18 September Wednesday
അമ്പുമലയെ അൻപോടെ

'ആന കുത്തിയാലും പൊങ്ങാത്ത പെരയായി സാറേ, ഇതീപ്പരം ഞാളക്ക് വേറെന്ത് തന്തോയമുണ്ടാകാൻ'

പി വി ജീജോUpdated: Saturday May 5, 2018

നിലമ്പൂർ >'ആന കുത്തിയാലും പൊങ്ങാത്ത പെരയായി സാറേ, ഇനി പേടിക്കാതെ കിടന്നൊറങ്ങാലാ. ഇതീപ്പരം ഞാളക്ക് വേറെന്ത് തന്തോയമുണ്ടാകാൻ', വലിയ ചെമ്പൻ എന്ന പേരൊട്ടിച്ച വീട്ടിലേക്ക് കൈചൂണ്ടി ചെമ്പൻ പറഞ്ഞു. അറുപത്തഞ്ചുകാരനായ ചെമ്പന്റെ കണ്ണിൽ സന്തോഷത്തിളക്കമാണ്. ഭാര്യ കുട്ടീലിയും കണ്ടന്റെ മകൻ സത്യനും കുട്ടിപ്പാലനും പൊട്ടൻബാലനും നീലിയും മുണ്ടനുമടക്കം അമ്പുമല കോളനിവാസികളിലാകെ ഈ ആശ്വാസവും ആഹ്ലാദവുമുണ്ട്. 'കാട്ടാനയെ പേടിക്കാതെ പാമ്പിന്റെയും പന്നീടേം ശല്യമില്ലാതെ കെട്ടുറപ്പുള്ളൊരു പുതിയ പൊര കിട്ടിയ തന്തോയം.'എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവനപദ്ധതിയാണ് കാടിനകത്തെ ഈ പട്ടിണിപ്പാവങ്ങൾക്ക് വീടാരുക്കി പുതുജീവിതമേകിയത്. 21 വീടുകളാണ് ലൈഫിൽ അമ്പുമലയിൽ പൂർത്തിയായത്. കാടുലയ്ക്കുന്ന കാറ്റോ കൊലകൊമ്പനാനയോ എന്ത് വന്നാലും തകർന്ന് വീഴാത്ത വീടുകൾ. കോൺക്രീറ്റിൽ പണിത അടച്ചുറപ്പുള്ള വാതിലുമായി ടൈൽസ് പതിച്ച വൈദ്യുതിപ്രഭ ചൊരിയുന്ന വീടുകൾ. അമ്പുമല കോളനിവാസികളും ഈ വീടുകളും പറയുന്നുണ്ട്, ഇവിടെ ചിലതൊക്കെ ശരിയാകുന്നുണ്ടെന്ന്.

ചാലിയാർ ഗ്രാമപഞ്ചായത്ത് ലൈഫിലുൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് അമ്പുമലക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്. അടുക്കളയും കക്കൂസും രണ്ട് കിടപ്പറയും ഹാളുമെല്ലാമുള്ള ഈ വീട് ആദിവാസികൾക്ക് ശരിക്കും സ്വർഗമാണ്. കാരണം അമ്പുമലയിൽ ഇവരിന്നലെവരെ കഴിഞ്ഞ അവസ്ഥ കണ്ടറിഞ്ഞ ഏവരും അതുതന്നെ പറയും. വീട് പോയിട്ട് കുടിലെന്നുപോലും പറയാനാകാത്തിടങ്ങളിലായിരുന്നു ചെമ്പനും കുട്ടിപ്പാലനുമെല്ലാം താമസിച്ചത്. പുല്ലിൽമേഞ്ഞ ചെറുകൂരയിൽ പെണ്ണുങ്ങളും കുഞ്ഞുങ്ങളുമെല്ലാമായൊരു നരകജീവിതം. മേലെ ആകാശവും കീഴെ ഭൂമിയും മാത്രമല്ല ചുറ്റോടുചുറ്റുമുള്ള കാടുമെല്ലാം കാണാനാകുന്ന ഈ പുൽക്കൂരകളിൽ കാട്ടുപണിയർ (കുറിഞ്ഞിപ്പണിയർ) വിഭാഗത്തിലുള്ള 85 ആദിവാസിജീവിതങ്ങളാണുള്ളത്. ഇവർക്കൊരു വീടെന്ന സ്വപ്നവുമായി പദ്ധതികൾ മലകയറി വന്നിട്ട് എട്ടുവർഷമായി. കോടതിയും കലക്ടറുമെല്ലാമിടപെട്ടു. ഉദ്യോഗസ്ഥരേറെ വന്നു. വീടുമാത്രമുയർന്നില്ല. 2010ൽപുൽക്കുടിലുകൾ പൊളിച്ചുമാറ്റിയതോടെ ഇവർ ശരിക്കും കാടിന്റെ മക്കളായി.

