30 May Saturday

ജനാധിപത്യ ഇസ്ലാമിന് കടന്നുചെല്ലാൻ കഴിയാത്ത മുസ്ലിം ഗലികൾ ; ഗതികെട്ട ഇന്ത്യൻ മുസ്ലീങ്ങൾ

റമീസ് രാജയ്‌Updated: Saturday Mar 7, 2020

ഹൈദരാബാദിൽ 'ഷേർ ഗേറ്റ്'എന്നൊരു പ്രദേശമുണ്ട്. ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം. സാധാരണ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ പോലെ തന്നെ ഇടുങ്ങിയ ഗലികളും ഒരുപാട് കടകളും ഇറച്ചി വെട്ടുമൊക്കെയുള്ളൊരിടം. 2013 ൽ ആറ് മാസത്തോളം അവിടെ താമസിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ ഒന്നാം മോഡി സർക്കാരിന് തൊട്ട് മുൻപ്. ഒരു ദിവസം സ്ത്രീ സുഹൃത്തുമായി സംസാരിച്ചു കൊണ്ടവിടേയ്ക്ക് വരുമ്പോൾ കുറച്ചു കുട്ടികൾ അവിടെ കളിക്കുന്നു. അതിലൊരു പയ്യൻ സൈക്കിളിൽ ഞങ്ങൾക്ക് അടുത്തുവന്ന് ഇത് ഇവിടെ നടക്കില്ലയെന്നും, അവന്റെ വാപ്പ അറിഞ്ഞാൽ പ്രശ്‌നമാകുമെന്നും പറഞ്ഞു. വിഷയം സദാചാരം ആണെനെനിക്കാദ്യം കത്തിയില്ല. പയ്യൻ കടുപ്പിച്ചു " മേരാ പാപ്പാ ഇദർക്കാ പ്രസിഡന്റ് ഹേ, ബിജെപി കാ പ്രസിഡന്റ് ഹേ." എന്നിട്ട് മൻസൂർ അലിഖാന്റെ ലുക്കുള്ള ഒരാളുടെ കട്ട് ഔട്ടും കാണിച്ചു തന്നു. പിന്നീട് പല തവണ ഈ നേതാവിനെ അവിടെ കണ്ടിട്ടുണ്ട്. പഴയ സിനിമയിലൊക്കെ ഗുണ്ടാ പിരിവിന് ബുള്ളറ്റിൽ വരുന്നവരെ പോലെ, ഞാൻ ആണ് ഇവിടുത്തെ 'മെയിൻ'എന്ന ഭാവത്തിൽ കറങ്ങി നടക്കുന്ന നേതാവ്. അതിനപ്പുറം യാതൊരു രാഷ്ട്രീയ പ്രവർത്തനവും അയാളിൽ നിന്നും കണ്ടിട്ടില്ല. ഡൽഹി വംശഹത്യയിൽ വീട് ആക്രമിക്കപ്പെട്ട ന്യുനപക്ഷ മോർച്ച നേതാവ് അക്തർ റാസയുടെ വാർത്ത കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ഷേർ ഗേറ്റിലെ ഈ അനുഭവമായിരുന്നു. റാസയും ഇതുപോലെ സ്വന്തമായി കട്ട് ഔട്ട് ഉള്ള സ്ഥലത്തെ 'മെയിൻ' ആയിരുന്നിരിക്കണം. തന്റെ സഹപ്രവർത്തകർ വീട് ആക്രമിക്കുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞ ദിവസം അയാൾക്കായുള്ളു. ഷേർ ഗേറ്റ് എനിക്കന്ന് അത്ഭുതമായിരുന്നു. മുസ്ലിം ഗലികളിലെ ബിജെപിയുടെ ഈ സ്വാധീനം.

