സുഗതകുമാരി ടീച്ചർ കടന്നുപോയ ദുഃഖഭാരം അടക്കിക്കൊണ്ടാണ് ഞാൻ ഈ വാക്കുകൾ എഴുതുന്നത്. കൈരളീ വിപിനത്തിലെ ഒരു മഹാമേരു ജീവിതചക്രം പൂർത്തിയാക്കി പ്രകൃതിയിലേക്ക് മടങ്ങി. ഈ തണലില്ലാതെ നമ്മൾ ഇനി ഉഴറണം.
‘മഴയത്ത് ചെറിയ കുട്ടി’ എന്നൊരു കവിത സുഗതകുമാരി ടീച്ചറുടേതായുണ്ട്. ടീച്ചറുടെ കുട്ടിക്കാലത്ത് എഴുതിയതാണ് എന്നാണ് എന്നോടൊരിക്കൽ പറഞ്ഞത്. ഇറയപ്പടിയിൽ മഴ വരുന്നതും കാത്തിരിക്കുന്ന, അത് പെയ്യുന്നത് കണ്ടിരിക്കുന്ന കുട്ടി, തന്റെ അരുമ പുസ്തകത്തിന്റെ താളൊന്നു ചീന്തി കടലാസു വഞ്ചിയുണ്ടാക്കി കൈയിലെ ചോന്ന പെൻസിലും വിട്ടിട്ടവൾ കൈകൊട്ടിച്ചിരിക്കുന്നു. അപ്പോൾ,
മഴയൊഴുക്കിൻ നെടും ചാലിലൂടെ
മുങ്ങിപ്പൊങ്ങിയൊലിച്ചു വരുന്നൂ
കുഞ്ഞുറുമ്പൊന്നു, പാവമേ പാവം!
ചെറിയ കുട്ടി തൻ പൂവിരൽത്തുമ്പാ-
ലതിനെ മെല്ലെയെടുത്തുയർന്നു
“ഇനി നീയെന്നെക്കടിച്ചു പോകല്ലെ’-
ന്നവനെശ്ശാസിച്ചു വിട്ടയക്കുന്നു......
പിന്നെ തെരുതെരെ ഒഴുകിവരുന്ന നൂറുകണക്കിന് ഉറുമ്പുകളെ മഴച്ചാലിൽനിന്ന് കയറ്റിവിട്ട് ആ ചെറിയകുട്ടി മഴ നനഞ്ഞും കൊ- ണ്ടവിടെത്തന്നെ പകച്ചു നിൽക്കുന്നൂ...
ലോകാനുരാഗിയായ കവിയാണ് സുഗതകുമാരിയെന്നു പറഞ്ഞത് ബാലചന്ദ്രൻ ചുള്ളിക്കാടാണ്. കേരളത്തിന്റെ മുന്നിൽ മഴയും നനഞ്ഞുനിന്ന ഈ ലോകാനുരാഗി ഇന്ന് നമ്മുടെ ഹൃദയങ്ങളെ പിളർന്നുകൊണ്ട് കടന്നുപോയിരിക്കുന്നു. കാടിനും പുഴയ്ക്കും കടലിനും തണ്ണീർത്തടത്തിനും പച്ചപ്പിനും കാവലാളായിരുന്നു ഈ കവി.
ഒരു കവിയുടെ ജീവിതത്തെ ഒറ്റയും തെറ്റയുമായ അഭിപ്രായങ്ങളാൽ വ്യാഖ്യാനിക്കരുത്; അതിന്റെ സാകല്യത്തിൽ കാണണം എന്ന് സുഗതകുമാരി ടീച്ചറെക്കുറിച്ച് ഞാൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ടീച്ചറോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം. പക്ഷേ, തെരുവിലേക്കിറങ്ങി നിൽക്കുന്ന കവികൾ ഇല്ലാതായിവരുന്ന കാലത്താണ് ഈ കവി ഇവിടെ നിന്നത്..
അഗതികളുടെ ആശ്വാസത്തിന് ജീവിതം നീക്കിവയ്ക്കുക അനായാസമല്ല. ആ പ്രവൃത്തിയുടെ രാഷ്ട്രീയത്തോട് വിമർശമുള്ളവരുമുണ്ട്. പക്ഷേ, ഹവാനയിലെ അഗതി മന്ദിരങ്ങൾ നടത്തുന്ന കന്യാസ്ത്രീകളോട് ഫിദൽ കാസ്ട്രോ പറഞ്ഞതു തന്നെയാണ് അതിന്റെ രാഷ്ട്രീയം- ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു.
“എവിടെ വാക്കുകൾ? എന്റെയുൾക്കാട്ടിലെ
മുറിവു നീറിടും വ്യാഘ്രിതൻ ഗർജനം?
അകിടുവിങ്ങിയോരമ്മ വാരിക്കുഴി
ക്കടിയിൽനിന്നും വിളിക്കും നെടുംവിളി.
എന്നെഴുതിയ, ഉന്മാദിനിയായ ആ വിപിനദുർഗയാണ് എന്റെ കാവ്യദേവത.” എന്നു പറഞ്ഞാണ് ബാലചന്ദ്രൻ തന്റെ നിരീക്ഷണം അവസാനിപ്പിക്കുന്നത്.
ആയിരം പൂർണചന്ദ്രനെ കണ്ട ഈ സഫലയാത്രയ്ക്ക് എന്റെ വന്ദനം.
“സ്വീകരിക്കുക, നിത്യ-
കൽപ്പകസുമങ്ങളാ-
ലാരചിച്ചൊരീയന-
ശ്വരമാം കിരീടം നീ.”
(അത്രമേൽ സ്നേഹിക്കയാൽ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..