23 April Friday

റിഫ്രഷായോ ... കോവിഡനുഭവങ്ങളിൽ കേരളം

വിനോദ്‌ പായംUpdated: Saturday Jan 30, 2021


മെസഞ്ചർ ബോക്‌സിൽ പച്ച കത്തിയതിന്‌ പിന്നാലെ, ഹായ്‌ എന്ന സന്ദേശം എവിടെനിന്നൊക്കെയോ വന്ന കാലം. സ്‌കൂൾ കാലത്ത്‌ മറന്നുവച്ച സൗഹൃദം പൂത്ത ആവേശത്തിൽ തിരികെ ഹായ്‌ പറഞ്ഞതും; അടുത്ത സന്ദേശം: ‘‘എന്റെ യുട്യൂബ്‌ ചാനൽ ഒന്ന്‌ ലൈക്ക്‌ ചെയ്യാമോ’’ ആയിക്കോട്ടെ എന്നു പറഞ്ഞതും, ഉയർത്തിയ തമ്പ്‌ കാട്ടി ആ സൗഹൃദം പിൻവാങ്ങി. കേവലകൗതുകത്തിൽ ആ ചാനൽ തുറക്കുമ്പോൾ വരുന്നു; കുമ്പളങ്ങ കറിയുടെ വിശേഷങ്ങൾ പങ്കിടുന്ന പഴയ കൂട്ടുകാരി!

പണ്ടെങ്ങോ കഴിഞ്ഞുപോയ സൗഹൃദങ്ങൾ, ലോക്‌‌ഡൗണിൽ‌ ഓൺലൈനായി റിഫ്രഷ്‌ ചെയ്യിച്ചതും ഈ കോവിഡ്‌ കാലത്തെ അനുഭവങ്ങളിൽ പ്രധാനം‌.ലോക്‌‌ഡൗൺ പാതിയിൽ പ്രത്യേകാനുമതി വാങ്ങി, കർണാടകയിലെ ബാങ്കിൽ ജോലിക്ക്‌ പോയ അനുഭവം  ഒരുദ്യോഗസ്ഥ പങ്കിട്ടു. നാട്ടിലെ ശീലംവച്ച്‌ മാസ്‌ക്കിട്ട്‌ സാനിറ്റൈസറും മറ്റും കൈയിൽ കരുതിയാണ്‌ ഉഡുപ്പിക്കടുത്ത്‌ കുന്ദാപുരത്തുള്ള  ബാങ്കിൽ അവരെത്തിയത്‌. മാസ്‌ക്കിട്ട്‌ കണ്ടതും, ഇടപാടുകാർ ബാങ്കിൽ വരാതായത്രെ!

രോഗികൾ മാത്രമാണ്‌, മാസ്‌ക്‌ ധരിക്കുന്നത്‌ എന്നും, ഉദ്യോഗസ്ഥയ്‌ക്ക്‌ രോഗമുണ്ട്‌ എന്നുമാണ്‌ അവർ ആരോപിച്ചത്‌! കേരളത്തിൽ ഇപ്പോൾ രോഗികൾ കൂടുന്നു എന്ന റിപ്പോർട്ട്‌ വരുന്നതിന്റെ മറ്റൊരു വശമാണിത്‌. കർണാടകയിലും മറ്റും പരിശോധനയില്ല, സാമൂഹ്യ അകലമില്ല, മാസ്‌ക്‌ പോലുമില്ല. ലോക്‌‌ഡൗൺ ഇളവുകൾ വന്നപോലെ കോവിഡും സ്വാഭാവികമായി പടിയിറങ്ങി എന്നാണ്‌ അവർ പറയുന്നത്‌. രോഗത്തെ പടർന്നുകയറാതെ പിടിച്ചുവച്ച്‌ പിടിച്ചുവച്ച്‌ മുന്നേറുന്ന, കേരളം അപ്പോൾ ആരായി?

