19 May Thursday

കലയുടെ വന്‍കര

എം എസ് അശോകന്‍Updated: Sunday Dec 7, 2014

ഈയൊ രാഴ്ചകൂടി കൊച്ചി ഇങ്ങനെ  തന്നെ യായിരിക്കും. പൗരാ ണിക നഗര ത്തിന്റെ പാത യിലൂടെ കൊച്ചിയുടെ സ്വന്തം ടക് ടക് കുതിച്ചു പായും. ബസാര്‍ റോഡില്‍ അരി യും പല വ്യഞ്ജനങ്ങളും തിക്കി ത്തിരക്കും. സാന്റോ ഗോപാലന്‍ വായനശാലയില്‍ റോഡിന് പുറം തിരിഞ്ഞിരുന്നു പത്രം വായിക്കുന്നവര്‍ അതേ ജോലിയില്‍ തുടരും. ജൂതത്തെരുവില്‍ കാഴ്ചകളും കച്ചവടവുമായി തിരിയുന്നവര്‍ക്കിടയില്‍ വെയിലും നിഴലും ഒളിച്ചുകളിക്കും. ഇതാന്നും ബാധിക്കാതെ ആസ്പിന്‍വാള്‍ പാണ്ടികശാലവളപ്പിന് വിളിപ്പാടകലെ ശില്‍പ്പി വത്സന്‍ കൂര്‍മ കൊല്ലേരി ചെത്തുകല്ലുകള്‍ മിനുക്കും. പെപ്പര്‍ ഹൗസ് ആര്‍ട്ട് കഫേയുടെ മുകള്‍ത്തട്ടില്‍ ഇബ്രാഹിം ഖുറേഷിയുടെ തൂവെള്ള "ഇസ്ലാമിക് വയലിനുകള്‍' തൂക്കിയിട്ടിരുന്നിടത്ത് മുംബൈക്കാരി സുമാക്ഷി സിങ് തന്റെ സൃഷ്ടിയെ പ്രതിഷ്ഠിക്കും. കറുത്തുതടിച്ച നൂലും ചെറുമുത്തുകളും കൊരുത്ത് ഹ്യൂലോക് സായിപ്പ് കൊച്ചിയുടെ വിശ്വരൂപം മെനയും.

ഡിസംബര്‍ 12ന് കൊടിയേറുന്ന രണ്ടാം ബിനാലെയിലേക്ക് സ്വയം പകരാന്‍ കൊച്ചിക്ക് ഇനി മണിക്കൂറുകള്‍മാത്രമാണ് ബാക്കി. 2012ലെ ഒന്നാം ഇന്ത്യന്‍ ബിനാലെയിലൂടെതന്നെ ലോക കലാഭൂപടത്തില്‍ അടയാളപ്പെട്ടുകഴിഞ്ഞ കൊച്ചി ഏതാനും മണിക്കൂറുകള്‍കൂടി കഴിഞ്ഞാല്‍ വീണ്ടും ലോകത്തെ കലാസ്വാദകരുടെ ശ്രദ്ധാകേന്ദ്രമാകും. കായലും അറബിക്കടലും അതിരിടുന്ന ഈ കൊച്ചു ഭൂവിഭാഗം സവിശേഷമായ വാസ്തുവും ഭൂപ്രകൃതിയും ചേര്‍ന്ന് വലിയൊരു തുറന്ന പ്രദര്‍ശനശാലയായി മാറിക്കഴിഞ്ഞു. വിവാദങ്ങളുടെ കാര്യത്തില്‍ ഒന്നാം പതിപ്പിനോളം വലുപ്പമില്ലെങ്കിലും പൊതുഫണ്ടിങ്ങിന്റെ കാര്യത്തിലെ ആശങ്ക അതേ കനത്തില്‍ ബിനാലെയെ ചൂഴ്ന്നുനില്‍ക്കുന്നു. 108 ദിവസത്തെ കലാവിരുന്നില്‍ ഭാഗഭാക്കാവുന്ന സൃഷ്ടികളുടെയും കലാകാരന്മാരുടെയും പട്ടിക പുറത്തിറങ്ങി. ഇത് ലോകത്തെ മറ്റേതൊരു കലാ മാമാങ്കത്തോടും കിടപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബിനാലെയുടെ കലാപരമായ ഉള്ളടക്കത്തെ നിര്‍വചിക്കുന്ന തെരഞ്ഞെടുപ്പും ഉള്‍ച്ചേര്‍ക്കലും കുറ്റമറ്റ നിലയില്‍ നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. ജനപങ്കാളിത്തവും സഹകരണവും മുമ്പത്തെപ്പോലെ ആവര്‍ത്തിക്കുമെന്നതിലും സംഘാടകര്‍ക്ക് ഉറപ്പ്.

