16 January Saturday

വികസിക്കാം മൈത്രിയോടെ ; ഇടതുപക്ഷത്തിന്റെ കേരള ബദൽ ജനങ്ങളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

അഞ്ചുലക്ഷം പേർക്ക്‌  വീട്‌ വാഗ്‌ദാനം ചെയ്‌തും ക്ഷേമപെൻഷൻ തുക വീണ്ടും കൂട്ടുമെന്ന്‌ പ്രഖ്യാപിച്ചും ഇടതുപക്ഷത്തിന്റെ കേരള ബദൽ ജനങ്ങളിലേക്ക്‌. ‘വികസനത്തിന്‌ ഒരു വോട്ട്‌, സാമൂഹ്യമൈത്രിക്ക്‌ ഒരു വോട്ട്‌’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇത്തവണ ജനവിധി തേടുന്നത്‌.

കിഫ്ബിയുടെ മാന്ത്രികസ്പർശമേൽക്കാത്ത ഒരു തദ്ദേശഭരണ സ്ഥാപനവും കേരളത്തിലില്ല. അതിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരായ വിധിയെഴുത്തുകൂടിയാണ്‌ വരാനിരിക്കുന്നത്‌.

സുഭിക്ഷ കേരളം
പച്ചക്കറി തറവില പദ്ധതി സാർവത്രികമാക്കും.  പച്ചക്കറി  മൂല്യവർധിത ശൃംഖല  രൂപീകരിക്കും. വർഷം തോറും ഒരു കോടി ഫലവൃക്ഷത്തൈകൾ നടും. കന്നുകാലി പരിപാലനത്തിന്‌ പ്രത്യേക പദ്ധതി. 20000 കുളങ്ങളിൽ ഒരു കോടി  മത്സ്യക്കുഞ്ഞുങ്ങൾ.

ജനപങ്കാളിത്തത്തോടെ കുതിപ്പിന്‌
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിലെ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പ്രകടനപത്രിക തദ്ദേശഭരണ സ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിനുള്ള കർമപദ്ധതിയായി. 25 വർഷത്തെ അനുഭവങ്ങൾ വിലയിരുത്തി അധികാര വികേന്ദ്രീകരണം വിപുലീകരിച്ച്‌ സ്വയംഭരണം ശക്തിപ്പെടുത്തേണ്ട  ഘട്ടമാണിതെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.

അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്താൻ ജനപങ്കാളിത്തം ഉയർത്തി കൂടുതൽ സുതാര്യമായി വികസനകുതിപ്പിന്‌ വേഗത കൂട്ടാനുള്ള അംഗീകാരമാണ് എൽഡിഎഫ്‌ തേടുന്നത്. 1957ലെ ഇഎംഎസ് സർക്കാർമുതൽ അധികാരവികേന്ദ്രീകരണത്തിന് ഇടതുപക്ഷം സ്വീകരിച്ച നിലപാടുകളുടെ തുടർച്ചയാണ്‌ ജനകീയാസൂത്രണം. 1996ലെ നായനാർ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വലിയതോതിൽ അധികാരവും പണവും ഉദ്യോഗസ്ഥരെയും ലഭ്യമാക്കിയത്. അധികാരവികേന്ദ്രീകരണത്തിൽ കേരളം രാജ്യത്ത്‌ ഒന്നാമതെത്തി.


 

യുഡിഎഫ് ഭരണം അവസാനിച്ചപ്പോൾ 2015–-16ൽ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ പ്രത്യക്ഷ ധനസഹായം 7679 കോടി രൂപയായിരുന്നു. ഇപ്പോഴത് 12074 കോടി രൂപയാണ്. ഇതിനുപുറമെ കേന്ദ്ര–-സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ, മുഖ്യമന്ത്രിയുടെ റോഡ് നിർമാണ പദ്ധതി, കുടുംബശ്രീ, ലൈഫ് മിഷൻ തുടങ്ങിയവയിലൂടെ 10000 കോടി രൂപ കൂടി ലഭ്യമാക്കി.
യുഡിഎഫ് ഭരണകാലത്ത് ചെലവഴിക്കാത്ത പണം സ്പിൽ ഓവറായി കൊണ്ടുപോകാൻ അനുമതിയില്ലായിരുന്നു. ഇപ്പോൾ 30 ശതമാനം സ്പിൽ ഓവർ അനുവദിക്കുന്നുണ്ട്. കോവിഡുമൂലം പദ്ധതിയിലേർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ബാധകമാക്കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുന്നത് അധികമായി നൽകുമെന്നും സർക്കാർ ഉറപ്പുനൽകി.

