25 April Thursday

രാജ്യത്തിന് പ്രതീക്ഷ

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 25, 2018


സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രണ്ടുവർഷം തികയ്ക്കുകയാണ്. 1957ലെ സ. ഇ എം എസ് സർക്കാർമുതൽ കേരളം ഭരിച്ച ഇടതുപക്ഷ സർക്കാരുകളുടെ അതേ പാത പിന്തുടർന്നും യഥാർഥജനപക്ഷ ബദൽ ഉയർത്തിപ്പിടിച്ചുകൊണ്ടും വികസനക്കുതിപ്പിലാണ് ഈ സർക്കാർ. രാജ്യം ഗുരുതരമായ പ്രതിസന്ധിനേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തിനാകെ പ്രതീക്ഷയാവുകയാണ് കേരള സർക്കാർ. ഇതിനെ തകർക്കാൻ ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ പതിനെട്ടടവും പയറ്റുന്നു. അതിന് എല്ലാ ഒത്താശയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നത്.  കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് സർക്കാരിനെതിരെ നുണപ്രചാരണങ്ങളുടെ നെടുംകോട്ടകളാണ് തീർത്തുകൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാം മറികടന്ന്, ഇതിലൊന്നും കുലുങ്ങാതെ സംസ്ഥാനത്തെ ജനങ്ങളെന്താണോ ആഗ്രഹിക്കുന്നത്, അതിനനുസൃതമായ വികസന, ക്ഷേമപ്രവർത്തനത്തിലൂന്നിയാണ് രണ്ടുവർഷവും ഈ സർക്കാർ മുന്നോട്ടുപോയത്.

  ക്രമസമാധാനരംഗത്ത് ഈ സർക്കാർ രാജ്യത്തിനാകെ മാതൃകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ വലതുപക്ഷശക്തികൾ പെരുപ്പിച്ചുകാണിക്കുമ്പോൾ, അതിൽ തെല്ലുംപതറാതെ കുറ്റവാളികൾക്കും തെറ്റ് ചെയ്യുന്നവർക്കുമെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. യുഡിഎഫ് കാലത്ത് തലസ്ഥാനത്ത് ഉദയകുമാർ, ശ്രീജീവ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ മരിച്ചപ്പോൾ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് ഭരണാധികാരികൾ സ്വീകരിച്ചത്. എന്നാൽ, ഇപ്പോൾ വരാപ്പുഴ സംഭവത്തിൽ മുഖംനോക്കാതെയുള്ള നടപടി സ്വീകരിച്ചു. കുറ്റവാളികൾക്കെതിരെ മാത്രമല്ല, അവരെ സംരക്ഷിക്കുന്നവർക്കും ഒരു പരിരക്ഷയും കിട്ടില്ലെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും ഈ സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

സോളാർതൊട്ട് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിലെ ഭൂമിദാനംവരെ എല്ലാ നടപടികളും അഴിമതിയുടെയും വിവാദങ്ങളുടെതുമായിരുന്നുവെങ്കിൽ ഈ സർക്കാർ അതിൽ നിന്നെല്ലാം വേറിട്ടതാണ്. ഭരണരംഗത്തുനിന്ന് അഴിമതി തുടച്ചുനീക്കി. നവകേരളം കർമപദ്ധതിയിലൂടെ നാല് മിഷന് രൂപംനൽകി ഭവന രഹിതർക്കെല്ലാം വീടുകൾ ഉറപ്പാക്കാനും പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും പൊതുജനാരോഗ്യത്തിന് കൂടുതൽ കരുത്തുപകരാനും ലക്ഷ്യമിടുന്നതോടൊപ്പം ഹരിതകേരളം പദ്ധതിയിലൂടെ സമ്പൂർണശുചിത്വവും കാർഷിക സ്വയംപര്യാപ്തതയും യാഥാർഥ്യമാക്കുകയാണ്.

