21 February Thursday

ബദൽ ജീവിതം പ്രതിരോധം

എ ശ്യാംUpdated: Sunday Nov 29, 2015

നാട്ടുനന്മയുടെ സുഗന്ധം ഓരോ ശ്വാസത്തിലും പ്രസരിക്കുന്ന, പ്രകൃതിയുടെ ജൈവതാളം ജീവിതത്തില്‍  പുലരുന്ന, കലയും
സംഗീതവും ഇതര സര്‍ഗാത്മകപ്രവര്‍ത്തനങ്ങളും സമ്പന്നമാക്കിയ ബദല്‍ജീവിതത്തിന്റെ ഇടം.  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇടമില്ലാത്ത, ചരിത്രത്തെ സമരായുധമാക്കി ഫാസിസത്തിന് പ്രതിരോധം തീര്‍ക്കുന്ന ഒരിടം. എറണാകുളം ജില്ലയിലെ മൂഴിക്കുളത്താണ്
പൌരാണികമായ വഴക്കങ്ങളെ  ആധാരമാക്കി വര്‍ത്തമാനജീവിതത്തിന് കൂട്ടായ്മയുടെ കരുത്തും പുരോഗമനത്തിന്റെ പ്രസരിപ്പും പകരുന്നത്.
 മൂഴിക്കുളം ശാലയെന്ന കൂട്ടായ്മയാണ് ഇവിടെ ബദല്‍ജീവിതം സഫലമാക്കുന്നത്.

 

കേരളത്തിന്റെ 'വ്യവസായ തലസ്ഥാന' ജില്ലയില്‍ ആധുനികതയുടെ ഭ്രാന്തമായ പരിഷ്കാരങ്ങളില്‍ മുങ്ങിപ്പോകാത്ത ഒരു ഗ്രാമം സങ്കല്‍പ്പിച്ചുനോക്കൂ. മതത്തിന്റെയും ജാതിയുടെയും വേര്‍തിരിവുകളില്ലാതെ, പുരയിടങ്ങള്‍ക്ക് വേലിക്കെട്ടുകളില്ലാതെ, മനുഷ്യര്‍ സൌഹാര്‍ദത്തോടെ പാര്‍ക്കുന്ന ഒരിടം. നാട്ടുനന്മയുടെ സുഗന്ധം ഓരോ ശ്വാസത്തിലും പ്രസരിക്കുന്ന, പ്രകൃതിയുടെ ജൈവതാളം ജീവിതത്തില്‍ പുലരുന്ന, കലയും സംഗീതവും ഇതര സര്‍ഗാത്മകപ്രവര്‍ത്തനങ്ങളും സമ്പന്നമാക്കിയ ബദല്‍ജീവിതത്തിന്റെ ഇടം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഇടമില്ലാത്ത, ചരിത്രത്തെ സമരായുധമാക്കി ഫാസിസത്തിന് പ്രതിരോധം തീര്‍ക്കുന്ന ഒരിടം.
എറണാകുളം ജില്ലയില്‍, തൃശൂര്‍ ജില്ലയുമായി അതിരുപങ്കിടുന്ന പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളത്താണ് പൌരാണികമായ വഴക്കങ്ങളെ ആധാരമാക്കി വര്‍ത്തമാനജീവിതത്തിന് കൂട്ടായ്മയുടെ കരുത്തും പുരോഗമനത്തിന്റെ പ്രസരിപ്പും പകരുന്നത്. മൂഴിക്കുളം ശാലയെന്ന കൂട്ടായ്മയാണ് ഇവിടെ ബദല്‍ ജീവിതം സഫലമാക്കുന്നത്.

