15 May Saturday

ഓർമകൾ തന്നെ സമരം; എം എം ലോറൻസും എം കെ സാനു മാഷും കണ്ടുമുട്ടുമ്പോൾ

പി എസ്‌ ശ്രീകല drpssreekala@gmail.comUpdated: Sunday Apr 18, 2021

തൊണ്ണൂറു പിന്നിട്ട രാഷ്‌ട്രീയ  പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനും. എം എം ലോറൻസും എം കെ സാനു മാഷും. ദീർഘ സൗഹൃദമുള്ള ഈ രണ്ടു പേരും ഒരിടവേളയ്‌ക്കുശേഷം വീണ്ടും കണ്ടുമുട്ടി. സംസ്‌കാരത്തിന്റെ രാഷ്‌ട്രീയവും രാഷ്‌ട്രീയത്തിന്റെ സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള  സ്‌നേഹസംവാദം

 
ഒമ്പതു പതിറ്റാണ്ടിലേറെ നീളുന്ന ജീവിതങ്ങൾ.. കേരളത്തിന്റെ രാഷ്‌ട്രീയ  സാംസ്‌കാരിക പരിണാമത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ.. നാടിന്റെ സാംസ്‌കാരിക ചരിത്രവും രാഷ്‌ട്രീയ ചരിത്രവും പരസ്‌പരബന്ധിതമെന്നു തെളിയിക്കാൻ ഇതുമതി.  സംസ്‌കാരവും രാഷ്‌ട്രീയവും വെള്ളം കടക്കാത്ത അറകളല്ലെന്ന് ഇ എം എസ് പറഞ്ഞത്  സ്ഥാപിച്ചുകൊണ്ട് സാനുമാഷും എം എം ലോറൻസും ഒരിടവേളയ്‌ക്കുശേഷം കാണുകയാണ്.
 
ആദ്യം വിളിച്ചത് സഖാവ്‌ ലോറൻസിനെ. സ്വയം പരിചയപ്പെടുത്തി.  എട്ടൊമ്പതു വർഷം മുമ്പ്‌ ഫോണിൽ സംസാരിച്ചത്‌ പരാമർശിച്ചപ്പോൾ  സംഭാഷണ വിഷയമുൾപ്പെടെ ഇങ്ങോട്ട് പറഞ്ഞ്‌ അത്ഭുതപ്പെടുത്തി.
 
‘"എന്നുവേണേലും വരാം. ഞാൻ പുറത്തു പോകാറില്ല.’’ 
  
തുടർന്ന്, സാനുമാഷിനെ വിളിച്ചു. വയസ്സ്‌ 94. എല്ലാ ദിവസവും പൊതുപരിപാടികൾ.  എറണാകുളം ജില്ലയിലെ  എൽഡിഎഫ്‌ സ്ഥാനാർഥികൾക്കായി ദിവസം മൂന്നും നാലും യോഗത്തിൽ പങ്കെടുത്തു. ഡയറി നോക്കി സൗകര്യപ്രദമായ ദിവസം  പറഞ്ഞു. വീണ്ടും സഖാവിനെ വിളിച്ച് ദിവസം ഉറപ്പിച്ചു. രാവിലെ പത്തിന്‌  സാനു മാഷിനെയും പതിനൊന്നിന്‌  സഖാവിനെയും കാണാം.
 
എറണാകുളം ഗസ്‌റ്റ്‌ ഹൗസാണ്‌  സാനു മാഷിന് സൗകര്യം.  ‘‘ലോറൻസ് സഖാവിനെയും അങ്ങോട്ട് കൂട്ടിയാലോ?’’ വരാനാകുമോ? നോക്കാം.
 
പത്താകാൻ പത്തുമിനിറ്റ് ... സാനുമാഷിന്റെ ഫോൺ.
 
“ഞാൻ റെഡി.”
 
“എത്താറായി മാഷേ, വീടിനടുത്തെത്തിക്കഴിഞ്ഞു.”
 
 വരാന്തയിൽ മരുമകൾ മായക്കൊപ്പം മാഷ്.
 
‘‘നമുക്കിറങ്ങാമോ?’’
 
"‘ലോറൻസ് സഖാവ് തയ്യാറായി നിൽക്കും.  ഗസ്റ്റ് ഹൗസിലേക്ക് കൂട്ടിക്കൊണ്ടു വരണം.’’
 
“അതിനെന്താ, ഞാൻ  കാത്തിരിക്കാം.’’
 
