16 January Saturday

വയലുകളിൽ നിശ്ശബ്‌ദ വിപ്ലവം; കാർഷിക രംഗത്തെ നെഞ്ചേറ്റി കേരളം

സുമേഷ്‌ കെ ബാലൻ/ എസ്‌ സിരോഷ/ എസ്‌ ഇന്ദ്രജിത്ത്‌/ വേണു കെ ആലത്തൂർUpdated: Wednesday Nov 25, 2020

മറയൂരിലെ വെളുത്തുള്ളി വിളവെടുക്കുന്ന കർഷകർ

വയലുകളിൽ നിശ്ശബ്ദ വിപ്ലവം കതിരിടുകയാണ്‌. അടച്ചിരിപ്പുകാലത്ത്‌ കേരളത്തിന്റെ അതിജീവനപ്പോരാട്ടം നയിച്ചത്‌ മണ്ണിലെ വിപ്ലവമാണ്‌. വരൾച്ചയും ഓഖിയും പ്രളയവും നിപായും കോവിഡും അതിജീവിച്ച്‌ കേരളം തലയുയർത്തി നിൽക്കുന്നതിനു പിന്നിൽ കൃഷിയുടെ കരുത്തും നേരുമുണ്ട്‌. സുഭിക്ഷ കേരളത്തിന്റെ ചിറകേറി കേരളം കുതിക്കുന്നു. പച്ചക്കറിക്ക്‌ താങ്ങുവില, കർഷകർക്ക്‌ പെൻഷൻ, റോയൽറ്റി... കാർഷിക രംഗത്തെ നെഞ്ചേറ്റുകയാണ്‌ കേരളം.


തിരുവനന്തപുരം > വരൾച്ച, ഓഖി ചുഴലിക്കാറ്റ്‌, മഹാപ്രളയം, വെള്ളപ്പൊക്കവും കാലവർഷക്കെടുതികളും തൊട്ടു പിന്നാലെ കോവിഡ്‌. 2016 മുതൽ ഇന്നുവരെ കേരളത്തിലെ കാർഷികമേഖല നേരിട്ട തിരിച്ചടികളുടെ ഏറ്റവും ചെറിയ വിവരണമാണിത്‌. കടുത്ത പ്രതിസന്ധിയുടെ നാളുകൾ. അതിനെ അവസരമാക്കി മണ്ണിലേക്ക് ഇറങ്ങിയവർക്കെല്ലാം പ്രതിഫലം നൽകി മണ്ണ്‌ അവരെ കാത്തു, നൂറുമേനി വിളവ്‌.  തരിശുനിലങ്ങളിൽ കൂട്ടായ്‌മയുടെ വിത്തെറിഞ്ഞപ്പോൾ അവ കതിരണിഞ്ഞു, പച്ചത്തുരുത്തുകളായി മാറി.  ഈ പുതു വസന്തത്തിന്‌ കളമൊരുക്കിയത്‌ ഇച്ഛാശക്തിയുള്ള സർക്കാരിന്റെ ഇടപെടലാണ്‌.

ആറന്മുള, റാണി, ചിത്തിര, മെത്രാൻ കായൽ തുടങ്ങി വർഷങ്ങളായി തരിശിട്ട 50,000 ഏക്കർ നിലം കതിരണിഞ്ഞു. പച്ചക്കറി ലോറിക്കായുള്ള കാത്തിരിപ്പില്ലാതായി. പച്ചക്കറി ഉൽപ്പാദനം ഇരട്ടിയിലധികമായി. രാജ്യത്ത്‌ ആദ്യമായി 16 ഇനം പഴം–- പച്ചക്കറിക്ക്‌ അടിസ്ഥാനവില പ്രഖ്യാപിച്ച്‌ കർഷകർക്ക്‌ കൈത്താങ്ങായി.

