21 February Thursday

ചരിത്രവഴികളില്‍ നല്ല നടപ്പ്

ടി ആര്‍ ശ്രീഹര്‍ഷന്‍Updated: Sunday Mar 1, 2015

അവര്‍ നടക്കുകയാണ്... ചരിത്രവും ചരിത്രാവശിഷ്ടങ്ങളും മണ്‍മറഞ്ഞു കിടക്കുന്ന നഗരത്തിന്റെ ഹൃദയധമനികളിലൂടെ. വെറുതെ നടക്കുകയല്ല. ഓര്‍മകള്‍ കടലെടുത്തുപോയ ഭൂതകാലത്തിലേക്ക് കണ്ണും കാതും തുറന്നുവച്ചുള്ള നടപ്പ്. പിന്നിട്ടുപോയ കാലത്തിന്റെ നിണവും നിശ്വാസവും സിരകളിലേന്തിയുള്ള അന്വേഷണത്തിന്റെ നടത്തക്കാരാണ് അവര്‍. ഇന്ന് കണ്‍മുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കെട്ടിടങ്ങളുടെ സ്ഥാനത്ത്, തിരക്കേറിയ പാതകളുടെ സ്ഥാനത്ത് എന്തായിരുന്നു എന്നും ആരായിരുന്നു എന്നുമൊക്കെ തേടിയുള്ള യാത്ര. അതുകൊണ്ടാണ് അതിന് "ഹെറിറ്റേജ് വോക്ക്' (പാരമ്പര്യംതേടിയുള്ള നടത്തം) എന്ന പേര് അത്രമേല്‍ ചേരുന്നത്.തിരുവനന്തപുരം നഗരത്തിലെ ചരിത്രതല്‍പ്പരരായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചുചേര്‍ന്നുള്ള നടത്തമാണ് ഹെറിറ്റേജ് വോക്ക്. അതില്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്നവരും മറ്റു ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമൊക്കെ വിവിധ സാഹചര്യങ്ങളില്‍ തിരുവനന്തപുരത്ത് വന്നുചേര്‍ന്നവരുമുണ്ട്.

