29 October Friday

മകന്‍ കരമന

ഷംസുദീന്‍ കുട്ടോത്ത്Updated: Sunday Feb 1, 2015

അഭിനയരംഗത്തെ പാരമ്പര്യമാണ് സുധീര്‍ കരമന എന്ന നടന്റെ കരുത്ത്. കരമന ജനാര്‍ദനന്‍നായര്‍ എന്ന അതുല്യ നടന്റെ മകനായ സുധീറിന് സിനിമ വെറും നേരമ്പോക്കല്ല അച്ഛനോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തംകൂടിയാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് ആസ്വാദക ഹൃദയത്തില്‍ ഇടംനേടിയ ഈ കലാകാരന്‍ അധ്യാപകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ചുകഴിഞ്ഞു. ഗൗരവം നിറഞ്ഞ വേഷങ്ങളും ഹാസ്യപ്രധാനങ്ങളായ കഥാപാത്രങ്ങളും ഈ നടന്റെ കൈയില്‍ ഭദ്രം. ഭരത് ഗോപി സംവിധാനംചെയ്ത "മറവിയുടെ മരണം' എന്ന ഹ്രസ്വചിത്രത്തില്‍ തുടങ്ങി ഇപ്പോള്‍ തിയറ്ററില്‍ തകര്‍ത്തോടുന്ന മേജര്‍ രവിയുടെ "പിക്കറ്റ് 43' വരെ എഴുപതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ഒരു പിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.

സപ്തമശ്രീ തസ്കരഃ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വര്‍ഷം, മങ്കിപെന്‍, ആമേന്‍, സിറ്റി ഓഫ് ഗോഡ്, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലെല്ലാം സുധീര്‍ തന്നിലെ നടന്റെ കൈയൊപ്പ് ചാര്‍ത്തി. സിനിമയെയും തന്റെ കാഴ്ചപ്പാടുകളെയും കുറിച്ച് സുധീര്‍ സംസാരിക്കുന്നു

അധ്യാപകന്‍

അധ്യാപകന്റെ ജീവിതം പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലും ചുരുങ്ങിയ മേഖലയിലും ഒതുങ്ങുന്നതാണ്. എന്നാല്‍, കലാകാരന്‍ സമൂഹത്തിന്റേതാണ്. നാട് അവരെ ഏറ്റെടുക്കും.1993 മുതല്‍ അധ്യാപകനാണ്. വിദേശത്തും ജോലിചെയ്തിട്ടുണ്ട്. സ്കൂളില്‍ ഞാന്‍ അധ്യാപകന്‍മാത്രമാണ്. ഏകദേശം 2500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പലാണ് ഇപ്പോള്‍. അച്ഛന്‍ ചെയ്തതുപോലെ സര്‍ക്കാരില്‍നിന്ന് പ്രത്യേക അനുവാദം വാങ്ങിയാണ് അഭിനയിക്കുന്നത്. സ്കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാണ് എന്റെ കലാപ്രവര്‍ത്തനം. പ്രിന്‍സിപ്പല്‍കൂടിയായതിനാല്‍ വലിയ ഉത്തരവാദിത്തമാണുള്ളത്. സ്കൂള്‍ മാനേജ്മെന്റിന്റെ സഹകരണവുമുണ്ട്. അച്ഛനാണ് കലാപ്രവര്‍ത്തനവും ജോലിയും ഒരുമിച്ച് കൊണ്ടു പോകാന്‍ എനിക്ക് മാതൃക. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ റിട്ടയര്‍ചെയ്യുന്നതിന് മൂന്നോ നാലോ വര്‍ഷംമുമ്പ് മാത്രമാണ്് വളന്ററി റിട്ടയര്‍മെന്റ് എടുത്തത്. നടനെന്ന നിലയില്‍ കത്തിനിന്ന കാലത്തെല്ലാം അച്ഛന്‍ ജോലിക്കു പോകാറുണ്ടായിരുന്നു.

