സാന്തിയാഗോ: നൊബേല്‍ പുരസ്കാരജേതാവും കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചിലിയന്കവി പാബ്ലോ നെരൂദയെ വിഷംകൊടുത്ത് കൊന്നതാണോ എന്ന് കണ്ടെത്താന്‍ 40 വര്‍ഷത്തിലേറെ പഴക്കമുള്ള അദ്ദേഹത്തിന്റെ ശരീരാവശിഷ്ടത്തില്‍ വീണ്ടും ശാസ്ത്രീയപരിശോധന നടത്തും. സൈനിക ഏകാധിപതിയായ അഗസ്തോ പിനോഷെയുടെ ചാരന്മാര് രോഗബാധിതനായ നെരൂദയെ വിഷംകൊടുത്ത് കൊന്നതാണോ എന്ന് കണ്ടെത്താനാണ് പരിശോധന.
അര്ബുദത്തെതുടര്ന്നാണ് 1973 സെപ്തംബര്‍ 11ന് നെരൂദ അന്തരിച്ചത് എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, കവിയുടെ രോഗാവസ്ഥ മുതലാക്കി അദ്ദേഹത്തെ കൊലചെയ്യുകയായിരുന്നുവെന്ന് സംശയിക്കാന്‍ പ്രാഥമിക തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ചിലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ചിലിയന്‍ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയെ അമേരിക്കന്‍ പിന്തുണയോടെ പിനോഷെയുടെ സൈന്യം അട്ടിമറിച്ച വേളയില്‍ത്തന്നെ നെരൂദയുടെ മരണം സംഭവിച്ചത് സ്വാഭാവികമല്ലെന്ന സംശയം അന്നുമുതല്‍ ഉയര്‍ന്നിരുന്നു. ഇത് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രിയകവിയുടെ മൃതദേഹപരിശോധന നടത്താന്‍ ചിലി തയ്യാറാകുന്നത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അലെന്ഡെയ്ക്കും നെരൂദ നല്കിയ പിന്തുണയാണ് അദ്ദേഹത്തെ വധിക്കാന്‍ പിനോഷെയുടെ ചാരന്മാരെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. നെരൂദയുടെ ശരീരാവശിഷ്ടത്തില്‍ വിഷാംശം ഉണ്ടോ എന്ന് കണ്ടെത്താന്‍ 2013ല്‍ മൃതദേഹപരിശോധന നടത്തിയിരുന്നു. എന്നാല്‍, വിഷംമൂലം കോശങ്ങളില്‍ കേടുപാടുണ്ടായോ എന്ന സൂക്ഷ്മപരിശോധന നടത്താനാണ് ചിലിയന്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..