എല്ലാ മാസവും ഒരു ഞായറാഴ്ചയാണ് ഈ സംഘം മുന്‍ നിശ്ചയിച്ച പ്രകാരം ചരിത്രപ്രാധാന്യമുള്ള ഏതെങ്കിലുമൊരിടം ലക്ഷ്യമാക്കി നടക്കുന്നത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ ഈ കൂട്ടത്തില്‍ വന്നും പോയുമിരിക്കുന്നുണ്ട്. ആര്‍ക്കിയോളജിസ്റ്റ് ആയ ഡോ. ബീന തോമസാണ് ചരിത്രത്തിലേക്കുള്ള ഈ നടന്നുകയറലിന് രൂപംകൊടുത്തത്. ഡല്‍ഹി, മുംബൈ, ചെന്നൈപോലുള്ള ഇന്ത്യയിലെ മറ്റ് വന്‍ നഗരങ്ങളില്‍ ഹെറിറ്റേജ് വോക്ക് വര്‍ഷങ്ങള്‍ക്കുമുമ്പേ സംഘടിപ്പിക്കപ്പെട്ടിരുന്നുവെന്ന് ബീന തോമസ് പറയുന്നു. ജോലിയുടെ ഭാഗമായാണ് നാലു വര്‍ഷംമുമ്പ് ബീന തിരുവനന്തപുരത്ത് എത്തിയത്. എന്തുകൊണ്ട് ഇങ്ങനെയൊന്ന് തിരുവനന്തപുരത്തും ആയിക്കൂടാ എന്ന തോന്നല്‍ അവര്‍ സുഹൃത്തുക്കളായ ഡോ. അച്യുത് ശങ്കറിനോടും ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണനോടും പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെയാണ് 2013 ഒക്ടോബറില്‍ ആദ്യ നടത്തം അവര്‍ സംഘടിപ്പിക്കുന്നത്. ഇതുവരെ 12 യാത്രകള്‍ കഴിഞ്ഞു. തിരുവനന്തപുരം നഗരത്തെ ഇന്ന് കാണുന്ന നഗരരൂപത്തിലേക്ക് വളര്‍ത്താന്‍ അടിത്തറപാകിയ ബാര്‍ട്ടണ്‍ സായിപ്പിന്റെ പേരിലുള്ള ബാര്‍ട്ടണ്‍ ഹില്ലിലേക്കായിരുന്നു ഒടുവിലത്തെ യാത്ര. തിരുവനന്തപുരത്തെ ആദ്യ ചീഫ് എന്‍ജിനിയര്‍ ആയിരുന്നു ബാര്‍ട്ടണ്‍. ഇന്നത്തെ സെക്രട്ടറിയറ്റ് രൂപകല്‍പ്പനചെയ്തത് അദ്ദേഹമാണ്. തടസ്സമില്ലാത്ത ജലയാത്ര ലക്ഷ്യമാക്കി വര്‍ക്കല തുരപ്പ് നിര്‍മിച്ചതും ബാര്‍ട്ടണ്‍ ആയിരുന്നു. അങ്ങനെ അറിയുന്നതും അറിയാന്‍ ആഗ്രഹിക്കുന്നതുമായ നിരവധി സംഭവങ്ങള്‍. യാത്ര പുറപ്പെടുന്നതിനുമുമ്പ് "നടത്തക്കാര്‍'ക്ക് മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ ഇതിന്റെയൊക്കെ സൗകുമാര്യമുള്ള ചിത്രം നല്‍കിയിരുന്നു. ബാര്‍ട്ടണ്‍ താമസിച്ചിരുന്ന കുന്ന് ആയതിനാലാണ് ഇത് ബാര്‍ട്ടണ്‍ ഹില്‍ ആയത്. ബാര്‍ട്ടണ്‍ ഹില്ലിന്റെ താഴ്വാരത്തിലാണ് ഒരു നൂറ്റാണ്ടുകാലമായി തിരുവനന്തപുരത്തെ കണ്ടറിഞ്ഞുകൊണ്ടേയിരിക്കുന്ന മാത്യു പെരേര എന്ന കേരള സര്‍വകലാശാലയിലെ പഴയ ഉദ്യോഗസ്ഥന്‍ താമസിക്കുന്നത്. നൂറ് വയസ്സ് പിന്നിട്ട അദ്ദേഹം ഈ യാത്രയില്‍ പഴയ ഓര്‍മകള്‍ പങ്കുവച്ച് സംഘത്തെ അനുഗമിച്ചു. കുഞ്ഞുന്നാളില്‍ ബാര്‍ട്ടണ്‍ ഹില്ലില്‍ വൈകുന്നേരങ്ങളില്‍ കളിക്കാന്‍ വന്നതും ഔദ്യോഗികജീവിതവും അന്നത്തെ തിരുവനന്തപുരത്തിന്റെ ഭൂമിശാസ്ത്രവും എല്ലാം അദ്ദേഹം ഓര്‍ത്തെടുത്തപ്പോള്‍ നടത്തക്കാര്‍ക്ക് പഴയകാലം മുന്നില്‍വന്നതുപോലെ.ചരിത്രം ഉറങ്ങിക്കിടക്കുന്നത് പഴയ കെട്ടിടങ്ങളില്‍ മാത്രമല്ലെന്ന് ബീന തോമസ് പറയുന്നു. ചരിത്രത്തോളം വളര്‍ന്ന നമ്മുടെ പൂര്‍വികര്‍, എന്തിന് വൃക്ഷങ്ങള്‍പോലും ചരിത്രത്തിന്റെ "വര്‍ത്തമാനം' പറയുന്നവരാണ്. അങ്ങനെ രൂപംകൊണ്ട സംസ്കാരത്തെക്കുറിച്ചുകൂടി ആളുകളെ ബോധമുള്ളവരാക്കുകയാണ് അതിരാവിലെയുള്ള ഈ നടത്തത്തിന്റെ ലക്ഷ്യമെന്ന് ബീന വ്യക്തമാക്കുന്നു. അതുകൊണ്ട് ഇത് തിരുവനന്തപുരത്തിന്റെ "മൈക്രോ ഹിസ്റ്ററി' (അതിസൂക്ഷ്മ ചരിത്രം) ആണ് അന്വേഷിക്കുന്നത്. അതുകൊണ്ടാണ് നേരത്തെ ചാക്കയില്‍നിന്ന് പേട്ടയിലേക്കും പേട്ടയില്‍നിന്ന് പാറ്റൂരിലെ സെമിത്തേരിയിലേക്കും വള്ളക്കടവിലേക്കും കണ്ണമ്മൂലയിലേക്കുമൊക്കെ നടന്നത്. വേലുത്തമ്പി ദളവയുടെ തലയറ്റ മൃതശരീരം ബ്രിട്ടീഷുകാര്‍ കെട്ടിത്തൂക്കിയിരുന്നത് കണ്ണമ്മൂലയിലാണെന്നും കായംകുളം കൊച്ചുണ്ണിയെ കബറടക്കിയത് പേട്ട പള്ളിയിലാണെന്നുമൊക്കെയുള്ള "അറിവ്' പലര്‍ക്കുമില്ല. ഇങ്ങനെ നാടിന്റെ ഓരോ മുക്കും മൂലയും ഓര്‍മകള്‍ പേറിയാണ് നില്‍ക്കുന്നത് എന്ന് ഓര്‍മിപ്പിക്കല്‍കൂടിയാണ് ഈ നല്ല നടപ്പിന്റെ ലക്ഷ്യം. നഗരത്തെ ചുറ്റിപ്പറ്റിയുള്ള യാത്രകളാണ് ഇതുവരെ നടത്തിയത്. ഇനി ഇതിനുമപ്പുറത്തേക്ക്, ശ്രീകാര്യം, വിഴിഞ്ഞം തുടങ്ങി നഗരത്തിനുപുറത്തേക്കുകൂടി തങ്ങളുടെ വഴി വികസിപ്പിക്കണമെന്നാണ് സംഘത്തിന്റെ ഉദ്ദേശ്യം. ഹെറിറ്റേജ് വോക്ക് ട്രിവാന്‍ഡ്രം എന്ന ഫെയ്സ്ബുക്ക് പേജില്‍ ഇതുവരെയുള്ള യാത്രകളുടെ ചിത്രമുള്‍പ്പെടെ വിശദാംശങ്ങളുണ്ട്. വലൃശമേഴലംമഹസ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസവുമുണ്ട്.

പ്രധാന വാർത്തകൾ
 Top