17 September Tuesday

കൈപ്പട ചിത്രങ്ങള്‍

എം എസ് അശോകന്‍Updated: Sunday May 10, 2015

മലയാള അക്ഷരക്കൂട്ടത്തിന് ഏതുവേഷവുമിണങ്ങും. ഇംഗ്ലീഷിന്റെ കോട്ടും സ്യൂട്ടുമിട്ട ആകാരവടിവും ഗോസായിയുടെ കെട്ടിഞാത്തിയ ഹിന്ദിച്ചന്തവും അറബിയുടെ അയഞ്ഞുതൂങ്ങിയ ലാസ്യഭംഗിയും ബംഗാളിയുടെ ക്ലാസിക്കല്‍ ഗാംഭീര്യവുമെല്ലാം മലയാളഅക്ഷരങ്ങളുടെ ജ്യാമിതീയളവിലേക്ക് ഭംഗിയായി ഒതുങ്ങും. നാരായണഭട്ടതിരിയുടെ കൈപ്പടയിലാണെങ്കില്‍ പ്രത്യേകിച്ചും. മലയാളത്തില്‍ മുപ്പതിനായിരത്തോളം വ്യത്യസ്ത കലിഗ്രാഫി തലക്കെട്ടുകള്‍നിര്‍മിച്ച ഭട്ടതിരി സ്വാനുഭവംകൊണ്ട് മലയാളം മലയാളിയെ പ്പോലെയാണെന്നു പറയും. ലോകത്തെവിടെയായാലും അവിടംകൊണ്ട് ഇണങ്ങി ജീവിച്ചുപോകുന്ന മലയാളിയെപ്പോലെ. അക്ഷരങ്ങളിലെ ചിത്രമെഴുത്ത് എന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള കലിഗ്രാഫി എഴുത്തിനെ വിശേഷിപ്പിക്കാം. ഗോഥിക് മാതൃകയും മറ്റും അതിലൊന്നാണ്.

യൂറോപ്യന്‍, ചൈനീസ്, അറബിഅക്ഷരങ്ങളിലാണ് കൈപ്പട വേല പടര്‍ന്നുപന്തലിച്ചത്. അച്ചടിവിദ്യയുടെ വരവോടെ പ്രചാരം അല്‍പ്പം മങ്ങിയെങ്കിലും യൂറോപ്യന്‍ കലാകാരന്മാരുടെ ആസൂത്രിത ശ്രമഫലമായി ഉയിര്‍ത്തെഴുന്നേറ്റു. ഇന്ത്യന്‍ഭാഷകള്‍ക്ക് അഭിമാനിക്കാവുന്ന പാരമ്പര്യമുണ്ടെങ്കിലും മലയാളത്തില്‍ കലിഗ്രാഫി അത്രയൊന്നും തലക്കെട്ടുണ്ടാക്കിയില്ല. ഓഫ്സെറ്റ് പ്രിന്റിങ്ങിന്റെ വരവോടെയാണ് ആനുകാലികങ്ങളില്‍ കലിഗ്രാഫി തലക്കെട്ടുകള്‍ വ്യാപകമായി തുടങ്ങിയത്. ചിത്രകാരന്‍ എഎസും സിഎന്‍ കരുണാകരനുമൊക്കെ പ്രമുഖ വാരികകള്‍ക്കും പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കും വേണ്ടി തലക്കെട്ടുകള്‍ രൂപകല്‍പ്പനചെയ്തു. തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജില്‍ പെയ്ന്റിങ് പഠനം നടത്തിയ പന്തളം ഇടപ്പോണ്‍ സ്വദേശി നാരായണ ഭട്ടതിരി, ഭട്ടതിരി എന്ന പേരില്‍ എണ്‍പതുകളുടെ അവസാനമാണ് മലയാളത്തില്‍ പുതിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചുതുടങ്ങിയത്. അങ്ങേയറ്റം ശൈലീകൃതമായിരുന്ന എഎസിന്റെയും സിഎന്നിന്റെയും കലിഗ്രാഫിയില്‍നിന്ന് വ്യത്യസ്തമായിരുന്നു അവ. എം ടിക്കുവേണ്ടി ഭട്ടതിരി എഴുതിയ വാനപ്രസ്ഥം എന്ന തലക്കെട്ടില്‍ നിഷ്കാമ പ്രണയ തീര്‍ഥാടനത്തിന്റെ അനുഭൂതിയും ചാലിച്ചിരുന്നു. അങ്ങനെ എത്രയെത്ര. അക്ഷരങ്ങളെയും വാക്കുകളെയും വെറുതെ ഡെക്കറേറ്റ് ചെയ്യുന്നതിനപ്പുറം അവയുടെ അര്‍ഥം ധ്വനിപ്പിക്കുന്നതും അത് പ്രതിനിധാനംചെയ്യുന്ന എഴുത്തിന്റെ ആശയം സ്വാംശീകരിക്കുന്നതുമായി ഭട്ടതിരിയുടെ വരയെഴുത്ത്.

