കേരള ത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവ ത്തിലെ മത്സര വിഭാഗത്തില്‍ ഇടം നേടിയ "ചായം പൂശിയ വീട്' ഇന്ത്യയില്‍ നിരോധിക്ക പ്പെട്ടിരിക്കുകയാണ്. സിനിമയുടെ കേരളത്തിലെ ആദ്യത്തെയും ഒരുപക്ഷേ, അവസാനത്തെയും പ്രദര്‍ശനമായിരിക്കും മേളയില്‍ അരങ്ങേറുക. അശ്ലീലമെന്ന് സെന്‍സര്‍ബോഡ് അവകാശപ്പെടുന്ന മൂന്ന് രംഗം വെട്ടിമാറ്റിയാല്‍ നിരോധനം നീക്കിക്കിട്ടും. സിനിമ എക്കാലവും പെട്ടിയിലിരുന്നാലും കലാസൃഷ്ടിയില് കൈകടത്താന്‍ അനുവദിക്കില്ലെന്ന് സഹോദരങ്ങളായ ഇരട്ട സംവിധായകര്‍ സന്തോഷ് ബാബുസേനും സതീഷ് ബാബുസേനും പറയുന്നു
ഇന്ത്യയില്‍ നിരോധിക്കപ്പെട്ടാല്‍ ഒരു മലയാള സിനിമയ്ക്ക് എന്തെല്ലാമാണ് നഷ്ടമാകുന്നത്. രാജ്യത്ത് റിലീസ് ചെയ്യാന്‍ പറ്റില്ല. നിയമപ്രകാരം ലഭിക്കേണ്ട സബ്സിഡിയോ മറ്റിളവുകളോ ലഭിക്കില്ല. സംസ്ഥാന- കേന്ദ്ര പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കില്ല. ഇന്ത്യന്‍ പനോരമയിലേക്ക് അപേക്ഷിക്കാന്പോലുമാകില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ രാജ്യത്തിനകത്തെയും പുറത്തെയും മേളകളില്‍ പ്രദര്‍ശിപ്പിക്കാനാകില്ല. സഹോദരങ്ങളായ ഇരട്ടസംവിധായകര്‍ സന്തോഷ് ബാബുസേനും സതീഷ് ബാബുസേനും ഈ പ്രതിബന്ധങ്ങളെല്ലാം നേരിടാന്‍ സജ്ജമായാണ് ഇത്തവണ കേരളത്തിലെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തില്‍ കന്നിച്ചിത്രം "ചായംപൂശിയ വീടു'മായി എത്തുന്നത്. ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിലേക്കാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ സിനിമകള്‍ സ്വീകരിക്കുന്ന ചുരുക്കം മേളകളിലൊന്നാണ് കേരളത്തിലേത്. "ചായംപൂശിയ വീടി'ന്റെ കേരളത്തിലെ ഒരുപക്ഷേ ആദ്യത്തെയും അവസാനത്തെയും പ്രദര്‍ശനമായിരിക്കും മേളയില്‍ നടക്കുക. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ പ്രകോപിപ്പിച്ച മൂന്ന് രംഗങ്ങള്‍ വെട്ടിമുറിച്ചുകളഞ്ഞാല് സംവിധായകര്‍ക്ക് ഈ പ്രതിസന്ധിയില്‍നിന്ന് ലളിതമായി കരകയറാം. പക്ഷേ, അതിന് അവര്‍ തയ്യാറല്ല. സിനിമ ഒരുകാലത്തും പുറംവെളിച്ചം കണ്ടില്ലെങ്കിലും സെന്‍സര്‍ബോര്‍ഡിന്റെ തീട്ടൂരത്തിന് വഴങ്ങാന്‍ അവര്‍ തയ്യാറല്ല.
അസഹിഷ്ണുത പെരുകുന്നതിനും ആവിഷ്കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടപ്പെടുന്നതിനുമെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുമ്പോള്‍ സന്തോഷ്- സതീഷ് ബാബുസേനന്മാരുടെ സമരത്തിന് ചാരുതയേറുകയാണ്. സിനിമ ഒറ്റ പ്രേക്ഷകനുമുന്നില്പ്പോലും എത്തിക്കാന്‍ കഴിയാതെ, അര്‍ഹമായ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാന്പോലുമാകാതെ എന്തിന് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നു എന്ന ചോദ്യത്തിന് സിനിമയുടെ നിര്മാതാക്കള്കൂടിയായ ഇരട്ടസംവിധായകര്‍ ഉടന്‍ മറുപടി തരും: "അഭിമാനബോധംകൊണ്ട്.'
