19 February Tuesday

ചിത്ര ശില്‍പ്പമെഴുതുമ്പോള്‍

എം എസ് അശോകന്‍Updated: Sunday Apr 19, 2015

ശില്‍പ്പകലയിലെ ഒരേയാരു മലയാളി പെണ്‍സാന്നിധ്യം എന്ന് ആരെങ്കിലും ചിത്രയെ വിശേഷിപ്പിച്ചാല്‍ അതവരുടെ ഒരധിക യോഗ്യതയായിമാത്രം കണക്കാക്കിയാല്‍മതി. കാരണം, ശില്‍പ്പകലയില്‍ തന്റേത് കേവലം പ്രാതിനിധ്യ സാന്നിധ്യമല്ലെന്ന് ഇ ജി ചിത്രയുടെ രചനകള്‍ ബോധ്യപ്പെടുത്തുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ശില്‍പ്പകലാപഠനം നടത്തിയ ഈ പെരുമ്പാവൂര്‍കാരി പോയ ആറുവര്‍ഷവും കേരളത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട നിരവധി സൃഷ്ടികള്‍നടത്തി. നിലവില്‍ ഫോര്‍ട്ടുകൊച്ചിയില്‍ താമസിച്ച് ശില്‍പ്പനിര്‍മാണം നടത്തുന്നു.കേരളത്തില്‍ ശില്‍പ്പകലാപഠനത്തിലേക്കും മുഴുവന്‍സമയ രചനയിലേക്കും അധികം പേര്‍ കടന്നുവരുന്നില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. സ്ത്രീകള്‍ പ്രത്യേകിച്ച്. പെയ്ന്റിങ്ങിനെയും ഡ്രോയിങ്ങിനെയും അപേക്ഷിച്ച് ശില്‍പ്പരചനയ്ക്കുള്ള പ്രായോഗിക പ്രയാസങ്ങളാണ് അതിനുള്ള പ്രധാന കാരണം. ഒരു രചന പൂര്‍ത്തിയാക്കാന്‍ ആവശ്യമായിവരുന്ന കായികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകള്‍, കാലദൈര്‍ഘ്യം, പണച്ചെലവ്, സ്റ്റുഡിയോ സൗകര്യം, പൂര്‍ത്തിയായ ശില്‍പ്പം പ്രദര്‍ശിപ്പിക്കാനും പിന്നീട് എടുത്തുവയ്ക്കാനുമുള്ള പ്രയാസം, കുറഞ്ഞ വില്‍പ്പനസാധ്യത ഇതൊക്കെയാണ് ശില്‍പ്പരചനയില്‍നിന്ന് വഴിപിരിയാന്‍ കലാകാരന്മാരെ പ്രേരിപ്പിക്കുന്നത്. കേരളത്തില്‍ പ്രത്യേകിച്ചും ഈ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കെ ചിത്ര എന്ന യുവ ശില്‍പ്പകാരിയുടെ തീരുമാനത്തില്‍ അല്‍പ്പം സാഹസികത ആരോപിക്കാം.

ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ത്രിമാനകമായ ഒരു സൃഷ്ടി ചുറ്റുംനോക്കി നടന്ന് ചെയ്യുന്നതിലെ ത്രില്‍, തന്നേക്കാള്‍ വലുപ്പത്തില്‍ ഒന്നിനെ സൃഷ്ടിക്കുന്നതിലൂടെ അനുഭവിക്കുന്ന സുഖം, ഡ്രോയിങ് തയ്യാറാക്കുന്നതുമുതല്‍ കളിമണ്ണില്‍ ആദ്യ രൂപം മെനയുന്നതും മോള്‍ഡുണ്ടാക്കി വാര്‍ത്തെടുക്കുന്നതും തുടങ്ങി ആശയാര്‍ഥ പൂര്‍ണതയിലേക്ക് ശില്‍പ്പത്തെ സ്ഥാപിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ വേണ്ട ധ്യാനശ്രദ്ധ ഒക്കെയായി ശില്‍പ്പരചനയോടുള്ള ചിത്രയുടെ അഭിനിവേശത്തെ നിര്‍വചിക്കാം. സ്ത്രീയുടെ ഭാഗത്തുനിന്നുള്ള നോട്ടങ്ങളാണ് ചിത്രയുടെ രചനകളില്‍ കാണാവുന്നത്. ചരിത്രപരവും സമകാലികവുമായ സ്ത്രീസമൂഹത്തിന്റെ പ്രശ്നങ്ങളുടെ പ്രതിധ്വനിയാണ് ഉള്‍ച്ചേര്‍ക്കുന്നത്. താന്‍ ഒരു സ്ത്രീയായതിനാല്‍ അങ്ങനെയാകുന്നെന്ന് ചിത്ര. ഫിഗറേറ്റീവായ രചനകളാണ് കൂടുതലും. ഇക്കഴിഞ്ഞ ബിനാലെയുടെ ഭാഗമായി പെപ്പര്‍ഹൗസ് റെസിഡന്‍സി പ്രദര്‍ശനത്തില്‍ചെയ്ത ബ്രാസ് ശില്‍പ്പം കായിക സ്വയംപ്രതിരോധത്തിന്റെ അംഗമുദ്രകളണിഞ്ഞ് നില്‍ക്കുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയുടേതാണ്. മിനുക്കി തിളക്കമേറ്റാത്ത ലോഹപ്രതലത്തില്‍ വെല്‍ഡിങ്ങിന്റെയും ചുറ്റിക പ്രയോഗത്തിന്റെയും ക്ഷതം. ടെറാക്കോട്ട, സിമന്റ്, കരിങ്കല്ല് തുടങ്ങിയ എല്ലാ മീഡിയവും ചിത്രയ്ക്ക് വഴങ്ങും. ആവിഷ്കരിക്കാനാഗ്രഹിക്കുന്ന കാര്യത്തിനിണങ്ങുന്ന മാധ്യമമാണ് തെരഞ്ഞെടുക്കുക.

ഹൈദരാബാദിലെ കനോറിയ സ്കോളാര്‍ഷിപ് പഠനകാലത്ത് ചെയ്ത കരിങ്കല്‍ ശില്‍പ്പം കല്ലിലേക്ക് ഇറുകെപ്പുണര്‍ന്ന് സ്വയം പ്രതിരോധിക്കുന്ന കൈകളുടേതാണ്. പെയ്ന്റിങ് ഡെമോണ്‍സ്ട്രേഷന്‍പോലെ 30-35 മിനിറ്റ് നീളുന്ന തത്സമയ ശില്‍പ്പനിര്‍മാണ അവതരണം അടുത്തിടെ ചിത്ര ഫോര്‍ട്ടുകൊച്ചിയില്‍ അവതരിപ്പിച്ചിരുന്നു. തത്സമയ സംഗീതാവതരണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഡെമോണ്‍സ്ട്രേഷന്‍ ഏറെ ശ്രദ്ധനേടി. വിദേശത്തും പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആര്‍എല്‍വി കോളേജില്‍ സഹപാഠിയായിരുന്ന അനന്തനാണ് ജീവിതപങ്കാളി. ചിത്രരചനയ്ക്ക് തല്‍ക്കാലം അവധികൊടുത്ത് പെപ്പര്‍ഹൗസ് ഗ്യാലറിയില്‍ ലൈബ്രേറിയനായി ജോലിനോക്കുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച കാര്യങ്ങളിലേക്ക് ഒരിക്കല്‍കൂടി. റെസിഡന്‍സി പ്രോഗ്രാമുകളും സ്കോളാര്‍ഷിപ്പുകളുമൊക്കെയാണ് ശില്‍പ്പനിര്‍മാണരംഗത്ത് ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ ഒരു പരിധിവരെ അതിന് അനുവദിക്കുന്നത്. കേരളത്തിലെ ലളിതകലാ അക്കാദമിക്ക് ഇപ്പോഴും അത്തരം പദ്ധതികളൊന്നുമില്ല. സ്വകാര്യ ഗ്യാലറികളും കലാസംഘങ്ങളുംമാത്രമാണ് ആ പരിപാടികള്‍ നടപ്പാക്കുന്നത്. സ്വന്തമായി സ്റ്റുഡിയോയും രചനാസാഹചര്യങ്ങളുമില്ലാത്തവര്‍ അത്തരം സാധ്യതകളില്‍മാത്രം പ്രതീക്ഷയര്‍പ്പിക്കേണ്ട അവസ്ഥ. എന്നിട്ടും ചിത്രയെപ്പോലെ ഈ രംഗത്ത് തുടരുന്നവരുണ്ട്.

പ്രധാന വാർത്തകൾ
 Top