02 March Tuesday

നേരിന്റെ പതാകയേന്തി എങ്ങും ജനപ്രവാഹം

സ്വന്തം ലേഖകർUpdated: Monday Feb 22, 2021


മലപ്പുറം/കൊല്ലം
നുണക്കോട്ടകൾ തകർത്തെറിഞ്ഞ്‌ നേരിന്റെ പതാകയേന്തി എങ്ങും ജനപ്രവാഹം. ജനകീയ സർക്കാരിന്റെ തുടർഭരണം വിളിച്ചോതി വാദ്യമേളങ്ങളുടെയും  മുത്തുക്കുടകളുടെയും അകമ്പടിയോടെ ഒഴുകിയെത്തുന്ന ആയിരങ്ങളുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥകൾ പ്രയാണം തുടരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പാലക്കാട്‌ ജില്ലയിൽ പ്രവേശിച്ചു. തിങ്കളാഴ്‌ച ഏറനാട്‌ മണ്ഡലത്തിലെ അരീക്കോടായിരുന്നു ആദ്യ സ്വീകരണം. നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ പര്യടനത്തിന്‌ശേഷം പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയിലേക്ക്‌. ജില്ലാഅതിര്‍ത്തിയായ പട്ടാമ്പി വിളയൂർ സെന്ററിൽ എൽഡിഎഫ്‌ ജില്ലാ നേതാക്കൾ ജാഥയെ വരവേറ്റു. പട്ടാമ്പി പൊലീസ്‌ സ്‌റ്റേഷൻപരിസരത്തുള്ള മൈതാനിയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം.

വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമെ അംഗങ്ങളായ കെ പി രാജേന്ദ്രൻ, പി സതീദേവി, പി ടി ജോസ്, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്‌, കെ പി മോഹനൻ, പി കെ രാജൻ, കാസിം ഇരിക്കൂർ, ജോസ് ചെമ്പേരി, എ ജെ ജോസഫ്, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച കൂറ്റനാട്‌, ചെർപ്പുളശേരി, ഒറ്റപ്പാലം, മണ്ണാർക്കാട്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ശേഷം പാലക്കാട്‌ കോട്ടമൈതാനത്ത് സമാപിക്കും.‌

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിൽ‌ പ്രവേശിച്ചു.‌ തിങ്കളാഴ്‌ച കോന്നി, അടൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം  കൊല്ലം ജില്ലയിലെ പത്തനാപുരം, പുനലൂർ,  ചടയമംഗലം എന്നിവിടങ്ങളിലും ജാഥയ്ക്ക്‌ സ്വീകരണം നൽകി. ക്യാപ്‌റ്റന്‌ പുറമെ അംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ്‌ ചാഴികാടൻ എംപി, സാബു ജോർജ്‌, വർക്കല ബി രവികുമാർ, മാത്യൂസ്‌ കോലഞ്ചേരി, വി സുരേന്ദ്രൻ പിള്ള, എം വി മാണി, അബ്ദുൾ വഹാബ്‌,  ഡോ. ഷാജി കടമല, ജോർജ്‌ അഗസ്‌റ്റിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് കൊട്ടാരക്കരയിൽനിന്ന്‌ ജാഥ  ആരംഭിക്കും. 11ന്‌ കുന്നത്തൂർ, വൈകിട്ട് നാലിന് കരുനാഗപ്പള്ളി, അഞ്ചിന് ചവറ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൊല്ലം കന്റോൺമെന്റ്‌ മൈതാനിയിൽ സമാപിക്കും.