  പൊതുമേഖലാ വ്യവസായരംഗത്തുനിന്ന് കേന്ദ്രം പിൻമാറുകയോ ഓഹരികൾ വിൽക്കുകയോ ചെയ്തുകൊണ്ടിരിക്കുമ്പോൾ  കേരളത്തിലെ അത്തരം സ്ഥാപനങ്ങളെ കൂടി  ഏറ്റെടുക്കുകയോ പൊതുമേഖലയിൽ തന്നെ നിലനിർത്തി സംരക്ഷിക്കുകയോ ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് വ്യക്തമാകുന്നത്. പരമ്പരാഗത മേഖലകളെ തൊഴിൽദാന കേന്ദ്രമായി മാത്രം കണക്കാതെ  സാമൂഹ്യ സുരക്ഷാമേഖല എന്നുകൂടി  കണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കശുവണ്ടി വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിൽ സംരക്ഷിക്കുന്നതിനും സർക്കാർ ഇടപെട്ടു. ക്യാഷ്യൂ ബോർഡ് രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുന്നതോടൊപ്പം തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. കയർ മേഖലയുടെ വികസനത്തിനും തൊഴിലാളികളുടെ ക്ഷേമത്തിനും സർക്കാർ ഇടപെട്ടു. കയർമേഖലയിൽ തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പം കയർ ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവും ശക്തിപ്പെടുത്തുന്നതിനു കൂടി സാധിച്ചു. സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണത്തിലൂടെ കൈത്തറി തുണിയുടെ സ്വീകാര്യത വ്യാപിപ്പിക്കാനും അതുവഴി കൈത്തറി തൊഴിൽ വർധിപ്പിക്കാനും സാധിച്ചു.

ഓഖി ദുരന്തത്തിൽനിന്നു കടലോരമേഖലയെ സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയത്. മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഉയർന്ന ആശ്വാസധനസഹായം നൽകി. വീട്, ജീവനോപാധികൾ എന്നിവ നഷ്ടപ്പെട്ടവർക്കും സഹായമെത്തിച്ചു.  2000 കോടി രൂപയുടെ  തീരദേശ പാക്കേജിന്രൂപംനൽകി.

പട്ടികജാതി വിഭാഗങ്ങൾക്കായി ബജറ്റ് വിഹിതത്തിൽ 9.8 ശതമാനം നീക്കിവച്ചു. പട്ടികവർഗ ഉപ പദ്ധതിയുടെ അടങ്കൽ 750 കോടിയിൽനിന്ന് 826 കോടിയായി വർധിപ്പിച്ചു. ദളിത്‐പിന്നോക്ക വിഭാഗത്തിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടെപടലും നടത്തുകയാണ്.

അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾ രാജ്യത്തിനാകെ മാതൃകയാണ്. ട്രാൻസ്ജെന്റർ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് അനുയാത്ര എന്നപേരിൽ പുതിയ പദ്ധതി നടപ്പാക്കി.

സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചു. സംസ്ഥാന ബജറ്റിൽ സ്ത്രീകൾക്കുള്ള പദ്ധതികളുടെ വിഹിതം 2017‐18 ൽ 11.5ശതമാനമായിരുന്നത് 14.6 ശതമാനമായി ഉയർത്തി. പിങ്ക്പട്രോൾ പ്രധാനനഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. പൊലീസ് സേനയിൽ സ്ത്രീകൾക്ക് പ്രത്യേക ബറ്റാലിയൻ തുടങ്ങി. സേനയിൽ ഇവരുടെ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിക്കുകയാണ്.  ജെന്റർ ബജറ്റ്രീതി ആവിഷ്കരിച്ചു. പദ്ധതി വിഹിതത്തിൽ ഈ മേഖലയിൽ വർധന വരുത്തി.

പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റവും ശ്രദ്ധേയമാണ്. അധ്യയന വർഷം ആരംഭിക്കുംമുമ്പ് പാഠപുസ്തകങ്ങൾ നൽകി. 2000 കോടി രൂപയുടെ ഹൈടെക് സ്കൂൾ പദ്ധതിക്ക് തുടക്കമിട്ടു. 500 കോടി രൂപ ചെലവഴിച്ച് 45,000 ക്ലാസ്മുറി ഹൈടെക്കാക്കി. കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നരലക്ഷംവിദ്യാർഥികൾ പ്രവേശനം നേടി എന്നതു സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്.

പൊതുജനാരോഗ്യ സംവിധാനങ്ങളെ മെച്ചപ്പെടുത്താനുള്ള നടപടിയാണ് മറ്റൊന്ന്. ആർദ്രംപദ്ധതി വഴി കേരളത്തിലെ ആരോഗ്യമേഖലയിൽ പുത്തനുണർവ് നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. കുടുംബ ഡോക്ടർ എന്ന കാഴ്ചപ്പാട് നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കൂടുതൽ ജീവനക്കാരെ നിയമിച്ചു. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങി. 4300 ലധികം പുതിയ തസ്തികയാണ് ആരോഗ്യമേഖലയിൽ സൃഷ്ടിച്ചത്.