വീട്ടിലെത്തുമ്പോൾ 10.40.
 
‘"തലയിൽ എണ്ണ തേച്ചുപോയി. പതിനൊന്നിനെത്തുമെന്നല്ലേ  പറഞ്ഞത്, അപ്പോഴേക്കും ഞാൻ കുളിച്ചുവരാം.’’
 
വാക്കിങ് സ്റ്റിക്കിന്റെ സഹായത്താലാണ് നടപ്പ്. അതും  പതിയെ.  തലയുയർത്തി നോക്കുക പ്രയാസമാണ്.
 
"‘ഗസ്റ്റ് ഹൗസിലേക്ക് വരാൻ കഴിയുമോ? സാനു മാഷ് അവിടെ കാത്തിരിക്കുന്നുണ്ട്.’’
 
‘‘പിന്നെന്താ, പോകാല്ലോ.’’
 
“ഇത്രയും ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞിരുന്നില്ല.”  
 
“ അങ്ങനെ ബുദ്ധിമുട്ടൊന്നുമില്ല. നടക്കാൻ പ്രയാസം.”
 
സ്വീകരണമുറിയിൽ ടീപ്പോയിൽ അലസമായിട്ട  പത്രങ്ങൾ. അവയ്‌ക്കിടയിൽ ചുവന്ന പുറംചട്ടയിൽ ലെനിന്റെ ചിത്രവുമായി ‘ഭരണകൂടവും വിപ്ലവവും',   ‘ജി യുടെ തെരഞ്ഞെടുത്ത കവിതകൾ'.
 
 അനന്തരവൾ നിർമലയുടെ മകൻ അഡ്വ. അരുണിന്റെ സഹായത്തോടെ സഖാവ് തയ്യാറായി വന്നു.
 
യാത്രയ്‌ക്കിടയിൽ പറഞ്ഞു: ‘‘ പോകുന്ന വഴിയിലൊരു റോഡുണ്ട്, എബ്രഹാം മാടമാക്കൽ റോഡ്. എബ്രഹാം  മൂത്ത ജ്യേഷ്‌ഠനാണ്. സ്വാതന്ത്ര്യസമരസേനാനിയും കവിയും. അദ്ദേഹമാണ് ആദ്യമായി എനിക്കൊരു പുസ്‌തകം തരുന്നത്.  അത്‌ വായിക്കാൻ എടുത്തപ്പോൾ ജ്യേഷ്‌ഠൻ പറഞ്ഞു, "‘അതങ്ങു വച്ചേക്ക്, നിനക്കതു വായിച്ചാൽ ഇപ്പോൾ ഒന്നും മനസ്സിലാവില്ല.’’ 
 
1942ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നിയമം ലംഘിച്ച് പ്രസംഗിച്ചതിന്റെ പേരിൽ ജ്യേഷ്‌ഠൻ ജയിലിലായി. അദ്ദേഹം ഒരു കുറിപ്പ് ആരുടെയോ കൈവശം കൊടുത്തയച്ചു.
 
"അന്ന് നീ വായിക്കാനെടുത്ത പുസ്‌തകം മേശപ്പുറത്തുണ്ട്. എടുത്ത് വായിച്ചോളൂ.’
 
‘കുറ്റവും ശിക്ഷയും.'  വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടി. എങ്കിലും റസ്‌കോൾനിക്കൊവിനെ കൂടുതൽ അറിയാൻ  കഷ്ടപ്പെട്ട് വായിച്ചു. ഓർമയിൽ നിൽക്കുന്ന ആദ്യപുസ്‌തകം.’ 
 
‘അന്ന്‌ പന്ത്രണ്ടോ പതിമൂന്നോ കാണുമായിരിക്കും.   വായനയാണ്‌ എന്നെ കമ്യൂണിസ്റ്റുകാരനാക്കിയത്. ജയിൽമോചിതനായ ശേഷം ജ്യേഷ്‌ഠൻ തന്ന പുസ്‌തകമാണ് മാർക്‌സിന്റെ ജീവചരിത്രം. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള അതിൽ മാർക്‌സിന്റെ ജീവിതമല്ല തത്വങ്ങളാണ്‌ പരിചയപ്പെടുത്തുന്നത്. എനിക്കിഷ്ടപ്പെട്ടു. വായനയിലൂടെ സംസ്‌കാരം രൂപപ്പെടുത്തണം. തൊഴിലാളികളെ സംഘടിപ്പിക്കണം. അവരിലും ആ സംസ്‌കാരം സൃഷ്ടിക്കണം. ഉയർന്ന ബോധത്തിലേക്ക് തൊഴിലാളികൾ എത്തണം, നേതാക്കളും. എന്നാലേ വിപ്ലവം സാധ്യമാകൂ.’’  
 