ഡൽഹി വംശഹത്യയിൽ വീട് ആക്രമിക്കപ്പെട്ട ന്യുനപക്ഷ മോർച്ച നേതാവ് അക്തർ റാസയുടെ വാർത്ത കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ഷേർ ഗേറ്റിലെ ഈ അനുഭവമായിരുന്നു. റാസയും ഇതുപോലെ സ്വന്തമായി കട്ട് ഔട്ട് ഉള്ള സ്ഥലത്തെ 'മെയിൻ' ആയിരുന്നിരിക്കണം.ഇവർക്കൊന്നും ഹിന്ദുത്വ മനസ്സിലായിട്ടില്ലേ?  മലപ്പുറത്തൊക്കെ ബിജെപിയ്ക്ക് എങ്ങനെ ഹാജിമാരെ മത്സരിപ്പിക്കാൻ കിട്ടുന്നുവെന്ന ചോദ്യം പണ്ടേ മനസിലുണ്ട്. എന്നാൽ അത്തരക്കാർക്ക് ഹിന്ദുത്വ എന്തെന്നല്ല സാമാന്യ ബോധം തന്നെയില്ലെന്നും രാഷ്ട്രീയ അജ്ഞത ബാധിച്ചവരാണെന്നും ഷേർ ഗേറ്റിലെ ജീവിതത്തിലാണ് ബോധ്യമാവുന്നത്. കൂട്ടത്തിൽ 'അമ്പട ഞാനെ' ഭാവമുള്ള ഒരാളെ, നേതാവാക്കി ന്യുനപക്ഷ മോർച്ചയും, പട്ടികജാതി മോർച്ചയുമെല്ലാമുണ്ട്. 'മുസ്ലീം രാഷ്ട്രീയ മഞ്ജ്' തന്നെയുണ്ട് ആർഎസ്എസിന്.

മുൻപൊരിക്കലും രാഷ്ട്രീയത്തിൽ ഇടപെടാതിരുന്ന പുനത്തിൽ കുഞ്ഞബ്‌ദുള്ള പെട്ടന്ന് ബിജെപി സ്ഥാനാർഥിയാവാൻ തീരുമാനിച്ചപ്പോൾ, ഇതെന്താണ് കാണിക്കുന്നതെന്ന് ചോദിച്ച എം മുകുന്ദനോട് അദ്ദേഹം പറഞ്ഞ മറുപടി "നമ്മൾ അവരെ വർഗീയ പാർട്ടിയായി മാറ്റി നിർത്തേണ്ടന്നേ, നമ്മളിൽ കുറച്ച്‌ പേരൂടെ ചേർന്നാ വർഗീയതയങ്ങില്ലാതാക്കാം" എന്നാണ്. വലിയ ഭാവനാ ലോകമുള്ളവർക്ക്, മാജിക്കൽ റിയലിസമൊക്കെ വഴങ്ങുന്നവർക്കത് നിസാരമായി പറയാമെങ്കിലും, രാഷ്‌ട്രീയ ബോധ്യമുള്ളവനത്‌ അന്നും ഇന്നും ദഹിക്കില്ല.

ഭാരതീയ ജനതാ പാർട്ടി യെന്ന വിശാലമായ പേരുള്ള പാർട്ടി. അതിലെന്താ മുസ്ലീങ്ങളുണ്ടാവാൻ പാടില്ലേ, അബ്‌ദുൾ കലാമിനെ പ്രസിഡന്റാക്കിയ പാർട്ടിയല്ലേ, നജുമാ ഹെപ്തുള്ളയും സയ്യിദ് ഷനവാസ് ഹുസൈനും മുക്താർ അബ്ബാസ് നഖ്‌വിയുമുള്ള പാർട്ടിയല്ലേ എന്ന നിഷ്‌കളങ്ക ചിന്ത മാറായിട്ടില്ലാതവർ കുറഞ്ഞ പക്ഷം കേരളത്തിന് വെളിയിലെങ്കിലും തീർച്ചയായും ഉണ്ടായിരുന്നു. മുൻപൊരിക്കലും രാഷ്ട്രീയത്തിൽ ഇടപെടാതിരുന്ന പുനത്തിൽ കുഞ്ഞബ്‌ദുള്ള പെട്ടന്ന് ബിജെപി സ്ഥാനാർഥിയാവാൻ തീരുമാനിച്ചപ്പോൾ, ഇതെന്താണ് കാണിക്കുന്നതെന്ന് ചോദിച്ച എം മുകുന്ദനോട് അദ്ദേഹം പറഞ്ഞ മറുപടി "നമ്മൾ അവരെ വർഗീയ പാർട്ടിയായി മാറ്റി നിർത്തേണ്ടന്നേ, നമ്മളിൽ കുറച്ച്‌ പേരൂടെ ചേർന്നാ വർഗീയതയങ്ങില്ലാതാക്കാം" എന്നാണ്. വലിയ ഭാവനാ ലോകമുള്ളവർക്ക്, മാജിക്കൽ റിയലിസമൊക്കെ വഴങ്ങുന്നവർക്കത് നിസാരമായി പറയാമെങ്കിലും,രാഷ്ട്രീയ ബോധ്യമുള്ളവനത്‌ അന്നും ഇന്നും ദഹിക്കില്ല.

