പൊന്നാനി > ബൈക്കിൽ യാത്രചെയ്ത മൂന്നുപേരെ പിടികൂടിയത് സംസാരിക്കാനാണ് നഗരസഭാ കൗൺസിലർ പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തിയത്. അവിടം സംഘർഷഭരിതമായിരുന്നു. ഹിന്ദു പെൺകുട്ടിയും മുസ്ലിം യുവാവും തമ്മിലുള്ള പ്രണയമാണ് വിഷയം. ആ കാഴ്ച മനസ്സിൽ ഒപ്പിയെടുത്തു. അനിതയുടെയും ഇർഫാന്റെയും പ്രണയമായി അത് സ്ക്രീനിൽ വിരിഞ്ഞു. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ‘കിസ്മത്തി’നെ തേടിയെത്തി. അങ്ങനെ ഷാനവാസ് കെ ബാവകുട്ടി എന്ന കൗൺസിലർ സംവിധായകനായി. മറ്റൊരു തദ്ദേശ തെരഞ്ഞെടുപ്പ് ചൂട് പടരുമ്പോൾ പൊന്നാനിക്കാരൻ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ടഭ്യർഥനയിലാണ്.
2005ൽ നഗരസഭ 32-ാം വാർഡിൽനിന്നാണ് ജയിച്ചത്. 2010ൽ വീണ്ടും ജയിച്ചു. ജനപ്രതിനിധിയായ പത്തുവർഷം ജീവിതത്തെ അടിമുടി മാറ്റിമറിച്ചെന്ന് ഷാനവാസ്. ‘‘പാഠപുസ്തകങ്ങളിൽനിന്ന് ലഭിച്ചതിനേക്കാൾ വലിയ പാഠം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽനിന്നും ജനപ്രതിനിധിയെന്ന നിലയിലും പകർന്നുകിട്ടി. ആദ്യ സിനിമ ‘കിസ്മത്തി’ലും പിന്നീട് ‘തൊട്ടപ്പനി’ലും ഇത് പ്രതിഫലിച്ചു. മൂന്നാമത്തെ സിനിമയുടെ തയ്യാറെടുപ്പിലാണ്. അനുഭവമാണ് എന്നിലെ സംവിധായകനെ പരുവപ്പെടുത്തിയത്’’–- ഷാനവാസ് പറഞ്ഞു.
ജനപ്രതിനിധിയായിരിക്കെ ചെറക്കുളം ക്ഷേത്രക്കുളം നവീകരിച്ചതും റോഡുകൾ ഒരുക്കിയതും വെളിച്ചമെത്തിച്ചതും തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ പ്ലസ്ടു ബ്ലോക്ക് നിർമിച്ചതും നേട്ടമായി. എൽഡിഎഫ് സ്ഥാനാർഥി റീന വേണുവിനായി പ്രചാരണത്തിലാണിപ്പോൾ ഷാനവാസ്. ഭാര്യ സാബിറ സിപിഐ എം തൃക്കാവ് ബ്രാഞ്ച് അംഗമാണ്. മക്കൾ: ഷാമിൽ, ഷാസിൽ, ഷാഹിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..