അപ്പോഴേക്കും ഗസ്റ്റ് ഹൗസിലെത്തി. വീൽ ചെയറിൽ 502ാം നമ്പർ മുറിയിലേക്ക്.
 
‘"ലോറൻസേ, സാനു മാഷാണ്, ഞാനിവിടെയുണ്ട്.’’
 
“കണ്ടു, കണ്ടു.’’
 
“ലോറൻസ് ഈ അവസ്ഥയിലെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്നേക്കാൾ ചെറുപ്പമല്ലേ...”
 
“ഞാൻ 1929, മാഷോ?”
 
“ഞാൻ 27.”
 
“ഓ അപ്പൊ രണ്ടു വയസ്സിന്റെ ഇളപ്പമുണ്ട് എനിക്ക്...”
 
“എങ്കിലും ഞാനാണിപ്പോ ചെറുപ്പം...”
 
ഏറെ ബദ്ധപ്പെട്ട്  സഖാവ് വീൽചെയറിൽ നിന്നെണീറ്റ് സോഫയിൽ ഇരുന്നു.
 
കാലങ്ങളിലൂടെ, ഓർമകളിലൂടെ,  ഒരു പകൽ.
 
‘‘ലോറൻസ് വിശേഷങ്ങൾ പറയൂ, പുറത്തിറങ്ങാറില്ല അല്ലേ?’’
 
‘‘ഇറങ്ങാറുണ്ടായിരുന്നു. ചിലരൊക്കെ  പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോകും. കാറിലിരുന്ന് പ്രസംഗിക്കും. ഇടയ്‌ക്ക്‌ സ്റ്റേജിലും. ഇപ്പോ ഒരിടത്തും പോകുന്നില്ല. കുറേക്കാലം യാത്ര ചെയ്‌തതല്ലേ.’’
 
‘‘നമ്മൾ തമ്മിൽ എത്രകാലത്തെ പരിചയമാണ്.’’ ‘‘എനിക്കറിയാമല്ലോ എല്ലാം. ആത്മകഥ എന്തായി?’’
 
‘‘അതെഴുതി, അതിപ്പോ  മൂത്തമകൻ സജീവന്റെ കൈയിലുണ്ട്.  എഡിറ്റ് ചെയ്യാൻ വാങ്ങിവച്ചിരിക്കുകയാണ്.’’
 
‘‘ നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ടാവും ഇല്ലേ എഴുതി പൂർത്തിയാക്കാൻ...?’’
 
‘‘അതെയതെ, മാഷ് ഒരുപാട് നിർബന്ധിച്ചതാണ്. എനിക്ക് തോന്നും, എന്റെ ജീവചരിത്രം വായിച്ചിട്ട് ആർക്കെന്തുകിട്ടാനാ..? അതോർത്ത് വേണ്ടാന്ന് വയ്‌ക്കും.  മാഷിന്റെ നിരന്തരമായ നിർബന്ധം കൊണ്ട് എഴുതിത്തീർത്തതാ.’’
 
‘"ആ വിചാരം ശരിയല്ല ലോറൻസേ. ഒരു കാലത്ത് ഒരു കമ്യൂണിസ്റ്റുകാരൻ എന്തായിരുന്നു, എന്നറിയേണ്ടത്‌ അതാവശ്യമാണ്. ആദ്യമായി എന്നെക്കാണാൻ മഹാരാജാസിലേക്ക് വന്നത്  ഓർക്കുന്നുണ്ടോ?’’
 
‘"ഉണ്ട്, അന്നെന്നോടൊപ്പം ആരോ ഉണ്ടായിരുന്നല്ലോ...’’
 
‘‘എം എൻ കുറുപ്പാണോ?’’
 
‘‘അതെയതെ. മാഷിന് എന്നേക്കാൾ പ്രായമുണ്ട്, എന്നേക്കാൾ ഓർമയും. അന്ന് കുറുപ്പ് ദേശാഭിമാനി പത്രാധിപരാണ്.’’
 
‘‘എന്നോടൊരു ലേഖനം ആവശ്യപ്പെടാനാണ് വന്നത്. ആദ്യം നിങ്ങൾ ഗുപ്തൻനായർ സാറിനെ കണ്ടു അല്ലേ?’’
 