ജമാഅത്തെ ബന്ധം:  ദേശീയ നേതൃത്വത്തിന്റെ നിലപാടെന്ത്‌:- വിജയരാഘവൻ
ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ കൂട്ടുകെട്ടിനെക്കുറിച്ച്‌ കോൺഗ്രസ്‌ അഖിലേന്ത്യാ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവൻ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവരുമായുണ്ടാക്കിയ കൂട്ട്‌ തുടരുമോയെന്ന്‌ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പറയണം.  ദേശീയതലത്തിൽ തടുരുന്ന മൃദു ഹിന്ദുത്വ നിലപാട്‌ ഉയർത്തിപ്പിടിച്ചാണോ രാഹുലും പ്രിയങ്കയും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിനിറങ്ങുന്നതെന്ന്‌ വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വർഗീയ കൂട്ടുകെട്ടുമായി തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ യുഡിഎഫ്‌ നീക്കം. അത്‌‌‌ ചോദ്യംചെയ്യുന്നവരെ അധിക്ഷേപിക്കുന്ന സമീപനമാണ്‌‌ അവർ‌ സ്വീകരിക്കുന്നത്‌. വർഗീയ ബാന്ധവം‌ തുടരുമോയെന്നതിനെക്കുറിച്ച്‌  ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും അവരുടെ ജാഥ അവസാനിച്ചിട്ടും മിണ്ടിയിട്ടില്ല.

ബിജെപി മുഖ്യശത്രുവല്ലെന്ന നിലപാടാണ്‌ യുഡിഎഫിന്‌– -വിശേഷിച്ച്‌ കോൺഗ്രസിന്‌. ഈ നില തുടരുമോ എന്ന‌ ചോദ്യത്തിന്‌‌ രാഷ്‌ട്രീയ മറുപടി നൽകാൻ യുഡിഎഫ്‌ ഇതുവരെ തയ്യാറായിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.

ക്ഷേത്ര നിർമാണവും ലൗ ജിഹാദും കേരളത്തിൽ വോട്ടാകില്ല : 
ബിനോയ് വിശ്വം
അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും ലൗജിഹാദ് തടയാൻ നിയമം നിർമിച്ചെന്നും പറഞ്ഞാൽ കേരളത്തിൽ വോട്ടുകിട്ടില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി ജാഥ ഉദ്ഘാടനം ചെയ്യാൻ യോഗി ആദിത്യനാഥിനെപോലെ  ഒരാളെ കൊണ്ടുവന്നത്‌ ബോധപൂർവമാണ്. വിശ്വാസികൾ ക്ഷേത്രം നിർമിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഭരണഘടനാപ്രകാരം അധികാരത്തിലേറിയ സർക്കാർ, 400 വർഷം പഴക്കമുള്ള മുസ്ലിം പള്ളി തകർത്തിടത്തുതന്നെ ക്ഷേത്രം നിർമിക്കാൻ നേതൃത്വം നൽകുന്നത്‌  ഭരണഘടനാലംഘനമാണ്‌.

രാമക്ഷേത്രശിലാ പൂജയിൽ സന്യാസിമാരെ കാഴ്ചക്കാരാക്കി പ്രധാനമന്ത്രി പൂജയുടെ നേതൃത്വം ഏറ്റെടുത്തത് രാഷ്ട്രത്തിന്റെ മതമായി ഹിന്ദുമതത്തെ  വാഴ്‌ത്താനുള്ള ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമാണ്. പ്രായപൂർത്തിയായവരുടെ പ്രണയത്തിൽ മതം ഘടകമാകരുതെന്നാണ് എൽഡിഎഫ്‌ നിലപാട്. പ്രണയത്തിന്റെ അടിസ്ഥാനം മതമാകണമെന്നാണ് ആദിത്യനാഥ് പറയുന്നത്. ഇതാണ് യുപിയും കേരളവും തമ്മിലുള്ള വ്യത്യാസം.

ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും കോൺഗ്രസ്‌ ഒരക്ഷരം മിണ്ടുന്നില്ല. യുഡിഎഫ്‌ ജാഥ സമാപിച്ചപ്പോൾ തന്നെ ബിജെപി ജാഥ ആരംഭിച്ചതും ഒരേ തീരുമാനത്തിന്റെ ഫലമാണ്. എൽഡിഎഫ് വിരോധവും കള്ളപ്രചാരണങ്ങളുമാണ് ഇരുജാഥകളുടെയും ലക്ഷ്യം. ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ എൽഡിഎഫ് നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ധന വിലനിർണയത്തിനുള്ള അവകാശം എണ്ണകമ്പനികളിൽനിന്ന്‌ എടുത്ത് മാറ്റണമെന്ന് ആരും ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന്‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ  ചോദിച്ചു.  ഇന്ധനത്തിന്റെ അധിക തീരുവ കേന്ദ്ര സർക്കാരാണ് കുറയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top