടേതാണ‌്. മാക‌്സിംഗോർക്കിയുടെ ‘അമ്മ’ നോവിലിന‌് കവിതാ രൂപം രചിച്ചു. അതിന‌് തിരിക്കഥ എഴുതി സിനിമയും ആക്കി. എല്ലാ ജാതിക്കാർക്കും പൂജാരിയാകാം എന്ന നിയമം  കൊണ്ടുവന്നു. തമിഴിൽ മന്ത്രോച്ചാരണം  നടത്തിയാലും ദൈവത്തിന‌് മനസ്സിലാകും എന്നു പറയാനും കരുണാനിധി മറന്നില്ല.  തിരുക്കുറലിന‌് എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ ​ഗദ്യരൂപത്തിൽ കുരുളോവിയം  രചിച്ച‌് വിസ‌്മയിപ്പിച്ചു.എംജിആറിന്റേയും ജയലളിതയുടേയും കാലത്ത‌് രാഷ‌്ട്രീയ വനവാസത്തിലാകേണ്ടിവന്ന കരുണാനിധി ഇങ്ങനെ പറഞ്ഞു‘ തമിഴർകളെ, തമിഴർകളെ, നീങ്കൾ എന്നെ കട്ടി കടലിൽ പോട്ടാലും നാൻ കട്ട‌്മരമാകെ ഉയർന്തുവരുവേൻ’ (തമിഴർ എന്നെ നിങ്ങൾ എന്റെ കൈകാലുകൾ ബന്ധിച്ച‌് കലിൽ തള്ളിയാലും ഞാൻ ചങ്ങാടമായി പൊങ്ങിവരും) എന്നായിരുന്നു.
 

അഭിപ്രായ സ്വാതന്ത്രത്തിനായി പോരാടി
അടിയിന്തിരാവസഥ കാലത്ത‌് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തി. മുരശൊലി എന്ന ഡിഎംകെ പത്രവും സിപിഐ എം മുഖപത്രമായ തീക്കതിരും കൈകളിലേന്തി പ്ലക്കാർഡുമായി തനിച്ച‌് അണ്ണാറോഡിൽ(അണ്ണാശാലൈ) സമരം നടത്തി. നോട്ടീസ‌് വിതരണം ചെയ‌്തു. സമൂഹനീതിക്കായി പോരാടിയ കരുണാനിധി എന്നും തീക്കതിരിനെയും സിപിഐ എമ്മിനേയും ബഹുമാനിച്ചിരുന്നു. തീക്കതിരിൽ വരുന്ന വാർത്തകളും ലേഖനങ്ങളും സസൂക്ഷ‌്മം പഠിച്ചു. അങ്ങിനെയാണ‌് തമിഴ‌്നാട്ടിൽ സ്വകാര്യ ബസ‌് സർവീസ‌് ദേശസാൽക്കരിച്ചത‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top