‘‘അതെ, അദ്ദേഹം ദേഷ്യപ്പെട്ടു. ലേഖനം തരില്ലെന്ന് പറഞ്ഞു. എക്കാലത്തും കമ്യൂണിസ്റ്റ് വിരോധിയായിരുന്നല്ലോ.’’
 
‘‘പിന്നെ സാഹചര്യവും അതായിരുന്നില്ലേ? ഇന്ത്യാ–--ചൈനാ യുദ്ധകാലം.’’
 
‘‘അതെ, അന്ന് പ്രസിദ്ധീകരിക്കാൻ മാറ്റർ കിട്ടുന്നത് വല്ലാതെ കുറഞ്ഞു.  മാഷ് ലേഖനം തന്നു, ഞാനോർക്കുന്നു’’
 
‘‘അന്യതാബോധത്തിൽനിന്ന് പ്രക്ഷോഭബുദ്ധിയിലേക്ക്' എന്നായിരുന്നു തലക്കെട്ട്, ഞാനോർക്കുന്നുണ്ട്.’’
 
സഖാവ് ബ്രെഡും ഓംലറ്റും കഴിച്ചുകൊണ്ട്‌ സംഭാഷണം തുടർന്നു.
 
‘‘തുടർന്നിങ്ങോട്ട് മാഷെന്നും ഞങ്ങളോടൊപ്പം ഉണ്ടല്ലോ.  മത്സരിച്ചു, എംഎൽഎയുമായി. മാഷ് കഴിക്കുന്നില്ലേ?’’
 
‘‘ഇല്ല, ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത്. അൽപ്പം കഴിഞ്ഞ് ഊണ് കഴിക്കാം’’
 
‘‘മാഷ് മീനും കോഴിയുമൊക്കെ കഴിക്കുമല്ലോ? ഇപ്പോ എനിക്കും അതൊക്കെ ഇഷ്ടമാണ്.  അന്നൊക്കെ കിട്ടുന്നത് കഴിക്കുക, കിട്ടിയാൽ കഴിക്കുക, അങ്ങനെയല്ലേ പറ്റൂ.’’
 
‘‘അതേ, ഭക്ഷണമൊന്നും കഴിക്കാതെയും എത്രയോ കാലം കഴിഞ്ഞുകൂടിയതല്ലേ...ലോറൻസേ, പാർടി പ്രവർത്തനത്തിലേക്ക് വന്നതൊക്കെ ഓർക്കുന്നുണ്ടോ?’’
 
‘‘ങാ, അത്, ആ സ്വദേശാഭിമാനിയുടെ പുസ്‌തകം വായിച്ചതോടെയാണ് അങ്ങനെയൊരു ബോധം ഉണ്ടായത്.  അതൊക്കെ വായിച്ചതോടെ തൊഴിലാളികളെ സംഘടിപ്പിക്കണം എന്ന് തോന്നി. എന്റേത് അപ്പർ മിഡിൽ ക്ലാസ് കുടുംബമായിരുന്നു.  കൊപ്രാക്കച്ചവടം, ജൗളിക്കടകൾ ഒക്കെ സ്വന്തമായുണ്ട്. അവിടങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്ന കാര്യം ആലോചിച്ചു. അച്ഛനെതിരെയാണ് തൊഴിലാളികളെ സംഘടിപ്പിച്ചത്.  പുലയർ മാർഗംകൂടി  ക്രിസ്‌ത്യാനികളാകുന്ന പതിവുണ്ട്‌ അന്ന്‌.  ക്രിസ്‌ത്യാനിയായാലും അവരെ ആദ്യത്തെ ജാതിപ്പേര് ചേർത്തേ വിളിക്കൂ. ആ വിവേചനമൊക്കെ തൊഴിലാളികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സംഘടിക്കുക, ഒറ്റക്കെട്ടായി നിൽക്കുക. ജാതിയോ മതമോ മാറുന്നതുകൊണ്ട് ഒരു നേട്ടവും തൊഴിലാളികൾക്കുണ്ടാകില്ല എന്നൊക്കെ പറഞ്ഞുകൊടുത്തു. കുറേപ്പേരെ അങ്ങനെ സംഘടിപ്പിച്ചു. തൊഴിലാളിവർഗപാർടി കെട്ടിപ്പടുത്തുകൊണ്ടുമാത്രമേ  വിവേചനം അവസാനിപ്പിക്കാനാകൂ. 
 