മനുഷ്യാവകാശം ചിലകാലമിങ്ങനെ
കേരളത്തിൽ ആകെ മൂന്നക്കത്തിൽ താഴെ മാത്രം കോവിഡ്‌ രോഗികളുള്ള കാലം‌‌. അതുവരെ ഹർത്താൽ മാത്രം പരിചയമുള്ള കാസർകോട്ടുകാർ, ലോക്‌‌ഡൗൺ വന്നതോടെ ഒന്നുരണ്ട്‌ ദിവസം പിടിച്ചുനിന്നു. ഇതിലൊന്നും കാര്യമില്ലെന്ന്‌ ചിന്തിച്ചാവണം, വൈകിട്ട്‌ ബൈക്കിലും കാറിലുമായി നഗരത്തിൽ ഇറങ്ങിത്തുടങ്ങി. രോഗവ്യാപനം കൂടുതൽ കാസർകോട്‌ ജില്ലയിലാണെന്ന വാർത്തയും ഇതിനിടയിൽ വരുന്നു. രോഗനിയന്ത്രണത്തിൽ സർക്കാരിന്‌ പാളിച്ചയെന്ന പതിവുപല്ലവി പ്രതിപക്ഷവും ഉന്നയിച്ചു. ലോക്‌ഡൗണിന്റെ ആദ്യ പരീക്ഷണമായി, സുരക്ഷാചുമതല പൊലീസിന്‌ കൈമാറി. നഗരത്തിൽ കറങ്ങാൻ മാത്രമായി വന്നവർക്ക്‌ പൊലീസ്‌ വക ‘സമ്മാനം’ കിട്ടിത്തുടങ്ങി. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പറപറന്നു. സ്വിച്ചിട്ടപോലെ കാസർകോട്‌ രോഗവ്യാപനത്തിൽനിന്നും അതിവേഗം തിരികെ വന്നു. കലക്ടറടക്കം ഫീൽഡിലിറങ്ങി നടത്തിയ ആക്‌ഷൻ അതിവേഗം ഫലംകണ്ടു. അത്‌ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്‌ ചിലർ അടക്കം പറഞ്ഞു. എന്നാൽ മലയാളിക്ക്‌ അതുവരെ പരിചയമില്ലാത്ത, ആരോഗ്യ അടിയന്തരാവസ്ഥ ഇങ്ങനെയൊക്കെയായിരുന്നു സമൂഹത്തിൽ മാറ്റം  വരുത്തിയതെന്ന്‌ ഇന്ന്‌ തിരിച്ചറിയുന്നു.


 

ലോക്‌‌ഡൗൺ പാതിയായ കാലത്ത്‌, മകളുടെ കല്യാണം നടത്താൻതന്നെ ഒരുപ്രമുഖ വ്യവസായി  തീരുമാനിച്ചു. അടച്ചിടലിന്‌ ശേഷം നല്ലൊരു ശാപ്പാട്‌ തരമാകാത്ത ബന്ധുക്കളും പ്രമാണിമാരായ സുഹൃത്തുക്കളും അടച്ചിട്ട മുറിയിൽ കല്യാണം ആഘോഷിച്ചു. ഒരാഴ്‌ച കഴിഞ്ഞ്‌, കല്യാണത്തിൽ പങ്കെടുത്ത രണ്ടുപേർക്ക്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തു. ഇതിൽ പങ്കെടുത്ത ചിലർ പിന്നെയും കൂട്ടായ്‌മകളിൽ പങ്കെടുത്തതായി അധികൃതർക്ക്‌ വിവരം കിട്ടി. കല്യാണ ആഘോഷം അപ്പോഴും  കഴിഞ്ഞിരുന്നില്ല. വിരുന്നാണെന്നും പറഞ്ഞ്‌ വരന്റെ വീട്ടിൽ പരിപാടി. ആരോഗ്യ വകുപ്പും പൊലീസും വീട്ടിൽ കുതിച്ചെത്തി. വീട്ടിലുള്ള ഓരോ ആളെയും ഓരോ ആംബുലൻസിൽ കയറ്റി നിലവിളി ശബ്ദമോടെ, അടുത്ത ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. അമ്പതിലധികം 108 ആംബുലൻസ്‌ സൈറനോടെ നടത്തിയ പ്രകടനവും സാമൂഹ്യ മാധ്യമങ്ങളിൽ പറപറന്നു. കാഴ്‌ച കണ്ട നാട്ടുകാർ വിരണ്ട്‌, പിന്നെ ഒരുമാസം പുറത്തിറങ്ങിയില്ല.

പിന്നെ സുപരിചിത കാലം
അപരിചിതമായ അടച്ചിടൽ, ആദ്യഘട്ടം കഴിഞ്ഞപ്പോൾ ശീലമാക്കി മലയാളി നേരിട്ടു. സ്‌കൂളിൽ പോകാൻ കഴിയാത്തവൾ,  ഉപേക്ഷിച്ച കുപ്പി പൊടിതുടച്ചെടുത്ത്‌‌ കളർ കൊടുത്ത്‌ ഭംഗിയാക്കി അലമാരയിൽ വച്ചു. പേപ്പറിൽ താജ്‌മഹൽ വരെ തീർത്തു. ചില മിടുക്കർ, അതിനെ യുട്യൂബിലാക്കി പ്രചരിപ്പിച്ചു; കാശുമുണ്ടാക്കുന്നു.

