16 January Saturday

തെക്ക്‌ സീറ്റില്ല, ഉള്ളിടത്ത്‌ വിമതരും; അവഗണനയെന്ന പരാതിയുമായി മുസ്ലിംലീഗ്‌

സ്വന്തം ലേഖകൻUpdated: Monday Nov 30, 2020

കോഴിക്കോട്‌ > സീറ്റില്ല, കിട്ടിയ സീറ്റുകളിൽ കോൺഗ്രസ്‌ വക വിമതർ... തെക്കൻ ജില്ലകളിൽ അവഗണനയെന്ന പരാതിയുമായി മുസ്ലിംലീഗ്‌. പല ജില്ലകളിലും കോൺഗ്രസ്‌ അർഹമായ സീറ്റ്‌ നിഷേധിച്ചതായാണ്‌ പരാതി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിലെല്ലാം ലീഗിന്‌ കഴിഞ്ഞ തവണത്തെ സീറ്റ്‌ നൽകിയില്ല.

ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായുള്ള  സഖ്യത്തിന്റെ പേരിലാണ്‌ ലീഗിനെ മാറ്റിനിർത്തുന്നത്‌. മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ലീഗും കോൺഗ്രസും വെൽഫെയർ പാർടിയുമായി  പരസ്യ സഖ്യമുണ്ട്‌. എന്നാൽ ഈ  ബന്ധം തെക്കൻ ജില്ലകളിൽ ദോഷമാകുമെന്ന  കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ‌ സംശയമാണ്  അകറ്റാൻ കാരണമെന്നാണ്‌ ലീഗിന്റെ വിശ്വാസം.

കോട്ടയത്താണ്‌ ലീഗിനെ   വല്ലാതെ ഒതുക്കിയത്‌. ജില്ലാപഞ്ചായത്തിൽ സീറ്റ്‌ നിഷേധിച്ചു. 2015-ൽ എരുമേലി ഡിവിഷൻ നൽകിയിരുന്നു. നഗരസഭകളിലും പലയിടത്തും ലീഗ്‌ മുന്നണിക്ക്‌ പുറത്താണ്‌ ‌.  ഗ്രാമ–-ബ്ലോക്ക്‌‌ പഞ്ചായത്തുകളിൽ യുഡിഎഫിനെതിരെ   ലീഗിന്‌ വിമത വേഷവുമുണ്ട്‌‌‌‌. പത്തനംതിട്ടയിലും ജില്ലാപഞ്ചായത്തിൽ സീറ്റില്ല‌. പത്തനംതിട്ട നഗരസഭയിൽ ലീഗിനെതിരെ കഴിഞ്ഞ തവണ മത്സരിച്ച വിമതന്‌ കോൺഗ്രസ്‌ സീറ്റ്‌ നൽകിയതിലുള്ള അതൃപ്‌തി വേറെ. ഏനാത്ത്‌, ഏഴംകുളം പഞ്ചായത്തുകളിൽ വിമതശല്യവും അലട്ടുന്നു.
കൊല്ലത്ത്‌ സീറ്റ്‌ കച്ചവടക്കുരുക്കിലാണ്‌ ലീഗ്‌ നേതൃത്വം.

ജില്ലാ പ്രസിഡന്റ്‌ സീറ്റ്‌ വിറ്റതായി ആരോപിച്ച്‌ ‌ ജില്ലാ സെക്രട്ടറി ചാത്തിനാങ്കുളം സലീം രാജിവച്ചു.  കൊല്ലം കോർപറേഷനിലെ കോൺഗ്രസിന്റെ മുൻ കൗൺസിലർക്ക്‌ സീറ്റ്‌ വിറ്റെന്നാണ്‌ ആരോപണം‌. സലീമിന്‌ പിന്തുണയുമായി കൊല്ലം മണ്ഡലം പ്രസിഡന്റടക്കമുള്ളവരും രാജിവച്ചതോടെ  പ്രതിസന്ധി രൂക്ഷമായി.  കൊച്ചി കോർപറേഷനിൽ കിട്ടിയ സീറ്റിലൊന്ന്‌  ലീഗ്‌ വെൽഫെയർ പാർടിക്ക്‌ നൽകി. ബാക്കി ആറ്‌ സീറ്റിലും ലീഗിന്‌ വിമതഭീഷണിയുണ്ട്‌.  ജില്ലാപഞ്ചായത്തിൽ പി കെ അബ്ദുൾഅസീസിനെ മത്സരിപ്പിക്കുന്നതിൽ ലീഗിനകത്തും കോൺഗ്രസിലും എതിർപ്പ്‌ പ്രകടം.

പാലാരിവട്ടം പാലം അഴിമതിയിൽ അകത്തായ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനൊപ്പം പ്രതിക്കൂട്ടിലുള്ളയാളാണ്‌ സ്ഥാനാർഥി. അഴിമതിക്കെതിരെ എന്നതിന്‌ പകരം അഴിമതിക്കൊരു വോട്ട്‌ എന്ന ട്രോൾ ഇവിടെ ലീഗിലൊരു വിഭാഗം തന്നെ ഇറക്കിയതും ചർച്ചയാണ്‌. മലപ്പുറം മുതൽ വടക്കോട്ട്‌  തങ്ങൾ ‌പറയുന്നിടത്താണ്‌ കോൺഗ്രസ്‌ എന്നതാണ്‌ ലീഗിനൊരു ആശ്വാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top