ജൈവ ക്യാമ്പസ്
ചാലക്കുടി പുഴയുടെ തീരത്ത് 2.40 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മൂഴിക്കുളം ശാലയുടെ ജൈവ ക്യാമ്പസില്‍ 23 പ്രകൃതി നാലുകെട്ടുകളും 29 ഒറ്റമുറി വീടുകളുമാണുള്ളത്. എല്ലാം കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന പ്രകൃതിസൌഹൃദ വീടുകള്‍. അഞ്ചുസെന്റ് വീതമുള്ള സ്ഥലത്താണ് നാലുകെട്ടുകളെങ്കിലും അവയെ വേര്‍തിരിച്ച് വേലികള്‍ പോലുമില്ല. എല്ലാം ഒറ്റനില വീടുകള്‍. പുഴയില്‍നിന്നുള്ള കുളിര്‍കാറ്റ് എല്ലാ വീട്ടിലും എത്തുന്നതിനാണ് ഇരുനിലകള്‍ ഒഴിവാക്കിയത്. ക്യാമ്പസിനുള്ളില്‍ മണ്‍പാതകള്‍ മാത്രം. ഇവിടെ താമസിക്കുന്നവര്‍ രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ ഉപയോഗിക്കാന്‍ പാടില്ല എന്ന് നിബന്ധനയുണ്ട്്. താമസക്കാര്‍ ക്യാമ്പസില്‍ ജൈവകൃഷി നടത്തുന്നുണ്ട്. കൂടാതെ ഇവര്‍ക്ക് ജൈവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക കടകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് മൂഴിക്കുളം ശാല പ്രവര്‍ത്തകര്‍. പരിസരത്തെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പാറക്കടവ് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിലുള്ള കുട്ടികള്‍ ശേഖരിക്കുന്നു. ഇവിടത്തെ താമസക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ക്ഷേമസമിതിയാണ്  പൊതുവായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍(നെടുമ്പാശേരി) നിന്ന് 13 കിലോമീറ്ററോളം ദൂരമേയുള്ളൂ മൂഴിക്കുളം ശാലയുടെ ജൈവ ക്യാമ്പസിലേക്ക്. ഇന്ത്യയിലെ 108 പൌരാണിക വൈഷ്ണവ ക്ഷേത്രങ്ങളിലെ ഏക ലക്ഷ്മണക്ഷേത്രമായ തിരുമൂഴിക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രനടയിലൂടെ കടന്ന് അര കിലോമീറ്ററോളം പോയാല്‍ ജൈവ ക്യാമ്പസായി.

തുടക്കം
കേരളത്തിന്റെ ചരിത്രത്തില്‍നിന്ന് കണ്ടെടുത്ത ഒരു സമരായുധം എന്ന കാഴ്ചപ്പാടോടെ 2003 മാര്‍ച്ച് 19നായിരുന്നു മൂഴിക്കുളം ശാലയ്ക്ക് തുടക്കം. ചേര രാജാക്കന്മാരുടെ ഭരണകാലത്തെ നാല് ശാലകള്‍ അഥവാ പ്രാചീന സര്‍വകലാശാലകളില്‍ ഒന്നായിരുന്നു മൂഴിക്കുളം ശാല. മറ്റ് മൂന്നെണ്ണം കാന്തള്ളൂര്‍ ശാല(വലിയശാല), തിരുവല്ല ശാല, പാര്‍ഥിവപുരം ശാല എന്നിവ. ഈ പ്രാചീന വിദ്യാകേന്ദ്രങ്ങളുടെ മാതൃകയില്‍ പഠനങ്ങളും അന്വേഷണങ്ങളും അടിസ്ഥാനമാക്കി പരിസ്ഥിതി, പൈതൃകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമകാലികമായി നടത്തുക എന്നതായിരുന്നു ലക്ഷ്യം. മറ്റൊരുലോകവും മറ്റൊരു ജീവിതവും സാധ്യമാണ് എന്ന കാഴ്ചപ്പാടോടെ അതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തുന്നത് എന്ന് ശാലയുടെ പ്രവര്‍ത്തകര്‍ പറയുന്നു. പി ആര്‍ പ്രേംകുമാര്‍, പ്രദീപ് മൂഴിക്കുളം, ശ്രീനി വാസുദേവ്, ജര്‍ളി, വൈക്കം മുരളി, പരേതനായ രവീന്ദ്രന്‍ തുടങ്ങിയവരുടെ ആലോചനയില്‍നിന്നാണ് ഇതിന് തുടക്കം. പ്രകൃതിവിരുദ്ധവും ജൈവവിരുദ്ധവുമായ ഒരുപാട് നിയമങ്ങള്‍ക്കുള്ളിലാണ് നമ്മുടെ വാസം എന്ന തിരിച്ചറിവാണ് ഇതിലേക്ക് നയിച്ചത്.

സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍
മൂഴിക്കുളം ശാലയുടെ മുന്‍കൈയില്‍ നടന്നുവരുന്ന വിവിധങ്ങളായ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതാണ് എം ടിയുടെ വാനപ്രസ്ഥത്തിന്റെ സംഗീതാവിഷ്കാരവും മാര്‍ഗി മധുവിന്റെ പുരുഷാര്‍ഥക്കൂത്തിന്റെ ചിത്രീകരണവും. 15 മണിക്കൂര്‍ നീളുന്ന കൂത്ത് 14 വിസിഡികളിലായാണ് പുറത്തിറക്കിയത്. വാനപ്രസ്ഥത്തിന്റെ സംഗീതാവിഷ്കാരം നിര്‍വഹിച്ചത് ശ്രീവത്സന്‍ ജെ മേനോന്‍.
മൂഴിക്കുളം ശാലയുടെ ആശയങ്ങള്‍ ആവിഷ്കരിക്കുന്ന രണ്ട് ചെറുകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമുക്കുചെയ്യാവുന്ന 'ഏറ്റവും ചെറിയ വലിയ' കാര്യങ്ങളടങ്ങിയ പ്രകൃതിപാഠങ്ങളും അതിജീവനം എന്ന നോവലും. ശാലയുടെ പ്രധാന പ്രവര്‍ത്തകനായ ടി ആര്‍ പ്രേംകുമാറാണ് ഇവ എഴുതിയത്. കുട്ടികള്‍ക്കുവേണ്ടി മലയാളഭാഷാ ക്യാമ്പുകളും അവധിക്കാല ക്യാമ്പുകളും ഇവിടെ സംഘടിപ്പിക്കുന്നു.

മലയാളം വട്ടെഴുത്ത് ലിപിയിലുള്ള കലണ്ടര്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് മൂഴിക്കുളം ശാലയുടെ സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പിന്നീട് ഞാറ്റുവേല, സംക്രാന്തി കലണ്ടറുകളും പ്രസിദ്ധീകരിച്ചു. നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ മാറ്റങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ട് പാരിസ്ഥിതിക–സാംസ്കാരിക കലണ്ടറും പുറത്തിറക്കി. കേരളീയജീവിതം പ്രകൃതികേന്ദ്രിത വ്യവസ്ഥയില്‍നിന്ന് മനുഷ്യകേന്ദ്രിതവ്യവസ്ഥ വഴി ഇന്ന് സാങ്കേതികവിദ്യാവാഴ്ചയില്‍ എത്തിനില്‍ക്കുന്നത് ഇതില്‍ വായിക്കാം.
വിവിധ കലാ, സാഹിത്യ ക്യാമ്പുകള്‍ക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാലയങ്ങളില്‍നിന്നുള്ള എന്‍എസ്എസ് സംഘങ്ങളുടെ ക്യാമ്പുകള്‍ക്കും മൂഴിക്കുളം ശാല ആതിഥ്യമൊരുക്കാറുണ്ട്്. ഇത്തരം ക്യാമ്പുകളില്‍ നല്‍കുന്ന ഭക്ഷണം നാട്ടുരുചിയും നാട്ടുഗന്ധവുമുള്ളതാണ് എന്നതാണ് മറ്റൊരു സവിശേഷത. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൌക്കത്ത് നയിച്ച സ്നേഹസംഗമം ആയിരുന്നു ഇത്തരത്തില്‍ ഈയടുത്ത് ഇവിടെ നടന്ന ഒരു പരിപാടി. ബാവുല്‍ സംഗീതവും കവാലിയും ചിത്രമെഴുത്തും മുദ്രാഭിനയവും സംവാദവുമൊക്കെയായി നീണ്ട ഒരു പകല്‍. ചാലക്കുടിപ്പുഴയിലൂടെ വഞ്ചിയാത്രയും ഇത്തരം പരിപാടികളുടെ ഭാഗമായി ഒരുക്കാറുണ്ട്. പുഴ സംരക്ഷണവും മൂഴിക്കുളം ശാലയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഇതിനായി കരയില്‍ മുളയും ഞാങ്ങണയും കണ്ടലും ജലശുദ്ധീകരണത്തിന് ആറ്റുവഞ്ഞിയും മറ്റും നട്ടുപിടിപ്പിക്കുന്നു.

