25 January Tuesday

പഠനവൈകല്യം കണ്ടെത്താം; പരിഹരിക്കാം

ഡോ അനിത മാത്യുUpdated: Friday Jul 18, 2014

പാഠങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കും എഴുത്തുപരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കുകൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നുപഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചുമിനിറ്റ് ഇരിക്കാന്‍പറ്റാത്ത പെടപെടപ്പ്... ഇങ്ങനെപോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും. എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കുകൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടുവരുന്ന പ്രത്യേകതരം ബുദ്ധിമുട്ടുകളെ യാണ് പൊതുവെ വൈകല്യങ്ങള്‍ എന്നുപറയുന്നത്. മനുഷ്യശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളില്‍ ചില അസ്വാഭാവികത  യാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്കവളര്‍ച്ചയിലെ പ്രത്യേകതരം താമസ മാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്കവളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴോ അതിനുശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചുകൊണ്ടുവന്ന് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍കഴിയും. എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.

എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍? ആദ്യകാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠനവൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം.

വായനവൈകല്യം, രചനാവൈകല്യം, ഗണിതശാസ്ത്ര വൈകല്യം, നാമവൈകല്യം. വായനവൈകല്യം തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.

രചനാവൈകല്യം
നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.

ഗണിതശാസ്ത്ര വൈകല്യം
കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍&ൃറൂൗീ; 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

നാമ വൈകല്യം
പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ്ധവാന്‍ എന്നോ മറ്റോ എഴുതുക.

പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും
ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതല്‍ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യമായും പെരുമാറ്റവൈകല്യമായും മാറാനിടയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാവൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.

അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം
കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.

വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.

 (എറണാകുളത്ത് ഗാന്ധിനഗറിലെ ചൈല്‍ഡ് കെയര്‍ സെന്ററിന്റെ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും എഡ്യൂക്കേഷണല്‍ െസൈക്കോളജിസ്റ്റുമാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top