സ്വന്തം കലാസൃഷ്ടി വികലമാക്കാന്‍ അനുവദിക്കില്ലെന്ന ചലച്ചിത്രകാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് ഈ പ്രതിഷേധം. സാമ്പത്തികസമ്മര്ദങ്ങള്ക്ക് കീഴ്പ്പെട്ട് സെന്‍സര്‍ബോഡിന് വഴങ്ങുകയല്ലാതെ ഇന്നോളമൊരു മലയാളി സംവിധായകനും ഇത്തരത്തിലൊരു ചലച്ചിത്രസമരമുറ സ്വീകരിച്ചിട്ടില്ല.ചായംപൂശിയ മനുഷ്യര്‍ സിനിമയില്‍ നേഹ മഹാജന് അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ മാറിടം അനാവൃതമാകുന്ന മൂന്ന് രംഗമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിച്ച് കളയാന്‍ നിര്‍ദേശിച്ചത്.
ഇന്ത്യന്‍ ക്ഷേത്രകലകളിലും ചിത്ര-ശില്‍പ്പങ്ങളിലും ധാരാളമായി നിഴലിക്കുന്ന ന്യൂഡിറ്റിയുടെ അംശംപോലും മലയാളസിനിമയില്‍ അംഗീകരിക്കാനാകില്ലെന്നാണ് സെന്‍സര്‍ബോര്‍ഡ് നിലപാട്. തീര്‍ത്തും സഭ്യമായാണ് രംഗം ചിത്രീകരിച്ചതെന്ന് വ്യക്തിപരമായി സമ്മതിക്കുന്നെങ്കിലും ഇപ്പോള്‍ ഈ രംഗങ്ങള്‍ക്ക് അനുമതി നല്കിയാല് മലയാളത്തില്‍ കൂടുതല്‍ സംവിധായകര്‍ നഗ്നത പകര്ത്തിത്തുടങ്ങും എന്നാണ് സെന്‍സര്‍ബോര്‍ഡ് അംഗങ്ങളുടെ ആശങ്ക.
സല്മാന് റുഷ്ദിയുടെ "മിഡ്നൈറ്റ് ചില്‍ഡ്രന്‍' എന്ന നോവല്‍ ദീപമേത്ത സിനിമയാക്കിയപ്പോള്‍ നിര്‍ണായകവേഷത്തില്‍ എത്തിയ നേഹ മഹാജന് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് "ചായംപൂശിയ വീട്'. ""മഹാരാഷ്ട്രയിലെ കലാകാരന്മാരുടെ കുടുംബമാണ് അവരുടേത്. മുംബൈയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നാണ് നേഹ സിനിമ കണ്ടത്. അവരെ സിനിമയിലെ നഗ്നത അസ്വസ്ഥപ്പെടുത്തിയതേയില്ല. ഒരുപക്ഷേ, പുതിയ ആര്‍ഷഭാരതത്തിന് ചേരാത്ത കുടുംബമായിരിക്കും അവരുടേത്''- സന്തോഷ് ബാബുസേനന്‍ പറഞ്ഞു.