ലൈഫ് പദ്ധതിയുടെ ഭാഗമായി സമ്പൂർണ പാർപ്പിടപദ്ധതിയും ലക്ഷ്യംകാണുകയാണ്.സമ്പൂർണ വൈദ്യുതീകരണത്തിലൂടെ എല്ലാ വിഭാഗങ്ങൾക്കും വൈദ്യുതി എത്തിക്കുന്ന പ്രവർത്തനവും സർക്കാർ ആരംഭിച്ചു. 

സാമൂഹ്യക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് കുടിശ്ശിക തീർത്ത് വിതരണംചെയ്തു. പെൻഷനുകൾ വീട്ടിലെത്തിച്ചാണ് സർക്കാർ ദുർബലവിഭാഗങ്ങളെ സഹായിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ നൽകുന്ന ധനസഹായമാണ് മറ്റൊരു കാര്യം. യുഡിഎഫ് സർക്കാർ കാലത്ത് അഞ്ചുവർഷം നൽകിയത് 419.62 കോടി രൂപയാണെങ്കിൽ രണ്ടുവർഷം പിന്നിടുമ്പോൾത്തന്നെ ഈ സർക്കാർ  390 കോടി രൂപ നൽകിക്കഴിഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർക്ക് മിനിമംവേതനം ഇരുപതിനായിരമായി ഉയർത്തി. ദേവസ്വം ബോർഡിനകത്ത് ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയും അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചതും രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന പ്രതിസന്ധികളെ മറികടന്നാണ് ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടു നീങ്ങുന്നത്.

2019ൽ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപി നടത്തുന്ന കുതിരക്കച്ചവട രാഷ്ട്രീയം നാം കണ്ടു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതിനെക്കാൾ നെറികെട്ട കളിയാകും പയറ്റാൻ പോകുന്നത്. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് രാജ്യമാകെ നമുക്ക് കേരള ഭരണത്തെ ഉയർത്തിക്കാട്ടാനാകും.

എൽഡിഎഫ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന നയസമീപനങ്ങൾ രാജ്യത്താകമാനമുള്ള ആഗോളവൽക്കരണ വിരുദ്ധപോരാട്ടങ്ങൾക്ക് കരുത്തു പകരുന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളും നവലിബറൽ നയങ്ങൾ പിന്തുണയ്ക്കുന്നവർ സ്വീകരിക്കും. ഈ സാഹചര്യത്തിൽ തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള അധ്വാനിക്കുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്തുക എന്നത് പ്രധാനമാണ്.  എൽഡിഎഫ് സർക്കാരിനുള്ള ജനപിന്തുണ സംസ്ഥാനത്ത് വർധിച്ചുവരികയാണെന്ന് മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പ്, വേങ്ങര ഉപതെരഞ്ഞെടുപ്പ് എന്നിവ വ്യക്തമാക്കിയിട്ടുള്ളതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനുണ്ടായ വിജയം ഈ പിന്തുണയ്ക്ക് അടിവരയിടുന്നു.  കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യവും വികസനകാര്യത്തിലെ നേട്ടങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ കേരളത്തിന്റെ രാഷ്ട്രീയ ശാക്തിക ബലാബലത്തിൽ മുൻകൈ നേടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയണം. എങ്കിൽ മാത്രമേ വികസനതുടർച്ച സംസ്ഥാനത്ത് ഉണ്ടാക്കാൻ കഴിയൂ. ആഗോളവൽക്കരണനയങ്ങൾ കേന്ദ്രസർക്കാർ ശക്തമായി നടപ്പാക്കുമ്പോൾ അതിന് ബദൽ നയങ്ങളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. ഇത്തരമൊരു നയം ഇടതുപക്ഷ ജനാധിപത്യശക്തികൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിലൂടെയേ സാധ്യമാവുകയുള്ളു എന്ന കാഴ്ചപ്പാട് രാജ്യത്ത് വളർന്നുവരുന്നുണ്ട്. അതുകൊണ്ടാണ് കേരളം ഇന്ന് രാജ്യത്താകമാനം മാത്രമല്ല ലോകത്തുതന്നെ ശ്രദ്ധിക്കപ്പെടുന്നത്. സർക്കാരിന്റെ ബദൽനയങ്ങൾ രാജ്യത്താകമാനം പ്രചരിപ്പിച്ച് ഇടതുപക്ഷ ജനാധിപത്യശക്തികൾ ജനങ്ങൾക്കൊപ്പം നിലനിൽക്കുന്നവെന്ന യാഥാർഥ്യം ജനങ്ങളിലെത്തിക്കാനാകണം. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനും വലതുപക്ഷശക്തികൾ നടത്തുന്ന പ്രചാരവേലകളെ പരാജയപ്പെടുത്താനും കഴിയേണ്ടതുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top