28 November Saturday

നുമ്മ പൊളിയാണ്‌ ബ്രോ...

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

കന്നിവോട്ട് സ്വന്തം പേരിനുനേർക്ക് രേഖപ്പെടുത്താനാവുക; അപൂർവങ്ങളിൽ അപൂർവമായ ഇത്തരം മുഹൂർത്തങ്ങൾക്ക് തദ്ദേശതെരഞ്ഞെടുപ്പ് സാക്ഷിയാകുന്നു. മുൻവർഷങ്ങളിലെ അപേക്ഷിച്ച് ഇക്കുറി ചെറുപ്പക്കാരുടെ നീണ്ട നിരയാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. 21 വയസ്സ് പൂർത്തിയായി ദിവസങ്ങൾമാത്രമായവരുമുണ്ട്.  എൽഡിഎഫിനുവേണ്ടിയാണ്  യുവനിര ഏറെയും രംഗത്തുള്ളത്

■ കാസർകോട്‌
എസ്‌എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ഫാത്തിമത്ത്‌ ഷംന ജില്ലാ പഞ്ചായത്ത്‌ പെരിയ ഡിവിഷനിൽ മത്സരിക്കുമ്പോൾ എതിർസ്ഥാനാർഥിയായി ലീഗിലെ ചെറുപ്പക്കാരിയുമുണ്ട് ഏറ്റുമുട്ടാൻ. കുമ്പള ഡിവിഷനിലേക്കും ലീഗ് ചെറുപ്പക്കാരിയെ രംഗത്തിറക്കി. വിവിധ പഞ്ചായത്തുകളിലേക്കായി ഒമ്പതുപേരും യുവാക്കളുടെ പ്രതിനിധിയായി എൽഡിഎഫിലുണ്ട്.

■ കണ്ണൂർ
കണ്ണൂരിൽ യുവ സ്ഥാനാർഥികൾ ഒമ്പത്‌. എല്ലാവരും എൽഡിഎഫ്‌. കണ്ണൂർ കോർപറേഷൻ ഏഴര വാർഡിൽ മത്സരിക്കുന്ന വി പി ഫാദിയയാണ്‌ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി–-21. ജില്ലാ പഞ്ചായത്ത്‌ കൊളച്ചേരി ഡിവിഷനിലെ സ്ഥാനാർഥി ദന്ത ഡോക്ടറായ ഷിറിൻ ഖാദർ 24കാരിയാണ്‌. നഗരസഭയിലേക്ക് ഒരാളും വിവിധ പഞ്ചായത്തുകളിലേക്കായി ആറുപേരും എൽഡിഎഫിനുവേണ്ടി രംഗത്തുണ്ട്.

■ കോഴിക്കോട്‌
കന്നിയങ്കത്തിന്‌ 18 അടവും പകരാൻ എൽഡിഎഫിന്റെ 18 പേർ. 21നും 25നും ഇടയിൽ പ്രായമുള്ള 18 പേരാണ്‌ വിവിധ തലങ്ങളിലേക്ക്‌ മത്സരിക്കുന്നത്‌. കോർപറേഷനിൽ മത്സരിക്കുന്ന ദേശീയ ഹോക്കി താരം സി രേഖ, ടി അഞ്ജുവും കായിക മേഖലയിലെ കരുത്തരാണ്. നാദാപുരം ഡിവിഷനിൽനിന്ന്‌ ജില്ലാ പഞ്ചായത്തിലേക്കും ഒരാളുണ്ട്.

■വയനാട്‌
25 വയസ്സിൽ താഴെയുള്ള അഞ്ച്‌‌ യുവതികളാണ്‌  എൽഡിഎഫ്‌ സ്ഥാനാർഥികളായുള്ളത്‌. ‌ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ടുപേരും മാനന്തവാടി നഗരസഭയിലേക്ക് ഒരാളും മറ്റ് രണ്ടുപേർ വിവിധ പഞ്ചായത്തുകളിലേക്കുമാണ്.