നെൽ ഉൽപ്പാദനത്തിലും വിസ്‌തൃതിയിലും സംഭരണ അളവിലും വർധനയുണ്ടായി. 2015‐16ൽ 21.50 രൂപയായിരുന്ന സംഭരണവില ഈ വർഷം 27.48 രൂപയാക്കി, 28 ശതമാനം വർധന, രാജ്യത്ത്‌ ഏറ്റവും ഉയർന്നതും. നെൽകർഷകർക്ക്‌ റോയൽറ്റി ഏർപ്പെടുത്തി. ഹെക്ടറിന്‌ 2000 രൂപവീതം. 500ൽനിന്ന്‌ 1400 രൂപയായി കർഷക പെൻഷൻ തുക ഉയർത്തി. മുൻ സർക്കാർ കുടിശ്ശികവച്ച പെൻഷനുൾപ്പെടെ 1830 കോടി രൂപയാണ്‌ നൽകിയത്‌. പുതുതായി 10,269 കർഷകരെ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തി. ആദ്യ കർഷകക്ഷേമനിധി ബോർഡ്‌ സംസ്ഥാനത്ത്‌ യാഥാർഥ്യമാക്കി. ഇതോടെ 5000 രൂപയാകും കുറഞ്ഞ പെൻഷൻ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സുഭിക്ഷ കേരളം പദ്ധതിക്കും മികച്ച പ്രതികരണം ലഭിച്ചു. 79,257 പേർ പദ്ധതിയിൽ രിജസ്റ്റർ ചെയ്‌തു. ഇവരിൽ 19,070 യുവാക്കളും 13,902 പ്രവാസികളും.

കൃഷിപാഠത്തിന്‌ നൂറിൽ നൂറ്‌

തിരുവനന്തപുരം > പഠനവും പരീക്ഷയുമെല്ലാം ഓൺലൈനായപ്പോൾ കേരള സർവകലാശാല ഓഫ്‌ലൈൻ വിപ്ലവത്തിന്‌ തുടക്കമിട്ടു. കാര്യവട്ടം ക്യാമ്പസിൽ കാട്‌ പിടിച്ചുകിടന്ന 20 ഏക്കർ ഭൂമിയിൽ നെൽക്കൃഷി. സംസ്ഥാന സർക്കാരിന്റെ ‘സുഭിക്ഷ കേരള’ ത്തിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ സഹായത്തോടെ പരിസ്ഥിതി
ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക്‌ തുടക്കം കുറിച്ചു.

കുമാരവേലിനും വിലയുണ്ട്‌


മറയൂർ > പച്ചക്കറിക്ക് തറവില നിശ്ചയിച്ച സർക്കാർ തീരുമാനം താങ്ങായത് വിളകൾക്ക് മാത്രമല്ല കർഷകന്റെ ആത്മാഭിമാനത്തിനുകൂടി. രാജ്യത്ത് ആദ്യമായി കർഷകന്റെ മനസ്സും അവസ്ഥയും അറിഞ്ഞുള്ള തീരുമാനം നടപ്പാകുമ്പോൾ വിളകൾ ചോദിച്ചെത്തുന്നവർക്ക് മുന്നിൽ ആത്മാഭിമാനത്തോടെ നിൽക്കാനാവുമെന്ന് കീഴാന്തൂരിലെ പരമ്പരാഗത കർഷകൻ കുമരവേൽ. ഇരുപത്തിയഞ്ചു വർഷം നീണ്ട കർഷകജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു മുഹൂർത്തമെന്നും കുമാരവേൽ പറയുന്നു.   മൂന്നേക്കർ ഭൂമിയിൽ കാബേജ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവ മാറി മാറി കൃഷിചെയ്യുന്നു. ഈ നാലു വിളകൾക്കും തറവില നിശ്ചയിച്ചതിന്റെ ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലുമാണ് നാൽപത്തിമൂന്നുകാരനായ കുമരവേലും സുഹൃത്തുക്കളും.