സ്വദേശാഭിമാനിയുടെ പുസ്‌തകത്തിൽ നിന്നാണ്  അതാദ്യം മനസ്സിലാക്കുന്നത്. പിന്നീട് ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും' വായിച്ചു. ഇപ്പോഴും അത് വായിക്കാറുണ്ട്. എന്നെ ആദ്യം പൊലീസ് അറസ്റ്റുചെയ്‌തപ്പോൾ, "നീ ഭരണകൂടവും വിപ്ലവവും വായിക്കും അല്ലേടാ’ എന്നാക്രോശിച്ചായിരുന്നു മർദനം.   പാർടി നിരോധിച്ച കാലം. സഖാക്കളെല്ലാം ഒളിവിൽ. ഞാൻ രഹസ്യമായി പാർടിയെ ബന്ധപ്പെട്ടു. അങ്ങനെ പാർടി പ്രവർത്തകനായി മാറി.’’
 
‘‘ലോറൻസേ, ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ അനുഭവങ്ങൾ ഓർക്കുന്നുണ്ടോ?’’
 
‘‘1950ൽ അല്ലേ... സ്റ്റേഷൻ ആക്രമിക്കണമെന്ന്  തീരുമാനിച്ചതൊന്നുമല്ല. രണ്ടാം പാർടികോൺഗ്രസ് കഴിഞ്ഞപ്പോൾ ബി ടി ആറിന്റെ പ്രഖ്യാപനമുണ്ടായി. റെയിൽവേ പണിമുടക്ക് നടത്തണം. ട്രെയിൻ തടയണം. ഏതു മാർഗവും സ്വീകരിക്കാം, ട്രെയിൻ ഓടരുത്. അതിനായി എല്ലായിടത്തും തൊഴിലാളികളുടെ യോഗങ്ങൾ. നിരോധനം കൂസാതെയുള്ള  രഹസ്യയോഗങ്ങൾ‌. പാളത്തിലൂടെ ട്രെയിൻ പോകാതിരിക്കണം. പോണേക്കരയിൽ  യോഗം ചേർന്നു. പാളം തകരാറിലാക്കാൻ ലക്ഷ്യമിട്ട്‌  രണ്ടു സഖാക്കൾ ആലുവ റെയിൽപാളത്തിലൂടെ എറണാകുളത്തേക്ക്.  സംശയം തോന്നിയ പൊലീസ് പിന്തുടർന്നു. രണ്ടുപേരെയും ഓടിച്ചിട്ട്‌ പിടിച്ചു ഇടപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇത് ഞങ്ങളറിഞ്ഞു. കെ സി മാത്യു പറഞ്ഞു, രണ്ടുപേരെയും ഭീകരമായി മർദിച്ചിട്ടുണ്ട്, ഒരാൾ മരിച്ചെന്നാണ് അറിയുന്നത്.  ജീവനോടെയുള്ള സഖാവിനെയെങ്കിലും രക്ഷപ്പെടുത്തണം.
 
കെ സി മാത്യു  സമ്പന്നകുടുംബാംഗമായിരുന്നു.  എൻജിനീയറുടെ മകൻ. പൊലീസ് സ്റ്റേഷൻ ആക്രമണം എന്ന ആശയത്തിലേക്ക് ഞങ്ങൾ വരുന്നത് ഒരു സഖാവിനെയെങ്കിലും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്.  ബഹളം സൃഷ്ടിച്ച്‌  സഖാവിനെ രക്ഷപ്പെടുത്തണം. രാത്രി രണ്ടുമണിയാണ് ആക്രമണത്തിന്‌ തെരഞ്ഞെടുത്തത്‌.  ഞങ്ങൾ പതിനേഴു പേർ.  പുലയ കോളനിയിലെ മാധവൻ, കുഞ്ഞപ്പൻ എന്നിവരെയൊക്കെ ഓർക്കുന്നു. മൂന്നാലു വടിയും അത് വെട്ടിയെടുക്കാൻ ചില വീടുകളിൽനിന്ന് വാങ്ങിയ വാക്കത്തിയുമാണ്‌  ആയുധങ്ങൾ.
 
