28 September Monday

ക്യാന്‍വാസിനു പുറത്ത് ഈ നിറവുള്ള ഓര്‍മ

പി പ്രമോദ്Updated: Monday Dec 22, 2014

മാവേലിക്കര: രാജാരവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിന്റെ സ്ഥാപകന്‍ ആര്‍ടിസ്റ്റ് തമ്പുരാന്‍ എന്ന രാമവര്‍മ രാജയുടെ അതുല്യ സംഭാവനകള്‍ ഇന്ന് "ക്യാന്‍വാസി'നു പുറത്ത്. കോളേജ് ശതാബ്ദിയാഘോഷിക്കുന്നവേളയിലും ഈ ധീരനായ സോഷ്യലിസ്റ്റ് തമ്പുരാനെ ഭരണാധികാരികള്‍ സൗകര്യപൂര്‍വം മറക്കുന്നു; അര്‍ഹമായ സ്മാരകം പോലും ഉയര്‍ത്താതെ. രാജാരവിവര്‍മ സ്കൂള്‍ ഓഫ് പെയിന്റിങ് എന്ന പേരില്‍ 1915ല്‍ മാവേലിക്കര കിഴക്കേ കൊട്ടാരത്തിന്റെ മുന്നിലെ വരാന്തയിലായിരുന്നു ഇന്നത്തെ ഫൈന്‍ ആര്‍ട്സ് കോളേജ് തമ്പുരാന്‍ തുടങ്ങിവച്ചത്. ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ശങ്കര്‍, അബു എന്നിവരും പി ജെ ചെറിയാനും സി പി ബാലന്‍നായരും സി എല്‍ പൊറിഞ്ചുക്കുട്ടിയും ഈ സ്കൂളിന്റെ സംഭാവനകളാണ്.

ഈ ചിത്രകലാ പഠനകേന്ദ്രം പിന്നീട് അതിനു തെക്കുവശത്തെ 25 സെന്റ് സ്ഥലത്ത് ഓലഷെഡിലേക്കു മാറ്റി.

ഫൈന്‍ ആര്‍ട്സ് കോളേജിന്റെ പ്രധാനകെട്ടിടമായിരുന്ന കൊച്ചുകൊട്ടാരവും അതുള്‍പ്പെട്ട സ്ഥലവും എതിര്‍വശത്തുള്ള സ്ഥലങ്ങളും

രാമവര്‍മ രാജ

പിന്നീട് സര്‍ക്കാരിന് കൈമാറുകയായിരുന്നു. 1897ല്‍ മുംബൈയിലെ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രകലാപഠനം ആരംഭിച്ച അദ്ദേഹം മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിലായിരുന്നു തുടര്‍പഠനം. അച്ഛന്‍ രാജാരവിവര്‍മയുടെ മരണശേഷം അദ്ദേഹം നിര്‍ത്തിവച്ചിടത്തുനിന്ന് ചിത്രകലാസപര്യ ആരംഭിച്ച തമ്പുരാനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയാണ്.

പോര്‍ട്രെയിറ്റ്് ചിത്രകാരന്‍ എന്ന ഫ്രെയിമിന് പുറത്തുവന്ന് സാമൂഹിക വിലക്കുകളുണ്ടായിരുന്ന കാലത്ത് മണ്ണിലും അധ്വാനിക്കുന്ന വര്‍ഗത്തിനിടയിലും നേരിട്ടിറങ്ങി ചിത്രീകരിക്കുന്നതില്‍ അദ്ദേഹം വളരെയധികം താല്‍പ്പര്യം പ്രകടിപ്പിച്ചു. കൊയ്ത്ത്, വള്ളക്കാരന്‍, കറിക്കൊരുക്കല്‍, ചങ്ങാതിയെത്തേടി, ചൂണ്ടയില്‍ ഒരു മീന്‍ കൊത്തുന്നതും കാത്ത്, കഠിനാധ്വാനത്തിന്റെ ഒരു ദിവസം കഴിഞ്ഞ്, കറവക്കാരി, വിളവെടുപ്പ്, മലക്കറി വില്‍പ്പനക്കാരി എന്നീ പെയിന്റിങ്ങുകള്‍ അതിന് തെളിവാണ്്. മാവേലിക്കരയിലെ രവിവിലാസ് എന്ന തന്റെ സ്വന്തം സ്റ്റുഡിയോയിലിരുന്നാണ് അദ്ദേഹം നിരവധി കലാസൃഷ്ടികള്‍ നടത്തിയത്. കടല്‍ കടന്നാല്‍ ഭ്രഷ്ട് നിലനിന്ന കാലത്ത് 1933ല്‍ യൂറോപ്പ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.

ഹരിജനോദ്ധാരണത്തിന്റെ പ്രധാനവക്താക്കളില്‍ ഒരാളായിരുന്ന തമ്പുരാന്‍ അയിത്തത്തിനെതിരെയുള്ള നീക്കങ്ങളില്‍ പങ്കാളിയായിരുന്നുവെന്നത് ഒരുപക്ഷേ പുതുതലമുറക്ക് അജ്ഞാതമാണ്. മന്നത്തു പത്മനാഭന്‍, ആര്‍ ശങ്കര്‍, അയ്യങ്കാളി എന്നിവരുമായി ഊഷ്മള സൗഹൃദം സൂക്ഷിച്ചിരുന്ന അദ്ദേഹം 1934ല്‍ മഹാത്മാഗാന്ധിയുടെ മാവേലിക്കര സന്ദര്‍ശനവേളയില്‍ പരിഭാഷകനായി മഹാത്മജിക്കൊപ്പം ഉണ്ടായിരുന്നു. 1924-35 കാലത്ത് മാവേലിക്കര മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്ന രാമവര്‍മ രാജ ട്രാവന്‍കൂര്‍ ലജിസ്ലേറ്റീവ് അസംബ്ലി അംഗം, ആദ്യ സ്കൗട്ട്സ് കമീഷണര്‍, ലളിതകലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ (1962-63) എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967ല്‍ ലളിതകലാ അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് ലഭിച്ചു.അവസാനകാലത്ത് തമ്പുരാന്‍ ഏറെ ദുഃഖിതനും നിരാശനുമായിരുന്നു. ഇക്കാലങ്ങളില്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം അദ്ദേഹം തന്റെ ചിത്രങ്ങള്‍ നല്‍കിയതിനാല്‍ വിലപിടിച്ച നിരവധി ചിത്രങ്ങള്‍ ഇപ്പോഴും പലസ്ഥലങ്ങളിലാണ്. അമ്പത്തിമൂന്നാം വയസില്‍ മരിച്ച മകന്‍ ഗംഗാപ്രസാദിന്റെ പോര്‍ട്രെയിറ്റ് ചാര്‍ക്കോളില്‍ സ്കെച്ച് പൂര്‍ണമാക്കാനാവാതെ മൂന്നാഴ്ചകളോളം രോഗശയ്യയില്‍ കിടന്ന് 1970 ആഗസ്ത് 25ന് തൊണ്ണൂറ്റിരണ്ടാമത്തെ വയസിലാണ് രാമവര്‍മരാജ ലോകത്തോട് വിടചൊല്ലിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top