ഇന്നത്തെപ്പോലെ എണ്ണമറ്റ ഫോണ്ട് ടൈപ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ തലക്കെട്ടുകള്‍ എഴുതിത്തയ്യാറാക്കുന്നതാണ് അന്നത്തെ രീതി. ദിവസം 30-40 തലക്കെട്ടുകള്‍ എഴുതേണ്ടിവന്നപ്പോള്‍ വ്യത്യസ്തമാകണമല്ലോ എന്ന വിചാരത്തില്‍നിന്നാണ് കലിഗ്രാഫിയെ വേറൊരു തലത്തില്‍ ഉപയോഗിച്ചുതുടങ്ങിയതെന്ന് ഭട്ടതിരി. പേനയും ബ്രഷും ഇന്ത്യന്‍ ഇങ്കുമുപയോഗിച്ചാണ് വര. ഇപ്പോള്‍ മൗസ് പേനയും. പ്രസിദ്ധീകരണങ്ങള്‍ക്കുപുറമെ നിരവധി സിനിമകളുടെ ടൈറ്റിലുകളും ഡിസൈന്‍ചെയ്തിട്ടുണ്ട്. പത്മരാജന്റെ നവംബറിന്റെ നഷ്ടം, കരിയില കാറ്റുപോലെ, ലെനിന്‍ രാജേന്ദ്രന്റെ വചനം എന്നിവ അതില്‍ ചിലത്. തമിഴിലൊഴികെ മറ്റ് ഇന്ത്യന്‍ ഭാഷകളിലൊന്നും കലിഗ്രാഫി ഇപ്പോള്‍ തലക്കെട്ടുകള്‍ കാര്യമായില്ല. മലയാളത്തിലെ അക്ഷരങ്ങള്‍ക്ക് അഴകേറെയാണ്. അക്ഷരങ്ങളുടെ എണ്ണം കൂടുതലാണെന്നതിനാല്‍ വ്യത്യസ്ത കംപ്യൂട്ടര്‍ ഫോണ്ടുകള്‍ മറ്റു ഭാഷകള്‍ക്കെന്നപോലെ മലയാളത്തില്‍ ഉണ്ടാകുന്നില്ല. ഇപ്പോഴും കലിഗ്രാഫിയെ ആശ്രയിക്കാനുള്ള ഒരു കാരണം അതാകാം.

അതിനുമപ്പുറം മലയാളം കലിഗ്രാഫിയോട് പുതുതലമുറയ്ക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും ഫേസ്ബുക്ക് പേജിലെയും മറ്റും പ്രതികരണത്തില്‍നിന്ന് ഭട്ടതിരി സാക്ഷിപ്പെടുത്തി. കൈപ്പടവേലയില്‍ ആമ്പിഗ്രാം എന്നൊരു വിദ്യയും ഭട്ടതിരിയുടെ കൈവശമുണ്ട്. തലതിരിച്ചുവച്ചാലും ഒരുപോലെ വായിക്കാവുന്നവിധമുള്ള വാക്കിന്റെ രൂപകല്‍പ്പന. ഭട്ടതിരി രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച കൈപ്പട പ്രദര്‍ശനത്തിനും ശില്‍പ്പശാലയ്ക്കും പുതിയ ആസ്വാദകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കചടതപ, കഖഗഘങ എന്ന പേരില്‍ ഡല്‍ഹിയിലും മുംബൈയിലും ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം പ്രദര്‍ശനവും ഡെമോണ്‍സ്ട്രേഷനും നടത്തിക്കഴിഞ്ഞു. വാരികകള്‍ക്കും പുസ്തകങ്ങള്‍ക്കും എഴുതിയ തലക്കെട്ടുകളില്‍നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദര്‍ശനത്തിലുള്ളത്. മലയാളം കൈപ്പട വരയില്‍ എഎസും സിഎന്നും ആവിഷ്കരിച്ചതിലെ കരുത്തും സൗന്ദര്യവും ഭാഷയുടെ സ്വത്താക്കാന്‍ ശ്രമമുണ്ടാകാതിരുന്നതില്‍ ഭട്ടതിരി ഖിന്നനാണ്. ഇനിയും പുതിയ പ്രതിഭകകളുണ്ടാകാം. ആ വൈഭവമൊക്കെ ഭാഷയെ സുന്ദരമാക്കാനായി പ്രയോജനപ്പെടുത്താന്‍ നമുക്കാകുമോ എന്നാണ് ഭട്ടതിരിയുടെ ചോദ്യം. കലാകൗമുദിയിലും പിന്നീട് മലയാളം വാരികയിലും പ്രവര്‍ത്തിച്ച ഭട്ടതിരി ഇപ്പോള്‍ വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഡിസൈന്‍ ജോലികള്‍ചെയ്യുന്നു. നിലവില്‍ തിരുവനന്തപുരം വഴുതക്കാട്ട് താമസം. ഭാര്യ: മിനി. മക്കള്‍: അപ്പു, രാജു.

പ്രധാന വാർത്തകൾ
 Top