-■ മലപ്പുറം
അങ്കത്തിനിറങ്ങുന്നത്‌ 25 വയസ്സിൽ താഴെയുള്ള 37 പേർ. ഇതിൽ 27ഉം എൽഡിഎഫ്‌ പാനലിൽ. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിൽ എൽഡിഎഫിന്‌ അഞ്ചുപേർ‌. എല്ലാവരും സിപിഐ എം സ്ഥാനാർഥികൾ. എടവണ്ണയിൽനിന്നുള്ള ചിപ്പി സുരേഷാണ്‌ ഏറ്റവും ജൂനിയർ. ഗ്രാമ പഞ്ചായത്തുകളിൽ 21 പേർ‌‌. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ ഭാരവാഹികളും മത്സരത്തിനുണ്ട്‌. വഴിക്കടവ്‌ പഞ്ചായത്തിൽ ചോലനായ്‌ക്കർ വിഭാഗത്തിൽനിന്നുള്ള 21കാരൻ  സ്ഥാനാർഥിയായതിലൂടെ ചരിത്രത്തിൽ ഇടംനേടി‌. കോൺഗ്രസ് 25 വയസ്സിൽ താഴെയുള്ള രണ്ടുപേർക്കാണ്‌ അവസരം നൽകിയത്‌.

■ പാലക്കാട്
25 വയസ്സിന്‌ താഴെയുള്ള 27 പേർ‌ എൽഡിഎഫ്‌ സ്ഥാനാർഥി  പട്ടികയിലുണ്ട്. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേക്ക്‌ രണ്ടുപേർ മത്സരിക്കുന്നു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം കെ പി ഐശ്വര്യ അകത്തേത്തറ പഞ്ചായത്തിലേക്ക്‌ ജനവിധി തേടുന്നു. പാലക്കാട് നഗരസഭ വാർഡ് 18 ലെ സ്ഥാനാർഥി എൻ ദയ ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ ജയഘോഷ്‌ ജില്ലാ പഞ്ചായത്ത്‌ പറളി ഡിവിഷനിൽ യുഡിഎഫിനുവേണ്ടിയും മത്സരിക്കുന്നു‌.

■ തൃശൂർ
25 വയസ്സിന്‌ താഴെ 18 സ്ഥാനാർഥികൾ. കോർപറേഷൻ പാട്ടുരായ്‌ക്കലിൽ മത്സരിക്കുന്ന 21 കാരി സിപിഐ എമ്മിലെ കെ ജി കീർത്തനയ്‌ക്ക്‌ ഏപ്രിലിലാണ്‌ 21 തികഞ്ഞത്‌. യുഡിഎഫിനുവേണ്ടി കോർപറേഷനിൽ യുവ പ്രതിനിധി മത്സരിക്കുന്നു. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എളവള്ളി പഞ്ചായത്തിലെ 12–-ാം വാർഡിൽ മത്സരിക്കുന്ന കെ ഡി വിഷ്‌ണുവിന്‌ നവംബർ 14നാണ്‌ 21 തികഞ്ഞത്‌. ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരാളും വിവിധ നഗരസഭയിലേക്ക് എൽഡിഎഫിനുവേണ്ടി അഞ്ചുപേരും യുഡിഎഫിനുവേണ്ടി ഒരാളും രംഗത്തുണ്ട്. വിവിധ പഞ്ചായത്തുകളിലേക്ക് എൽഡിഎഫിനുവേണ്ടി ആറുപേരും യുവപ്രതിനിധികളായുണ്ട്.

■ എറണാകുളം
25 വയസ്സിൽ താഴെയുള്ള 10 പേർ മത്സരിക്കുന്നു. കൊച്ചി കോർപറേഷൻ 34–--ാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി അഞ്ജലി രാജൻ (22) കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരചടങ്ങുകൾക്കു നേതൃത്വംകൊടുത്ത് ശ്രദ്ധേയയാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ എം നവ്യ (22) കൂവപ്പടി പഞ്ചായത്തിലെ ഏഴാം വാർഡിലും മത്സരിക്കുന്നു‌.

■ കോട്ടയം
നഗരസഭകളിലേക്ക് രണ്ടുപേരും ബ്ലോക്കിലേക്ക് ഒരാളും ഗ്രാമപഞ്ചായത്തിലേക്ക് അഞ്ചുപേരും യുവപ്രതിനിധികളായി എൽഡിഎഫിനുവേണ്ടി രംഗത്തുണ്ട്.