പഠനവും സിനിമയും

കേന്ദ്രീയവിദ്യാലയത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ഒന്നുമുതല്‍ പ്ലസ്ടുവരെ ഞാന്‍ പഠിച്ചത്. ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു പാഠ്യഭാഷ. അതുകൊണ്ട് മലയാളവുമായി വേണ്ടത്ര ബന്ധമുണ്ടായിരുന്നില്ല. ഇപ്പോള്‍ സിനിമയില്‍ എത്തിയശേഷമാണ് തിരക്കഥകള്‍ വായിച്ചും മറ്റും മലയാളവുമായി അടുക്കുന്നത്. അച്ഛന്‍ അഭിനയിച്ചിരുന്ന സിനിമകളുടെയെല്ലാം സെറ്റില്‍ എന്നെയും കൊണ്ടുപോകുമായിരുന്നു. അടൂരിന്റെ എലിപ്പത്തായം, മതിലുകള്‍, കെ ജി ജോര്‍ജിന്റെ മറ്റൊരാള്‍... തുടങ്ങി നിരവധി ചിത്രങ്ങളുടെ ചിത്രീകരണം ഞാന്‍ കണ്ടിട്ടുണ്ട്. പല നടന്മാരുടെയും അഭിനയത്തെ അടുത്തറിയാന്‍ കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നു. "മറ്റൊരാള്‍' എന്ന ചിത്രത്തിന്റെ ക്യാമറയ്ക്കു പിന്നില്‍ ജോര്‍ജ് അങ്കിള്‍ എന്നെയും നിര്‍ത്തി. പ്രത്യേകിച്ച് ചുമതലകളൊന്നുമുണ്ടായിരുന്നില്ല. എല്ലാം കണ്ടറിയാന്‍ ലഭിച്ച അവസരമായിരുന്നു അത്. ആ അനുഭവമാണ് എന്നെ സിനിമയുമായി അടുപ്പിച്ചത്. ആ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്നെ ഏറെ ആകര്‍ഷിച്ചു. മമ്മുക്കയുടെ അഭിനയമൊക്കെ അടുത്തുനിന്നു കാണാന്‍ ചെറുപ്പത്തിലേ കഴിഞ്ഞു. അതൊക്കെ വലിയ ഭാഗ്യമായാണ് കാണുന്നത്.

യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. കോളേജ് കലോത്സവത്തിലെ മികച്ച നടനുള്ള അവാര്‍ഡ് അച്ഛനില്‍നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. 1989ല്‍ കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ പ്രച്ഛന്നവേഷത്തിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ഇ കെ നായനാര്‍ സമ്മാനം തന്നതൊക്കെ മറക്കാനാകാത്ത ഓര്‍മയാണ്. നിയോഗംപോലുള്ള അമച്വര്‍ നാടകവേദികളിലും സജീവമായിരുന്നു. കോളേജ് പഠനകാലത്തെ എസ്എഫ്ഐ പ്രവര്‍ത്തനവും എന്നിലെ കലാകാരനെ ഉണര്‍ത്തി എന്നുപറയാം.

2004ല്‍ ഭരത് ഗോപി സംവിധാനംചെയ്ത "മറവിയുടെ മണം' എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തുടര്‍ന്ന് വാസ്തവം, രാത്രിമഴ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. വാസ്തവത്തിലെ പാമ്പ് വാസു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇപ്പോള്‍ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന "പിക്കറ്റ് 43' വരെ 68 ചിത്രത്തില്‍ അഭിനയിച്ചു. ആമേന്‍, തലപ്പാവ്, ഒഴിമുറി, സപ്തമശ്രീ തസ്കരഃ, വര്‍ഷം, ലെഫ്റ്റ് റൈറ്റ് റൈറ്റ് .... തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ അംഗീകരിച്ചു എന്നത് ഈ രംഗത്ത് നില്‍ക്കാന്‍ വലിയ പ്രചോദനമാണ്.

കൈനിറയെ ചിത്രങ്ങള്‍

കഴിഞ്ഞവര്‍ഷത്തെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്ന ചിത്രങ്ങളായ അക്കല്‍ദാമയിലെ പെണ്ണ് (ജയറാം), വെയിലും മഴയും(എന്‍ ഷൈജു), ആള്‍രൂപങ്ങള്‍ (പ്രേംകുമാര്‍), സപ്തമശ്രീ തസ്കരഃ (അനില്‍ രാധാകൃഷ്ണ മേനോന്‍) എന്നീ ചിത്രങ്ങളില്‍ ഞാനുണ്ട് എന്നത് വലിയ സന്തോഷം തരുന്നു. അടുത്തയാഴ്ച തീയറ്ററിലെത്തുന്ന സര്‍ സിപി (ഷാജൂണ്‍ കാര്യാല്‍), റിപ്പോര്‍ട്ടര്‍ (വേണുഗോപന്‍), നിര്‍ണായകം (വി കെ പ്രകാശ്), സെന്റ് മേരീസിലെ കൊലപാതകം (ഷിജോയ്), എന്നു നിന്റെ മൊയ്തീന്‍ (വിമല്‍), ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി (മനോജ് പാലോട്) തുടങ്ങിയവയൊക്കെയാണ് വരാനുള്ളത്. ഇപ്പോള്‍ ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലാണ് അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷ തരുന്ന പടമാണ് അടുത്തുതന്നെ ചിത്രീകരണം ആരംഭിക്കുന്ന ഷിബു ഗംഗാധരന്‍-സുനില്‍ പരമേശ്വരന്‍ ടീമിന്റെ "രുദ്രസിംഹാസനം'. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍.