എല്ലാവിധത്തിലും അവഗണിക്കപ്പെട്ട അമ്പുമലയിലേക്ക് വീടെന്ന സ്വപ്നവുമായി നവംബറിലാണ്് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാനും സംഘവുമെത്തിയത്. സർക്കാർ കാര്യം മുറപോലെയെന്ന ശൈലിക്ക് അപവാദമായി മാതൃകാപ്രവർത്തനം നടത്തുന്ന ലൈഫ് നിർവഹണ ഓഫീസറായ വിഇഒ കെ വി മുജീബും മറ്റു ജീവനക്കാരും സജീവമായി ഇടപെട്ടപ്പോൾ പദ്ധതിക്ക് ജീവസ്സുറ്റ വേഗതയായി. റോഡില്ലാത്ത, പൊട്ടിവീഴാൻ നേരംകാത്തിരിക്കുന്ന ഇരുമ്പ് നടപ്പാതയിലുടെ കല്ലും കമ്പിയും സിമന്റുമെല്ലാമെത്തിച്ചു. നാല്ലക്ഷത്തോളം രൂപ ചെലവിലാണ് വീടുകൾ പണിതത്. നാനൂറ് ചതുരശ്ര അടിയിൽ വൃത്തിയും വെടിപ്പുമുള്ള വീടുകൾ. പഞ്ചായത്തിനൊപ്പം അകമ്പാടം കെഎസ്ഇബിയും ആത്മാർഥമായി പ്രവർത്തിച്ചു. കൊടുംകാട്ടിലൂടെ കയറ് കെട്ടി ലൈൻ വലിച്ചു. ശേഷിക്കുന്ന ഭാഗത്ത് ഭൂമിക്കടിയിലൂടെ കേബിൾവലിച്ച് വൈദ്യുതി എത്തിച്ചു. കുടിവെള്ളമടക്കം എല്ലാസൗകര്യവുമുണ്ടിവിടെ.

വീട് നൽകിയ സർക്കാരിനെയും പഞ്ചായത്തിനെയും കോളനിമൂപ്പനായ ചെമ്പനും നന്ദിയോടെ ഓർക്കുന്നു. "ഇത്രേം കാലത്തീആത്യമായ ഞാളൊരു പഞ്ചാത്ത് പ്രസിഡന്റിനെ കണ്ടത്'' വീടുനിർമാണപുരോഗതി അന്വേഷിച്ച് കോളനിയിൽ ഇടയ്ക്കിടെയെത്തുന്ന പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാനോടുള്ള സ്നേഹം പറയാൻ വാക്കുകൾപോരാ.

സർക്കാരിന്റെ തുണയിൽ 21 പേർക്ക് വീടായി. പൊട്ടൻപാലന്റെ മകൻ ശിവൻ, ചേന്നന്റെ മകൻ ബാബുരാജ്, ചെമ്പന്റെ മകൻ സോമൻ എന്നിവർക്ക് കൂടി ഇനി വീടുവേണം. നേരത്തെ സർവേയിൽപെടാതിരുന്ന ഇവരുടെയും ജീവിതസ്വപ്നം യാഥാർഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തധികൃതർ. മൃഗസംരക്ഷണവകുപ്പ് നൽകിയ ആടുകളാണ് കുടുംബത്തിനാകെ വരുമാനം. തൊഴിലുറപ്പ്പദ്ധതിയിൽ പങ്കാളിയാക്കി കോളനിയിൽ മരംനടലടക്കമുള്ള പ്രവൃത്തികൾ ആരംഭിക്കുക, പുറംലോകവുമായി ബന്ധപ്പെടാൻ നല്ലൊരു പാലം...അമ്പുമലയയെ അൻപോടെ കണ്ട് വലിയ സ്വപ്നങ്ങളും പദ്ധതികളും പഞ്ചായത്തിനുമുണ്ട്. വീടിനൊപ്പം തൊഴിലുംസുരക്ഷയുമേകി മനുഷ്യർ പാർക്കുന്ന ഇടമായി അമ്പുമലയെ മാറ്റുമെന്ന ഉറപ്പുമായി സർക്കാർ ഒപ്പമുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top