21 February Thursday

ഉണ്ണിക്ക് ചരിത്രമെഴുതാന്‍ ചുടുകട്ട

എം എസ് അശോകന്‍Updated: Sunday Jan 4, 2015

ചരിത്രത്തിന്റെ അടരുകളെ തികച്ചും ആത്മനിഷ്ഠമായ ധാരണകളിലൂടെ കണ്ടെത്തുകയും കലാപരമായി ചേര്‍ത്തു പടുക്കുകയും ചെയ്യുന്ന സി ഉണ്ണിക്കൃഷ്ണന്‍ എന്ന യുവ ചിത്രകാരന്‍ കൊച്ചി മുസിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിന് കൊടിയയുയരുംമുമ്പേ ആസ്വാദകരുടെ ശ്രദ്ധയില്‍ സ്ഥാനം പിടിച്ചിരുന്നു. ബിനാലെയിലെ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളി എന്നതിനൊപ്പം ചിത്രകലയിലെ തിളക്കമുള്ള മലയാളിപ്രതീക്ഷയായും ഉണ്ണിക്കൃഷ്ണന്‍ മാറുന്നുണ്ട്.

ക്യൂറേറ്റര്‍ ജിതീഷ് കല്ലാട്ട് കണ്ടെത്തി കൊച്ചി ബിനാലെയില്‍ അവതരിപ്പിച്ച ഈ യുവ കലാകാരനെ ഈ വര്‍ഷം മാര്‍ച്ചില്‍ ഷാര്‍ജയില്‍ നടക്കുന്ന ബിനാലെയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കൊച്ചി ബിനാലെ സന്ദര്‍ശിച്ച ഷാര്‍ജ ബിനാലെ ടീം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഉണ്ണിക്കൃഷ്ണന്റെ പേരിടാത്ത ഇന്‍സ്റ്റലേഷന്‍ കണ്ടശേഷമാണ് ഷാര്‍ജയിലേക്ക് ക്ഷണിച്ചത്. രൂപങ്ങളും ഇമേജുകളും കോറിയും വരച്ചും ചേര്‍ത്ത കളിമണ്‍കട്ടകള്‍ അടുക്കുകളായി വച്ചാണ് ഉണ്ണിക്കൃഷ്ണന്‍ ബിനാലെയില്‍ സൃഷ്ടി ഒരുക്കിയിട്ടുള്ളത്.

തൃശൂര്‍ ഫൈനാര്‍ട്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ നടത്തിയ ബിരുദവിദ്യാര്‍ഥികളുടെ പ്രദര്‍ശനത്തിലാണ് ഇത്തരത്തില്‍ ആദ്യം സൃഷ്ടി ഒരുക്കിയത്. ജിതിഷ് കല്ലാട്ടും ബോസ് കൃഷ്ണമാചാരിയും ഉള്‍പ്പെടെയുള്ള ബിനാലെ ടീം ഈ പ്രദര്‍ശനം കണ്ടു. ഇതേകാലത്തുതന്നെ ചെന്നൈയില്‍ കവിത ബാലകൃഷ്ണന്‍ ക്യൂറേറ്റ് ചെയ്ത ഒരു ഗ്രൂപ്പ് ഷോയിലും ഉണ്ണിക്കൃഷ്ണന്‍ പങ്കെടുത്തു. ഈ രണ്ട് പ്രദര്‍ശനങ്ങളാണ് ലോകോത്തര ചിത്ര ശില്‍പ്പകാരന്മാര്‍ക്കൊപ്പം കൊച്ചി ബിനാലെയില്‍ പങ്കെടുക്കാന്‍ ഉണ്ണിക്കൃഷ്ണന് അവസരമായത്.

ബിരുദപ്രദര്‍ശനത്തില്‍ " ടോക് ടു ബ്രിക്സ് 'എന്ന പേരിലാണ് ഈ കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചത്. ചുടുകട്ടയില്‍ വരച്ചും കൊത്തിയും ആവിഷ്കാരം നടത്തുന്ന പരിപാടി തുടങ്ങിയത് സ്വന്തം വീട്ടില്‍നിന്നാണെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സിമന്റ് തേച്ചുമിനുക്കാത്ത വീടിന്റെ ചുമരിലെ ഇഷ്ടികകളിലായിരുന്നു ആദ്യ ചിത്രമെഴുത്ത്. ചായം പൂശിയും കൊത്തിയും രൂപങ്ങളും ഇമേജുകളും തയ്യാറാക്കിയ രീതി പിന്നീട് കോളേജിലെ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു. അതിന്റെ തന്നെ വിപുലീകരിച്ച ആവിഷ്കാരം ഇപ്പോള്‍ ബിനാലെയിലും എത്തിച്ചു.

മൂന്നുമാസത്തോളം കൊച്ചിയില്‍ താമസിച്ചാണ് ബിനാലെയ്ക്കുള്ള സൃഷ്ടി നടത്തിയത്. പുതിയ രൂപങ്ങളും ഇമേജുകളും തേടി കൊച്ചിയുടെ പ്രാദേശികചരിത്രത്തിലേക്കും ജനതതിയുടെ ജീവിതത്തിലേക്കും യാത്ര ചെയ്തു. വാമൊഴിയിലും സ്മാരകങ്ങളിലും ഉണര്‍ന്നിരുന്ന കൊച്ചിയുടെ രാഷ്ട്രീയ സാമൂഹ്യ സംസ്കൃതിയെ മറ്റൊന്നായി കളിമണ്‍കട്ടകളില്‍ സന്നിവേശിപ്പിച്ചു. അടരുകള്‍ പുതിയൊരു അടുക്കായി വളര്‍ന്നു. ചരിത്രത്തിന്റെ പുതിയൊരു ദൃശ്യപരമ്പരയായി അത് മാറി. ആ രൂപങ്ങളും ഇമേജുകളും ഇതുവരെ സംസാരിക്കാത്ത, ഇതുവരെ കേള്‍ക്കാത്ത ചരിത്രവും കഥകളും തന്നെയാണ് പറയുന്നത്. ഈറ്റ നെയ്ത്ത് തൊഴില്‍ ചെയ്തുവരുന്ന കുടുംബത്തിന്റെ പരമ്പരാഗത കലാകൗശലം തന്റെ കലാജീവിതത്തിന് കരുത്താണെന്ന് ഉണ്ണിക്കൃഷ്ണന്‍ വിശ്വസിക്കുന്നു. കഴിഞ്ഞവര്‍ഷം തൃശൂരിലെ കലാപഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ചിത്രംവരയില്‍ എല്ലാ മാധ്യമങ്ങളും ഇഷ്ടമാണ്. അക്രിലിക്കും എണ്ണച്ചായവുമാണ് കൂടുതല്‍ പ്രയോഗിക്കുന്നത്. ചിത്രകലയില്‍ തനിക്ക് പുതിയ അനുഭവങ്ങളുടെയും അറിവിന്റെയും ലോകമാണ് ബിനാലെ തുറന്നിട്ടതെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.പാലക്കാട് നെന്മാറ തേഴുമ്പാറ സ്വദേശിയാണ്. അച്ഛന്‍ ചാമി. അമ്മ ദേവു.

പ്രധാന വാർത്തകൾ
 Top