അച്ഛന്റെ മകന്‍
കരമനയുടെ മകന്‍ എന്നത് വലിയ ഉത്തരവാദിത്തമാണ് എനിക്ക് തന്നത്. അച്ഛന്റെ പേര് ഒരിക്കലും അവസരങ്ങള്‍ക്കുവേണ്ടി ഞാനുപയോഗിച്ചിട്ടില്ല. അച്ഛന്‍ എന്നതിലുപരി കരമന എന്ന നടനെ ആരാധനയോടെയാണ് കാണുന്നത്. ഭരത് ഗോപി, നെടുമുടി വേണു, തിലകന്‍, മുരളി ഇവരൊക്കെ ആ തലമുറയില്‍പ്പെട്ട എന്റെ പ്രിയപ്പെട്ട നടന്മാരാണ്. ഇവരുടെ അഭിനയശൈലിയും സൗണ്ട് മോഡുലേഷനുമൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അച്ഛന്‍ അഭിനയിച്ച എലിപ്പത്തായം, പൊന്‍മുട്ടയിടുന്ന താറാവ്, മറ്റൊരാള്‍... എന്നിവയെല്ലാം ആവര്‍ത്തിച്ചുകാണുന്ന ചിത്രങ്ങളാണ്. അച്ഛന്റെ കണ്ണുകൊണ്ടുള്ള ഭാവപ്രകടനവും ശബ്ദനിയന്ത്രണവുമൊക്കെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരേ ശൈലിയില്‍ ഒന്നില്‍ കൂടുതല്‍ പടത്തില്‍ അദ്ദേഹം അഭിനയിച്ചില്ല. അതുകൊണ്ടാകാം മിമിക്രി കലാകാരന്മാര്‍ അച്ഛനെ അധികം അനുകരിച്ച് കണ്ടിട്ടില്ല.

ഹയര്‍ സെക്കന്‍ഡറിക്ക് ഇംഗ്ലീഷ് പാഠ്യഭാഗത്തില്‍ എന്താണ് സിനിമ എന്ന ഭാഗത്ത് അടൂരിന്റെ എലിപ്പത്തായത്തെക്കുറിച്ചുണ്ട്. ഇതിലെ ഉണ്ണിക്കുഞ്ഞ് എന്ന അച്ഛന്റെ കഥാപാത്രത്തെപ്പറ്റിയാണ് പഠിക്കാനുള്ളത്. ജ്യോഗ്രഫിയാണ് ഞാന്‍ പഠിപ്പിക്കുന്നതെങ്കിലും ഇത്തരം ക്ലാസുകള്‍ എന്നെക്കൊണ്ട് എടുപ്പിക്കുക പതിവാണ്. അച്ഛനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റുന്നു എന്നത് വലിയ ഭാഗ്യമായി കാണുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ അഭിനയവും പഠനവിധേയമാക്കാറുണ്ട്. പഴയ പുതിയ സിനിമകള്‍ഇന്ന് ടെക്നോളജി ഏറെ വളര്‍ന്നതിന്റെ സൗകര്യം എല്ലാ രംഗത്തുമുണ്ട്. സിനിമയെ സംബന്ധിച്ച് പറഞ്ഞാല്‍ അത് വലിയ കാര്യംതന്നെയാണ്. എന്നാല്‍, ക്രിയേറ്റിവിറ്റിക്ക് പലപ്പോഴും പ്രാധാന്യം കുറഞ്ഞുപോകുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. മോണിറ്റര്‍പോലും ഇല്ലാതെ സിനിമ സംവിധാനംചെയ്ത സംവിധായക പ്രതിഭകള്‍ ഇവിടെയുണ്ടായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ നിരവധി പ്രതിഭകള്‍ നമ്മുടെ സിനിമയില്‍ പ്രകാശം പരത്തിയിരുന്നതായി കാണാം. അരവിന്ദന്‍, അടൂര്‍, പത്മരാജന്‍, ഭരതന്‍... തുടങ്ങിയവരൊക്കെ ഇത്തരം പ്രതിഭകളില്‍പെട്ടവരാണ്. ടെക്നോളജിയില്‍നിന്ന് മാറി വീണ്ടും കാമ്പുള്ള ജീവിതം തേടി സിനിമ സഞ്ചരിച്ചു തുടങ്ങിയതിന്റെ ചില സൂചനകള്‍ അടുത്ത കാലത്തായി കണ്ടുതുടങ്ങിയിട്ടുണ്ട്.

നടന്‍  സാമൂഹ്യനിരീക്ഷകന്‍

നടന്‍ എന്ന നിലയില്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. സമൂഹവും ചുറ്റുപാടുകളുമാണ് ഒരു നടന്റെ ഏറ്റവും വലിയ പാഠപുസ്തകം എന്നാണ് എന്റെ അഭിപ്രായം. ആനുകാലിക സംഭവവികാസങ്ങള്‍, രാഷ്ട്രീയം, സാഹിത്യം എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളെമാത്രമേ ഏറ്റെടുക്കാറുള്ളൂ. ഓരോ തവണ ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴും ആദ്യമായി അഭിനയിക്കുന്ന അനുഭവമാണ്.സ്വപ്നംഅടൂര്‍, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായി ഞാന്‍ കൊണ്ടുനടക്കുന്നു. എന്നെങ്കിലും നടക്കും എന്നുതന്നെയാണ് വിശ്വാസം.

കുടുംബം

ഭാര്യ അഞ്ജന അധ്യാപികയാണ്. അമ്മ ജയ ജെ നായര്‍. മക്കള്‍: സൂര്യ നാരായണന്‍, ഗൗരി കല്യാണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top