മുമ്പ്‌ വിളവിറക്കുമ്പോൾ ആധിയാണ്. എന്ത് വില ലഭിക്കുമെന്ന് ഒരു നിശ്ചയവുമില്ല. വരുമാനവും കണക്കാക്കാൻ കഴിയില്ല. സ്വർണം പണയപ്പെടുത്തിയും വായ്‌പയെടുത്തുമൊക്കെയാണ്‌ കൃഷിയിറക്കുന്നത്. വന്യമൃഗശല്യത്തെയും കാലാവസ്ഥയെയും അതിജീവിച്ച് വ്യാപാര കേന്ദ്രത്തിലെത്തുമ്പോൾ വ്യാപാരി  പറയുന്ന വില ഉൽപ്പാദനച്ചെലവിന്റെ പകുതിപോലും ആവില്ല. മാർക്കറ്റിൽ ഇടനിലക്കാർ നിശ്ചയിക്കുന്നതാണ്‌ വില. ‘ഇതിന്‌ നൽകാമെങ്കിൽ എടുക്കാം, ഇല്ലെങ്കിൽ കൊണ്ടുപോയ്‌ക്കോ’ എന്ന്‌  ഒരുപാട് കേട്ടിട്ടുണ്ട്‌’. ഇതിനാണ് പരിഹാരമാവുന്നത്–- കുമാരവേൽ പറഞ്ഞു.

റാഗി പറക്കുന്ന അട്ടപ്പാടി

ആദിവാസികൾക്ക്‌ പോഷക ഭക്ഷണം ഉറപ്പാക്കാൻ അട്ടപ്പാടിയിൽ മില്ലെറ്റ്‌ ഗ്രാമം പദ്ധതി

പാലക്കാട്‌ > അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ അരിവാൾ രോഗം (സിക്കിൾസെൽ അനീമിയ) വ്യാപിച്ചിട്ട് വർഷങ്ങളായി. രോഗകാരണം ഒടുവിൽ കണ്ടെത്തി. പരമ്പരാഗത ഭക്ഷണരീതിയിൽനിന്നുള്ള മാറ്റം‌. അത് പരിഹരിക്കാൻ നടപടിയായത് എൽഡിഎഫ് നേതൃത്വത്തിൽ പിണറായി സർക്കാർ അധികാരത്തിൽവന്ന ശേഷവും. പരമ്പരാഗത ഭക്ഷണരീതിയിലേക്ക്‌ അട്ടപ്പാടി ജനത തിരിച്ചുവന്നതോടെ മേഖലയിലെ ശിശുമരണവും കുറഞ്ഞു.

അട്ടപ്പാടിയിൽ 71 ഊരുകളിലാണ്‌ മില്ലറ്റ്‌ ഗ്രാമം പദ്ധതിയിൽ കൃഷി നടത്തുന്നത്‌. ഓരോ കുടുംബത്തിനും കൃഷിചെയ്യാൻ അഞ്ച്‌ ഏക്കർ ഭൂമി സർക്കാർ അനുവദിച്ചു. അവിടെ പരമ്പരാഗത ഭക്ഷ്യധാന്യങ്ങൾ വിളയിക്കാൻ കൃഷിവകുപ്പുമായി ചേർന്ന്‌ പദ്ധതി തയ്യാറാക്കി. പരമ്പരാഗത ഭക്ഷ്യധാന്യങ്ങളായ റാഗി, ചോളം, ചാമ, തിന എന്നിവയോടൊപ്പം തുവര, പയർ, നിലക്കടല, കടുക്‌, മുതിര, മത്തൻ, ചെറിയ തക്കാളി, പൊരിച്ചീര എന്നിവയും കൃഷിചെയ്തു. ഇത്‌ അട്ടപ്പാടിയിൽ വരുത്തിയ മാറ്റം ചെറുതല്ല.

2017ലാണ്‌ പദ്ധതി ആരംഭിച്ചത്‌. ഇന്ന് 1,465 ഹെക്ടറിൽ ചെറുധാന്യവും 1,295 ഹെക്ടറിൽ മറ്റ്‌ വിളകളും കൃഷിചെയ്യുന്നു. ഹെക്ടറിന്‌ 10,000 രൂപ സർക്കാർ സബ്‌സിഡി നൽകുന്നു.  ആദിവാസികൾക്ക്‌ ആവശ്യമുള്ള ഭക്ഷ്യധാന്യം എടുത്തശേഷം ബാക്കി സർക്കാർ സംഭരിക്കും. ചെറുധാന്യം‌ കിലോ 40 രൂപയ്‌ക്കാണ്‌ സംഭരിക്കുന്നത്. ഇവ തണൽ, കുടുംബശ്രീ, ആദിവാസി സഹകരണസംഘം എന്നിവ വഴി വിൽക്കും. 638 ടൺ ഭക്ഷ്യധാന്യവും 1,331 ടൺ പച്ചക്കറിയും മൂന്നുവർഷത്തിനിടെ സംഭരിച്ചതായി കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ ആർ ലത പറഞ്ഞു. 1,298 ആദിവാസി കർഷകരാണ് മില്ലറ്റ്‌ ഗ്രാമത്തിലെ അംഗങ്ങൾ‌.

ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മില്ലറ്റ്‌ റിസർച്ചിൽനിന്ന്‌ പരിശീലനം ലഭിച്ച ജീവനക്കാരാണ്‌ സാങ്കേതികസഹായം നൽകുന്നത്‌. മഴയെ ആശ്രയിച്ചാണ്‌ കൃഷിയെങ്കിലും ജലസേചനസൗകര്യവും വന്യമൃഗശല്യം തടയാൻ മുള്ളുവേലിയും മറ്റ്‌ അടിസ്ഥാനസൗകര്യവും സജ്ജമാക്കി. പരമ്പരാഗത ധാന്യങ്ങളുടെ വിത്ത്‌ ബാങ്കും പ്രവർത്തിക്കുന്നു.

നെല്ല‌്‌ ഭക്ഷണം തരും; റോയൽറ്റിയും


പാലക്കാട്‌ > ‘സർക്കാർ തരുന്ന റോയൽറ്റി നെൽക്കർഷകർക്കുള്ള അംഗീകാരമാണ്‌. കർഷകനെയും കൃഷിയെയും നിലനിർത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങൾക്ക്‌ എല്ലാ പിന്തുണയും‌. ഇതിന്റെ ഭാഗമാകാനായതിൽ അതിലേറെ അഭിമാനവും’ –-‌ ആലത്തൂര്‍  കുമ്പളക്കോട്‌ പാടശേഖരത്തിലെ കർഷകൻ സുഗീഷ്‌ ബേബിയുടെ വാക്കുകൾ‌.

‘പരമ്പരാഗതമായി ‍ഞങ്ങള്‍ നെല്‍കൃഷിചെയ്യുന്നു‌‌. പണ്ടത്തെ അവസ്ഥയല്ല, നെൽക്കൃഷി ഇന്ന് ലാഭകരമാണ്‌‌. യന്ത്രങ്ങൾ ഇറക്കിയത്‌ കൃഷിച്ചെലവ്‌ കുറച്ചു, ഉൽപ്പാദനവും  വർധിപ്പിച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ കാർഷികമേഖലയിലെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്.‌’ –-സുഗീഷ്‌ ബേബി പറഞ്ഞു.

ആകെ റോയൽറ്റി അപേക്ഷകർ:    90,038 (49,128.56 ഹെക്ടറിൽ)
അംഗീകരമായത്‌:    23,623 (9,586.67 ഹെക്ടറിൽ)
അക്കൗണ്ടിൽ പണമെത്തിയത്‌:    18,365 (1.42 കോടി)
അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്‌

ഹെക്ടറിന്‌ 2000 രൂപ

വർഷത്തിൽ ഒരുതവണ ഹെക്ടറിന്‌‌ 2,000 രൂപ നിരക്കിലാണ് റോയൽറ്റി ലഭിക്കുക.  www.aims.kerala.gov.in എന്ന വെബ്‌സൈറ്റ്‌ വഴി‌ അപേക്ഷിക്കണം.  
കൃഷി അസിസ്റ്റന്റുമാർ അപേക്ഷയിലെ വിവരങ്ങൾ പരിശോധിച്ച ശേഷമേ റോയൽറ്റിക്ക് അനുമതി നൽകു.