വേള്‍ഡ്  എക്സ്പ്ലൊറേഷന്‍സ്
മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശൂര്‍ സ്വദേശിയായ മലയാളി ചിത്രകാരന്‍ ജിതീഷ് കല്ലാട്ടാണ് ബിനാലെ രണ്ടാം പതിപ്പിന്റെ ക്യുറേറ്റര്‍. ആഗോള സമകാലിക ചിത്രകലാലോകത്തെ അറിയപ്പെടുന്ന കലാകാരനായ ജിതീഷ് ലോകാന്തരങ്ങള്‍ എന്ന തലക്കെട്ടിനു കീഴിലാണ് കൊച്ചി ബിനാലെയെ അണിയിച്ചൊരുക്കുന്നത്. 30 രാജ്യങ്ങളില്‍നിന്നായി 93 കലാകാരന്മാര്‍ 108 ദിവസത്തെ ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 14 മലയാളികള്‍. എട്ട് വേദികള്‍. ഒന്നാം ബിനാലെയില്‍ 23 രാജ്യങ്ങളിലെ 96 കലാകാരന്മാരാണ് പങ്കെടുത്തത്. ഇതില്‍ പങ്കാളിയായിരുന്ന വത്സന്‍ കൂര്‍മ മാത്രമാകും രണ്ടാംപതിപ്പില്‍ ആവര്‍ത്തിക്കുന്നത്. മറ്റുള്ളവരെല്ലാം കൊച്ചി ബിനാലെയില്‍ പുതുമുഖങ്ങള്‍. കൊച്ചിക്ക് പലവിധത്തിലും മുന്‍പരിചയക്കാരും.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഇക്കുറി ബിനാലെയില്‍ പങ്കാളിയാകുന്നുണ്ട്. ബിനാലെയുടെ തുടക്കത്തില്‍ ശക്തമായ പിന്തുണ നല്‍കിയ അന്തരിച്ച സി എന്‍ കരുണാകരന്റെ രചനകളുടെ പ്രത്യേക വിഭാഗവും ഇക്കുറിയുണ്ടാകും. മലയാളി ചിത്രകലാ ലോകത്തിന്റെ ശക്തമായ സാന്നിധ്യമാകും സി ഉണ്ണിക്കൃഷ്ണന്റേത്. തൃശൂര്‍ ആര്‍ട്സ് കോളേജില്‍നിന്ന് പഠിച്ചിറങ്ങിയ ഈ ഇരുപത്തിമൂന്നുകാരനാണ് ബിനാലെയിലെ ഏറ്റവും പ്രായംകുറഞ്ഞ പങ്കാളി എന്നതും ശ്രദ്ധേയം. പാലക്കാട് നെന്മാറ സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ കളിമണ്‍കട്ടകളിലാണ് തന്റെ ബിനാലെ സൃഷ്ടി ഒരുക്കുന്നത്. കൊച്ചിയുടെ ചരിത്രവും വര്‍ത്തമാനവും സാങ്കല്‍പ്പികമായ ഭാവിയുമാണ് അടുക്കിവച്ച കളിമണ്‍കട്ടകളില്‍ ചിത്രവും കൊത്തുപണിയുമായി പിറക്കുന്നത്.