ആക്രമണത്തിൽ  വേലായുധൻ, മാത്യു എന്നീ പൊലീസുകാർ കൊല്ലപ്പെട്ടു. ലോക്കപ്പിലുണ്ടായിരുന്ന സഖാവിനെ രക്ഷിക്കാനായില്ല. ഞങ്ങൾ ഒളിവിലുമായി. ഒരു നേരം മാത്രം ഭക്ഷണം. ചില ദിവസങ്ങളിൽ വെള്ളം പോലും കിട്ടില്ല.  മട്ടാഞ്ചേരിക്കും കൊച്ചിക്കും മാറി മാറി യാത്ര. ഒരിടത്തും  തങ്ങില്ല. തനിച്ചാണ് യാത്ര. എറണാകുളത്തുവച്ച് പൊലീസ് എന്നെ പിടിച്ചു. പിന്നെ ക്രൂരപീഡനത്തിന്റെ ഇരുപത്തിരണ്ടു മാസം...
 
ഒരു എസ്ഐ കുനിച്ചുനിർത്തി ഇടി തുടങ്ങി.  "ഇവന്റെ നട്ടെല്ലൊടിച്ചിട്ടേ ഞാനടങ്ങൂ’ എന്ന് പറഞ്ഞായിരുന്നു ഇടി. ഒപ്പമുള്ള  പൊലീസുകാർ പറയുന്നുണ്ട്, "സാറിനെക്കൊണ്ടതു പറ്റില്ല സാറേ, അവൻ ചത്തുപോകും’, എന്ന്. അയാൾ അതൊന്നും കൂട്ടാക്കിയില്ല. ഒടുവിൽ എസ്ഐ തളർന്നു. എന്റെ നടുവൊടിഞ്ഞില്ല. നഗ്നനാക്കി ലോക്കപ്പിലെറിഞ്ഞു. അതിനുള്ളിലും ഇടിയും ചവിട്ടും. ഞാൻ വീണു.  തറയും ചുവരും സിമന്റ് പൂശിയതാണ്. പിടിച്ചെഴുന്നേൽക്കാൻ ഒരു വഴിയുമില്ല.
 
രാത്രിയായപ്പോൾ, ഇരുട്ടത്ത്, വാതിലിനടുത്ത് വന്ന് ഏതോ ഒരാൾ, (പൊലീസുകാരനായിരിക്കണം), എന്റെ പേര് വിളിച്ചിട്ടു പറഞ്ഞു,
 
"എങ്ങനേലും എഴുന്നേൽക്കാൻ ശ്രമിക്കണം, കുറച്ചു നടക്കാനും. ഉടനത് ചെയ്‌തില്ലെങ്കിൽ ഒരിക്കലും എഴുന്നേൽക്കാനാകില്ല. ഇല്ലെങ്കിൽ ഇവിടെക്കിടന്ന്‌ ചത്തുപോകും.’  
 
ആർക്കാണ് ജീവിക്കാൻ ആശയില്ലാത്തത്. ചാവാൻ കിടക്കുന്ന അവസ്ഥയിലും ജീവിക്കാൻ തോന്നുമല്ലോ. ആ വാക്കുകൾ തന്ന ആവേശത്തിൽ  കഷ്ടപ്പെട്ട് എഴുന്നേറ്റു. ചുവരിൽ കൈകൾ തള്ളിപ്പിടിച്ച് രണ്ടു മൂന്നടി നടക്കും. പിന്നെയും വീഴും. പിന്നെയും എഴുന്നേൽക്കും. അങ്ങനെയങ്ങനെ നേരം വെളുത്തു. അപ്പോൾ വീണ്ടും മർദനം.
 
