20 June Sunday

നുണകൾക്ക്‌ ഷോക്ക്‌; ‘ഒക്കച്ചങ്ങായി’മാർ വീണു

റഷീദ്‌ ആനപ്പുറംUpdated: Sunday May 2, 2021


തിരുവനന്തപുരം
എൽഡിഎഫിന്‌ ഭരണത്തുടർച്ച സമ്മാനിച്ച പ്രബുദ്ധരായ വോട്ടർമാർ തകർത്തത്‌ യുഡിഎഫും ബിജെപിയും മാധ്യമങ്ങളിലെ ‘സ്വതന്ത്ര നിരീക്ഷക’ നാട്യക്കാരുമുണ്ടാക്കിയ നുണക്കോട്ടകൾ. ദുരന്തകാലത്ത്‌ കരുതലോടെ കാത്ത എൽഡിഎഫ്‌ സർക്കാരിനെ ജനം നെഞ്ചേറ്റിയത് വൻ ഭൂരിപക്ഷം നൽകി. ബിജെപിയുടെയും യുഡിഎഫിന്റെയും താളത്തിനനുസരിച്ച്‌ തുള്ളിയ കേന്ദ്ര അന്വേഷണ ഏജൻസികൾക്കുള്ള താക്കീതാണ്‌ ജനവിധി.

വോട്ടർമാർ ശരിയുടെ വഴിയേ, 
തിരക്കഥ പാളി
വികസനത്തിലും ക്ഷേമത്തിലും ഊന്നി സർക്കാർ പ്രതിബദ്ധത കാട്ടിയപ്പോൾ ആ ജനവിശ്വാസം തകർക്കാൻ നുണക്കഥകളെയാണ്‌ പ്രതിപക്ഷം കൂട്ടുപിടിച്ചത്‌. ഇതിനായി ചില മാധ്യമങ്ങളുടെ സഹായവുമുണ്ടായി. സ്‌പ്രിംഗ്‌ളർ, ഖനനം, ഇ–-മൊബിലിറ്റി, സെക്രട്ടറിയറ്റിലെ തീപിടിത്തം, പിഎസ്‌സി നിയമനം തുടങ്ങിയവയുടെ മറവിൽ പ്രതിപക്ഷം കള്ളപ്രചാരണം നടത്തി. ഇതൊന്നും ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നു കണ്ട പ്രതിപക്ഷം സ്വർണക്കടത്ത്‌ കേസിലും ഇടപെട്ടു. യുഡിഎഫും ബിജെപിയും ‘ഒക്കച്ചങ്ങായി’മാരായി അന്വേഷണ ഏജൻസികളെ വരുതിക്ക്‌ നിർത്തി.

ജനലക്ഷങ്ങൾക്ക്‌ കിടപ്പാടമൊരുക്കിയ ലൈഫ്‌ പദ്ധതിയെയും കേരളത്തിന്റെ അഭിമാനമായ കിഫ്‌ബിയെയും ഇതിലേക്ക്‌  വലിച്ചിഴച്ചു. സ്‌പീക്കറെ വേട്ടയാടി. ഇതിനിടെയാണ്‌ ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട കഥമെനയൽ. ഇതിലെ മുഖ്യൻ പിന്നീട്‌ കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയുമായി.

സെക്രട്ടറിയേറ്റിൽ ഷോർട്ട്‌ സർക്യൂട്ടുമൂലം തീപിടിത്തമുണ്ടായപ്പോൾ രേഖകൾ നശിപ്പിക്കാനെന്നായി പ്രചാരണം. അങ്ങനെ ഓരോ ദിവസവും ഓരോ കഥ. ആ കഥകൾക്കു പിന്നാലെ ഇഡിയും കസ്റ്റംസും സഞ്ചരിച്ചു. എന്നാൽ, ഈ സമയത്തെല്ലാം ശരിയായ വഴിയിലാണ്‌ ജനം സഞ്ചരിച്ചത്‌.  തദ്ദേശ തെരഞ്ഞെടുപ്പിൽത്തന്നെ ജനം തള്ളിയതാണ്‌ ഇത്തരം കള്ള പ്രചാരണം. തുടർന്ന്‌ അൽപ്പം പിന്മാറിയ കേന്ദ്ര ഏജൻസികൾ വീണ്ടും പത്തിവിടർത്തി. എങ്കിലും സർക്കാരിന്റെ സാന്ത്വനം തൊട്ടറിയുന്നവർ വികസനത്തിനും ക്ഷേമത്തിനുമൊപ്പം മതനിരപേക്ഷതയ്‌ക്കും വോട്ട്‌ നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top