മനുഷ്യനഗ്നത ഏതളവോളം സിനിമയില്‍ പ്രദര്‍ശിപ്പിക്കാമെന്ന നിബന്ധനകളൊന്നും സെന്‍സര്‍ബോര്‍ഡ് നിയമത്തിലില്ല. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കണമെന്ന ഒറ്റവരിയെ ദുര്വ്യാഖ്യാനംചെയ്തുകൊണ്ടുള്ള അധികാരപ്രയോഗമാണ് അവരുടേത്. ഈ രംഗങ്ങള്‍ ഒഴിവാക്കാതെ എ സര്‍ട്ടിഫിക്കറ്റുപോലും നല്‍കാനാകില്ലെന്ന കര്‍ശന നിലപാടാണ് സെന്‍സര്‍ബോര്‍ഡിന്റേത്. സ്ത്രീയെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുന്ന തെലുങ്ക് ഡബ്ബിങ് സിനിമകളും ഐറ്റം ഡാന്‍സുകളും സെന്സര്നിയമത്തിന്റെ പഴുതിലൂടെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുമ്പോഴാണ് നല്ല കലാസൃഷ്ടികള്‍ക്ക് ഈ ദുര്‍ഗതി. പ്രദര്‍ശനാനുമതി നിഷേധിച്ച പ്രാദേശിക സെന്‍സര്‍ബോര്‍ഡിന്റെ നടപടിക്കെതിരെ ഒരുമാസംമുമ്പ്് അപ്പലേറ്റ് അതോറിറ്റിയില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
രാജ്യത്ത് നിരോധനത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം നിലനിലക്കുന്നതിനാല്‍ അപ്പലേറ്റ് അതോറിറ്റിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് വിശ്വസിക്കാന്‍ സംവിധായകര്ക്കാകുന്നില്ല. വേണ്ടിവന്നാല്‍ നിയമയുദ്ധത്തിനും തയ്യാറാകും. സിനിമയില്‍ കത്രികവച്ചുകൊണ്ടുള്ള പിന്മാറ്റത്തിന് തയ്യാറല്ലെന്നു പറയുമ്പോള്‍ അവരുടെ സ്വരത്തില്‍ നിശ്ചയദാര്‍ഢ്യം. (സെന്‍സര്‍ബോര്‍ഡ് നിലവില്‍ വന്നശേഷം ഇതുവരെ ഇന്ത്യയില്‍ വിദേശചിത്രങ്ങള്‍ അടക്കം 33 സിനിമയാണ് നിരോധിച്ചത്. ഇതില്‍ പത്തിലേറെ സിനിമ നിരോധിച്ചത് കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം.)ചായംപൂശിയ വീട്്സദാചാരത്തിന്റെ സംരക്ഷകരില്‍നിന്ന് സിനിമയ്ക്ക് നേരിട്ട അനുഭവവും "ചായംപൂശിയ വീടി'ന്റെ പ്രമേയവും തമ്മില്‍ ബന്ധമുണ്ട്.
ചായമിട്ട് മിനുക്കിയൊരുക്കി നിങ്ങള്‍ സൂക്ഷിക്കുന്ന മുഖംതന്നെയാണോ നിങ്ങളുടെ യഥാര്‍ഥമുഖം എന്ന ചോദ്യമാണ് സിനിമ ഉയര്‍ത്തുന്നത്. മരണത്തിന്റെ അര്‍ഥം തേടിപ്പോയ നചികേതസിനെക്കുറിച്ച് നോവലെഴുതാനൊരുങ്ങുന്ന മധ്യവയസ്കനായ എഴുത്തുകാരന് ഗൗതമാണ് കഥാനായകന്. ഏകാന്തജീവിതം നയിക്കുന്ന ആയാളെ തേടി വിഷയ എന്ന യുവതി എത്തുന്നു. പിന്നാലെ രാഹുല്‍ എന്ന യുവാവും. അവരുടെ ചോദ്യങ്ങളും പെരുമാറ്റവും ഗൗതമിന്റെ അന്നോളമുള്ള ജീവിതവീക്ഷണത്തെ കീഴ്മേല്‍ മറിക്കുകയാണ്.