അന്നുവരെ ഹോട്ടലിൽ മാത്രംകണ്ട്‌ പരിചയമുള്ള സ്വാദിനെ അടുക്കളയിലെ അരങ്ങത്തെത്തിച്ചു. പൊറോട്ട മുതൽ പുലാവ്‌ വരെ തീൻമേശയിൽ നിരന്നു. അങ്ങനെയുണ്ടാക്കാൻ പഠിച്ച കേക്കും വിശിഷ്ട ഭോജ്യങ്ങളും ഇപ്പോൾ ജീവിത മാർഗമായ വീട്ടമ്മമാരുമുണ്ട്‌.

ചിലർ ഓൺലൈനിൽ സംഗീതം പഠിച്ചു; ചിലർ പാടി.  സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായ ആര്യ ദയാൽ, ലോക്‌‌ഡൗണിൽ ബംഗളൂരുവിലെ ഹോസ്‌റ്റലിൽ അടച്ചിട്ടിരുന്നപ്പോൾ പാടിയ പാട്ടുകൾക്ക്‌ ഒറ്റദിവസം ഒന്നരലക്ഷത്തിലധികം കേൾവിക്കാരുണ്ടായി.‌ അതുവരെ ആയിരം–-രണ്ടായിരം വരെ മാത്രം കേൾവിക്കാരുണ്ടായ തന്റെ ജീവിതം ലോക്‌‌ഡൗണാണ്‌ ഹിറ്റാക്കിയതെന്ന്‌ ആര്യ ഓർക്കുന്നു.

കൂട്ടായ്‌മയിലും അല്ലാതെയും ആൾക്കാർ കൃഷിയിലേക്കും‌ മറ്റും പടികടന്ന കാലവും ഇതാണ്‌. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പരിപാടിയിൽ കുന്നിൽ നെല്ലും തൊടിയിലെ കുഴിയിൽ മീനും പുനർജനിച്ചു. സുഭിക്ഷകേരളത്തിന്റെ വിളവെടുപ്പ്‌ കാലം കൂടിയാണിത്‌. വിപണിയിൽ 30 രൂപ വരെയുണ്ടായിരുന്ന കപ്പയ്‌ക്ക്‌ ഇപ്പോൾ കിലോയ്‌ക്ക്‌‌ 15 രൂപയിലും താഴെ വരുന്നു. തൊടിയുള്ള വീടുകളിൽ പത്തുമൂട്‌ കപ്പ വിളയാത്ത നാടിപ്പോഴില്ല. ലോക്‌‌ഡൗണിൽ വച്ച പത്ത്‌, ആപത്തുകാലമല്ലെങ്കിലും ഇപ്പോൾ എടുത്ത്‌ തിന്നാൻ പാകമായി.

വീട്ടകം എത്രമാത്രം സുരക്ഷിതം
വീടും വീട്ടുകാരും തമ്മിൽ ഇതുവരെയില്ലാത്ത ഇടപഴകലിന്റെ കാലമാണ്‌ കടന്നു‌പോയത്‌. വർക്ക്‌ ഫ്രം ഹോം എന്ന വാക്ക്‌ ലോക്‌ഡൗൺ, കണ്ടെയ്‌ൻമെന്റ്‌ സോൺ, ക്വാറന്റൈൻ തുടങ്ങിയ വാക്കുപോലെ  ഏറെ പരിചിതമായി.  കൂടിച്ചേരലുകൾ ഗൂഗിൾമീറ്റായും പണമിടപാടുകളും ഷോപ്പിങ്ങുമുൾപ്പെടെ ഓൺലൈനായും മാറിയത്‌ എത്രപെട്ടന്നാണ്‌.

ഇക്കാലത്ത്‌ അടുത്തറിയലിനൊപ്പം ചൂഷണവും വഴിഞ്ഞൊഴുകിയതായി ക്രൈം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടികൾ ലൈംഗിക ചൂഷണത്തിന്‌ വിധേയമായ വാർത്തകളും; കേരളത്തിന്‌ പുറത്ത്‌ വിശേഷിച്ച്‌, വളരെ സാധാരണമായി വരുന്നു. ഗർഭഛിദ്രത്തിന്‌ അനുമതി തേടി കുട്ടികളുടെ അമ്മമാർ സുപ്രീംകോടതിയിൽ എത്തിയ വാർത്തകളും ഇതിനിടയിൽ നാം വായിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top