പൊലീസ് സ്റ്റേഷനോട് ചേർന്ന്‌ മൂന്ന് മുറിയുണ്ട്. ഒരു മുറിയിൽ മൂന്നുപേരെ കിടത്താം എന്നാണ് നിയമം. ഞങ്ങൾ ഇരുപത്തിയെട്ടുപേരാണ് ഒരു മുറിയിൽ. വായുസഞ്ചാരമില്ല.  നേരം വെളുത്താൽ ഇരുട്ടും വരെ ഓരോരുത്തരെയായി പുറത്തിറക്കി ഇടിയാണ്. ഭക്ഷണമോ വെള്ളമോ തരില്ല. രാവിലെ കക്കൂസിലേക്ക് കൊണ്ടുപോകും. ചീക്കിനിറക്കുക എന്നാണ് അതിനു പറഞ്ഞിരുന്നത്. ഇടിതന്നുകൊണ്ടാണ് കക്കൂസിലേക്ക് നടത്തുക. ഇത് തുടർന്നു. വിചാരണയില്ല, ജയിലില്ല. പീഡനം മാത്രം. ചില പൊലീസുകാർ തല്ലില്ല. തല്ലിക്കുകയേ ഉള്ളൂ. പുലയസമുദായത്തിൽപ്പെട്ട മാധവൻ എന്ന പൊലീസുകാരൻ ഉണ്ടായിരുന്നു. ആരെയും തല്ലില്ല. അപ്പോൾ കൂട്ടത്തിലുള്ള നായർ സമുദായത്തിൽപ്പെട്ട പൊലീസുകാരൻ അയാളെ കളിയാക്കി: "ലോക്കപ്പിലുള്ളത് തമ്പ്രാനല്ലേ, ഇവനെങ്ങനെ തല്ലാൻ പറ്റും...?’ പരിഹാസം സഹിക്കാൻ കഴിയാതെ വന്നപ്പോൾ മാധവനും ഇടി തുടങ്ങി. ഭീകരമായ പീഡനം. പരിഹാസമേൽക്കുന്നതിലുള്ള അപമാനവും അപകർഷതാബോധവും എല്ലാം തീർത്തത് എന്റെ മേലായിരുന്നു.
 
മാസങ്ങളോളം ഒരു കുഞ്ഞിന് കഴിക്കാവുന്ന ഭക്ഷണം പോലും തന്നിരുന്നില്ല. ആലുവ ചന്തയിലെ ഹൈദ്രോസിന്റെ ഹോട്ടലിൽ  ബാക്കിവരുന്ന സാമ്പാറിൽ കുറെ വെള്ളവും കൂടി ചേർത്ത് ഒരു പിടി ചോറ്  വാഴയിലക്കീറിൽ തന്നുതുടങ്ങി. അങ്ങനെ ദിവസത്തിൽ ഒരുനേരം ആഹാരം കിട്ടി എന്നുപറയാം. അതിലുള്ള കറിവേപ്പില ഉൾപ്പെടെ കഴിക്കും. ചോറുതരുന്ന വാഴയിലക്കീറ്‌ സൂക്ഷിച്ചുവയ്‌ക്കും. അത് കുമ്പിൾ കോട്ടി അതിൽ മൂത്രമൊഴിക്കും. എന്നിട്ടത് കുടിക്കും. അങ്ങനെ എത്രയോ ദിവസങ്ങൾ, മാസങ്ങൾ.  ഒരിക്കൽ വെള്ളം ചോദിച്ചപ്പോൾ ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു തലയിൽ ഒഴിച്ചു.  ആരുടെയൊക്കെയോ മൂത്രമായിരുന്നു അത്‌. 
 
 ആരോ ഉടുത്തു മുഷിഞ്ഞ ഒരു ടർക്കി ടൗവൽ ആണ് ഉടുക്കാൻ തന്നിരുന്നത്. മൂന്നാലുമാസം അതേ ടൗവൽ ഉടുത്തു കഴിയേണ്ടിവന്നു. അത് കഴുകാൻ അനുവദിക്കില്ല. അതിൽ കൂറയുണ്ടാകും. ഞാൻ ജീവിതത്തിലാദ്യമായി കൂറയെ കാണുന്നത് അപ്പോഴാണ്. അത് പേനിന്റെ മാതിരിയാണ്, പക്ഷേ വെളുത്തനിറം. ടൗവൽ ഉടുത്തുകഴിയുമ്പോൾ തുടയിലൂടെയൊക്കെ അതിഴയാൻ തുടങ്ങും. കടിക്കും. കടിക്കുന്നിടത്ത് അമർത്തിപ്പിടിക്കുമ്പോൾ അതിനെ കിട്ടും. അപ്പോൾ ഞെക്കിക്കൊല്ലും. ഒന്നോ രണ്ടോ അല്ലല്ലോ, നൂറുകണക്കിനല്ലേ, എത്രയെന്നുവച്ചാണ് കൊല്ലുക! ചുമരിൽ ചെറിയ ചെറിയ സുഷിരങ്ങളുണ്ട്, അതിൽ നിറയെ മൂട്ടകളുണ്ടാകും.
 