കേന്ദ്രസർക്കാർ ആസൂത്രണം വേണ്ടെന്നുവച്ചു. കേന്ദ്ര പഞ്ചായത്ത് വകുപ്പ് ഫണ്ട് ഇല്ലാതെ ശുഷ്കിച്ചു.  ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കേരളം. അതത്‌ പ്രദേശത്തെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്താവും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയെന്ന്‌ എൽഡിഎഫ്‌ പ്രകടനപത്രിക വ്യക്തമാക്കുന്നു.

കുടുംബശ്രീ വഴി വായ്‌പ  15000 കോടിയാക്കും
കുടുംബശ്രീ അംഗത്വം 50 ലക്ഷമാക്കും,  കുടുംബശ്രീ  ബജറ്റ്‌ വിഹിതം ഇരട്ടിയാക്കി 500 കോടി രൂപ നൽകും. 10 ലക്ഷം പേർക്ക് കുടുംബശ്രീ വഴി ലാപ്ടോപ്‌   കുടുംബശ്രീ   വായ്പ 15,000 കോടി രൂപയായി ഉയർത്തും. ഒരു ലക്ഷം സ്ത്രീകൾക്ക് കുടുംബശ്രീ  തൊഴിൽ നൽകും. ജനകീയ ഹോട്ടൽ, ചിക്കൻ ഔട്ട്‌ലെറ്റുകൾ, കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ, ജെൻഡർ റിസോഴ്സ് സെന്ററുകൾ എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിക്കും. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ സ്ഥാപിക്കും.  കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല തുടങ്ങും. ട്രാൻസ്ജൻഡറുകൾക്ക്‌ തുല്യത ഉറപ്പുവരുത്തും.   
തദ്ദേശ സ്ഥാപനങ്ങളിൽ ജൻഡർ ബജറ്റിങ്‌   എല്ലാ പഞ്ചായത്തുകളെയും നഗരസഭകളെയും  സ്ത്രീസൗഹൃദമാക്കും.  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ മാപ്പിങ്‌ നടത്തും.
 

പട്ടികജാതി, പട്ടികവർഗ സങ്കേതങ്ങൾ നവീകരിക്കും
പട്ടികജാതി, പട്ടികവർഗ സങ്കേതങ്ങൾ സമയബന്ധിതമായി  നവീകരിക്കും. പഠനമുറി നിർമാണം സമ്പൂർണമാക്കും. പ്രത്യേക പഠനപരിഹാര ബോധന സ്കീമുകൾ ആവിഷ്കരിക്കും. നൈപുണി പോഷണത്തിന് പ്രത്യേക സ്കീമുകൾ വഴി സ്വകാര്യ മേഖലയിൽ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

തദ്ദേശ ഭരണസ്ഥാപനങ്ങൾ വഴിയുള്ള പട്ടികജാതി, പട്ടികവർഗ പദ്ധതികളുടെ നടത്തിപ്പ് സമഗ്രമായ സോഷ്യൽ ഓഡിറ്റിനു വിധേയമാക്കും. ചിതറിക്കിടക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ഓരോന്നിനും മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലാണ് അഭികാമ്യം. പി കെ കാളൻ പദ്ധതിയുടെ ഇതുവരെയുള്ള അനുഭവങ്ങൾ പരിശോധിച്ച് പുതിയ മാർഗനിർദേശങ്ങൾ നൽകും.

വിനോദനികുതി നഷ്ടം സര്‍ക്കാര്‍ നികത്തും
ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായ വിനോദനികുതി നഷ്ടം സർക്കാർ നികത്തുമെന്ന്‌ എൽഡിഎഫ്‌ പ്രകടനപത്രിക . തദ്ദേശ സ്ഥാപനങ്ങളുടെ തനതു വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പുനർവിന്യാസത്തിലൂടെയോ പുതിയ തസ്തിക സൃഷ്ടിച്ചോ രണ്ട് തസ്തിക വീതം അധികമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നൽകും.   സാക്ഷരതാ മിഷൻ പ്രേരക്മാരെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് വിന്യസിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top