കൊച്ചിയിലെ പ്രമുഖ കുടുംബങ്ങളിലൊന്നായ തോട്ടയ്ക്കാട്ടെ ഇളമുറക്കാരിയായ പാര്‍വതിനായരുടെ ഒരുകൂട്ടം സൃഷ്ടികള്‍ വളരെ നേരത്തെതന്നെ ആസ്പിന്‍വാള്‍ ഹൗസില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. മലയാളിയായ കെ ജി സുബ്രഹ്മണ്യന്റെ സാന്നിധ്യവും ബിനാലെ

കാഴ്ചകളെ സമ്പന്നമാക്കും. ബംഗളൂരുവില്‍നിന്നുള്ള ശാന്താമണിയുടെ ഇന്‍സ്റ്റലേഷന്‍ ആസ്പിന്‍വാള്‍ മുറ്റത്താണ്. മനുഷ്യനട്ടെല്ലിന്റെ 23 കശേരുക്കളാണ് സിമന്റിലും കല്‍ക്കരിയുടെ അവശിഷ്ടത്തിലും തീര്‍ത്തിട്ടുള്ളത്. മനുഷ്യനും ലോകവും നേരിടുന്ന കാര്‍ബണ്‍ പ്രശ്നങ്ങളിലേക്കാണ് ശാന്താമണിയുടെ ശില്‍പ്പങ്ങള്‍ ശ്രദ്ധക്ഷണിക്കുന്നത്. 80 മുതല്‍ 450 കിലോവരെ ഭാരമുള്ള ഇവയോരൊന്നും ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന തിരക്കിലാണ് കൊച്ചിയിലെ കലാലോകവുമായി ദീര്‍ഘകാലബന്ധമുള്ള ശാന്താമണി.

ആദ്യ ബിനാലെയില്‍ അഫ്ഗാന്‍കാരന്‍ അമാനുള്ള മൊജാദിദി ഇന്‍സ്റ്റലേഷന്‍ ഒരുക്കിയ ആസ്പിന്‍വാള്‍ മൈതാനത്താണ് വത്സന്‍ കൂര്‍മ കൊല്ലേരിയും സഹായികളും. വെട്ടുകല്ലും കളിമണ്ണും ലോഹങ്ങളുമെല്ലാം അവിടവിടെ ശില്‍പ്പങ്ങളായി ഒരുങ്ങുന്ന വിശാലമായ മതില്‍ക്കെട്ട് പുരാവസ്തു ഉല്‍ഖനപ്രദേശംപോലെ. പാതി ഇന്ത്യക്കാരിയായ ഭാര്യ ഇന്ദ്ര ഖന്നയ്ക്കൊപ്പമാണ് അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സില്‍നിന്നുള്ള ഹ്യൂലോക് ആസ്പിന്‍വാള്‍ ഹൗസിന്റെ ചുമരില്‍ കൊച്ചിയുടെയും ലോകത്തിന്റെയും ചരിത്രം വരയ്ക്കുന്നത്. കറുത്തുതടിച്ച നൂലുപാകി തെളിച്ച രേഖാചിത്രങ്ങളില്‍ കരിമുത്തുകോര്‍ത്ത നൂല്‍ പ്രത്യേക രീതിയില്‍ പാകുന്നതിന് സഹായികളായി തദ്ദേശീയരായ യുവ കലാകാരന്മാരുണ്ട്.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചിത്രകാരന്‍ അനീഷ് കപൂര്‍, ഗുജറാത്തില്‍നിന്നുള്ള ഗുലാബ് മുഹമ്മദ് ഷേക്ക് തുടങ്ങിയ തലയെടുപ്പുള്ള കലാകാരന്മാരും കൊച്ചിയില്‍ തിരക്കിലാണ്. ഇതിനൊക്കെ പുറമെ കുട്ടികളുടെ ബിനാലെയും ബിനാലെയുടെ ഭാഗമായിത്തന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള 36 കലാപഠന സ്ഥാപനങ്ങളില്‍നിന്നുള്ള 120 വിദ്യാര്‍ഥികള്‍ ഒരുക്കുന്ന കൊളാറ്ററല്‍ പ്രദര്‍ശനവും കൊച്ചിയില്‍ ഒരുങ്ങുന്നു. കൊച്ചു ചിത്രകാരന്‍ ക്ലിന്റിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെയാണ് കുട്ടികളുടെ ബിനാലെ തുടങ്ങുക. കൊളാറ്ററല്‍ ബിനാലെയുടെ ഭാഗമായ വലിയ ഇന്‍സ്റ്റലേഷനുകളില്‍ ഒന്നിന്റെ നിര്‍മാണം ആസ്പിന്‍വാള്‍ ഹൗസില്‍ നടക്കുന്നു.

