മുലായം സിംഗ് യാദവിനെ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അനുസ്മരിക്കുന്നു
ദേശീയ രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായ മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തോടൊപ്പം പാർലമെന്റിൽ 10 വർഷം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ദീർഘകാലം അദ്ദേഹം ചെയർമാനായ ഊർജകാര്യ സ്ഥിരം സമിതിയിൽ ഞാൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഊർജകാര്യ സ്ഥിരം സമിതി അംഗമെന്ന നിലയിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപെടാനും പ്രവർത്തിക്കാനുമുള്ള അവസരം ലഭിച്ചിരുന്നു. വളരെ തലമുതിർന്ന നേതാവായ അദ്ദേഹം ആ സമിതിയിലെ ചെറുപ്പക്കാരനായിരുന്ന എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. സമിതി യോഗങ്ങളിലെ ഇടപെടലുകൾക്ക് അദ്ദേഹം ധാരാളം അവസരങ്ങൾ തന്നു. ഞാൻ ഉന്നയിച്ച പല പ്രശ്നങ്ങൾക്കും വിശദീകരണം നൽകാൻ ചെയർമാൻ എന്ന നിലയിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമായിരുന്നു. വലിയ പ്രോത്സാഹനമാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്.
മറ്റൊരു അവിസ്മരണീയമായ സന്ദർഭം ഞാനിപ്പോൾ ഓർക്കുകയാണ്. സഭയിൽ ഒരു ദിവസം ഞാൻ ഹിന്ദിയിൽ പ്രസംഗിച്ചു. പാലക്കാട് കോച്ച് ഫാക്ടറി ആരംഭിക്കുന്നത് സംബന്ധിച്ച വിഷയമാണ് ഹിന്ദിയിൽ ഉന്നയിച്ചത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള അംഗങ്ങൾ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ഒരാൾ ഹിന്ദിയിൽ പ്രസംഗിക്കുമ്പോൾ സഭയുടെ ശ്രദ്ധയാകെ ആകർഷിക്കാനാകും എന്നതിനാലാണ് ആ തന്ത്രം പ്രയോഗിച്ചത്. അത് വിജയിക്കുകയും ചെയ്തു. സ്പീക്കറും സഭയിലെ അംഗങ്ങളാകെയും എന്നെ അഭിനന്ദിച്ചു. എന്നാൽ പ്രസംഗം കഴിഞ്ഞയുടൻ മുലായം സിംഗ് യാദവ് അടുത്തെത്തി എന്നെ ചേർത്തുപിടിച്ച് അഭിനന്ദിച്ചത് അവിസ്മരണീയമായ അനുഭവമായി. ചുമലിൽ പിടിച്ചുകൊണ്ട് അദ്ദേഹം, ഹിന്ദിയിൽ പ്രസംഗിച്ചത് നന്നായി, നല്ല ഹിന്ദിയായിട്ടുണ്ട് എന്നും പറഞ്ഞു. 'നവജവാൻ, അഗർ ദേശ് കാ നേതാ ഹോനാ ചാഹിയേ തോ ഹിന്ദി മേ ഹീ ഭാഷൻ കർനാ ഹേ' എന്ന് പറഞ്ഞ് ഇനിയും ഹിന്ദിയിൽ പ്രസംഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (അന്ന് ഹിന്ദി അടിച്ചേൽപ്പിക്കുന്ന സാഹചര്യം രൂപപ്പെട്ട് കഴിഞ്ഞിരുന്നില്ല. ഹിന്ദിയിൽ സംസാരിക്കാൻ ഞാൻ സ്വയം തീരുമാനിച്ചതായിരുന്നു. ഇന്ന് ഹിന്ദി അടിച്ചേൽപ്പിക്കുമ്പോൾ, അതിനെ ശക്തമായി ചെറുക്കേണ്ടതുണ്ട് എന്നുകൂടി പറയാതിരിക്കാനാവില്ല)
അതുപോലെ പല സന്ദർഭങ്ങളിലും, പ്രത്യേകിച്ച് പ്രതിഷേധങ്ങൾ ഉയർത്തിയ സന്ദർഭങ്ങളിലെല്ലാം പാർലമെന്റിൽ അദ്ദേഹം വലിയ പിന്തുണയും പ്രോത്സാഹനവും തന്നത് ഓർമ്മിക്കുകയാണ്. ഇടതുപക്ഷത്തോട് എക്കാലത്തും അദ്ദേഹത്തിന് ആഭിമുഖ്യമുണ്ടായിരുന്നു. ഹർകിഷൻ സിംഗ് സുർജിത്ത് അദ്ദേഹത്തിന് ഗുരുതുല്യനായിരുന്നു. എന്നാൽ 2008ൽ രണ്ടാം യു പി എ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചപ്പോൾ, അവസാന നിമിഷം എസ് പി മറിച്ചൊരു നിലപാടെടുത്തിരുന്നു. അതിന് പിന്നിൽ യഥാർത്ഥത്തിൽ അമർ സിംഗായിരുന്നു. അമർ സിംഗിന്റെ തന്ത്രങ്ങൾക്ക് വഴങ്ങുകയല്ലാതെ, മുലായം സിംഗ് യാദവിന് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
വളരെ രസകരമായ മറ്റൊരു സംഭവമുണ്ട്. മുലായം യുപി മുഖ്യമന്ത്രിയും സഖാവ് നായനാർ കേരള മുഖ്യമന്ത്രിയുമായിരിക്കുമ്പോൾ, നായനാർക്ക് മുലായം ഹിന്ദിയിൽ ഒരു കത്ത് അയച്ചു. അതിന് മറുപടി നായനാർ മലയാളത്തിൽ അയയ്ക്കുകയുണ്ടായി. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മുലായത്തെക്കുറിച്ച് മനസിൽ വരുന്നു.
സോഷ്യലിസ്റ്റ് പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന നേതാക്കളുടെ നിരയിൽ പ്രമുഖനായിരുന്നു മുലായം സിംഗ് യാദവ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ തലമുറയിലെ ഒരു പ്രധാന കണ്ണിയാണ് അറ്റുപോകുന്നത്. മുലായത്തിന് ആദരാഞ്ജലികൾ
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..