■ ഇടുക്കി
ഇടുക്കിയിൽ പത്തിലേറെ പേരാണ്‌ 25 വയസ്സിൽ താഴെയുള്ളവർ എൽഡിഎഫ്‌ പാനലിൽ ജനവിധി തേടുന്നത്‌. വണ്ണപ്പുറം പഞ്ചായത്തിലെ ഒറകണ്ണി വാർഡിൽ ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റിയംഗം ചിപ്പി ജോർജാണ് മത്സരിക്കുന്നത്. എഐഎസ്‌എഫ്‌ ജില്ലാ സെക്രട്ടറി ആനന്ദ്‌ സുനിൽകുമാർ ഇരട്ടയാർ പഞ്ചായത്തിലേക്ക് പന്ത്രണ്ടാം വാർഡ്‌ നാലുമുക്കിൽനിന്ന്‌ ജനവിധി തേടുന്നു.  

■ പത്തനംതിട്ട
 കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 11–--ാം വാർഡിൽ മത്സരിക്കുന്ന രേഷ്‌മ മറിയം റോയിക്ക്‌ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന്‌ തൊട്ടുമുമ്പാണ്‌‌ 21 തികഞ്ഞത്‌‌. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് ഒരാളും നഗരസഭകളിലേക്ക് രണ്ടുപേരും വിവിധ പഞ്ചായത്തുകളിലേക്ക് നാലുപേരുമാണ് എൽഡിഎഫിനുവേണ്ടി രംഗത്തിറങ്ങുന്ന യുവനിര.

■ ആലപ്പുഴ
ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ സ്ഥാനാർഥി പി അഞ്ജു (22) എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗമാണ്. ചെന്നിത്തല ഡിവിഷനിലെ ജി ആതിര (23) യുവജനതാദൾ എസ് ജില്ലാ സെക്രട്ടറിയാണ്. മൂന്നുപേർ നഗരസഭയിലേക്കും രണ്ടുപേർ പഞ്ചായത്തുകളിലേക്കും എൽഡിഎഫ് സ്ഥാനാർഥികളായി രംഗത്തുണ്ട്.

■ കൊല്ലം
21 വയസ്സുള്ള ഏഴ്‌ പേരും 25ന്‌ താഴെയുള്ളവർ 40 പേരുമുണ്ട്. ‌എൽഡിഎഫാണ്‌ യുവനിരയിൽനിന്ന്‌ ഏറ്റവും കൂടുതൽപേരെ സ്ഥാനാർഥികളാക്കിയത്‌. ജില്ലാ പഞ്ചായത്തിലേക്ക് ഒരാളും മൂന്നുപേർ ബ്ലോക്ക് പഞ്ചായത്തിലേക്കും. വിവിധ പഞ്ചായത്തുകളിലേക്കായി മൂന്നുപേർ യുഡിഎഫിനുവേണ്ടിയും രംഗത്തുണ്ട്.

■ തിരുവനന്തപുരം
യുവപ്രാതിനിധ്യത്തിൽ ഒന്നാംസ്ഥാനത്ത്‌ എൽഡിഎഫാണ്. തിരുവനന്തപുരം കോർപറേഷനിൽമാത്രം 25ൽ താഴെയുള്ള ഒമ്പതു പേരുണ്ട്‌. 73 ഗ്രാമപഞ്ചായത്തുകളിലായി എൽഡിഎഫിന്റെ 82 സ്ഥാനാർഥികളും 25ൽ താഴെയുള്ളവരാണ്‌. അതേസമയം യുഡിഎഫിൽ 20, ബിജെപിയിൽ 37 പേരുമാണുള്ളത്‌. നാലു നഗരസഭയിലും 11 ബ്ലോക്ക്‌ പഞ്ചായത്തിലുമായി എൽഡിഎഫ്‌ പട്ടികയിൽ 22 പേരുണ്ട്‌. കോൺഗ്രസിൽ 10 പേരും ബിജെപിയിൽ 13 പേരും ഈ പ്രായക്കാരാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top