കുറച്ചുനാൾ കഴിഞ്ഞപ്പോൾ രാവിലെ കാപ്പിയുമല്ല, ചായയുമല്ലാത്തൊരു ദ്രാവകം കിട്ടിത്തുടങ്ങി. ചിലപ്പോൾ ചൂടുണ്ടാകും അതിന്. ചൂടുണ്ടെങ്കിൽ സന്തോഷമാണ്. സിഗരറ്റ് ടിന്നിലാണ് ഒഴിച്ചുതരിക. കുറേദിവസം കഴിഞ്ഞപ്പോൾ നിരാഹാരസമരം നടത്തി.  രാവിലെ ഒരു  പുട്ട് കൂടി തരാൻ തീരുമാനമായി.  പുട്ടെന്നുവച്ചാൽ, അര ഇഞ്ച് കനം ഉണ്ടാകില്ല. അങ്ങനെ കുറച്ചുനാൾ കഴിഞ്ഞു. വീണ്ടും നിരാഹാരസമരം. പിന്നെ, പുട്ടിനൊപ്പം കുറച്ച് കപ്പക്കറി കൂടി തന്നു. അങ്ങനെ സമരം ചെയ്‌തുചെയ്‌ത്‌ രണ്ടുകഷണം പുട്ടൊക്കെ കിട്ടാൻ തുടങ്ങി. അങ്ങനെ 22 മാസം...’
 
ഈ വർത്തമാനത്തിനിടയിൽത്തന്നെ സഖാവും മാഷും ഊണ് കഴിച്ചു, ചായ കുടിച്ചു..
 
ജീവിതത്തിന്റെ നൈരന്തര്യത്തിനു തടസ്സമില്ലതന്നെ. പക്ഷേ, ഇവിടെവരെ നമ്മളെത്താൻ... നമ്മളെ എത്തിക്കാൻ... എത്രപേരുടെ ജീവിതം തടസ്സപ്പെട്ടു, എത്ര  ജീവൻ നഷ്ടപ്പെട്ടു!
 
പിന്നീട് ഏറെ നേരം നിശബ്ദനായിരുന്നു, സാനുമാഷ്. സാംസ്‌കാരിക പ്രഭാഷണങ്ങൾക്ക് കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്‌ത ദുരന്തകാലങ്ങളും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രസിഡന്റായിരിക്കെ, യാത്രയിൽ  ലോക്കൽ കമ്പാർട്ട്‌മെന്റിൽ നിലത്ത് കടലാസ്‌ വിരിച്ചു കിടന്നുറങ്ങിയ രാത്രികളും ഓർത്തുകാണണം അദ്ദേഹം. സംസ്‌കാരത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഇന്നും ശ്രമിച്ചുകൊണ്ട് മുന്നിൽ നടക്കുന്നു ആ മനുഷ്യൻ. രാഷ്ട്രീയത്തെ സംസ്‌കാരവൽക്കരിക്കാൻ, അതിലൂടെ സമത്വാധിഷ്‌ഠിത  വ്യവസ്ഥിതി സൃഷ്ടിക്കാൻ, അതിനായി തൊഴിലാളിവർഗത്തെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് നേരിടേണ്ടിവന്ന ലോറൻസിന്റെ അനുഭവങ്ങളിലൂടെ ആ മനസ്സും സഞ്ചരിച്ചിട്ടുണ്ടാകണം.
 
കമ്യൂണിസ്റ്റ് വിരോധിയായി മാറിയശേഷം, സി ജെ തോമസ് ഒരിക്കൽ സാനു മാഷിനോട്  പറഞ്ഞു: "സാംസ്‌കാരികപ്രവർത്തനം രാഷ്‌ട്രീയ പ്രവർത്തനത്തെക്കാൾ പ്രയാസകരമാണ്. രാഷ്‌ട്രീയപ്രവർത്തകരോടൊപ്പം അണികൾ ഉണ്ടാകും, സാംസ്‌കാരികപ്രവർത്തകർക്കൊപ്പം ആരുമുണ്ടാകില്ല’. അന്ന് അതിനോട് പ്രതികരിച്ചില്ലെന്ന് സാനു മാഷ് പറഞ്ഞത് ഞാനോർത്തു.
 
ഇപ്പോൾ, സഖാവ് ലോറൻസിന്റെ അനുഭവങ്ങൾ കേൾക്കുമ്പോൾ, സ്വന്തം അനുഭവങ്ങൾ ഓർക്കുമ്പോൾ, സി ജെയുടെ അഭിപ്രായം മാഷിൽ എന്ത് പ്രതികരണമാകും സൃഷ്ടിക്കുക എന്ന്  വെറുതെ ആലോചിച്ചു.
ഓർമകൾ തന്നെയും സമരമാണല്ലോ!

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top