16 January Saturday

കോട്ടയത്ത്‌ വീതം വയ്‌പ്‌ തർക്കം തീരാതെ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കോട്ടയം > മധ്യകേരളത്തിലെ ഏറ്റവും വലിയ സഖ്യകക്ഷിയായ കേരള കോൺഗ്രസ്‌ എമ്മിനെ പുറത്താക്കിയിട്ടും യുഡിഎഫിന്‌ വീതിക്കാൻ സീറ്റ്‌ തികയുന്നില്ല.  കോൺഗ്രസും ജോസഫ്‌ വിഭാഗവും സീറ്റ്‌ പങ്കിട്ടെടുത്തശേഷവും തമ്മിൽ തമ്മിൽ റിബലും അതൃപ്‌തിയും പടരുകയാണ്‌. ലീഗ്‌ ഉൾപ്പെടെയുള്ള ഘടകകക്ഷികളെ തഴഞ്ഞതിന്റെ കലാപം ഇപ്പോഴും തുടരുകയാണ്‌. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിൽ ഒരു സീറ്റുപോലും ലീഗിന്‌ നൽകിയില്ല.

കോട്ടയത്ത്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ അടക്കം 16 ഇടങ്ങളിൽ  റിബലുകൾ യുഡിഎഫിനെ വലയ്‌ക്കുന്നു‌. പത്തനംതിട്ട,  ഇടുക്കി  ജില്ലകളിൽ 30 വീതം റിബലുണ്ട്‌. കോട്ടയത്ത്‌ 22ൽ ഒമ്പത്‌ ഡിവിഷൻ ജോസഫ്‌ വിഭാഗത്തിന്‌ നൽകിയിരുന്നെങ്കിലും പിന്നീട്‌ വൈക്കം കോൺഗ്രസ്‌ തിരികെ എടുത്തു. അതിരമ്പുഴ ജില്ലാ ഡിവിഷൻ ജോസഫ്‌ ഗ്രൂപ്പിനാണ്‌. എന്നാൽ മഹിള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, സ്ഥാനം രാജിവച്ച്‌ റിബലായി മത്സരിക്കുന്നു. കോൺഗ്രസ്‌ നേതാക്കളുടെ അറിവോടെയാണ്‌ മത്സരം.

ജോസഫ്‌ വിഭാഗത്തിലെതന്നെ മുൻ ഭാരവാഹിയും ഇവിടെ റിബലുണ്ട്‌. പത്തനംതിട്ടയിൽ മൂന്ന്‌ ഡിവിഷൻ ജോസഫ്‌ വിഭാഗത്തിന്‌ നൽകിയിരുന്നെങ്കിലും ഒരെണ്ണം കോൺഗ്രസ്‌ തിരികെയെടുത്തു. കേരള കോൺഗ്രസ്‌ എം പുറത്തുപോയാൽ യുഡിഎഫിലെ എല്ലാ കക്ഷികൾക്കും തെരഞ്ഞെടുപ്പിൽ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ്‌ നേതാക്കൾ തകർത്തതായും അതുകൊണ്ടാണ്‌ റിബലായി മത്സരിക്കുന്നതെന്നും ഘടകകക്ഷി നേതാക്കൾ പറയുന്നു.

തിരുവഞ്ചൂർ കെ സി ജോസഫ്‌ പോരും വർധിച്ചു

കോട്ടയത്ത്‌  തിരുവഞ്ചൂർ രാധാകൃഷ്‌ണനും  കെ സി ജോസഫും തമ്മിലുള്ള പരസ്‌പര വെട്ട്‌ താഴെത്തട്ടിൽ ബാധിച്ചു‌. കെ സി ജോസഫിന്റെ കോട്ടയത്തെ കൂടുതൽ ഇടപെടലാണ്‌ തിരുവഞ്ചൂരിനും മറ്റ്‌ ഗ്രൂപ്പുകാർക്കും പ്രകോപനമാകുന്നത്‌.

ഉമ്മൻചാണ്ടി ഇതിലൊന്നും ഇടപെടുന്നുമില്ല.ജോസ്‌ കെ മാണി വിഭാഗം എൽഡിഎഫിലെത്തിയതോടെ ജില്ലയിൽ യുഡിഎഫ്‌ ദുർബലവുമാണ്‌.  രണ്ടില ചിഹ്നം ജോസിന്‌ ലഭിച്ചതും മറ്റൊരു തിരിച്ചടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top