മുക്താർ അബ്ബാസ് നഖ്‌വിയെ പോലെയുള്ള ദേശീയ മുഖങ്ങൾ പറയാറുള്ളത് ബിജെപിയും ആർഎസ്എസും രണ്ട് വ്യത്യസ്‌ത സംവിധാനങ്ങളാണെന്നാണ്. ആകെ ഒരു ജീവിതമാണുള്ളത്. അതിങ്ങനെ രാജ്യസഭാ അധ്യക്ഷ ആയിട്ടും ഗവർണർ ആയിട്ടുമൊക്കെ ജീവിക്കുക, അല്ലാതെ സിറാത്ത് പാലമെങ്ങനെ കടക്കുമെന്നിപ്പോഴേ ചിന്തിക്കേണ്ട കാര്യമില്ല എന്നുമൊക്കെ ആവും നഖ്‌വിയുടെയും ഹെപ്‌തുള്ളയുടെയുമൊക്കെ നയം. അതോ സുന്നികളെ ഒതുക്കിയാൽ ഷിയാക്കാൾക്ക് കൂലി കൂടുതലുണ്ടോയെന്നുമറിയില്ല.

"എനിക്ക് ബിജെപി എന്ന പാർട്ടി തന്നെ താൽപര്യമില്ല, പിന്നെ സംഘം നിർബന്ധിക്കുന്നത് കൊണ്ട് പലപ്പോഴും വോട്ട് ചെയ്യേണ്ടി വരുന്നതാണ്" എന്ന് പറയുന്ന ആർഎസ്എസുകാരുണ്ട്. ബിജെപിയെ പരസ്യമായി വിമർശിച്ച് കയ്യടി നേടുന്ന പ്രമുഖ് മാരും, വെള്ളിയാഴ്‌ച മുസ്ലിങ്ങളെ കണ്ടാൽ ജുമായ്ക്ക് സമയമായല്ലോ, പോകുന്നില്ലേയെന്ന് ചോദിക്കുന്ന കാര്യവാഹകന്മാരും ഇന്നാട്ടിലുണ്ട്.

ആർഎസ്എസ്സും ബിജെപിയും രണ്ടാണെന്ന് പറയുന്നത് വെൽഫയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും രണ്ടാണെന്ന് പറയുന്നത് പോലെയുള്ളൂ. ജമാഅത്തെ ഇസ്ലാമിക്കാരോട് തർക്കിച്ചാൽ നമ്മൾ വല്ലാത്ത ആശയകുഴപ്പത്തിലാവും. അവർ ജമാത്തെ ഇസ്ലാമിയുടെ കാര്യമാണോ പറയുന്നത് അതോ വെൽഫയർ പാർട്ടിയുടെ കാര്യമാണോ പറയുന്നതെന്ന് മനസിലാവില്ല, വ്യക്തതയെന്നൊരു സാധാനം ചർച്ചയിലൊരിടത്തുമുണ്ടാവില്ല. വ്യക്തത തോന്നിപ്പിക്കുന്ന വിദ്യ കൂടി പരിവാറിൽ നിന്നുമവർ പഠിച്ചെടുക്കേണ്ടതുണ്ട്.