മാന്യവും കാരുണ്യവത്തുമായ സ്വന്തം മുഖത്തിനു പിന്നില്‍ ഒളിപ്പിച്ച ഗൗതമിന്റെ യഥാര്‍ഥമുഖം അവര്‍ ഇരുവരും ചേര്‍ന്ന് പുറത്തുകൊണ്ടുവരികയാണ്. സംസ്്കൃതനാടകാവതരണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കലാധരന്‍ ആണ് ഗൗതമിനെ അവതിപ്പിക്കുന്നത്. പുതുമുഖം അക്രം മുഹമ്മദ് രാഹുലാകുന്നു.മലയാളത്തിലെ പ്രമുഖരുടെ സിനിമകള്‍ക്കൊപ്പം മത്സരിച്ചാണ് "ചായംപൂശിയ വീട്' ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തില്‍ ഇടംനേടിയത്. ഒരോ മനുഷ്യനും ഉള്ളിലെ ആത്മസംഘര്‍ഷത്തെ അത്യന്തം ലളിതമായും പ്രതീകാത്മകമായും കൈയൊതുക്കത്തോടെ അവതരിപ്പിച്ച സിനിമയെന്ന നിലയിലാണ് "ചായംപൂശിയ വീട്' മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മനുഷ്യന്റെ ഉള്ളിലുള്ള പ്രതിസന്ധി ആവിഷ്കരിക്കാന്‍ കഴിയുന്ന സിനികളുടെ വഴിതുറക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സതീഷ് ബാബുസേനന്‍ പറയുന്നു. സിനിമാജീവിതംഅപര്ണ (1981), സമ്മോഹനം (1994) എന്നീ കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സി പി പത്മകുമാര്‍, സന്തോഷ്- സതീഷ് ബാബുസേനന്മാരുടെ അമ്മാവനാണ്. സമാന്തര സിനിമാപാതയില് ജി അരവിന്ദനൊപ്പം ചേര്‍ന്ന് നിര്‍ണായക സംഭാവന നല്കിയ കലാസംവിധായകന്കൂടിയായ സി പി പത്മകുമാര്‍ ആയിരുന്നു ഇവരുടെ ചലച്ചിത്രജീവിതത്തിന്റെ വഴികാട്ടി. തിരുവനന്തപുരത്തെ സിനിമാസൗഹൃദങ്ങളുടെ ആതിഥേയനായി മാറാറുണ്ടായിരുന്ന പത്മകുമാറാണ് ഹോളിവുഡ് സിനിമാപ്രേമികളായ മരുമക്കള്‍ക്ക് തര്ക്കോവ്സ്്കിയെയും ബര്ഗ്മാനെയും പരിചയപ്പെടുത്തിയത്.
സിനിമ സംവിധാനം ചെയ്യാന്‍ പഠനകാലംമുതലുള്ള പരിശ്രമമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സഫലമായത്. സിനിമ നന്നായി പഠിച്ചശേഷം സംവിധാനത്തിലേക്ക് ഇറങ്ങാനായിരുന്നു അവരുടെ അഗ്രഹം. സന്തോഷ് ബാബുസേനന്‍ ചലച്ചിത്രപഠനത്തില്‍ പിഎച്ച്ഡിവരെ ചെയ്തു. സാങ്കേതികപരിചയം നേടാന്‍ ഛായാഗ്രഹണവും അഭ്യസിച്ചു. സതീഷ്് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ ബിരുദവും ഐഐടി മുംബൈയില്‍നിന്ന് ഡിസൈനിങ്ങില്‍ ഉപരിപഠനവും കഴിഞ്ഞ് കേന്ദ്രസര്‍ക്കാരില്‍ മികച്ച ജോലി സമ്പാദിച്ചു. അവയെല്ലാം ഉപേക്ഷിച്ചാണ് ചലച്ചിത്രരംഗത്തേക്ക് ചുവടുമാറ്റിയത്. ഇരുവരും ഏറെക്കാലം മുംബൈയില്‍ എംടിവി, ചാനല്‍ വി, സ്റ്റാര്‍ ടിവി എന്നിവയ്ക്കുവേണ്ടി നിരവധി പരിപാടികള്‍ ചെയ്തുനല്‍കി. 1998ല്‍ ഇരുവരും ചേര്‍ന്നൊരുക്കിയ "ട്വിലൈറ്റ് ഡ്രീംസ്' എന്ന ലഘുചിത്രം ക്രൊയേഷ്യയിലെ സ്പ്ലിറ്റ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. കോളേജുകാലത്ത് കൂട്ടുകാര്ക്കൊപ്പംചേര്ന്ന് ഒരു സിനിമ എടുക്കാനുള്ള പരിപാടി ഇടയ്ക്കുവച്ച് പാളിപ്പോയിരുന്നു.
അക്കാലംമുതലുള്ള ചലച്ചിത്രസൗഹൃദമാണ് ഫിഫ്ത് എലമെന്റ് എന്ന സിനിമാ നിര്‍മാണക്കമ്പനിയുടെ രൂപീകരണത്തില്‍ എത്തിച്ചത്. മൂന്ന് സുഹൃത്തുക്കളും ഇവര്‍ രണ്ടുപേരുമാണ് നിര്‍മാണക്കമ്പനിക്കു പിന്നില്‍. ഗോവിന്ദ് പത്മസൂര്യയും മിയയും ഒന്നിച്ച "എട്ടേകാല്‍ സെക്കന്‍ഡ്' (2014) ആയിരുന്നു കമ്പനി നിര്‍മിച്ച ആദ്യ സിനിമ. രണ്ടാം സിനിമയാണ് "ചായംപൂശിയ വീട്'.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..