21 April Sunday

‘തകരപ്പാട്ടയിൽ ചായ വേണ്ട’

ലെനി ജോസഫ‌്Updated: Sunday Feb 10, 2019

ആലപ്പുഴ
വള്ളംകളിയുടെ ആരവങ്ങൾക്ക‌് ആവേശം കൊടുക്കുന്ന കാഴ‌്ചഭംഗിയും കരിമീൻ  സ്വാദും ആലപ്പുഴയുടെ മഹിമയാണ‌്. ലോകം തന്നെ ശ്രദ്ധിക്കുന്ന പൈതൃകങ്ങളും വിഭവങ്ങളും ഈ ആസൂത്രിത നഗരത്തിലുണ്ട‌്. സമരപോരാട്ടങ്ങളുടെ നീണ്ട ചരിത്രം ആലപ്പുഴയെ മാനവികതയുടെ മണ്ണുമാക്കി.

കർഷകരുടെ ദുരിതം മാത്രമല്ല, ജാതീയത മനുഷ്യനെ എത്ര പ്രാകൃതനാക്കുന്നുവെന്ന‌ും തകഴി പറഞ്ഞു. ‘കുളിപ്പുരയിലുള്ള തകരപ്പാട്ട എടുത്തോണ്ട‌് വന്നാൽ ചായ തരാ’ മെന്നു ചായക്കടക്കാരൻ പറയുമ്പോൾ ‘എനിക്ക‌് വേണ്ട’ എന്ന‌് ചുടലമുത്തു പറയുന്നത‌് തോട്ടിയുടെ മകനിൽ കാണാം. അടിമയാകാനല്ല മനുഷ്യജന്മമെന്ന‌് ഓരോരുത്തരെക്കൊണ്ടും വയലാർ പാടിച്ചു. ഒത്തുപിടിച്ച കാർഷിക മുന്നേറ്റങ്ങൾ  കുട്ടനാടൻ വയലേലകളിൽ പുതു കതിരുകൾ വിരിയിച്ചു.

നാവികസേനയാൽ ശക്തരായിരുന്ന ചെമ്പകശ്ശേരി രാജാക്കൻമാരുടെ ആസ്ഥാനമായ അമ്പലപ്പുഴയും വിപ്ലവ ജ്വാലകളുയർന്ന പുന്നപ്ര വയലാറും ഈ മണ്ഡലത്തിൽ ഉൾപ്പെട്ടതാണ‌്.  മണ്ഡലത്തിന്റെ പേര‌് തന്നെ അമ്പലപ്പുഴ എന്നായിരുന്നു ആദ്യം. അമ്പലപ്പുഴയിൽ (1951–-52)നിന്ന‌് ആലപ്പുഴയിലേക്കുള്ള (1977) കാൽനൂറ്റാണ്ടത്തെ മണ്ഡല ഓട്ടത്തിനിടയിൽ രാജ്യചരിത്രം തന്നെ മാറിമറിഞ്ഞു. കോൺഗ്രസിന്റെ കുത്തക ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയ കാലമായി. ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ആലപ്പുഴയുടെ ശബ്ദവും മുഴങ്ങി. ആ സമരധ്വനികൾ ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളിൽ ഉയർന്നു.

പി ടി പുന്നൂസ‌്, പി കെ വി, സുശീല ഗോപാലൻ  തുടങ്ങി ഒട്ടേറെ പ്രമുഖരെ പാർലമെന്റിലെത്തിച്ച മണ്ഡലമാണിത‌്.  വി എം സുധീരനും (1996, 98, 99), കെ സി വേണുഗോപാലും (2009, 14) ആലപ്പുഴയെ പ്രതിനിധാനംചെയ‌്തു.  ഹരിപ്പാട‌് ഒഴികെ എല്ലായിടത്തും എൽഡിഎഫ‌് എംഎൽഎമാരാണുള്ളത‌്.  ജില്ലാ പഞ്ചായത്ത‌് എൽഡിഎഫാണ‌് ഭരിക്കുന്നത‌്. രണ്ട‌് മുനിസിപ്പാലിറ്റികളിലും 42ൽ 32 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ‌് ഭരിക്കുന്നു. കെ സി വേണുഗോപാൽ കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്തടക്കം മണ്ഡലത്തിലെ വികസനപ്രശ‌്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന വസ‌്തുത മണ്ഡലത്തിലെ സാധാരണ വോട്ടർമാർ വിളിച്ചുപറയുന്നു. 

ബിഎസ‌്എൻഎൽ മൊബൈൽ ഫോർ ജി ആയത‌് തന്റെ നേട്ടമായി ആഘോഷിക്കേണ്ട ഗതികേടിലാണ‌് എംപി. ആലപ്പുഴ ബൈപാസിന്റെ  കാലതാമസത്തിന‌് ഇടയാക്കിയ കേന്ദ്ര നിലപാടിൽ പ്രതിഷേധിക്കാൻ കൂട്ടാക്കാത്തതിലും ശക്തമായ വിമർശമുണ്ട‌്.  ആലപ്പുഴയെ പിടിച്ചുകുലുക്കിയ പ്രളയകാലത്ത‌്  എംപി എവിടെയായിരുന്നു എന്ന തീരവാസികളുടെ ചോദ്യം മാത്രംമതി  എംപിയുടെ നിലപാട‌് ബോധ്യപ്പെടാൻ.

 


പ്രധാന വാർത്തകൾ
 Top