സ്വന്തം രാജ്യത്തെയോർത്ത് വല്ലാതെ അസ്വസ്ഥമായ ദിവസങ്ങളാണ് കടന്നു പോയത്. കേരള മുസ്ലീങ്ങൾ എത്ര അനുഗ്രഹീതരാണോ അത്രയും ഗതികെട്ടവരാണ് ഉത്തരേന്ത്യൻ മുസ്ലീങ്ങളെന്ന് ബോധ്യപ്പെട്ട ദിവസങ്ങൾ. അവർക്ക് രാജ്യസ്നേഹിയാണെന്നും തീവ്രവാദി അല്ലായെന്നും തെളിയിക്കുന്നതിനൊപ്പം ജീവനും സ്വത്തും സംരക്ഷിക്കേണ്ട അധിക ബാധ്യതകൂടി ഉണ്ടായിരിക്കുന്നു.

പൗരത്വ സമരത്തെ എത്രയും വേഗം മുസ്ലീം സമരമായി ചാപ്പ കുത്താനായിരുന്നു സംഘപരിവറിന് തുടക്കം മുതലേ താല്പര്യം. അത് എളുപ്പത്തിലാക്കുന്ന ബുദ്ധി ശൂന്യത കാണിച്ച പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ, പരിവാർ അവരുടെ ലക്ഷ്യത്തിലെത്രമാത്രം വിജയിച്ചുവെന്ന് വിലയിരുത്തണം. സജീവ വിശ്വാസിയല്ലാത്തവരും മുസ്‌ലീം സ്വത്വത്തിൽ സംസാരിക്കുന്ന, ന്യൂനപക്ഷത്തെ കൃത്യം ശതമാന കണക്ക് പറഞ്ഞു വേർതിരിക്കുന്ന ഇന്ത്യ അവർ ഉണ്ടാക്കിയെടുത്തിരിക്കുന്നു.

ഡൽഹി വംശഹത്യയുടെ സ്വഭാവം നോക്കു. അടിസ്ഥാന വർഗം തിങ്ങി പാർക്കുന്ന ഗലികളിലാണ് ആയുധം ആദ്യമെത്തിയത്. അവിടെ തിങ്ങിപ്പാർക്കുന്ന മനുഷ്യർക്ക് 'പൊളിറ്റിക്കൽ ഇസ്ലാം' വലിയ നിശ്ചയമുണ്ടാവില്ല. വ്യവസ്ഥിതയോട് പോരാടി ജീവിതം പിടിച്ചടക്കുകയെന്ന രാഷ്‌ട്രീയ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന അവരിപ്പോൾ സ്വന്തം മണ്ണിൽ രണ്ടാംതരം പൗരന്മാരായി നിൽകുകയാണ്. വംശഹത്യ നടത്താൻ ആയുധങ്ങളേന്തി വരുന്ന മനുഷ്യരും അടിസ്ഥാനവർഗമാണ്. നികുതി കണക്കെടുക്കുന്ന, അതിർത്തികളിലഭിമാനിക്കുന്ന, രാജ്യസ്നേഹകളായ ഇന്ത്യൻ മധ്യവർഗത്തെ ഈ പണിക്ക് കിട്ടുകയില്ല. ഗുജറാത്തിൽ നിന്നും ഡൽഹിയിലെത്തുമ്പോൾ വംശഹത്യ 'കൊടി' കൊണ്ട് കൂടി വ്യത്യസ്‌തമായിരുന്നു. കയ്യിൽ ദേശീയ പതാകയേന്തി രാജ്യസ്നേഹത്തിന്റെ പ്രതീകങ്ങളായിട്ടാണ് ആയുധധാരികൾ വന്നത്. എന്താണവരെ അഭിമാനം കൊള്ളിക്കുന്നത് ?, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എണ്ണം പറഞ്ഞ വംശഹത്യകൾ  നടന്ന രാജ്യമെന്നതല്ലാതെ എന്താണ് അഭിമാനിക്കാനുളളത്.ഇതിനൊക്കെ വിപരീതമായി കേരളത്തിലെ  മുസ്ലീം സമൂഹമാകട്ടെ, തങ്ങൾക്കുള്ളിലെ ആശയ സംഘട്ടനത്തിലാണ്. സലഫിസവും വഹാബിസവും പറഞ്ഞവർ തർക്കിക്കുന്നു. ഇന്നത്തെ ഇന്ത്യയിൽ എത്ര വലിയ ആഡംബരമാണത്. ഈ തർക്കങ്ങളിൽ നിന്നുയർന്നു വരുന്ന പൊളിറ്റിക്കൽ ഇസ്ലാം, നിസ്സഹായരായ ഉത്തരേന്ത്യൻ  മുസ്ലീമിന് ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉപദേശം കൂടി നൽകണം. ഇന്ത്യൻ മുസ്ലീമിന് കേരളത്തിലെ മുസ്ലീം സമൂഹത്തിന്റെ നിലയിലേക്ക് സാമൂഹികമായും സാമ്പത്തികമായും ഉയരാൻ ഇനിയാവുമെന്ന് തോന്നുന്നില്ല. അപ്പോൾ പിന്നെ സാമ്പത്തികമായും സാമൂഹികമായും പുരോഗമിച്ച കേരളത്തിലെ മുസ്ലീം സമൂഹത്തിന്, മുഖ്യധാരയിൽ എത്തിയിട്ടില്ലാത്ത ഉത്തരേന്ത്യൻ മുസ്ലീം സമൂഹത്തോട് സഹോദര ഭാവം ഉണ്ടാവണമെങ്കിൽ മാനസികമായെങ്കിലും ഭയത്തിന്റെ ആവരണമുള്ള  ഇന്ത്യൻ മുസ്ലീം എന്ന യഥാർത്ഥ സ്വത്വം ഉൾക്കൊള്ളണം.