ബിനാലെയുടെ ചെലവ്ഏറെ പ്രതിബന്ധങ്ങളിലൂടെ കടന്ന് യാഥാര്‍ഥ്യമായ ഒന്നാം ബിനാലെയ്ക്ക് 16.5 കോടി രൂപയായിരുന്നു ചെലവ്. പ്രധാന ഗ്യാലറികളുടെയും പുതിയ പ്രദര്‍ശനകേന്ദ്രങ്ങളുടെയും നവീകരണത്തിനും നിര്‍മാണത്തിനും പുറമെ ലോകോത്തര സൃഷ്ടികളുടെ ഷിപ്പിങ്ങിനും ഇന്‍ഷുറന്‍സിനുമാണ് കൂടുതല്‍ തുക ചെലവഴിക്കേണ്ടിവന്നത്. ഷിപ്പിങ്, ഇന്‍ഷുറന്‍സ് ചെലവ് ഇക്കുറിയും ഒഴിവാക്കാനാകില്ല. ബിനാലെയുടെ ഭാരിച്ച ചെലവു സംബന്ധിച്ചും അതിലെ സുതാര്യത സംബന്ധിച്ചുമൊക്കെയായിരുന്നു കഴിഞ്ഞ തവണ വിവാദം കൊട്ടിക്കയറിയത്. എങ്കിലും ഒമ്പതു കോടിയോളം രൂപ രാജ്യത്തെ ആദ്യ ബിനാലെയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കി. ഇക്കുറി 26 കോടിയാണ് ചെലവ് കണക്കാക്കുന്നത്. അതിന്റെ 63 ശതമാനം തുക സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും രണ്ടുകോടി മാത്രമാണ് ഇതുവരെ നല്‍കിയത്. സാമ്പത്തികപ്രയാസമെന്നാണ് കാരണം പറയുന്നത്. എന്തായാലും പണത്തെച്ചൊല്ലിയുള്ള സംഘാടകരുടെ ആശങ്ക മറ്റൊരു രൂപത്തിലാണെങ്കിലും ഇക്കുറിയും നിലനില്‍ക്കുന്നു.

ഓരോ ദിവസത്തെയും ചെലവിന് സ്വകാര്യ സ്പോണ്‍സര്‍ഷിപ് കണ്ടെത്തുന്നതുള്‍പ്പെടെ പരിപാടികള്‍ ആവിഷ്കരിച്ചാണ് സംഘാടകര്‍ ഈ പ്രതിസന്ധി നേരിടാന്‍ പോകുന്നത്. സന്ദര്‍ശകര്‍ക്ക് പ്രവേശനടിക്കറ്റും ഏര്‍പ്പെടുത്തും. ബിനാലെയുടെ ദൈനംദിനചെലവുകള്‍ക്ക് ഇതുമതിയാകുമെന്നാണ് പ്രതീക്ഷ. നാലുലക്ഷത്തിലേറെപ്പേരാണ് ഒന്നാം ബിനാലെ കാണാന്‍ എത്തിയിരുന്നത്. ചെലവ് കണ്ടെത്തുന്നതില്‍ ഉള്‍പ്പെടെ എല്ലാകാര്യത്തിലും ബിനാലെ സുസജ്ജമാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും ചിത്രകാരനുമായ റിയാസ് കോമു പറഞ്ഞു. ഒന്നാം ബിനാലെയില്‍നിന്ന് പലതും പഠിച്ചു. കുറവുകളെല്ലാം അതനുസരിച്ച് പരിഹരിച്ചു. കണക്കുകള്‍ സൂക്ഷിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ക്ക് പ്രൊഫഷണലായ സമീപനം കൈക്കൊണ്ടു. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമാണ് ബിനാലെയുടെ ഏറ്റവും വലിയ കരുത്തെന്നും ജനങ്ങളിലാണ് വിശ്വാസമെന്നും റിയാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top