പോരാട്ടങ്ങള്‍ക്കൊപ്പം


ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മതേതരത്വത്തിനും വേണ്ടി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടുമ്പോള്‍ തന്നെ അവയെ മാതൃകയാക്കി ഇവിടെ പ്രതിരോധത്തിന്റെ പുതിയ പാതകള്‍ തുറക്കുന്നു മൂഴിക്കുളം ശാല പ്രവര്‍ത്തകര്‍. തുര്‍ക്കിയില്‍ ജനാധിപത്യ ധ്വംസനത്തിനെതിരെ നടന്ന സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സച്ചിദാനന്ദന്‍ എഴുതിയ കവിതയാണ് നില്‍ക്കുന്ന മനുഷ്യന്‍. ഇതിന്റെ പ്രേരണയിലാണ് മൂഴിക്കുളം ശാല 2013 ഡിസംബറില്‍ ഹൈക്കോടതിക്ക് സമീപം 'നില്‍ക്കുന്ന ജനതയുടെ ജൈവ പ്രതിരോധം' എന്ന സമരം സംഘടിപ്പിച്ചത്. പശ്ചിമഘട്ട സംരക്ഷണ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആ സമരം. എസ്ബിഐ ശാഖകള്‍ റിലയന്‍സിന് അടിയറവയ്ക്കുന്നതിനെതിരെ കേരളത്തില്‍ ഉയര്‍ന്ന ശബ്ദങ്ങളിലൊന്ന് മൂഴിക്കുളം ശാലയുടേതാണ്. എസ്ബിഐക്കൊരു ഉദകക്രിയ എന്ന പേരിലായിരുന്നു സമരം.

സംഘപരിവാര്‍ ഭീകരര്‍ പുരോഗമന എഴുത്തുകാരെയും ചിന്തകരെയും കൊലപ്പെടുത്തുന്നതിനെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തിലും മൂഴിക്കുളം ശാല കണ്ണിയായി. വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിക്കെതിരെ വിജയദശമിനാളില്‍ സംഘടിപ്പിച്ച 'പ്രതിരോധത്തിന്റെ നിലത്തെഴുത്ത്' ശ്രദ്ധേയമായിരുന്നു. സംഘപരിവാര്‍ ഭീകരര്‍ കൊന്ന ധാബോല്‍കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും രക്തസാക്ഷിത്വ സ്മരണയില്‍ 'ക–കല്‍ബുര്‍ഗി, പ–പന്‍സാരെ, ധ–ധാബോല്‍ക്കര്‍' എന്ന് മണ്ണിലെഴുതിയാണ് മൂന്നു വയസുകാരി യോഷിതയും നാലുവയസുകാരന്‍ അമനും വിദ്യാരംഭം കുറിച്ചത്. മൂഴിക്കുളം കവലയില്‍ മണ്ണിലും തുണിയിലുമായി നടത്തിയ പ്രതിഷേധത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാ, സാംസ്കാരിക പ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ജീവിത പാഠശാല
50 വര്‍ഷം മുമ്പുള്ള കേരളിയ ജീവിതം യഥാര്‍ത്ഥമായി ജൈവകാമ്പസിലെ ഒരു വീട്ടില്‍പുനരാവിഷ്കരിക്കുന്നതിന്റെ അവസാന  പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മൂഴിക്കുളം ശാല പ്രവര്‍ത്തകര്‍. വൈദ്യുതിയും പാചകവാതകവും ഫര്‍ണിച്ചറുകളുമൊന്നുമില്ലാതിരുന്ന കാലത്തെ ജീവിതം സന്ദര്‍ശകര്‍ക്ക് ഇവിടെ അനുഭവിച്ചറിയാം. ഇവിടെ ഒന്നുരണ്ടുനാള്‍ തങ്ങിയാല്‍ തെളിനീരുള്ള പുഴയില്‍ കുളിച്ച് റാന്തല്‍വെട്ടത്തില്‍ നിലത്ത് ചമ്രംപടിഞ്ഞിരുന്നു നമ്മുടെ നാവറിഞ്ഞിട്ടില്ലാത്ത കേരളീയ രുചികള്‍ ആസ്വദിക്കാം. മലയാളിത്തം തിരിച്ചുപിടിച്ച് ബദല്‍ ജീവിതം സാധ്യമാക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഈ ജീവിത പാഠശാലയും.

 

പ്രധാന വാർത്തകൾ
 Top