ദേശീയ സ്വതന്ത്ര സമര പാരമ്പര്യത്തിലുറച്ചു നിന്ന് ഇന്ത്യൻ  മുസ്ലീമിന്റെ  ശബ്ദമാവുമെന്ന 'ഖായിദെ-മില്ലത്തിന്റെ' പ്രഖ്യാപനത്തോടെയാരംഭിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എങ്ങനെ മലബാറിലേയ്ക്ക് ചുരിങ്ങിയെന്നും, ഇന്ത്യൻ മുസ്ലീമിന്റെ ശബ്ദമാവാൻ ഇസ്ലാമിക ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞോയെന്നും പല ആവർത്തി ചോദിക്കണം. ജനാധിപത്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടുന്ന ഇസ്ലാമിക പാർട്ടികൾക്ക് ഇന്ത്യൻ മുസ്ലീമിന്റെ ജീവിത നിലവാരം ഉയർത്തുവാനോ, അവരുടെ ശബ്ദമാവാനോ കഴിയുന്നില്ലെങ്കിൽ അവരുടെ ജീവനും സ്വത്തിനും സംരക്ഷണമേകാനെങ്കിലും ശ്രമിക്കണം.

ജനാധിപത്യ മുസ്ലിം സംഘടനകൾ കടന്നു ചെല്ലാത്ത, ന്യുനപക്ഷ മോർച്ച കട്ടൗട്ട് നേതാക്കന്മാരെ കണ്ടെത്തുന്ന മുസ്ലിം ഗലികളിൽ ഇന്ത്യൻ മുസ്ലിമിന്റെ ജീവിതം ഇങ്ങനെയൊക്കെ തന്നെ തുടരുമോ അതോ മാറ്റങ്ങളുണ്ടാവുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ജനാധിപത്യം അതിന്റെ പൂർണ തകർച്ചയിലേക്ക് അടുക്കുമ്പോൾ ഈ പ്രതീക്ഷ പോലും അമിതമാണ്.


പ്രധാന വാർത്തകൾ
 Top