നെൽപ്പാടങ്ങളിൽ നെല്ല‌്‌ അല്ലാതെ മറ്റ്‌ വിളകൾ കൃഷി ചെയ്‌താലും വയലിന് രൂപമാറ്റം വരുത്തരുതെന്നാണ്‌ വ്യവസ്ഥ. പയർവർഗങ്ങൾ, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങിയ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകളും കൃഷി ചെയ്യാം. തുടർച്ചയായി മൂന്നുവർഷം ഭൂമി തരിശിടാൻ പാടില്ല. തരിശിട്ടവർ കൃഷി തുടങ്ങിയാൽ റോയൽറ്റിക്ക്‌ അപേക്ഷിക്കാം.

സേവനം വിരൽത്തുമ്പിൽ

കർഷകർക്ക്‌ വിവിധ സേവനങ്ങൾ അതിവേഗം ലഭ്യമാക്കാൻ സർക്കാർ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമാക്കി. നെൽവയൽ ഉടമകൾക്ക്‌ റോയൽറ്റി ലഭിക്കാനും പച്ചക്കറികൾക്ക്‌ അടിസ്ഥാനവില ലഭിക്കാനും സുഭിക്ഷ കേരളം പദ്ധതിയിൽ രജിസ്റ്റർചെയ്യാനും https://aims.kerala.gov.in/ എന്ന പോർട്ടൽ മതി. വിള ഇൻഷുറൻസ്‌ പദ്ധതി, പ്രകൃതി ദുരന്തങ്ങളിൽ വിളനാശം സംഭവിച്ചാൽ നഷ്‌ടപരിഹാരത്തിനും പോർട്ടൽ വഴി അപേക്ഷിക്കാം. AIMS എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്‌.

14,676 സംയോജിത കൃഷി യൂണിറ്റ്‌; 4858 മഴമറ

സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്ക് ഏറ്റവും അനുയോജ്യ കൃഷിരീതിയാണ് സംയോജിത കൃഷി. കാർഷികവിളകൾക്കൊപ്പം അനുബന്ധ മേഖലകളായ മത്സ്യക്കൃഷി, കന്നുകാലി പരിപാലനം, ആട് വളർത്തൽ, കോഴി വളർത്തൽ, കൂൺ കൃഷി, തേനീച്ച വളർത്തൽ എന്നിവയെല്ലാം സംയോജിപ്പിച്ച മാതൃകാ കൃഷിരീതി. കർഷകർക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതാണ് സംയോജിത കൃഷിരീതികൾ.

ഈ വർഷം 14,676 സംയോജിത കൃഷി യൂണിറ്റാണ് ജൈവ ഗൃഹം പദ്ധതി പ്രകാരം ആരംഭിച്ചത്‌. ജനുവരിയിൽ പ്രഖ്യാപിച്ച മഴമറ/റെയിൻ ഷെൽട്ടർ പച്ചക്കറി കൃഷിരീതിയും വ്യാപിപ്പിച്ചു. വർഷംമുഴുവൻ പച്ചക്കറി കൃഷി നടത്താൻ അനുയോജ്യമായ രീതിയിൽ 4858 മഴമറ യൂണിറ്റാണ് നാലുവർഷത്തിനുള്ളിൽ സ്ഥാപിച്ചത്.

കേരളമാണ്‌ ബദൽ

വിത്തുമുതൽ വിപണിവരെ കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക്‌ തീറെഴുതുമ്പോൾ ബദൽ വികസന മാതൃകകളുമായി കേരളം. കോർപറേറ്റ്‌ കമ്പനികൾക്ക്‌ സഹായകരമായ കരാർ കൃഷിക്ക്‌ ബദലായി സഹകരണ കൃഷിയാണ്‌ സംസ്ഥാനം മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി കൃഷി, വ്യവസായം, തദ്ദേശം, ഫിഷറീസ്‌, സഹകരണം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന്‌ ശക്തമായ ഇടപെടലാണ്‌ സംസ്ഥാനം നടത്തുന്നത്‌. കേന്ദ്ര സർക്കാർ മൗനം പാലിക്കുമ്പോഴാണ്‌ 16 ഇനം പഴം–- പച്ചക്കറി–- കഴിങ്ങ്‌ വർഗ ഇനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ അടിസ്ഥാനവില പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top